UPDATES

സിനിമ

അഞ്ജലി മേനോന്‍/അഭിമുഖം; വിമന്‍ കളക്ടീവിന് ഒരു റോളുണ്ട്, എല്ലാം ശരിയാണെന്നു പറയുമ്പോള്‍ ചിലതൊക്കെ ശരിയല്ലെന്നു പറയാന്‍, ചിലത് തിരുത്താന്‍

വിമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സ്ഥാപകാംഗം കൂടിയായ സംവിധായിക അഞ്ജലി മേനോന്‍ സംസാരിക്കുന്നു

ഇന്ത്യന്‍ സിനിമ മേഖലയ്ക്കാകെ മാതൃകയായി രൂപീകരിക്കപ്പെട്ട സ്ത്രീ സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അഥവ ഡബ്ല്യുസിസി. അതിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടും പിന്നീടും പല വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും, തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനൊപ്പം തുല്യാവകാശത്തോടെയും സ്വാതന്ത്ര്യത്തോടെയും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സൃഷ്ടിക്കാനും ഇങ്ങനെയൊരു സംഘടന കൊണ്ട് കഴിയുന്നുവെന്നത് ഇവിടുത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ശരിയായ മാറ്റങ്ങള്‍ ഡബ്ല്യുസിസിക്ക് കൊണ്ടു വരാന്‍ കഴിയുന്നുണ്ടെന്നും ദീര്‍ഘകാലത്തേക്കായി നിലനില്‍ക്കുന്ന അത്തരം മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നും വിമന്‍ കളക്ടീവിലെ ഓരോ അംഗവും വിശ്വസിക്കുന്നു. രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ വിമന്‍ കളക്ടീവിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും സംവിധായിക അഞ്ജലി മേനോന്‍ സംസാരിക്കുന്നു.

രാകേഷ്: കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്തായിരുന്നു, എങ്ങനൊയിരുന്നു എന്ന് തിരിഞ്ഞു നോക്കിയാല്‍, ഈ സംഘടന നിങ്ങളുടെ ലക്ഷ്യത്തിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നതെന്ന് ആത്മാര്‍ത്ഥതയോടെ പറയാന്‍ കഴിയുമോ?

അഞ്ജലി: വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണം സാധാരണ ഒരു സംഘടന രൂപീകരണത്തില്‍ നിന്നും വ്യത്യാസപ്പെട്ട സാഹചര്യത്തിലായിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഉണ്ടായൊരു സംഘടന. ഇനി ഇങ്ങനെയൊരു അനുഭവം ഇവിടെ ആര്‍ക്കും ഉണ്ടാകരുതെന്ന ആവശ്യത്തില്‍. പക്ഷേ, വ്യക്തമായൊരു ധാരണ അപ്പോഴും നമുക്കാര്‍ക്കും ഉണ്ടായിരുന്നില്ല. പലരും പലതും ഇവിടെ അനുഭവിച്ചിട്ടുണ്ട്. ഇനിയതൊന്നും ആവര്‍ത്തിക്കരുത്. ഇനി വരുന്ന പെണ്‍കുട്ടികള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാനിടവരരുത്; അതായിരുന്നു ആകെയുണ്ടായിരുന്ന ധാരണ. ഒരു ഓര്‍ഗനൈസേഷന്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പലതും അറിയുകയും പഠിക്കുകയും വേണ്ടിയിരുന്നു. അവ പഠിച്ചു മനസിലാക്കാന്‍ സമയം വേണ്ടിയിരുന്നു. പലരോടും സംസാരിച്ചും ചര്‍ച്ച ചെയ്തുമാണ് അതൊക്കെ അറിഞ്ഞെടുത്തത്. വെറുതെ ഒരു കളക്ടീവ് ആയി നിന്നാല്‍ മതിയോ, അതോ മറ്റൊരു തലത്തില്‍ സംഘടനയായി പ്രവര്‍ത്തിക്കണോ? അങ്ങനെയെങ്കില്‍ ആ പ്രവര്‍ത്തനം എങ്ങനെ വേണം? ഇതിലൊക്കെ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് മാത്രം മതി കൂടുതല്‍ ആളുകളെ ഇതിലേക്ക് ചേര്‍ക്കുന്നത് എന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എല്ലാം മനസിലാക്കിയെടുക്കാന്‍ സമയം വേണ്ടി വന്നു. ആ സമയം ഒരിക്കലും വെറുതെ പോയതായി ഞങ്ങള്‍ കരുതുന്നില്ല.

ഡബ്ല്യുസിസി എന്തുതരം ഇടപെടലാണ് ഇവിടെ നടത്തിയിട്ടുള്ളത്? ഒരു പ്രത്യേക വിഷയത്തിലല്ലാതെ?

ഡബ്ല്യുസിസി എന്തു ചെയ്തു? ഇത് ഞങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ്. ആദ്യമൊക്കെ ഇങ്ങനെ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് ആയിരുന്നു. മറ്റ് സംഘടനകളോടൊന്നും ഉണ്ടാകാത്ത ചോദ്യം നമ്മളോട് മാത്രം! മറ്റാര്‍ക്കുമില്ലാത്ത ഉത്തരവാദിത്വം ഡബ്ല്യുസിസിക്ക് മാത്രമോ? പക്ഷേ, അതിനെ മറ്റൊരു തരത്തില്‍ വായിച്ചു നോക്കൂ. വേറെയാരും നിറവേറ്റാത്ത ഉത്തരവാദിത്തം ഞങ്ങള്‍ നിറവേറ്റുന്നതുകൊണ്ടോ, അല്ലെങ്കില്‍ നിറവേറ്റും എന്നതുകൊണ്ടോ ആയിരിക്കില്ലേ ഞങ്ങളോട് ഇത്തരം ചോദ്യം ചോദിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഇത്തരം ചോദ്യം വരുമ്പോള്‍ അതിനെ പോസിറ്റീവ് ആയി കാണുകയാണ്. ഞങ്ങളില്‍ ഒരു പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ഇവിടെ ചെയ്യാന്‍ ഒരു റോള്‍ ഉണ്ട്. ആ റോള്‍ എന്താണ്, എങ്ങനെയാണത് ചെയ്യേണ്ടത് എന്നാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വിമന്‍ കളക്ടീവിന്റെ രൂപീകരണ സമയത്ത് കണ്ട പല പ്രമുഖ മുഖങ്ങളും ഇപ്പോള്‍ സംഘടനയോടൊപ്പം കാണുന്നില്ല. അന്നുണ്ടായിരുന്നവരൊക്കെയും ഇപ്പോഴും ഒരുമിച്ചുണ്ടോ?

ഞങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാനവ്യത്യാസങ്ങള്‍ ഇല്ല. ഈ കളക്ടീവില്‍ ഓരോരുത്തരും വോളന്റിയര്‍മാരാണ്. ഓരോ വ്യക്തിക്കും ഉത്തരവാദിത്തം ഉണ്ട്. ചിലര്‍ക്ക് അവരുടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് മാറി നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ മറ്റൊരാള്‍ ആ ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുന്നു. ചര്‍ച്ച ചെയ്യുന്നു. വാദങ്ങള്‍ ഉയര്‍ത്തുന്നവരും കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നവരും വ്യക്തമായ ധാരണകള്‍ ഉള്ളവരുമാണ് ഇതിലുള്ളത്.

വിമന്‍ കളക്ടീവിന് മറ്റു സംഘടനകളില്‍ നിന്നുള്ള വ്യത്യാസം ഇവിടെ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് പ്രവര്‍ത്തിക്കാം എന്നതാണ്. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരും ഒറ്റ ചട്ടത്തില്‍ നിന്നോളണം എന്നു പറയുന്നില്ല. അവരവരുടെ വ്യക്തിത്വം അനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാം. ആ നിലപാടുകള്‍ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്തുകൊണ്ട് ഈ സംഘടന ഇപ്പോഴും ഒരു ചെറിയ വിഭാഗത്തിന്റെതായി മാത്രം നില്‍ക്കുന്നു?

നേരത്തെ പറഞ്ഞതുപോലെ, എല്ലാം ശരിയായ ശേഷം കൂടുതല്‍ പേരെ സ്വീകരിക്കാമെന്നതായിരുന്നു തീരുമാനം. കാരണം, ഇനി വരുന്നവര്‍ക്ക് ഈ സംഘടനയെ കുറിച്ച് സംശയം ഉണ്ടാകരുത്. എന്താണ് ഡബ്ല്യുസിസി എന്ന് അവര്‍ക്ക് വ്യക്തത കിട്ടണം. ഇതിന്റെ സിസ്റ്റം എന്താണെന്നു മനസിലാക്കണം. വെറുതെ എണ്ണം കൂട്ടിയതുകൊണ്ട് കാര്യമില്ല, ക്വാളിറ്റിയാണ് വേണ്ടത്. ഡബ്ല്യുസിസിയുടെ വെബ്‌സൈറ്റ് ആരംഭിക്കുകയാണ്. അതില്‍ കയറിയാല്‍ എന്തൊക്കെ ചെയ്തു, ചെയ്യും എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ വിവരവും ധാരണയും എല്ലാവര്‍ക്കും കിട്ടും. ഞങ്ങള്‍ ഒന്നും ചെയ്യാതിയിരിക്കുകയായിരുന്നുവെന്ന വിമര്‍ശനത്തിനും മറുപടി ആ വെബ്‌സൈറ്റില്‍ നിന്നും കിട്ടും. ഡബ്ല്യുസിസി വെറുമൊരു കടലാസ് സംഘടനയല്ല. ഇതുവരെ ഇത്തരത്തില്‍ ഒന്ന് ഇവിടെയില്ലായിരുന്നു. അങ്ങനെയൊന്ന് ഉണ്ടാകുമ്പോള്‍ അതിനൊരു മൂല്യമുണ്ടായിരിക്കണം. ആ മൂല്യം ഇപ്പോള്‍ ഡബ്ല്യുസിസിക്ക് ഉണ്ട്.

ഇങ്ങനെയൊരു സംഘടന രൂപീകരിക്കാന്‍ ഇറങ്ങിയവരില്‍ പലര്‍ക്കും സിനിമയില്‍ വ്യക്തിപരമായ തിരിച്ചടികള്‍ നേരിടുന്നുണ്ട്, ഡബ്ല്യുസിസിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍, അയാള്‍ക്കും അതേ അനുഭവങ്ങളായിരിക്കില്ലേ ഉണ്ടാവുക?

ഈ സംഘടന രൂപീകരിച്ചവര്‍ക്ക് തന്നെയായിരിക്കുമല്ലോ അതിന്റെ പ്രത്യാഘാതങ്ങളും ഉണ്ടായിട്ടുണ്ടാവുക. ആ അനുഭവം എന്തായാലും ഇനി വരുന്നവര്‍ക്ക് ഉണ്ടാകില്ല.

ഡബ്ല്യുസിസി ഏതെങ്കിലും ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണോ നില്‍ക്കുന്നത്? സിനിമയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഏതുവിധത്തില്‍ വിമന്‍ കളക്ടീവിനെ വിശ്വസിക്കാന്‍ കഴിയും?

ലൈംഗികാതിക്രമങ്ങള്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അതുമാത്രമല്ല, നമുക്ക് നേരിടേണ്ടത്. സിനിമ/ടെലിവിഷന്‍ കോഴ്‌സുകള്‍ പഠിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. എന്നാല്‍ അവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. ചിലരെ അവരുടെ ഒറ്റ പ്രൊജക്ടിനുശേഷം കാണാതെയുമാകുന്നു. സിനിമ പഠിച്ചു വരുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയിലേക്ക് വരാനും നിലനില്‍ക്കാനും കഴിയണം. അതിനുള്ള പിന്തുണ അവര്‍ക്ക് കിട്ടണം. പരിശീലനം കിട്ടണം. അത്തരം സാഹചര്യങ്ങളും ഡബ്ല്യുസിസി ഒരുക്കി തുടങ്ങിയിട്ടുണ്ട്. ഇതൊന്നും എല്ലാവരോടും പറഞ്ഞു നടന്നില്ലെന്നു മാത്രം. കൂടുതല്‍ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് കടന്നു വരണം. വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ഉണ്ടാകുന്നവ പരിഹരിക്കാന്‍ കഴിയണം. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് മനസിലാക്കി കൊടുക്കണം. വേണ്ട ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൊടുക്കണം. ഇതുവരെ അങ്ങനെയൊരു സിസ്റ്റം ഇവിടെയില്ലായിരുന്നു. ഞങ്ങളത് ഉണ്ടാക്കുകയാണ്. ഇതൊക്കെയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും. അല്ലാതെ ആരെയെങ്കിലും ക്രൂശിക്കാന്‍ വേണ്ടി ഉണ്ടാക്കിയതല്ല ഡബ്ല്യുസിസി.

നിലവിലെ സാഹചര്യങ്ങള്‍ വ്യത്യാസപ്പെടുക തന്നെ വേണം. പക്ഷേ അതെങ്ങനെയൊക്കെ സാധ്യമാക്കാമെന്നാണ് ഡബ്ല്യുസിസി കരുതിയിരിക്കുന്നത്?

രണ്ടു തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുക. ഒന്ന്, ഒരു പോളിസി നടപ്പാക്കി കൊണ്ട്. ഈ ഇന്‍ഡസ്ട്രിക്ക് വേണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ട് ഒരു പോളിസി ഉണ്ടാക്കണം. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ വേണ്ടി മൂന്നു കോടി നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നത് ഒരു പോളിസിയാണ്. ഇത്തരം നടപടികളിലൂടെ നമുക്കിവിടെ മാറ്റം കൊണ്ടുവരാം. രണ്ടാമത്തെ വഴി നമ്മളൊരു ശീലം ഉണ്ടാക്കുകയെന്നതാണ്. സ്ത്രീയോ പുരുഷനോ എന്ന വ്യത്യസമില്ലാതെ ഒരുപോലെ എല്ലാവരും പരിഗണിക്കപ്പെടണം. സൗകര്യങ്ങള്‍ ലഭിക്കണം. സംവിധായകനും നിര്‍മാതാവും മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യമാണിത്. ഇന്‍സ്ട്രിയിലെ പ്രധാന പ്രശ്‌നം സ്ത്രീകള്‍ക്ക് ബാത്ത്‌റൂം സൗകര്യമില്ലാത്തതാണെന്ന തരത്തില്‍ പരിഹാസങ്ങളുണ്ട്. ബാത്ത് റും സൗകര്യമില്ലാത്തത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കൂടിയാണ്. പക്ഷേ, ആണുങ്ങള്‍ക്ക് എവിടെയെങ്കിലും പോയി അതിനു വഴിയുണ്ടാക്കാം. പെണ്ണുങ്ങള്‍ക്ക് അതു പറ്റില്ലാതെ വരുന്നതുകൊണ്ടാണ് പരാതി പറയുന്നത്. അസൗകര്യങ്ങള്‍ ആണിനും പെണ്ണിനും നേരിടുന്നുണ്ട്. അവ പരിഹരിക്കണം. അതില്‍ ലിംഗവ്യത്യാസം കാണിക്കാതിരുന്നാല്‍ മതി. തുല്യത ഉറപ്പു വരുത്തുകയും അതൊരു ശീലമാക്കി എല്ലാവരും തുടരുകയുമാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം മാറില്ലേ.

Also Read: മലയാള സിനിമയെ മാത്രമല്ല, ഒരു സമൂഹത്തയൊന്നാകെ മുന്നോട്ട് നടത്തുന്ന സ്ത്രീകള്‍; വിമണ്‍ കളക്ടീവ് മൂന്നാം വര്‍ഷത്തിലേക്ക്

മഞ്ചാടിക്കുരു എന്ന അഞ്ജലി മേനോന്റെ ആദ്യ സിനിമയുടെ സമയത്ത്, ഒരു സ്ത്രീയുടെ പ്രൊജക്ട് എന്ന നിലയില്‍ പലകേന്ദ്രങ്ങളില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്ന സമീപനം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞിരുന്നു ഒരിക്കല്‍. അതേ സഹാചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നില്ലേ? അതിലൊക്കെ എങ്ങനെയാണ് മാറ്റം കൊണ്ടുവരാന്‍ കഴിയുക?

മഞ്ചാടിക്കുരുവിന്റെ ഷൂട്ടിംഗും കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ ഒരു ഘട്ടം കഴിഞ്ഞ സമയത്തും ഈ പ്രൊജക്ട് എന്തിനാണ്, കളഞ്ഞൂടെ എന്ന് എന്നോട് ചോദിച്ചവരുണ്ട്. ഇപ്പോള്‍ എനിക്ക് എല്ലാ സൗകര്യങ്ങളും കിട്ടുമ്പോള്‍ പഴയകാര്യം ഞാന്‍ മറന്നു കളയുന്നില്ല. എന്റെ അന്നത്തെ അവസ്ഥയില്‍ മറ്റൊരു പെണ്‍കുട്ടി എത്തപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. നമ്മുടെ ഇന്‍ഡ്രസ്ട്രിയിലെ സ്ത്രീ സംവിധായകരെ നോക്കിയാല്‍, ഒറ്റ സിനിമ കൊണ്ട് പോയവരാണ് കൂടുതലും. ഞാന്‍ ആദ്യ സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ പലരും ചോദിച്ചത് എന്താണ് ശരിക്കുള്ള ജോലിയെന്നാണ്. ആ ചോദ്യം എന്നെ അമ്പരപ്പിക്കുകയായിരുന്നു. ഇതായിരിക്കില്ലല്ലോ യഥാര്‍ത്ഥ ജോലി വേറെ എന്തെങ്കിലും കാണില്ലേ എന്നാണ് പിന്നെയും വരുന്ന ചോദ്യങ്ങള്‍. എത്രമാത്രം തെറ്റായ വീക്ഷണമാണത്. ഒരു സ്ത്രീ ചെയ്ത വര്‍ക്ക് കണ്ടിട്ട്, ഇതവള്‍ ചെയ്തതല്ല, കൂടെയുള്ളവര്‍ ചെയ്തുകൊടുത്തതാണെന്നു പറയുന്നവരുമുണ്ട്. ഇതുപോലെയുള്ള അനുഭവങ്ങളിലേക്ക് ഇനിയൊരു പെണ്‍കുട്ടി എത്തിപ്പെടരുത്.

ലിംഗവിവേചനം എത്രമാത്രമാണ് കലാരൂപമെന്ന നിലയില്‍ സിനിമയെ ദോഷകരമായി ബാധിക്കുന്നത്?

ഞാന്‍ പെണ്ണാണ്, അല്ലങ്കില്‍ ആണാണ് എന്ന് ചിന്തിക്കാതെ വര്‍ക്ക് ചെയ്യാന്‍ കഴിയണം. നിങ്ങള്‍ ചെയ്യുന്ന ജോലിയാണ് പ്രധാനം. എന്റെ സെറ്റില്‍ ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ ഞാനവളെ പരിഗണിക്കുന്നത് ജെന്‍ഡര്‍ നോക്കിയല്ല, ചെയ്യുന്ന വര്‍ക്ക് നോക്കിയാണ്. അപ്പോഴാണ് ശരിയായ മാറ്റം ഉണ്ടാകുന്നത്. എന്റെ സെറ്റില്‍ ഒരു പെണ്‍കുട്ടിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഞാനുമൊരു പെണ്ണ് ആയതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നു കരുതരുത്. ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട ഉത്തരവാദിത്തമാണ് കാണിക്കുന്നത്. സിനിമ എന്നാല്‍ ക്രിയേറ്റീവ് ഫീല്‍ഡ് ആണ്. നമുക്ക് കംഫര്‍ട്ട് ആയൊരു സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമെ ആ ക്രിയേറ്റിവിറ്റി വരികയുള്ളൂ. ബാത്ത്‌റൂം സൗകര്യം പോലും ഇല്ലാത്തൊരിടത്ത് നിന്നു ക്രിയേറ്റിവിറ്റി വരട്ടെ എന്നു പറഞ്ഞാല്‍ ശരിയാകുമോ?

പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ വര്‍ക്ക് ചെയ്യേണ്ടി വരുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. അതില്‍ പെണ്‍കുട്ടികളുമുണ്ട്. ഉദാഹരണത്തിന് ആര്‍ട്ട്. എല്ലാവരും വരുന്നതിനു മുമ്പ് ആര്‍ട്ടില്‍ ഉള്ളവര്‍ സെറ്റില്‍ എത്തണം. എല്ലാവരും പോയശേഷമായിരിക്കും അവര്‍ പോകുന്നതും. ‘കൂടെ’ എന്ന എന്റെ സിനിമയില്‍ ആര്‍ട്ടില്‍ അസിസ്റ്റന്റ് ആയി ഉണ്ടായിരുന്നത് രണ്ടു പെണ്‍കുട്ടികളായിരുന്നു. സെറ്റില്‍ നേരത്തെ വരുന്നൊരു സംവിധായികയാണ് ഞാന്‍. ഏഴു മണിക്ക് ഞാനെത്തുകയാണെങ്കില്‍ ആ കുട്ടികള്‍ അതിനും മുന്നെ സെറ്റില്‍ ഉണ്ടായിരിക്കും. തിരിച്ചു പോകുന്നത് ബാക്കിയെല്ലാരും പോയിട്ടും. അവര്‍ അവരുടെ ജോലി ആസ്വദിച്ച് ചെയ്യുന്നവരാണ്. അങ്ങനെ ചെയ്യാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ അവര്‍ക്ക് കിട്ടണം. ആരെയും പേടിക്കാതെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ ജോലി ചെയ്യാന്‍ പറ്റിയാലേ അവരുടെ ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് ഓരോന്നും ചെയ്യാന്‍ കഴിയൂ. ആ സാഹചര്യമാണ് നമ്മള്‍ ഒരുക്കി കൊടുക്കേണ്ടത്. നല്ലൊരു ഫ്രറ്റേണിറ്റിയായി നമ്മുടെ ഇന്‍ഡസ്ട്രിയെ മാറ്റിയെടുക്കാന്‍ കഴിയുമ്പോള്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ സാഹചര്യങ്ങളും തനിയെ വന്നുചേരും. മികച്ചൊരു പ്രൊഫഷണലിസം നമുക്കിടയില്‍ വരേണ്ടതുണ്ട്. ഒരു കാര്യം അരുത് എന്നു പറഞ്ഞാല്‍ അത് ചെയ്യരുതെന്ന് സ്വയം മനസിലാക്കി പെരുമാറണം. പുകവലി പാടില്ല എന്നെഴുതി വച്ചിരിക്കുന്നയിടത്ത് പോയി നമ്മള്‍ പുകവലിക്കില്ല. കാരണം അതനുവദനീയമല്ലെന്നു അറിയാം. ഇന്ന കാര്യം ചെയ്യരുത്, ശ്രമിക്കരുതെന്ന് സിനിമ മേഖലയിലും നമുക്ക് പറയാന്‍ കഴിയണം. അത് പാലിക്കാനും. എന്തുമാകാം എന്ന സാഹചര്യമാണെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മള്‍ വന്നിരിക്കുന്നത് ഒരു വര്‍ക്ക് ചെയ്യാനാണ്. വര്‍ക്ക് ചെയ്യുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ഏറ്റവും മികച്ച പ്രൊഡക്ട് ഉണ്ടാക്കുക എന്നതിനു വേണ്ടിയാണ് നമ്മള്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്നിരിക്കുന്നത്. അത് ഉണ്ടാക്കണം. ഇത്തരത്തിലാണ് സാഹചര്യങ്ങളെങ്കില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇന്‍ഡസ്ട്രിയിലേക്ക് വരും.

വ്യക്തികളിലും മാറ്റമുണ്ടായാലല്ലേ ഈ പറയുന്ന സമ്പൂര്‍ണ മാറ്റം ഉണ്ടാക്കാന്‍ കഴയൂ? നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നാണെങ്കിലും അങ്ങനെ നടക്കാറില്ലല്ലോ?

ഇനിയും അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകരുത്. എത്രയെത്ര അനുഭവങ്ങള്‍ നമ്മള്‍ കേട്ടു. അതിനിടയിലും ആവേശത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യുന്ന പെണ്‍കുട്ടികളാണ് നമുക്കിവിടെയുള്ളത്. അവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കൂടി നമുക്ക് ഒരുക്കി കൊടുക്കാന്‍ കഴിഞ്ഞാലോ! ഇനി നമുക്കിവിടെ ആണ്, പെണ്ണ് എന്ന വേര്‍തിരിവ് വേണ്ട. സെറ്റില്‍ എത്തുമ്പോള്‍ ഞാനൊരു ഡയറക്ടര്‍ മാത്രമാണ്. എല്ലവരും അങ്ങനെയായിരിക്കണം. ഒരു നോട്ടം കൊണ്ടുപോലും വിവേചനം പാടില്ല. ഞാനെന്റെ സിനിമയില്‍ മുന്‍പരിചയമില്ലാത്ത രണ്ടുപേരെ അസിസ്റ്റന്റുകളായി നിര്‍ത്തും. തുടക്കം മുതലുള്ള പതിവാണ്. ആ സെറ്റില്‍ നിന്നും അവര്‍ പഠിക്കുന്ന കാര്യങ്ങളുണ്ട്. ഒരു സംസ്‌കാരം അവരില്‍ ഉണ്ടാക്കിയെടുക്കും. അടുത്തൊരു സെറ്റിലേക്ക് അവര്‍ എത്തുമ്പോള്‍ പഠിച്ച ആ സംസ്‌കാരമായിരിക്കും അവര്‍ പ്രകടിപ്പിക്കുക. മറ്റുള്ളവരോട് ഇടപെടുന്നതില്‍, പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൊക്കെ അവര്‍ക്കു പിന്തുടരാന്‍ ആ സംസ്‌കാരം സഹായിക്കും. എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും എന്റെ കൂടെയുണ്ടായിരുന്നവരെ കുറിച്ച് മറ്റു സെറ്റുകളില്‍ നിന്നും കേള്‍ക്കുന്ന നല്ല വാര്‍ത്തകളാണ്.

ഡബ്ല്യുസിസി ഒരു റിബല്‍ സംഘടനയാണോ?

ഞങ്ങള്‍ എന്തിനെയും എതിര്‍ക്കുന്നവരല്ല, എല്ലാം ശരിയാണെന്നു പറയുന്നവര്‍ക്കിടയില്‍ ചിലതൊക്കെ ശരിയല്ലെന്നു പറയുന്നവരാണ്. തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണം എന്നു പറയുന്നവരാണ്. നമുക്കതിന് കഴിയണം എന്നു പറയുന്നവര്‍.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഡബ്ല്യുസിസിക്കെതിരേ ഉണ്ടാകുന്ന മോശം അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ? അങ്ങനെയൊരു വിഭാഗം എന്തുകൊണ്ട് നിങ്ങള്‍ക്ക് എതിരായി വന്നു?

ആ കമന്റ്‌സുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ! അവയില്‍ കൂടുതലും വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ്. സ്വന്തം മുഖം കാണിക്കാനോ പേര് പറയാനോ ധൈര്യമില്ലാത്തവര്‍. ഡബ്ല്യുസിസിക്കെതിരേ മോശം പറയുന്നവര്‍ ഭൂരിപക്ഷവും വ്യാജപ്രൊഫൈലുകളാണ്. ഞങ്ങള്‍ അതെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇതൊരു മാനസികാവസ്ഥയുടെ പ്രശ്‌നമാണ്. ഭംഗിയായൊരു വസ്തുവിനെ കാണുമ്പോള്‍ അതിലൊന്നു കോറിവരയ്ക്കാന്‍ നോക്കുന്നവരില്ലേ. അത്തരമൊരു മാനസികാവസ്ഥയെ സോഷ്യല്‍ മീഡിയയിലും പ്രയോഗിക്കുന്നവരാണവര്‍. വിമര്‍ശനങ്ങള്‍ നേരിടാന്‍ തയ്യാറാണ്. കാര്യപ്രസക്തമായ ചൂണ്ടിക്കാട്ടലുകളും ചോദ്യങ്ങളും ഉണ്ടാകട്ടെ, അത് ആരോഗ്യകരമായൊരു ചര്‍ച്ചയുണ്ടാക്കും. അപ്പോള്‍ കാര്യങ്ങള്‍ എത്ര മനോഹരമാകും.

എതിര്‍പ്പുകളെ നേരിട്ടു തന്നെ മുന്നോട്ടു പോകുമെന്നാണോ?

സിനിമയില്‍ മാത്രമല്ല, സമൂഹത്തിലും സംഭവിക്കേണ്ടുന്ന മാറ്റമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാ മാറ്റങ്ങളും പെട്ടെന്നു സംഭവിക്കുകയില്ല. പെട്ടെന്നുണ്ടാകുന്നത് അതുപോലെ തന്നെ മാറിപ്പോവുകയും ചെയ്യും. ദീര്‍ഘകാലത്തേക്കുള്ള മാറ്റങ്ങളാണ് ആവശ്യം. അതിനു സമയമെടുക്കും. അതുപോലെ നിലവിലുള്ളൊരു വ്യവസ്ഥയെ വ്യത്യാസപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായൊരു ചെറുത്തുനില്‍പ്പ് ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടാകും. അങ്ങനെ വരുന്ന എല്ലാത്തരം എതിര്‍പ്പുകളോടും പ്രതികരിക്കാന്‍ പോകേണ്ടതില്ല. ഗുണകരമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകട്ടെ. നമ്മുടെ ലക്ഷ്യമെന്താണോ അതിലേക്കാണ് മുന്നേറേണ്ടത്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്.

ഇങ്ങനെയൊരു സംഘടന രൂപീകരിച്ചതില്‍ നിങ്ങളെല്ലാവരും ഇപ്പോഴും സംതൃപ്തരാണോ? ചെയ്യേണ്ടത് തന്നെയായിരുന്നോ ചെയ്തത്?

ഡബ്ല്യുസിസി രണ്ടു വയസ് മാത്രം പ്രായമായൊരു സംഘടനയാണ്. ആലങ്കാരികമായി പറുയുമ്പോള്‍, പിച്ചവച്ചു തുടങ്ങിയിരിക്കുന്ന ഒന്ന്. ഇനിയും മുന്നോട്ടുപോകാന്‍ ദൂരമേറെയുണ്ട്. ആ യാത്രയിലാണ് ഞങ്ങള്‍. തിരിച്ചടികളോ നഷ്ടങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ ശരിയായ പാതയില്‍ തന്നെയാണ്. അതിന്റെ അനുരണങ്ങള്‍ കാണാവുന്നതുമാണ്. പ്രേക്ഷകര്‍ക്കിടയില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്. ഞങ്ങളിലാരെയും ഇല്ലായ്മ ചെയ്യാനൊന്നും ആര്‍ക്കുമായിട്ടില്ല. അവരവരുടെ ജോലികളുമായി എല്ലാവരും മുന്നോട്ടു പോവുകയാണ്. ഈ സംഘടന എന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു. മുന്നോട്ടു പോകുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. കൂടെ കൂടുന്ന ചില സംതൃപ്തികളാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നത്. ആ സംതൃപ്തിയോടെയാണ് ഞങ്ങള്‍ മറ്റുള്ളവരുടെ കൂടെ നില്‍ക്കുന്നത്…

ഫോട്ടോ ക്രെഡിറ്റ്: അഞ്ജലി മേനോന്‍ ഫേസ്ബുക്ക് പേജ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍