UPDATES

സിനിമ

മലയാള സിനിമയില്‍ നിരവധി പ്രഗത്ഭരായ സംവിധായകരുണ്ട്; പക്ഷേ കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരാളേയുള്ളൂ: ജോഷി

പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് ഓഗസ്റ്റ് പതിനഞ്ചിന്

കാലഘട്ടങ്ങളെ അതിജീവിക്കുന്ന സംവിധായകന്‍; ജോഷിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ അടയാളപ്പെടുത്തിയാല്‍ അതിശയപ്പെടേണ്ടതില്ല. വാണിജ്യ സിനിമകളുടെ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനായിരുന്ന ശശികുമാറിന്റെ ശിഷ്യന്‍, 1978-ല്‍ ടൈഗര്‍ സലീമില്‍ തുടങ്ങിയ തന്റെ യാത്ര 41 വര്‍ഷങ്ങള്‍ പിന്നിട്ട് പൊറിഞ്ചു മറിയം ജോസില്‍ എത്തി നില്‍ക്കുമ്പോള്‍ ഗുരുവിനോളം തന്നെ വളര്‍ന്നു നില്‍ക്കുകയാണ് ജോഷി. ആ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ സിനിമാലോകം കാണുന്നുവെന്നതിനു കൂടി തെളിവാണ് ജോഷിയുടെ 73 ആം ചിത്രമായ പൊറിഞ്ചു മറിയം ജോസിന് കിട്ടുന്ന പിന്തുണയും. ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഓഗസ്റ്റ് രണ്ടിന് മോഹന്‍ലാല്‍ ഔദ്യോഗികമായി പുറത്തിറക്കിയത് കൂടാതെ, തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഈ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നത് മമ്മൂട്ടി, പൃഥ്വിരാജ്, വിജയ് സേതുപതി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ദിലീപ്, ജയറാം, മുരളി ഗോപി, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ബിജു മേനോന്‍, വിനായകന്‍, സൗബിന്‍, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത്, ആന്റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട്, ഹണി റോസ്, നിമിഷ സജയന്‍, രജിഷ വിജയന്‍, മിയ, അനു സിത്താര, അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പന്‍ താര നിരയാണ്.

സിനിമ ലോകം പോലെ തന്നെ പ്രേക്ഷകരും ആകാംക്ഷയോടെയാണ് ജോഷി ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ജോഷി ചിത്രം വരുന്നതിന്റെ ആഹ്ലാദത്തോടെ. മലയാള സിനിമയുടെ നാലുകാലഘട്ടങ്ങള്‍ക്കു മുന്നേയുള്ള ഒരു സംവിധായകന്റെ സിനിമയ്ക്കു വേണ്ടിയാണ് ഇന്നത്തെ പ്രേക്ഷകരും കാത്തിരിക്കുന്നതെന്നിടത്താണ് ജോഷി എന്ന സംവിധായകന്റെ വാല്യു. നാല്‍പ്പതു വര്‍ഷത്തോളം ഒരു സംവിധായകന് തന്റെ മേലുള്ള പ്രേക്ഷകന്റെ വിശ്വാസം നിലനിര്‍ത്താന്‍ കഴിയുക എന്നത് ജോഷിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുന്നതാണോ എന്നു സംശയമാണ്. പ്രഗ്തഭരായ ഒട്ടനവധി സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയുണ്ടാവുകയും ചെയ്യും. പക്ഷേ, ജോഷി ഒന്നേയുള്ളൂ എന്നു പറയുന്നതും അതുകൊണ്ടാണ്.

തന്റെ ഗുരുസ്ഥാനീയനായ ജോഷി സാറിനെ കുറിച്ച് വിലയിരുത്തുന്നത് ശരിയല്ലെങ്കിലും അദ്ദേഹത്തോടുള്ള സനേഹവും ബഹുമാനവും വിലയിരുത്താന്‍ കിട്ടുന്ന അവസരമായി കണ്ട് സംസാരിക്കുയാണെന്നു പറഞ്ഞുകൊണ്ട് സംവിധായകന്‍ രാജ് ബാബു പറയുന്നത് കേള്‍ക്കുക; “എന്താണ് ജോഷി സാറിന്റെ വിജയത്തിന്റെ കാരണം എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ; സിനിമയോടുള്ള അദ്ദേഹത്തിന്റെ താത്പര്യം. ഒരു സിനിമ, അത് ചെറുതോ വലുതോ ഏതുമായിക്കോട്ടെ, ആദ്യ ദിനം തന്നെ തിയറ്ററില്‍ പോയി കാണുന്നയാളാണ് ജോഷി സാര്‍. സിനിമ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം തിരിച്ച് സിനിമയെ അതുപോലെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ജോഷി സാറിന്റെ ഓരോ സിനിമയിലും ഒരു സംവിധായകന്റെ സാന്നിധ്യം എപ്പോഴും തിരിച്ചറിയാം. സത്യന്‍ സാര്‍ ഒഴിച്ച് മലയാള സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളെല്ലാം ജോഷി സാറിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നസീര്‍ സാര്‍, മധു സാര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മുക്കാ, ലാലേട്ടന്‍ തുടങ്ങി ഇപ്പോഴത്തെ ഒട്ടുമിക്ക താരങ്ങളെയെല്ലാം വച്ച് ജോഷി സാര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഏത സിനിമയും ആയിക്കോട്ടെ, അതെല്ലാം തന്നെ ജോഷി സാറിന്റെ സിനിമകളാണെന്നേ നാം പറയൂ. അതാണദ്ദേഹത്തിന്റെ സ്ഥാനം.

മലയാളത്തില്‍ പ്രഗ്തഭരായ നിരവധി സംവിധായകരും ടെക്‌നീഷ്യന്മാരും ഉണ്ടെങ്കിലും അവരില്‍ നിന്നെല്ലാം ജോഷി സാറിനൊരു പ്രത്യേകയുണ്ട്. ഒരു സീന്‍ ഒന്നോ രണ്ടോ തവണ വായിച്ചു നോക്കിയാല്‍ മനഃപാഠമാണ്. പിന്നെയൊരു കണ്‍ഫൂഷനില്ല അതില്‍. എടുക്കുന്ന ഓരോ സീനിനെ കുറിച്ചും വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. കുറെ പ്രാവശ്യം ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോഴുള്ളവര്‍ വിശ്വസിക്കുമോയെന്നറിയില്ല. വെറും 22 ദിവസം കൊണ്ടാണ് ജോഷി സാര്‍ ന്യൂഡല്‍ഹി എന്ന സിനിമ ചെയ്തത്. 29 ലക്ഷം രൂപ ബഡ്ജറ്റില്‍. അതാണ് ജോഷി സാറിന്റെ കൃത്യത. അതാതു കാലത്തെ ടെക്‌നോളജിക്കൊപ്പം അല്ലെങ്കില്‍ പലതും മുന്നേ കണ്ട് സഞ്ചരിക്കുന്ന സംവിധായകന്‍ കൂടിയാണദ്ദേഹം. ന്യൂഡല്‍ഹിയില്‍ ക്ലോസ് റെയ്ഞ്ചില്‍ ആണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്നത്തെ കാലത്ത് അത് വലിയ ചര്‍ച്ചാവിഷയമായതാണ്. ഒരു കഥ പറയുമ്പോള്‍ ടെക്‌നോളജി അതിന്റെ മേലേ വരരുതെന്നാണ് പറയാറ്. ആ കഥയ്ക്കും സീക്വന്‍സിനും ആവശ്യമുള്ള രീതിയില്‍ അതിനെ കൊണ്ടു പോകാന്‍ കഴിയുന്ന ക്രാഫ്റ്റ് ആണ് ഒരു സംവിധായകന് വേണ്ടത്. കഥയോട് ഇഴുകി ചേര്‍ന്നു പോകുന്ന ടെക്‌നോളജിയായിരിക്കണം വേണ്ടത്. ജോഷി സാറിന്റെ സിനിമകളില്‍ നമുക്കാ ക്രാഫ്റ്റ് കാണാം. അദ്ദേഹം സബ്ജക്ടിനെ മുന്‍നിര്‍ത്തിയാണ് സിനിമ ചെയ്യുന്നത്. ഒരിക്കലും അതിനോട് കോംപ്രമൈസ് ചെയ്യാനും നില്‍ക്കില്ല. നമ്പര്‍ 20 മദ്രാസ് മെയയില്‍ 50 ദിവസത്തോളം ട്രെയിനില്‍ തന്നെ ഷൂട്ട് ചെയ്ത സിനിമയാണ്. വളരെ കഷ്ടപ്പെട്ടു ചെയ്‌തൊരു വര്‍ക്ക്. തിരുവനന്തപുരം ചെന്നൈ വരെയുള്ള മിക്ക സ്റ്റേഷനുകളിലും ആ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. കുറച്ച് നാളേക്ക് ഞങ്ങള്‍ക്കൊക്കെ ട്രെയിന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ പേടിയായിരുന്നു. സബ്ജക്ട് പറഞ്ഞിരിക്കുന്നതെന്താണോ അത് ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ചെയ്യാനുള്ള ജോഷി സാറിന്റെ തീരുമാനമാണ് നമ്പര്‍ 20 മദ്രാസ് മെയിലൊക്കെ ഇന്നും പുതുമയോടെ കണ്ടിരിക്കാന്‍ പ്രേക്ഷകരെ പ്രരിപ്പിക്കുന്നതിനു പിന്നിലെ കാരണം.

പെട്ടെന്നൊരു സൗഹൃദം കാണിക്കല്‍ ജോഷി സാറില്‍ നിന്നും ഉണ്ടാകില്ലെങ്കിലും കൂടെ ജോലി ചെയ്യുന്നവരോടെല്ലാം സ്‌നേഹമാണദ്ദേഹത്തിന്. എന്തു കാര്യത്തിനും അവര്‍ക്കു വേണ്ടി നിലകൊള്ളാന്‍ തയ്യാറായിരിക്കും. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കു വേണ്ടി നില്‍ക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് ജോഷി സാര്‍. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാനും അദ്ദേഹം മടി കാണിക്കില്ല. ജോഷി സാര്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ നല്ല മനസോടെ എല്ലാവരും സ്വീകരിക്കുകയും ചെയ്യും. ജോഷി പറയുന്നതില്‍ ഒരു മൂല്യം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ആ സ്‌നേഹവും ബഹുമാനവും തന്നെയാണ് ഇന്നും ഓരോരുത്തരും അദ്ദേഹത്തിന് നല്‍കി കൊണ്ടിരിക്കുന്നത്.”

ഒരു സംവിധായകന്‍ എന്നതിനപ്പുറം ജോഷിയെ സ്‌നേഹിക്കാനും ബഹുമാനിക്കാനും സിനിമയുള്ളവര്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. നിരവധി ജോഷി ചിത്രങ്ങളില്‍ ഗാനരചന നടത്തുകയും ജോഷി സംവിധാനം ചെയ്ത സൈന്യം, നായര്‍ സാബ് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചനയില്‍ പങ്കാളിയുമായ ഷിബു ചക്രവര്‍ത്തി ആ കൂട്ടത്തിലൊരാളാണ്. ഡെന്നീസിനൊപ്പം (ഡെന്നീസ് ജോസഫ്) സിനിമ ചര്‍ച്ചകളില്‍ പോയിരുന്നാണ് ജോഷി സാറുമായി നല്ലൊരു ബന്ധം ഉണ്ടാകുന്നത്. ജോഷി സാറിന്റെ സ്ഥാനം സിനിമയില്‍ വലുതായിരുന്നു. അദ്ദേഹത്തിന്റെ ചിറകിന്‍ കീഴിലായിരുന്നു ഞങ്ങളും. അതുകൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന അതേ സ്റ്റാറ്റസ് തന്നെ ഞങ്ങള്‍ക്കും കിട്ടിയിരുന്നു. ആരും അനാവശ്യമായി ഇടപെടില്ല. നിര്‍മാതാക്കള്‍ പോലും ജോഷി സാറില്‍ നിന്നും അകലം പാലിച്ചേ നില്‍ക്കു. ഇതിന് മറ്റൊരു വശം കൂടിയുണ്ടായിരുന്നു. ചെറു സിനിമകളില്‍ നിന്നും നമ്മളെ വിളിക്കില്ല. കാരണം, ജോഷി സാറിനൊപ്പം നില്‍ക്കുമ്പോള്‍ നമ്മളെയും അവര്‍ക്ക് അപ്രോച്ച് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ധാരണ. ചെറിയ സിനിമകളില്‍ ഞാന്‍ പാട്ടെഴുതിയിട്ടുള്ളത് വിരളമാണ്. ജോഷി സാറ് കഴിഞ്ഞാല്‍ പ്രിയദര്‍ശനൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.

ജോഷി സാര്‍ ഒരു മികച്ച ടെക്നീഷ്യന്‍ ആണ്. ഓരോരുത്തരേയും അവരവരുടെ കഴിവിനനുസരിച്ച് അദ്ദേഹം അംഗീകരിക്കും. ഇടപെടല്‍ നടത്തില്ല. നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തരും. കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കുന്ന വലിയൊരു മനസ് അദ്ദേഹത്തിനുണ്ട്. പാട്ടുകള്‍ അദ്ദേഹം ശ്രദ്ധിക്കും. അദ്ദേഹം ഒരു ടെക്നീഷ്യന്‍ ആയതുകൊണ്ട് ആ പാട്ടുകള്‍ എങ്ങനെ ചിത്രീകരിക്കാം എന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധ. ധ്രുവത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ജോഷി സാര്‍ എന്നോട് പറയുകയുണ്ടായി, സിനിമയിലെ പാട്ടുകള്‍ പലവട്ടം കേള്‍ക്കേണ്ടി വരാറുണ്ട്. പക്ഷേ, കറുകവയല്‍ കുരുവി എന്ന പാട്ട് എത്ര കേട്ടിട്ടും മടുക്കുന്നില്ല. ഈ പാട്ട് സൂപ്പര്‍ ഹിറ്റാകും. അതുപോലെ തന്നെ സംഭവിച്ചു. ശരിക്കും എസ് പി വെങ്കിടേഷിന് താത്പര്യമില്ലാത്ത ട്യൂണ്‍ ആയിരുന്നു അത്. മറ്റൊന്ന് നോക്കാമെന്നായിരുന്നു വെങ്കിടേഷിന്റെ തീരുമാനം. ഇതു തന്നെ മതിയെന്ന് വാശി പിടിച്ചത് ഞാനായിരുന്നു. അതുപോലെയാണ് സൈന്യത്തിലെ ‘ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്’ എന്ന പാട്ടിന്റെ കാര്യത്തിലും നടന്നത്. അന്നത്തെ സാഹചര്യത്തില്‍ കുറെ വിപ്ലവകരമായ കാര്യങ്ങളാണ് ആ പാട്ടില്‍ പറയുന്നത്. ആ വരികള്‍ മാറ്റണമെന്നൊന്നും ആരും എന്നോട് പറഞ്ഞില്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് വിവാദങ്ങളൊന്നും ഉണ്ടായിട്ടുമില്ല. വേണമെങ്കില്‍ ആ പാട്ട് സിനിമയില്‍ ഉപയോഗിക്കേണ്ടാ എന്ന് ജോഷി സാറിന് തീരുമാനിക്കാം. പക്ഷേ അദ്ദേഹം അതു ചെയ്തില്ല. എന്റെ എഴുത്തില്‍ കയറി അദ്ദേഹം ഇടപെടല്‍ ഒന്നും നടത്തില്ല. നമ്മളോട് ഒന്നും ഡിമാന്‍ഡ് ചെയ്യില്ല. അവിടെ നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തരും”.

പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല, പുതുതലമുറ സിനിമാക്കാര്‍ക്കും ജോഷിയെ കുറിച്ച് പറയാന്‍ സമാനമായ കാര്യങ്ങള്‍ തന്നെയാണുള്ളത്. ഇത്രയ്ക്ക് അപ്‌ഡേറ്റഡ് ആയിട്ടുള്ള മറ്റൊരു സംവിധായകന്‍ വേറെയുണ്ടാകുമോ എന്നാണ് അവരും ചോദിക്കുന്നത്. “ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സീനിയര്‍ ആയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. എന്നാലും പുതുമുഖങ്ങളായ എഴുത്തുകാരോടും ടെക്‌നീഷ്യന്മാരോടും അഭിനേതാക്കളോടുമെല്ലാം അദ്ദേഹം നടത്തുന്ന ഇടപെടല്‍ അഭിനന്ദനീയമാണ്. എന്നും പുതിയ ചിന്തകളോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നൊരാളാണ് ജോഷി സാര്‍. അതുകൊണ്ട് തന്നെ പുതിയ ആള്‍ക്കാരെയും സ്വാഗതം ചെയ്യും. നമ്മള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനും നിര്‍ദേശങ്ങള്‍ തരാനും വഴി പറഞ്ഞു തരാനുമൊക്കെ സദാ സന്നദ്ധനാണ്. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പ്രചോദനമാണ് അദ്ദേഹത്തില്‍ നിന്നും കിട്ടുക”; തിരക്കഥാകൃത്തായ സുനില്‍ കര്‍മ ജോഷിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ട് ജോഷി എന്ന ചോദ്യത്തിനോട് ഈ വിധത്തില്‍ പ്രതികരിക്കാന്‍ നിരവധി പേരുണ്ടാകും മലയാള സിനിമയില്‍. സിനിമയെ കുറിച്ച് പഠിക്കാന്‍ കൂടിയുള്ള ഒരു പാഠപുസ്തകമായാണ് ജോഷിയെ സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക കാറ്റഗറിയില്‍ പെടുത്തി പറയാവുന്നതല്ല ജോഷി സിനിമകള്‍. ആക്ഷന്‍, മാസ്, ത്രില്ലര്‍ സിനിമകളുടെ സൃഷ്ടാവ് എന്നു പറയുമ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ജോഷി സിനിമകള്‍. ചില കൂട്ടുകെട്ടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്തരായ എഴുത്തുകാര്‍ക്കൊപ്പമാണ് ജോഷി പ്രവര്‍ത്തിച്ചിട്ടുള്ളത്. ഓരോ എഴുത്തുകാരനും എന്താണോ പറയാന്‍ ഉദ്ദേശിച്ച് തിരക്കഥാരൂപത്തില്‍ തയ്യാറാക്കുന്നത് അതിന്റെ അന്ത:സത്ത ചോരാതെ ചെയ്യാന്‍ ജോഷിക്ക് കഴിയുന്നു. അതിനോടൊപ്പം തന്നെ ആ സിനിമകളിലെല്ലാം തന്റെതായൊരു കൈയൊപ്പം പകര്‍ത്തും. മനുഷ്യമനസിന്റെ സങ്കീര്‍ണതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിച്ച് എഴുതുന്ന ലോഹിദാസിനൊപ്പം ചേരുമ്പോഴും കൗരവര്‍ എന്ന ചിത്രം ഒരേ സമയം ലോഹിയുടെയും തന്റേയും ചിത്രങ്ങളായി നിലനിര്‍ത്താന്‍ ജോഷിക്ക് കഴിഞ്ഞു. ആനയേയും സിംഹത്തേയും പുലിയേയും മാനിനെയും മുയലിനെയുമെല്ലാം ഒരേ കൂട്ടിലിട്ട് മെരുക്കാന്‍ ഒരു ജോഷിക്ക് മാത്രമേ കഴിയൂ എന്ന് ട്വന്റി-ട്വന്റി എന്ന സിനിമ വമ്പന്‍ വിജയം നേടിയപ്പോള്‍ ഉണ്ടായ കമന്റും അടയാളപ്പെടുത്തുന്നത് മലയാള സിനിമയിലെ ജോഷിയുടെ സ്ഥാനമാണ്. ആ സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നത് പൊറിഞ്ചു മറിയം ജോസിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

Read Azhimukham: സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍