UPDATES

സിനിമ

ദിലീഷ് പോത്തന്‍/ അഭിമുഖം; പോത്തേട്ടന്‍ ബ്രില്യന്‍സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

സിനിമയിലേക്ക് വന്ന കാലം മുതല്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് ഈ മ യൗ വില്‍ അഭിനയിച്ചതിലൂടെ സാധിച്ചിരിക്കുന്നത്‌

Avatar

വീണ

രണ്ടു സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ചരിത്രമെഴുതിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ മലയാള സിനിമയില്‍ വേറിട്ട ശൈലിക്ക് തുടക്കം കുറിക്കുകയും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ അത് ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ മലയാളത്തിന് ലഭിച്ചത് തുടര്‍ച്ചയായ ദേശീയ പുരസ്‌കാരങ്ങള്‍. അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയ ദിലീഷ് ഇന്ന് സംവിധായകനും അഭിനേതാവും കൂടിയാണ്. ദിലീഷ് പോത്തന്‍ പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മ യൗ വെള്ളിയാഴ്ച തീയേറ്ററിലെത്തും. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഈ മ യൗ വിന്റെ വിശേഷങ്ങളും ഒപ്പം സിനിമകളെ കുറിച്ചും ദിലീഷ് പോത്തന്‍ സംസാരിക്കുന്നു.

ഈ മ യൗ എന്ന ചിത്രത്തിലെ കഥാപാത്രം ?
തീരമേഖലയില്‍ നടക്കുന്ന ഒരു കഥയാണ്. ആ നാട്ടിലെ പള്ളിയിലെ വികാരിയച്ചനാണ്. ലിജോ പറഞ്ഞ ആശയം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടുന്നു എന്നതിന് അപ്പുറത്തേക്ക് കൂടുതല്‍ ഒന്നും എനിക്ക് ആ ചിത്രത്തെ കുറിച്ച് പറയാന്‍ അറിയില്ല. എന്റേത് ഒരു നടനെന്ന നിലയില്‍ വളരെ ഇന്ററസറ്റിംഗ് ആയിട്ടുളള ഒരു കഥാപാാത്രമാണ്. എയ്ജ്, ആറ്റിറ്റിയൂഡ്, കഥയില്‍ കഥപാത്രത്തിന്റെ ഇടപെടല്‍ അങ്ങനെ എല്ലാം ഇഷ്ടപ്പെട്ടു. അതാണ് എന്നെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ആഖ്യാനത്തില്‍ വ്യത്യസ്ത പുലര്‍ത്തുന്ന രണ്ടു പേര്‍ ഒരുമിക്കുന്നു, ഒരാള്‍ സംവിധായകനും മറ്റെയാള്‍ അഭിനേതാവും. ലിജോ ജോസ് പെല്ലിശേരിക്കൊപ്പമുള്ള അനുഭവം?
തീര്‍ച്ചയായും സമകാലികര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് സന്തോഷം തന്നെയാണ്. നമ്മള്‍ സംവിധാനം ചെയ്യുന്ന അതേ കാലത്ത് മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുക, അത് എപ്പോഴും സാധ്യമാവണമെന്നില്ല. മാത്രമല്ല, നടന്‍ എന്ന നിലയില്‍ ഈ മ യൗ വിലേത് വലിയ അവസരവുമാണ്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊക്കെ ആഗ്രഹിച്ച ആളാണ്. മഹേഷ് ഒക്കെ ചെയ്യുന്നതിന് മുമ്പ് തന്നെ. നേരത്തെ ചെമ്പന്‍ വിനോദുമൊക്കെയായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ ഇത് പറഞ്ഞിട്ടുമുണ്ട്. ലിജോ സംവിധാനം ചെയ്യുന്നതും സീന്‍ എക്‌സിക്യൂട്ട് ചെയ്യുന്നതുമൊക്കെ നേരില്‍ കാണണമെന്ന് ഒരു ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം പെല്ലിശേരിയുടെ സെറ്റില്‍ നേരിട്ട് അദ്ദേഹം ചെയ്യുന്നതൊക്കെ(സിനിമ ഷൂട്ട് ചെയ്യുന്ന രീതി) നോക്കി കാണുക എന്ന ആഗ്രഹം സാധ്യമായ ചിത്രം കൂടിയാണിത്. ആ നിലയ്ക്കും നന്നായി ആസ്വദിച്ചിട്ടുണ്ട്.

സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പുറമെ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും പുരസ്‌കാരം?
സന്തോഷമുള്ള കാര്യമാണ്. നല്ല സിനിമകള്‍ ശ്രദ്ധിക്കപ്പെടുക, അതില്‍ ഏതെങ്കിലും രീതിയില്‍ നമ്മളും അതിന്റെ ഭാഗമാവുക, അഭിമാനം തോന്നുന്ന നേട്ടമാണ്.
ഇപ്പോള്‍ ഒരേ സമയം  സിനിമയുടെ എല്ലാ മേഖലയിലും സജീവമാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സംവിധായകര്‍ അഭിനേതാകളാകുന്നതുള്‍പ്പെടെ
മുമ്പും പല സംവിധായകരും ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കുറച്ച് കൂടി സജീവമായി എന്നത് സത്യമാണ്. അതിന് കാരണം സിനിമകളുടെ മേക്കിംഗ് രീതി മാറി, കാസ്റ്റിംഗ് രീതികള്‍ മാറി. ഇപ്പോള്‍ ഒപ്പണ്‍ കാസ്റ്റിംഗ്  ആണ് എല്ലാവരും തെരഞ്ഞെടുക്കുക. നേരത്തെ ഒരു കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രഫഷണല്‍ അഭിനേതാക്കളെയാണ് എല്ലാവരും തെരഞ്ഞെടുക്കുക. പക്ഷെ ഇപ്പോള്‍ കഥാപാത്ത്രതിന് യോജിച്ച അഭിനേതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. അതാവാം ഒരു പക്ഷെ ഈ ഒരു മാറ്റത്തിന് കാരണം. പിന്നെ നല്ല സംവിധായകര്‍ എപ്പോഴും നല്ല നടന്‍മാരും ആയിരിക്കും.

സംവിധാനം ചെയ്യാന്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം?
അങ്ങനെ പ്രത്യേകിച്ച് മാനദണ്ഡമൊന്നുമില്ല.എനിക്ക് കഥയെഴുതാന്‍ അറിയില്ല. അപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന കഥയില്‍ നിന്ന് നല്ലതെന്ന് തോന്നുന്നത് തെരഞ്ഞെടുക്കുക, അത് നന്നായി ചെയ്യാന്‍ ശ്രമിക്കുന്നു അത്രേയുള്ളു.

ദിലീഷ് പോത്തന്‍ സംവിധായകനായതുകൊണ്ട് മാത്രം തിരക്കഥ കൊടുത്തു എന്ന സജീവ് പാഴൂരിന്റെ പരാമര്‍ശത്തെ കുറിച്ച്?
നമ്മളെ വിശ്വസിച്ച് ഒരാള്‍ കഥ ഏല്‍പ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അത് ഒരു പക്ഷെ ആദ്യ ചിത്രത്തിന്റെ ക്വാളിറ്റി കണ്ടിട്ടാവാം. സജീവ് എല്ലാ ഘട്ടത്തിലും മേക്കര്‍ എന്ന നിലയില്‍  വിശ്വസിച്ചിരുന്നു. ഒരുപക്ഷെ ആ വിശ്വാസം കൂടിയാണ് ആ ചിത്രം നല്ല രീതിയില്‍ ചെയ്യാന്‍ സഹായിച്ചത്.

എന്താണ് പോത്തേട്ടന്‍സ് ബ്രില്യന്‍സ് ?
അങ്ങനെയൊന്നുമില്ല. സിനിമ എപ്പോഴും ഒരു ടീം വര്‍ക്കാണ്. ദിലീഷ് പോത്തന്‍ എന്നയാള്‍ ആ ടീമിനെ ലീഡ് ചെയ്യുന്നുവെന്നെയുളളു. പിന്നെ ഒരു സിനിമ എന്ത് ആവശ്യപ്പെടുന്നോ ആ രീതിയിലുളള ചില ഹോം വര്‍ക്കൊക്കെ നമ്മള്‍ ചെയ്യും അതല്ലാതെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്ന വാക്കിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

എന്തുകൊണ്ട് രണ്ട് ചിത്രത്തിലും ഫഹദ്?
രണ്ട് ചിത്രത്തിലും വേറെയും ഒരുപാട് കഥാപാത്രങ്ങളില്ലേ…പിന്നെ ഫഹദ്, ഈ രണ്ട് ചിത്രങ്ങളിലും ഫഹദ് ചെയ്ത കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം എന്ന് തോന്നിയത് കൊണ്ടാണ് ആ തെരഞ്ഞെടുപ്പ്. അതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളൊന്നുമില്ല. തികച്ചും യാദൃശ്ചികം.

അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം, പ്രതീക്ഷിക്കാതെ അഭിനേതാവായി, രണ്ട് ചിത്രങ്ങള്‍, രണ്ടിനും ദേശീയ പുരസ്‌കാരം,  എങ്ങനെ നോക്കി കാണുന്നു ഈ യാത്ര?
2007 മുതല്‍ ഞാന്‍ മലയാള സിനിമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു എന്നതില്‍ കവിഞ്ഞ് ഒന്നും അറിയില്ലായിരുന്നു. സിനിമയൊക്കെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിന് പ്രാപ്തനാണോ എന്നുപോലും വ്യക്തതയുണ്ടായിരുന്നില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. അത്  മഹേഷിലേക്കും തൊണ്ടിമുതലിലേക്കുമുളള യാത്രയായിരുന്നു. അതുകൊണ്ടാണ് ഒരുപാട് കുറവുകളുള്ള മനുഷ്യനായിട്ടും ഇപ്പോഴെങ്കിലും ചെയ്യാന്‍ സാധിച്ചത്.  ഇപ്പോള്‍ പക്ഷെ മലയാള സിനിമയില്‍ നല്ല സിനിമകളുണ്ടാവണമെന്നാണ് ആഗ്രഹം. നമ്മള്‍ അതിന്റെ ഭാഗമായില്ലെങ്കില്‍ കൂടി. പിന്നെ സിനിമ ചെയ്യാനുള്ള നമ്മുടെ ആഗ്രഹം ഇല്ലാതാകരുതെയെന്നും പ്രാര്‍ത്ഥിക്കുന്നു.
അടുത്ത പ്രൊജക്ട് ആലോചനയിലാണ്. അടുത്ത വര്‍ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പല വിഷയങ്ങളും പരിഗണനയിലുണ്ട്. അതിലൊന്ന് സിനിമയാക്കാനുളള ധൈര്യം വരുമ്പോള്‍ അത് സംഭവിക്കും.

ഈ മ യൗ എന്ന ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ തീയേറ്ററിലെത്തും. ആ ചിത്രം ദിലീഷ് പോത്തന്‍ എന്ന അഭിനേതാവിലുണ്ടാക്കാന്‍ പോകുന്ന മാറ്റം ?
 ഞാന്‍ അങ്ങനെ ആത്മവിശ്വാസമുള്ള അഭിനേതാവൊന്നും അല്ല. പക്ഷെ ഈ മ യൗ ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. പ്രേക്ഷകര്‍ എങ്ങനെ കാണും, വിലയിരുത്തും എന്നൊക്കെ അറിയാന്‍ ആകാംഷയുണ്ട്. പിന്നെ നടനെന്ന നിലയില്‍ വലിയ ആഗ്രഹങ്ങളില്ല, അഭിനയം ഒരു കരിയര്‍ ആയി മുേേന്നാട്ട് കൊണ്ടുപോകാനും ആഗ്രഹിക്കുന്നില്ല. പിന്നെ ആരെങ്കിലുമൊക്കെ വിളിച്ചാല്‍ പോയി അഭിനയിക്കാം എന്നെയുള്ളു. അഭിനയം കൊണ്ടുള്ള ഗുണം എന്ന് പറഞ്ഞാല്‍ നമ്മുടെ സമകാലികരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാനാകും. മാത്രമല്ല കുറച്ച് സമയത്തേക്കെങ്കിലും വേറെ ഒരാളായി ജീവിക്കാന്‍ പറ്റും. ആ നിലയ്ക്കാണ് ഞാന്‍ അതിനെ കാണുന്നത്.

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍