UPDATES

സിനിമാ വാര്‍ത്തകള്‍

മണി അഹങ്കാരിയും വന്നവഴി മറന്നവനെന്നും ശാന്തിവിള ദിനേശ്; തെരുവില്‍ കിടന്ന് മറുപടി കിട്ടുമെന്ന് ആലപ്പി അഷ്‌റഫ്

സ്റ്റേജില്‍ ദാരിദ്ര്യം പറയുകയും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത എല്ലാം ചെയ്തവനുമായിരുന്നു മണിയെന്ന് ശാന്തിവിള ദിനേശ്

കലാഭവന്‍ മണി അഹങ്കാരിയും സ്റ്റേജില്‍ ദാരിദ്ര്യം പ്രസംഗിക്കുകയും സമ്പന്നനായി കഴിഞ്ഞപ്പോള്‍ ചെയ്യരുതാത്തതെല്ലാം ചെയ്തവനാണെന്നും പറഞ്ഞ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ സംവിധായകന്‍ ആലപ്പി അഷറഫ്. മണി കേരളത്തിന്റെ സ്വത്താണെന്നും മണിയെ പറഞ്ഞാല്‍ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ടെന്നും തെരുവില്‍ കിടന്ന് നിനക്കതിനു മറുപടി പറയേണ്ടി വരും എന്നുമാണ് ആലപ്പി അഷറഫ് ശാന്തിവിള ദിനേശിനോട് പറയുന്നത്. ശാന്തിവിള ദിനേശിന്റെ മനോനില പൂര്‍ണമായി തകരാറിലായോ എന്നു ചോദിക്കുന്ന അഷറഫ് അസുഖം മാറിയില്ലെങ്കില്‍ കാലും കൈയും കെട്ടി ചികിത്സിക്കാന്‍ കൊണ്ടുപോകും എന്നുമാണ് പരിസഹിക്കുന്നത്.

ആലപ്പി അഷറഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ട്… കലാഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ്… അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ശാന്തിവിള ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള… മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ കൊട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു നിന്നെ വിലയിരുത്തുന്നുണ്ടു എന്ന് നീ മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയ്യും കാലും കെട്ടി കൊണ്ടു പോകും ചികിത്സക്ക്… മണിയെ പറഞ്ഞാല്‍ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. തെരുവില്‍ കിടന്ന് നിനക്കു ഇതിന് മറുപടി കിട്ടും.. നിനക്കെതിരെ നിയമ നടപടികള്‍ എടുക്കാന്‍ മണിയെ സ്‌നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകര്‍ ഉണ്ട് ഈ നാട്ടില്‍.. കാത്തിരുന്നു കാണാം..

"</p

ദിലീപ് ക്രൂരനായ തമാശക്കാരന്‍; 15 വര്‍ഷം മുമ്പത്തെകാര്യം ഓര്‍മിപ്പിച്ച് ആലപ്പി അഷറഫ്

മംഗളം ചാനലിലെ ടോക്കിംഗ് പോയിന്റില്‍ അതിഥിയായി എത്തിയപ്പോഴാണ് ശാന്തിവിള ദിനേശ് കലാഭാവന്‍ മണിക്കെതിരേ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. മണിയെ വച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ച തനിക്ക് മണിയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുമ്പോഴായിരുന്നു മണിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചത്. അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങള്‍;

മണി ഏറ്റവും മാര്‍ക്ക് വാല്യുവില്‍ നില്‍ക്കുമ്പോഴായിരുന്നു ഞാന്‍ മണിയോട് ഈ കഥ പറയുന്നത്. വെട്ടം എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രാഞ്ജലിയില്‍ നടക്കുമ്പോള്‍. കഥ കേട്ടു, അയാള്‍ മോശമല്ലാത്തൊരു പ്രതിഫലം പറഞ്ഞു, ഞാനത് കൊടുക്കാമെന്നു പറഞ്ഞു. തര്‍ക്കിച്ചൊന്നുമില്ല. പിന്നീട് മാക്ടയുടെ ജനറല്‍ ബോഡിയില്‍ നിര്‍മാതാക്കളാണ് നമുക്ക് വേണ്ടത്, കാശു മുടക്കുന്ന ആള്‍ക്കാര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കേണ്ടത്, താരങ്ങളുടെ പിറകെ നടക്കുകയല്ല, താരങ്ങളെ നമ്മളാണ് ഉണ്ടാക്കുന്നത് എന്നു പറഞ്ഞു ഞാന്‍ പ്രസംഗിച്ചു. ആ പ്രസംഗം ഷാജി കൈലാസ് ഫോണിലൂടെ ഹൈദരാബാദിലുള്ള മണിക്ക് കേള്‍പ്പിച്ചു കൊടുത്തു. എന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ആ ഫോണ്‍ ഷാജി എനിക്ക് കൊണ്ടുവന്നു തന്നു, മണി ലൈനില്‍ ഉണ്ടെന്നു പറഞ്ഞു. ഫോണിലൂടെ മണി എന്നോട് മോശമായി സംസാരിച്ചു. നിങ്ങള്‍ താരങ്ങള്‍ക്കെതിരെയാണ് സംസാരിക്കുന്നത്, അങ്ങനെയുള്ള നിങ്ങളുടെ പടത്തില്‍ ഞാനെങ്ങനെ സഹകരിക്കുമെന്ന് മണി ചോദിച്ചു. ഞാനല്‍പ്പം തിരക്കിലാണെന്നും രാത്രിയില്‍ വിളിക്കാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍വച്ചു. രാത്രി എറണാകുളത്ത് ദര്‍ബബാര്‍ ഹോട്ടലിലിലെ മുറിയില്‍ വച്ച് ഞാന്‍ മണിയെ തിരിച്ചു വിളിച്ചു. അപ്പോഴും മണി താരങ്ങള്‍ക്കെതിരെ ഞാന്‍ സംസാരിച്ചെന്നു പറയുകയാണ്. സുരേഷ് ഗോപി ചേട്ടന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഗണേശേട്ടന്റെ കാറില്‍ പോയപ്പോള്‍ ഉള്ള ഒരു പരിചയം വച്ചാണ് ഞാന്‍ നിങ്ങള്‍ക്ക് ഡേറ്റ് തന്നത്. ഞാന്‍ ഡേറ്റ് തന്നതെങ്കിലും ആലോചിച്ച് നിങ്ങളങ്ങനെ പറയരുതായിരുന്നെന്നു പറഞ്ഞ് മണി എന്നോട് ശരിക്കും പറഞ്ഞു. കുറെ കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, മണി. ചാലക്കുടിയില്‍ നിന്നും ഓട്ടോ ഓടിച്ച് ഒരാള്‍ മലയാള സിനിമയിലേക്ക് വരും എന്നു പറഞ്ഞല്ല ഞാന്‍ ഹരികുമാറിന്റെ ഊഴം എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയത്. സിബി മലയില്‍ നിങ്ങളുടെ സഹോദരിയുടെ ഭര്‍ത്താവുമല്ല, നിങ്ങള്‍ക്ക് ആദ്യമായി ഒരവസരം തന്നത് അതുകൊണ്ടല്ലല്ലോ. സിനിമ എന്നത് ഗിവ് ആന്‍ഡ് ടേക്ക് ആണ്. ഞാനൊരു നല്ല കഥ പറഞ്ഞു, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. നിങ്ങള്‍ മോശമല്ലാത്തൊരു പ്രതിഫലം ചോദിച്ചു ഞാന്‍ തരാമെന്നു പറഞ്ഞു. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ചെയ്യാം അല്ലെങ്കില്‍ ചെയ്യണ്ട. താന്‍ ഹൈദരാബാദില്‍ നിന്നും നാളെ ചാലക്കുടിയില്‍ എത്തുമെന്നും അതിനുശേഷം പറയാം സിനിമയെക്കുറിച്ചെന്നും പറഞ്ഞാണ് മണി ഫോണ്‍ വച്ചത്. എന്റെ സിനിമയില്‍ നിന്നും മാറാനാണ് മണിയുടെ തീരുമാനം എന്ന് മനസിക്കി അന്ന് രാത്രി തന്നെ മണിയെ എന്റെ സിനിമയില്‍ നിന്നും കട്ട് ചെയ്തു.

മരിച്ചുപോയവരെക്കുറിച്ച്‌ മോശം പറയാന്‍ പാടില്ലെന്നാണ്. പക്ഷേ, മണി അഹങ്കാരിയും വന്ന വഴി മറന്നു പോയവനുമാണ്. സ്‌റ്റേജിലെ മൈക്കില്‍ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുകയും കണ്ണീര് പൊഴിക്കുകയും ഒരുപാട് ആള്‍ക്കാരോട് ഇന്നലേകള്‍ പറയുകയും കൂലിപ്പണിക്ക് പോയതും മണലൂറ്റാന്‍ പോയതിന്റെയും കഥകള്‍ പറയുകയും,  സമ്പന്നായപ്പോള്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല, അതെല്ലാം ചെയ്തിരുന്ന ചെറുപ്പക്കാരനുമായിരുന്നു മണി. രണ്ട് ഫോറസ്റ്റ് ഓഫിസര്‍മാരെ മണി തല്ലിയ കേസിലാണ് ആദ്യമായി സെന്‍കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനോട് പുച്ഛം തോന്നിയത്. ജയറാമോ മമ്മൂട്ടിയോ മോഹന്‍ലാലോ ആണ് ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവിടുത്തെ പത്രക്കാരും പൊലീസും പറയില്ലായിരുന്നു. സെന്‍കുമാര്‍ അവിടെ ജാതിയെവച്ച് സംസാരിച്ചു. ചാലക്കുടിയില്‍ പൊലീസ് സ്റ്റേഷന്‍ പണിതുകൊടുത്തിട്ട് പൊലീസുകാരനെ തല്ലി. കാവടി പോയപ്പോള്‍ അത് കാണാന്‍ വേണ്ടി അവരുടെ മുന്നിലൂടെ ബുള്ളറ്റിലൂടെ പോയപ്പോള്‍ പൊലീസുകാര്‍ തടഞ്ഞു. യൂണിഫോമിട്ട പൊലീസുകാരനെ തല്ലി. അനുവാദമില്ലാത്തിടത്തേക്കു പോകാന്‍ ശ്രമിച്ചത് തഞ്ഞപ്പോഴായിരുന്നു ഫോറസ്റ്റുകാരെ തല്ലിയത്. ആ ഫോറസ്റ്റുകാരെ ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, അയാളുടെ ഒരു കൈയില്‍ പിടിക്കാനുള്ള ആരോഗ്യം ഞങ്ങള്‍ക്കില്ല, ക്രൂരമായാണ് ഞങ്ങളെ തല്ലിയത്.

ശാന്തിവിള ദിനേശിന്റെ ഈ വെളിപ്പെടുത്തലുകള്‍ക്കെതിരേയാണ് ഇപ്പോള്‍ ആലപ്പി അഷറഫിനെപോലുള്ളവര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍