UPDATES

സിനിമ

രാമനുണ്ണിയുടെ വിജയം തുടരാന്‍ കമ്മാരന്‍, ‘മോഹന്‍ലാലി’ന്റെ വിശ്വാസത്തില്‍ മീനുക്കുട്ടി; ദിലീപ്-മഞ്ജു ചിത്രങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉണ്ടാകാറുണ്ടായിരുന്ന ഫാന്‍ ഫൈറ്റുകള്‍ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഇവിടെ കഥ വ്യത്യസ്തമാണ്.

വീണ്ടും ദിലീപ്-മഞ്ജു വാര്യര്‍ സിനിമകള്‍ നേര്‍ക്കുനേര്‍. വിഷു റിലീസ് ആയി എത്തുന്ന കമ്മാരസംഭവും മോഹന്‍ലാലും ആണ്, ആരാധകര്‍ക്കിടിയില്‍ വീണ്ടും വീറും വാശിയയും നിറച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉണ്ടാകാറുണ്ടായിരുന്ന ഫാന്‍ ഫൈറ്റുകള്‍ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഇവിടെ കഥ വ്യത്യസ്തമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാള സിനിമയില്‍ തന്നെ ഉണ്ടായ പുതിയ ധ്രുവീകരണങ്ങളില്‍, രണ്ട് പോയിന്റുകളില്‍ നില്‍ക്കുന്ന രണ്ടുപേരുടെ സിനിമകളാണ് കമ്മാരസംഭവവും മോഹന്‍ലാലും എന്നതിനാല്‍ ഒരു സിനിമ എന്നതിനപ്പുറം ഈ മത്സരത്തില്‍ തങ്ങളുടെ താരം വിജയിക്കേണ്ടത് മറ്റു പലതിനും വേണ്ടിയാണെന്ന ധാരണയിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായതോടെ ദിലീപിന് എതിരായുണ്ടായ വന്‍പ്രതിഷേധത്തിന് ഇടയിലാണ് രാമലീല എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ദിലീപ് ജയിലില്‍ ആകുന്നതിനു മുമ്പ് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്തതാണെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച പലതും ചിത്രത്തിന്റെ റീലീസിംഗ് ഏറെ വൈകിപ്പിച്ചു. ദിലീപ് തന്നെയാണ് റിലീസ് നീട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്നും പറഞ്ഞുകേട്ടു. ഒടുവില്‍ ദീര്‍ഘനാളത്തെ റിമാന്‍ഡ് വാസം കഴിഞ്ഞ് ദിലീപ് പുറത്തെത്തുമ്പോള്‍ രാമലീല തിയേറ്ററുകളില്‍ എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെ ചിലര്‍ ചേര്‍ന്ന് കുടുക്കിയതാണെന്നും താരത്തിന്റെ ആരാധാകര്‍ ഉള്‍പ്പെടെ ഒരു വിഭാഗം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത്, മലയാള സിനിമയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഒരു നടന്റെ ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം, രാമലീലയ്‌ക്കെതിരേ മുഴങ്ങി. വലിയ വാര്‍ത്തയും ചര്‍ച്ചയുമൊക്കെയായി ഈ ബഹിഷ്‌കരണ ആഹ്വാനം പൊതുസമൂഹത്തില്‍ ശക്തമായി നിന്നപ്പോള്‍ സിനിമയിലുള്ളവര്‍ തന്നെ ഒരു നടന്റെ പേരില്‍ ഒരു സിനിമയെ മൊത്തത്തില്‍ നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തു വന്നു. ദിലീപിനെ ന്യായീകരിക്കാനും നീതികരിക്കാനും വേണ്ടിയുള്ള സിനിമയാണ് രാമലീലയെന്നായിരുന്നു ബഹിഷ്‌കരണവാദികളുടെ അഭിപ്രായം. എന്നാല്‍ രാമലീലയ്‌ക്കൊപ്പം തിയേറ്ററുകളില്‍ എത്തേണ്ട ഉദാഹരണം സുജാത എന്ന ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ തന്നെ രാമലീലയ്‌ക്കെതിരേയുള്ള ബഹിഷ്‌കരണ ഭീഷണിയെ വിമര്‍ശിച്ച് രംഗത്തു വരുന്നതും കണ്ടു. ഏതായാലും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ രാമലീലയും ഉദാഹരണം സുജാതയും റിലീസ് ചെയ്തു.

ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടാണ് രാമലീല റിലീസ് ചെയ്തതെങ്കിലും തിയേറ്ററില്‍ നിന്നും മിന്നുന്ന വിജയമാണ് ദിലീപ് ചിത്രം സ്വന്തമാക്കിയത്. അതേസമയം മികച്ചൊരു സിനിമ എന്ന പേര് നേടിയെങ്കിലും ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കുന്നതില്‍ മഞ്ജു വാര്യര്‍ ചിത്രം അത്രകണ്ട് മുന്നേറിയില്ല. രണ്ടും നല്ല സിനിമകള്‍ എന്ന അഭിപ്രായം നേടിയെങ്കിലും 50 കോടി കടന്ന് മുന്നേറിയ രാമലീല തന്നെയാണ് ഏറെ ആഘോഷിക്കപ്പെട്ടത്. ഈ വിജയം പിന്നീട് ദിലീപിന്റെ വിജയമായും പൊതുസമൂഹം ദിലീപിന് നല്‍കിയ ക്ലീന്‍ചിറ്റായുമൊക്കെ സിനിമാക്കാര്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് വീണ്ടും വഴിവച്ചു.

കഴിഞ്ഞ സെപ്തംബറില്‍ ഒരുമിച്ച് റിലീസ് ചെയ്ത രാമലീലയ്ക്കും ഉദാഹരണം സുജാതയ്ക്കുംശേഷം വീണ്ടും ഈ എപ്രലില്‍ കമ്മാരസംഭവവും മോഹന്‍ലാലും തിയേറ്റുകളിലേക്ക് ഒരുമിച്ച് എത്തുമ്പോള്‍ മുന്‍സാഹചര്യങ്ങള്‍ ചില വ്യതിയാനങ്ങളോടെ ഇപ്പോഴും ചൂടുപിടിച്ച് നില്‍ക്കുകയാണ്. രാമലീലയുടെ സമയത്ത് ദിലീപ് തീര്‍ത്തും പ്രതിരോധാവസ്ഥയില്‍ ആയിരുന്നെങ്കില്‍ കമ്മാരസംഭവത്തിന്റെ റിലീസിംഗ് സമയം ദീലീപ് മുന്‍പത്തേക്കാള്‍ ആത്മവിശ്വാസത്തിലാണ്. കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും കമ്മാരസംഭവം പ്രേക്ഷകര്‍ വലിയതോതില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ഒരു ചിത്രമാണെന്നതും മുന്‍പത്തെ അത്ര എതിര്‍പ്പ് ഈ ചിത്രത്തോട് ആര്‍ക്കും തന്നെ ഇല്ലെന്നതും ഒരു നടന്‍ എന്ന നിലയില്‍ ദിലീപിന് അനുകൂലമാണ്. കമ്മാരസംഭവത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരിടത്തും ഇതുവരെ ബഹിഷ്‌കരണ ഭീഷണികളോ, എതിര്‍പ്പുകളോ ഉണ്ടായിട്ടില്ല. തന്റെ താരപദവി വീണ്ടും ഉറപ്പിക്കാന്‍ കമ്മാരസംഭവത്തിലൂടെ കഴിയും എന്നു തന്നെയാണ് ദിലീപ് വിശ്വസിക്കുന്നത്. രാമലീല വിജയിപ്പിച്ചെടുക്കാന്‍ സഹായിച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടി പൂര്‍ണമായി വിജയിച്ചാല്‍ ഒരു വന്‍വിജയം തന്നെ ദിലീപിന് സ്വന്തമാക്കാം.

അതേസമയം മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്ന ചിത്രത്തിനും വലിയ ഹൈപ്പാണ് റിലീസിംഗിന് മുന്‍പേ കിട്ടിയിരിക്കുന്നത്. മഞ്ജുവിന്റെ ചിത്രങ്ങളുടെ പ്രധാന വാല്യു അവര്‍ തന്നെയാണെങ്കിലും ഇത്തവണ സാക്ഷാല്‍ മോഹന്‍ലാലിനെ കുറിച്ചുള്ള, അതേ പേരിലുള്ള ഒരു സിനിമയാണെന്നത് ഈ മഞ്ജു ചിത്രത്തിന്റെ പ്രധാന്യം ഇരട്ടിപ്പിക്കുകയാണ്. ലാല്‍ ആരാധകരുടെ വലിയ പിന്തുണ ഈ ചിത്രത്തിനു കിട്ടുമെന്നതിനാല്‍ തിയേറ്റര്‍ വിജയം ഇപ്പോഴെ ഉറപ്പിക്കാം. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ആരാധകരില്‍ വലിയൊരു വിഭാഗം കുടുംബപ്രേക്ഷകരാണെന്നതിനാലും ഈ അവധിക്കാലത്ത് മോഹന്‍ലാല്‍ ഓടുന്ന തിയേറ്റുകള്‍ നിറയുമെന്നു തന്നെയാണ് സിനിമാകേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

അതേസമയം മോഹന്‍ലാല്‍ എന്ന ചിത്രത്തിനും മഞ്ജുവാര്യര്‍ക്കും എതിരേ ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ പ്രതികൂലമായി ഭവിക്കുമോ എന്ന സംശയവും ചിലര്‍ക്കുണ്ട്. നടി ആക്രമിക്കപ്പട്ട കേസില്‍ ദിലീപിനെതിരേ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ത്ത് ഗൂഡാലോചന നടത്തി ചതിക്കുകയായിരുന്നുവെന്നും രമ്യ നമ്പീശനും ലാലിനും(നടനും സംവിധായകനും) ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും കേസിലെ എട്ടാംപ്രതി മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയശേഷം പുറത്തേക്കു കൊണ്ടുവരുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറിയിട്ടുണ്ട്. ഇതൊരു സെന്‍സേഷണല്‍ വാര്‍ത്തയാക്കി നിലനിര്‍ത്തി പോരാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ദിലീപ് ഉള്‍പ്പെടെ തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും ഇതില്‍ ചില പ്രമുഖ വ്യക്തികള്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നതാണ്. കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുമ്പായി നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള ചില തെളിവുകള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നും അഭിഭാഷകന്‍ മുഖേന കോടതിയോട് നടന്‍ ആവിശ്യപ്പെട്ടിരുന്നു. ഈ കേസ് തനിക്കെതിരേ ഫ്രെയിം ചെയ്തതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്. കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ടാഗ് ലൈനില്‍ ഉള്‍പ്പെടെ പരോക്ഷമായി ഈ കേസില്‍ ദിലീപിനെ അന്യായമായി വേട്ടയാടുന്നുവെന്ന കാര്യം ധ്വനിപ്പിക്കുന്ന വരികളാണ് ഉള്ളത്. ചതിയുടെ ചരിത്രം പറയുന്ന സിനിമയെന്നു പറയുമ്പോള്‍ തന്നെ ആ സിനിമയിലെ നായകനായ കമ്മാരന്‍ നമ്പ്യാരും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീപും ഒന്നു തന്നെയാണെന്ന പ്രേക്ഷകരെ(ജനങ്ങളെ)ബോധിപ്പിക്കാനുള്ള ശ്രമം കൂടിയുണ്ട്. ഇതിനിടയിലാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തിലൂടെ മഞ്ജു വാര്യരെ ഒരു വില്ലന്‍ കഥാപാത്രമാക്കി വാര്‍ത്തകളും പുറത്തു വരുന്നത്.

ഇതുകൂടാതെയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ തന്റെ കഥയുടെ മോഷണമാണ് മോഹന്‍ലാല്‍ എന്ന ചിത്രം എന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ രവികുമാറിന്റെ ആരോപണങ്ങളെ തള്ളിക്കളയുകയാണെങ്കിലും റിലീസ് അടുത്തിരിക്കുന്ന സമയത്ത് ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്ന തരത്തില്‍ പോലും നിയമനടപടികളുമായി താന്‍ മുന്നോട്ടുപോകുമെന്ന രവികുമാറിന്റെ മുന്നറിയിപ്പ് അണിയറപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്. ഫെഫ്കയുള്‍പ്പെടെ ഈ തര്‍ക്കത്തില്‍ മുമ്പ് രവികുമാറിന് അനുകൂലമായി തീരുമാനം എടുത്തിരുന്നതുമാണ്. അതായത് സിനിമയിലെ ശക്തമായൊരു സംഘടന തന്നെ പരോക്ഷമായിട്ടാണെങ്കില്‍ പോലും മോഹന്‍ലാല്‍ എന്ന ചിത്രത്തിനെതിരേ സംസാരിക്കുന്ന വ്യക്തിയോട് അനുകൂലമായി നിലപാടാണ് എടുത്തിരിക്കുന്നത്. നിര്‍ണായകമായ ഈ സമയത്ത് ഇത്തരമൊരു കേസും വിവാദവും സിനിമയെ ദോഷമായി തന്നെ ബാധിക്കും. എന്നാല്‍ രവികുമാറിന്റെ നീക്കത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടെന്ന തരത്തില്‍ ചില മഞ്ജു വാര്യര്‍ ആരാധകരില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും തന്നെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ, രാമലീലയ്‌ക്കെതിരേ കാമ്പയനിംഗ് നടന്നപ്പോള്‍ ഇത്തരമൊരു തെറ്റായ പ്രവണത സിനിമയില്‍ ഉണ്ടാക്കല്ലേയെന്ന് പ്രതികരിച്ച മഞ്ജു വാര്യരുടെ ഔന്നിത്യം മഞ്ജു വാര്യരുടെ സിനിമയ്‌ക്കെതിരേ ഒരു നീക്കം നടക്കുമ്പോള്‍ അത് സമരിയാക്കാന്‍ മറ്റാരെങ്കിലും കാണിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും കമ്മാരസംഭവും മോഹന്‍ലാലും തിയേറ്ററില്‍ എത്തുമ്പോള്‍ അണിയറക്കാര്‍ക്കും അഭിനേതാക്കള്‍ക്കും ഇല്ലെങ്കിലും(പുറമേയ്ക്ക്) ആരാണ് വിജയി എന്നകാര്യത്തില്‍ വാശിയും വൈരാഗ്യവും താരങ്ങളുടെ ആരാധകര്‍ക്ക് ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; പണ്ടത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കു വേണ്ടി നടന്നിരുന്ന ഫാന്‍സ് ഫൈറ്റിനെക്കാള്‍ പലതും കൊണ്ടും തീവ്രവുമായിരിക്കും അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍