UPDATES

സിനിമ

ആരാണ് ഈ വിജയ് സേതുപതി എന്ന ചോദ്യത്തിന് പ്രവചന സ്വഭാവത്തില്‍ കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി

തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്‍ന്നിരിക്കുന്നു വിജയ് സേതുപതി

തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്‍ന്നിരിക്കുന്നു വിജയ് സേതുപതി. അഭിനയ മികവ് തെളിയിക്കുന്ന വേഷങ്ങളിലൂടെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന നടനായി വിജയ് സേതുപതി അഭിനന്ദനം നേടുകയാണ്. സൂപ്പര്‍ ഹിറ്റുകള്‍ നല്‍കി വലിയ താരമായി മറുമ്പോഴും ഒരു സൂപ്പര്‍ സ്റ്റാര്‍ പരിവേഷമല്ല, മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സേതുപതി ആരാധകരോട് അടക്കമുള്ള തന്റെ പെരുമാറ്റം കൊണ്ട് ഒരു നല്ല മനുഷ്യന്‍ എന്ന പേരാണ് സിനിമ ലോകത്തും പ്രേക്ഷകര്‍ക്കിടയിലും സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ ഉയരത്തിലേക്കെത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സേതുപതി പലഘട്ടങ്ങളിലായി പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ ചാന്‍സിനുവേണ്ടി കാലങ്ങളോളം അലഞ്ഞതും ഒന്നോ രണ്ടോ രംഗങ്ങളില്‍ വന്നുപോകുന്ന വേഷങ്ങളില്‍ സിനിമയില്‍ നിന്നതുമൊക്കെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ താന്‍ വലിയൊരു നടനായി മറുമെന്ന വിശ്വാസമാണ് ഇവിടെവരെ തന്നെ എത്തിച്ചതെന്നാണ് വിജയ് സേതുപതി പറയുന്നത്.

വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമ കണ്ടവര്‍ക്കൊക്കെ സേതുപതിയിലെ നടനെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ തന്റെ സിനിമയില്‍ അഭിനയിക്കുന്നതിനു മുന്നേ കാര്‍ത്തിക്കിന് വിജയ് സേതുപതി എന്ന നടന്‍ കീഴടക്കാന്‍ പോകുന്ന ഉയരങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. 2012 ല്‍ ഇറങ്ങിയ പിസയ്ക്ക് രണ്ടു വര്‍ഷം മുമ്പ് സേതുപതി പ്രധാനകഥാപാത്രമായി സീനു രാമസ്വാമി സംവിധാനം ചെയ്ത തെന്‍മേര്‍ക്ക് പറുവ കാട്ര് എന്ന ചിത്രം ഇറങ്ങിയിരുന്നു. ഈ ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കാര്‍ത്തിക് സുബ്ബരാജ് ഇട്ടൊരു പോസ്റ്റ് ആണ് സേതുപതിക്കുമേല്‍ കാര്‍ത്തിക്കുണ്ടായിരുന്ന വിശ്വാസം വെളിപ്പെടുത്തുന്നത്. 2010 ല്‍ ആണ് കാര്‍ത്തിക്കിന്റെ ആ പോസ്റ്റ്. അതില്‍ ഇപ്രകാരമാണ് എഴുതിയിരുന്നത്; തെന്മേര്‍ക്കു പറുവ കാട്ര് നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ ബിഗ് സ്‌ക്രീനില്‍ കാണുന്നതിന്റെ ആകാംക്ഷയിലാണ്. എല്ലാ ഭാവുകളും വിജയ്, വെള്ളിത്തിരയില്‍ തകര്‍ക്കൂ…

ഇന്നിപ്പോള്‍ കേട്ടാല്‍ വിശ്വാസിക്കാന്‍ കഴിയാത്തതോ, അല്ലെങ്കില്‍ വിജയ് ആരാധകകരെ ചൊടിപ്പിക്കുന്നതോ ആയൊരു കമന്റ് കാര്‍ത്തിക്കിന്റെ ആ പോസ്റ്റിന് അടിയില്‍ വന്നു. അരുണ്‍ പ്രിയന്‍ എന്നു പേരുള്ളൊരാളുടെ. അരുണിന്റെ ചോദ്യം ആരാണ് ഈ വിജയ് സേതുപതി എന്നായിരുന്നു! നീ അവനെ വളരെ വേഗം തന്നെ അറിയും എന്നായിരുന്നു ഒരു പ്രവചനത്തിന്റെ സ്വഭാവമുള്ള കാര്‍ത്തിക്കിന്റെ മറുപടി. ആരാണ് വിജയ് സേതുപതി എന്ന ചോദ്യം ഇനിയൊരാളില്‍ നിന്നും ഉണ്ടാകാത്ത വിധം പ്രശസ്തനായി കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതി ഇപ്പോള്‍. കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞത് നൂറിരട്ടി ഫലിച്ചതുപോലെ…

വിജയ് സേതുപതി ചിത്രങ്ങള്‍ക്കായി തമിഴകം മാത്രമല്ല, മലയാളവും തെലുഗും എല്ലാം കാത്തിരിക്കുകയാണ്. തൃഷയ്‌ക്കൊപ്പം അഭിനയിച്ച 96 ന്റെ ഹാംഗ് ഓവറില്‍ നിന്നും പ്രേക്ഷകര്‍ ഇപ്പോഴും വിട്ടുപോയിട്ടില്ല…ഇനിയിതാ സീതാകതി വരുന്നു. 96 ലെ റാമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ അയ്യ ആദിമൂലം എന്ന വൃദ്ധനായി. ഓരോ സിനിമയിലൂടെയും ഈ നടന്‍ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണെന്നു പ്രേക്ഷകര്‍ പറയുന്നതില്‍ ഒരതിശയോക്തിയും ഇല്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ട കാര്‍ത്തിക് സുബ്ബരാജിന് സിനിമലോകം മാത്രമല്ല, പ്രേക്ഷകരും നന്ദി പറയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍