UPDATES

ബ്ലോഗ്

ഒബ്ജക്ഷന്‍ മി. ബാലന്‍ വക്കീല്‍; വിക്കുള്ളവരും കൂനുള്ളവരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമൊന്നും കോമഡി കഥാപാത്രങ്ങളല്ലെന്ന് ദിലീപിനോടൊന്ന് പറയണം

സിനിമ എന്ന വ്യവസായത്തില്‍ വിജയം നേടാനുള്ള ഫോര്‍മുലകളാണ് ദിലീപ് ചിത്രത്തില്‍ ഉള്ളതെന്ന് ന്യായീകരിക്കരുത്‌

‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന പുതിയ ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ കാണുകയുണ്ടായി അംബുജാക്ഷന്‍. ദിലീപ് വക്കീല്‍ വേഷത്തിലാണ് ഇത്തവണ. ദിലീപ് സിനിമകളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ, നായകന് എന്തെങ്കിലുമൊക്കെ ഒരു പ്രത്യേകത കാണും. ശാരീരികമായോ മാനസികമായോ അങ്ങനെ എന്തെങ്കിലുമൊക്കെ! സാധാരണക്കാരന്‍ പയ്യനായിരുന്ന തുടക്കകാലത്തും താരമായതിനു പിന്നാലെ ചെയ്ത നായക കഥാപാത്രങ്ങളിലും സൂപ്പര്‍ ഹിറോ ആയിക്കഴിഞ്ഞ് ചെയ്യുന്ന വേഷങ്ങളിലുമൊക്കെ ഈ പ്രത്യേകത കൊണ്ടു വരാന്‍ ദിലീപ് ശ്രമിക്കുന്നുണ്ട്.

ചിലപ്പോഴോക്കെ അംബുജാക്ഷന് ദിലീപ് കഥാപാത്രങ്ങളെ ശ്രീനിവാസന്‍ കഥാപാത്രങ്ങളോട് (അവതരിപ്പിച്ചതും സൃഷ്ടിച്ചതുമായവ) സാമ്യം തോന്നിയിട്ടുണ്ട്. സ്വന്തം കുറവുകളെന്നു ശ്രീനി സ്വയം പറയുന്ന; പൊക്കമില്ലായ്മ, സൗന്ദര്യമില്ലായ്മ, നിറമില്ലായ്മ എന്നിങ്ങനെയുള്ള ഇല്ലായ്മകളില്‍ സ്വയം പരിഹസിച്ച് ആളുകളെ അതുകൊണ്ട് ചിരിപ്പിച്ച് കൈയടി നേടുന്ന തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് ദിലീപ് കഥാപാത്രങ്ങള്‍. ഒരു തരം കോമാളിക്കളി! ശ്രീനി കഥാപാത്രങ്ങള്‍ കുറച്ച് ബൗദ്ധികപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണുണ്ടായതെങ്കില്‍ ദിലീപിന്റെ കാര്യത്തില്‍ അതു വെറും തമാശ മാത്രമായി. ശ്രീനിയുടെ തന്ത്രത്തോട് അംബുജാക്ഷന് അത്ര താത്പര്യമില്ല. പൊക്കം ഇല്ലാത്തവന്‍, വെളുപ്പല്ലാത്തവന്‍, സൗന്ദര്യമില്ലാത്തവന്‍ ഒക്കെ സമൂഹത്തില്‍ തരംതാണവനാണെന്ന പ്രഖ്യാപനത്തിലൂന്നിക്കൊണ്ടുള്ള പാത്രസൃഷ്ടികളാണ് ശ്രീനി നടത്തിയിട്ടുള്ളത്. ആ കഥാപാത്രങ്ങളിലേക്ക് സ്വയമിറങ്ങി മാര്‍ക്കറ്റ് പിടിക്കുകയാണ് ബുദ്ധിമാനായ ശ്രീനി ചെയ്തത്. ശ്രീനി എന്നിട്ടതിനെ പല സാമൂഹിക വ്യഖ്യാനങ്ങളൊക്കെ ചമച്ച് താനൊരു ബുദ്ധിജീവിയാണെന്ന പട്ടംകൂടി അതിലൂടെ തുന്നിയെടുത്ത് അണിഞ്ഞു.

ശ്രീനിക്ക് ഇക്കാര്യത്തിലുള്ള ബുദ്ധി ദിലീപിനില്ല. മാത്രമല്ല, കേരളത്തിന്റെ ഒരുകാലത്തെ സാമൂഹിക സാഹചര്യങ്ങള്‍കൂടി ശ്രീനിവാസന് ഗുണം ചെയ്തിരുന്നു. ദിലീപിന് അത്തരമൊരു സഹായം കിട്ടിയില്ല. പ്രേക്ഷകനെ രസിപ്പിക്കുക എന്നതു മാത്രമാണ് തന്റെ ഉദ്ദേശമെന്നാണ് ദിലീപ് സിനിമകള്‍ എല്ലാം വ്യക്തമാക്കുന്നത്. എങ്ങനെ രസിപ്പിക്കാം എന്നതിന് അയാള്‍ക്കുള്ള മാര്‍ഗങ്ങളാണ് നാം കണ്ടിട്ടുള്ള ഇതുവരെയുള്ള ദിലീപ് കഥാപാത്രങ്ങള്‍. എന്റര്‍ടെയ്ന്‍മെന്റ് എന്ന വാക്കിന് മലയാള സിനിമയില്‍ പുതിയൊരു അര്‍ത്ഥം തന്നെ ദിലീപ് ചിത്രങ്ങള്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്. സെന്‍സോ സെന്‍സിറ്റീവിറ്റിയോ, സെന്‍സിബിളിറ്റിയോ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് കൊടുക്കുന്നതില്‍ ദിലീപ് സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കും തടസമായിട്ടില്ല.

ദിലീപിന്റെ സിനിമയ്ക്ക് ആശംസകളർപ്പിച്ച നിവിൻ പോളിക്കും, സണ്ണി വെയ്‌നിനും സോഷ്യൽ മീഡിയയുടെ വിമർശനം

സിനിമ എന്ന വ്യവസായത്തില്‍ വിജയം നേടാനുള്ള ഫോര്‍മുലകളാണ് ദിലീപ് ചിത്രത്തില്‍ ഉള്ളതെന്ന് ന്യായീകരിക്കാം. കൊമേഴ്‌സ്യല്‍ ചേരുവകളുടെ ലിസ്റ്റ് കാട്ടി ഇതൊക്കെ ദിലീപിന്റെ സിനിമകളില്‍ മാത്രമെയുള്ളോ എന്നും നീരസം പ്രകടിപ്പിക്കാം. നോ ഒബ്ജക്ഷന്‍! പക്ഷേ, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടിരിക്കുമ്പോള്‍ അംബുജാക്ഷന്റെ മനസില്‍ ദിലീപിന്റെ ചില മുന്‍കാല കഥാപാത്രങ്ങള്‍ കടന്നു വന്നു. മലയാള സിനിമയില്‍ ദിലീപിനോളം മനുഷ്യാവസ്ഥകളുടെ വ്യത്യസ്തതകള്‍ അവതരിപ്പിച്ച നടനുണ്ടോ? അതാണ് അംബുജാക്ഷന്റെ സംശയം. ദിലീപ് എന്ന നടനെ സിനിമ ശ്രദ്ധിക്കുന്ന ‘ഏഴരക്കൂട്ട’ത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് ‘അര’ എന്നാണ്. കാലിന് സ്വാധീനക്കുറവുള്ള അരയുടെ കോമഡികളാണ് ആ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. മനുഷ്യന്റെ ശാരീരിക-മാനസിക പ്രയാസങ്ങളുടെ താമശവത്കരണം ദിലീപ് ആരംഭിക്കുന്നതും ആ ചിത്രത്തിലൂടെയാണ്. എണ്ണിപ്പറഞ്ഞാല്‍ ഏഴോളം കഥാപാത്രങ്ങളുണ്ട് ഈ വിധത്തില്‍ ദിലീപിന്റെ ക്രെഡിറ്റില്‍. കുഞ്ഞിക്കൂനന്‍, തിളക്കം, ചാന്തുപൊട്ട്, പച്ചക്കുതിര, ചക്കരമുത്ത്, സൗണ്ട് തോമ, കോടതി സമക്ഷം ബാലന്‍ വക്കീല്‍; ഈ ചിത്രങ്ങളിലെല്ലാം ആരാധകരുടെ ഭാഷയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും, ദിലീപിന്റെ ഭാഷയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് ഉള്ളത്. പ്രേക്ഷകന്റെ ഭാഷയില്‍ ഇതൊക്കെ എന്താണെന്നാണ് അംബുജാക്ഷന്‍ ആലോചിക്കുന്നത്!

മനുഷ്യരില്‍ ജനിതകമായ കുറവുകള്‍ ഉള്ളവര്‍ നമുക്കിടയില്‍ കൂടുതലുണ്ട്. കൂനുള്ളവനുണ്ട്, ബുദ്ധിഭ്രംശം ഉള്ളവരുണ്ട്, ഓട്ടിസം ബാധിച്ചവരുണ്ട്, ശബ്ദവൈകല്യമുള്ളവരുണ്ട്; അങ്ങനെ ജനിതക തകരാറുകള്‍ ബാധിച്ച എത്രയോ പേരാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത്. ഒരു സാധാരണ മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോഴാണ് ആ തകരാറുകള്‍ കുറവുകളായി മാറുന്നത്. രണ്ട് കാലില്‍ നടന്നു പോകുന്നവനൊപ്പം മുടന്തി നടക്കുന്നൊരുവനും ചേരുമ്പോള്‍ അവിടെയൊരു താരതമ്യം ഉണ്ടാവുകയും മുടന്തുള്ളവന്‍ കുറവുകാരനായി മാറുകയും ചെയ്യും. ആരാണ് ആ കുറവുകള്‍ വിളിച്ചു പറയുന്നത്? മുടന്തനല്ല, അതില്ലാത്തവന്‍. അവനെ സംബന്ധിച്ച് തന്നെപ്പോലെ നടക്കാന്‍ കഴിയാത്തവന്‍, സംസാരിക്കാന്‍ കഴിയാത്തവന്‍, ബുദ്ധിപരമായി തീരുമാനം എടുക്കാന്‍ കഴിയാത്തവന്‍, ലിംഗവ്യത്യാസം ഉള്ളവനൊക്കെ കുറവുള്ളവരാണ്. ആ കുറവില്‍ പലതരം തമാശകളും കണ്ടെത്തും. അങ്ങനെയാണ് മുടന്തനും ഓട്ടിസ്റ്റിക്കും ട്രാന്‍സ്‌ജെന്‍ഡറും വിക്കുള്ളവനും കൂനുള്ളവുമൊക്കെ കോമഡി കഥാപാത്രങ്ങളായി മാറുന്നത്.

മേല്‍പ്പറഞ്ഞ, ആ ‘കുറവു’കാരെ കോമഡിക്കാരായി തന്നെ നിലനിര്‍ത്താനാണ് ദിലീപ് കഥാപാത്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നോര്‍ക്കുമ്പോഴാണ് അംബുജാക്ഷന് ജനപ്രിയ നായകനോട് എതിര്‍പ്പുണ്ടാകുന്നത്. ഈ കഥാപാത്രങ്ങളെയെല്ലാം ക്ലൈമാക്‌സില്‍ വിജയിപ്പിക്കുന്നില്ലേ, വില്ലനെ തോല്‍പ്പിക്കുന്നില്ലേ, സുന്ദരിമാരായ നായികമാരെ കൊണ്ട് പ്രേമിപ്പിക്കുന്നില്ലേ എന്നൊക്കെ ചോദ്യം വന്നേക്കാം. പക്ഷേ, അതിലൊന്നും ഒരു ന്യായവും ഇല്ലന്നേ അംബുജാക്ഷന് പറയാന്‍ നിവര്‍ത്തിയുള്ളൂ. വിക്കുള്ള ഒരാള്‍ ഒരു വാക്ക് പറയാന്‍ ശ്രമിക്കുമ്പോഴേ, കോടതി പോലൊരു ഇടത്തില്‍ പോലും കൂട്ടച്ചിരി ഉയരുമെന്ന് പറഞ്ഞുവച്ചിട്ട് ഒടുവില്‍ ആ കഥാപത്രത്തെ കൊണ്ട് പ്രമാദമായൊരു കേസ് വാദിപ്പിച്ച് ജയിപ്പിച്ചിട്ട് എന്ത് കാര്യം, എന്ത് ന്യായം? സ്റ്ററ്ററിങ് ഉള്ളൊരാള്‍ക്ക് പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഭയം തോന്നിക്കുന്ന തരത്തില്‍ അയാളെ ഒരു പരിഹാസ കഥാപാത്രമാക്കിയശേഷം-അത് ബാലകൃഷ്ണന്‍ വക്കീലായിട്ടോ തോമാ ആയിട്ടോ-അയാളെ ടിപ്പിക്കല്‍ സിനിമ ഹീറോ ആക്കി കഥ അവസാനിപ്പിക്കുന്നവര്‍ക്ക് ഈ സമൂഹത്തോടും അതിലെ മനുഷ്യരോടും യാതൊരു വിധ ഉത്തരവാദിത്വവും സഹവര്‍ത്തിത്വവും ഇല്ലെന്നതിനുള്ള തെളിവായിട്ടേ കാണാനാകൂ. ചാന്തുപൊട്ട് എന്ന സിനിമ എടുക്കൂ-ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇന്നും ആ സിനിമ അപമാനമായല്ലാതെ അനുഭവപ്പെടില്ല. ചിരിപ്പിക്കുക അഥവ സന്തോഷിപ്പിക്കുക എന്നത് മറ്റുള്ളവരോട് നമുക്ക് ചെയ്യാവുന്ന നല്ലൊരു കാര്യമാണ്. എങ്ങനെ ചിരിപ്പിക്കുന്നു, അതിന് ഏത് മാര്‍ഗം ഉപയോഗിക്കുന്നു, ഒരാളെ ചിരിപ്പിക്കാന്‍ മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടോ എന്നതൊക്കെ വലിയ ഉത്തരവാദിത്വവുമാണ്.

കഥാപാത്രങ്ങളില്‍ വ്യത്യസ്ത പുലര്‍ത്തുന്നത് തുടരുകയാണെങ്കില്‍ ഇനിയെങ്കിലും തനിക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി മനസിലാക്കിക്കൊണ്ട് വേണം എന്നാണ് ദിലീപിനോട് പറയാനുള്ളത്. വിക്കുള്ള കഥാപാത്രത്തിലൂടെ നിങ്ങള്‍ ഒരുപാട് പേരെ ചിരിപ്പിച്ചേക്കാം, പക്ഷേ, എല്ലാവരും ചിരിക്കണമെന്നില്ല, തന്റെ ജീവിതാവസ്ഥയാണല്ലോ ഈ ചിരിക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നോര്‍ത്ത് മനസ് പിടയുന്നവരുമുണ്ട്. കോടതിസമക്ഷം ബാലന്‍ വക്കീലില്‍ ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാക്കില്ലെന്ന വിശ്വാസത്തോടെ ദിലീപിന് മറ്റൊരു വിജയം കൂടി ആശംസിച്ചുകൊണ്ട് അംബുജാക്ഷന്‍ നിര്‍ത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍