UPDATES

സിനിമ

ഈ.മ.യൗ; ഇപ്പൊഴേ പുറത്തു പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്- ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം

ആമേന്‍ മാജിക്കല്‍ റിയലിസം; ഡബിള്‍ ബാരല്‍ സ്പൂഫ്; അങ്കമാലി കട്ട ലോക്കല്‍; ഈ.മ.യൗവോ?

അനു ചന്ദ്ര

അനു ചന്ദ്ര

അങ്കമാലി ഡയറീസിനു ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ. അരയന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയും പിന്നീട് ചിത്രീകരണം വേഗം കൊണ്ടും ലിജോ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേര് തന്നെ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെങ്കിലും ലിജോയ്‌ക്കൊപ്പം വിനായകനും ദിലീഷും ചെമ്പനുമെല്ലാം ചേരുന്നതോടെ ഈ അത്ഭുതങ്ങള്‍ക്കെല്ലാമപ്പുറം വീണ്ടുമൊരു നല്ല സിനിമ കാണാമെന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. റിലീസിന് തയ്യാറെടുക്കുന്ന ഈ.മ. യൗ ന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.

അനു: ഈ. മ. യൗ എന്ന ചിത്രത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

ലിജോ: ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. കൊച്ചിയിലെ ചെല്ലാനം എന്ന അരയഗ്രാമത്തില്‍ നടക്കുന്ന ഒരു മരണമാണ് സിനിമയുടെ വിഷയം. ഒരു സോഷ്യല്‍ സറ്റയര്‍ ആയിട്ടാണ് സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. സിനിമ ആവശ്യപ്പെട്ട സമയം അത്രയേ വേണ്ടിയിരുന്നുള്ളൂ. അല്ലാതെ 18 ദിവസത്തിനുള്ളില്‍ എങ്ങനെയെങ്കിലും തീര്‍ത്തതൊന്നുമല്ല.

അ: ‘കട്ട ലോക്കല്‍’ ടാഗുമായി വന്ന അങ്കമാലി ഡയറീസില്‍ നിന്നും ഈ.മ. യൗ എങ്ങനെ വ്യത്യസ്തമാകുന്നു?

ലി: ഓരോ സിനിമകളും ഓരോ രീതിയിലാണല്ലോ സൃഷ്ടിക്കപ്പെടുന്നത്. ഒരേ തരത്തിലുള്ളവ വീണ്ടും വീണ്ടും ചെയുമ്പോള്‍ പുതിയതായി ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ വരും. അതൊഴിവാക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. നമ്മളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍, പറയാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തവണ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതെന്നും, ഇന്‍ററസ്റ്റിംഗ് ആണെന്നും തോന്നിയ ഒരു വിഷയമാണ് ഞാന്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നത്. അത്തരത്തില്‍ പറയാന്‍ പറ്റും എന്ന് തോന്നിയ ഒരു കഥയാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അത് മുന്‍ സിനിമകളില്‍ നിന്നെല്ലാം തീര്‍ച്ചയായും വ്യത്യസ്തമാകും.

അ: പോസ്റ്ററുകളില്‍ നായിക കഥാപാത്രത്തെ അടയാളപ്പെടുത്തിയിട്ടില്ലല്ലോ? കഥയില്‍ നായിക ഇല്ലാത്തത് കൊണ്ടാണോ?

ലി: ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരുടെ പേരാണ് എല്ലായിടങ്ങളിലും കൊടുത്തിട്ടുള്ളത്. ചില കാര്യങ്ങള്‍ ഇപ്പോഴേ പുറത്തു വിടരുതാത്തതായുണ്ട്. അതുകൊണ്ടാണ് നായികയെ പോസ്റ്ററില്‍ കൊണ്ടുവരാന്‍ ശ്രമിക്കാത്തതാണ്. സിനിമ കണ്ട് തീരുമാനിക്കേണ്ട കാര്യങ്ങളുമുണ്ട്.

"</p

അ: അങ്കമാലി ഡയറീസിന്റെ രചയിതാവായിരുന്നു ചെമ്പന്‍. ഈ.മ. യൗ വില്‍ നായകനും. ചെമ്പന്റെ രണ്ട് ഭാവങ്ങളും എങ്ങനെയാണ് വിലയിരുത്തുന്നത്?

ലി: മെലോഡ്രാമയോ ട്വിസ്റ്റുകളോ ഹീറോയിസമോ മറ്റേതെങ്കിലും മസാല എലമന്റുകളോ അല്ല, സിനിമയെന്നു തന്നെ തോന്നിപ്പിക്കാത്ത തരത്തില്‍ നാച്ചുറലായ ഒഴുക്കും സംഭാഷണങ്ങളുമായാണ് ചെമ്പന്‍ അങ്കമാലീസിന്റെ എഴുത്തുകാരനാകുന്നത് എങ്കില്‍ ഇതില്‍ വളരെ നല്ലൊരു അഭിനേതാവായാണ് ചെമ്പന്‍ എത്തുന്നത്. ചെമ്പന്‍ ആദ്യമായി സിനിമയില്‍ വരുന്നത് ഞാന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ചെമ്പന്റെ ആദ്യ സിനിമയും എന്റെ ആദ്യസിനിമയും ഒന്നാണ്; നായകന്‍. നായകനിലെ ‘ഇന്‍സ്‌പെക്ടര്‍ ശരവണന്‍’ എന്ന റോളിലൂടെയാണ് ചെമ്പന്റെ മെയിന്‍ സ്ട്രീമിലേക്കുള്ള വരവ്. വളരെ ചെറുപ്പത്തിലെ പരിചയക്കാര്‍ ആണ്. ചെമ്പന്റെ ഉള്ളില്‍ ഒരു അഭിനേതാവ് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് നായകനില്‍ വേഷം നല്‍കുന്നതും. നടനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ചെമ്പന്‍ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

അ: മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ദിലീഷ് പോത്തന്‍. ദിലീഷും ഈ.മ. യൗ വിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായി?

ലി: ദിലീഷ് പോത്തന്‍ സംവിധായകന്‍ ആകുന്നതിനു മുന്‍പ് അദ്ദേഹം അഭിനയിച്ചിട്ടുള്ള സിനിമകള്‍ കണ്ടു എനിക്കു വളരെ ഇഷ്ടം തോന്നിയിട്ടുള്ള ആളാണ്. ഗ്യാംഗ്സ്റ്ററില്‍ ഒക്കെ ചെയ്തിട്ടുള്ള വേഷം എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഞാന്‍ അത് വളരെ മുന്‍പുതന്നെ ദിലീഷിനോട് സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ ഈ സിനിമയില്‍ ദിലീഷ് ചെയ്താല്‍ നന്നായിരിക്കും അല്ലെങ്കില്‍ ദിലീഷിന് ചേരുന്നത് എന്നു തോന്നിയ ഒരു കഥാപാത്രം വന്നു. അങ്ങനെ ദിലീഷും ആയി ചേര്‍ന്നു. ദിലീഷിന്റെ അഭിനയ മികവിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. ദിലീഷ് മാത്രമല്ല, ചെമ്പന്‍ വിനോദ്, വിനായകന്‍ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.

അ: പ്രശാന്ത് പിള്ള മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് താങ്കളുടെ സിനിമകള്‍ക്ക് വേണ്ടിയാണ്. ആ കൂട്ടുകെട്ട് ഒരിക്കല്‍ കൂടി.

ലി: അതേ, പ്രശാന്ത് പിള്ളയാണ് ഈ.മ. യൗ നും സംഗീതം ചെയുന്നത്. സൗണ്ടിനും മ്യുസിക്കിനും ഒരു പോലെ പ്രാധാന്യം ഉള്ള സിനിമയാണിത്.

</p

അ: സാമ്പ്രദായിക വ്യവസ്ഥയെ പിന്തുടരുന്ന, അല്ലെങ്കില്‍ ട്രെന്‍ഡുകള്‍ക്ക് പുറകെ പോകുന്ന ഒന്നല്ല താങ്കളുടെ സിനിമകള്‍. ഈ. മ. യൗ ലും, അതിനെ കുറിച്ചു പുറത്തു വന്നിട്ടുള്ള വാര്‍ത്തകളിലും വിവരങ്ങളിലും അടിസ്ഥാനത്തില്‍ അത്തരത്തിലുള്ള വ്യത്യസ്തത ഉണ്ടെന്നു തന്നെയാണ് പറയുന്നത്. സ്വാഭാവികമായും സംഭവിക്കുന്നതാണോ ഇതൊക്കെ?

ലി: അങ്ങനെയൊന്നുമില്ല. ആമേന്‍ മാജിക്കല്‍ റിയലിസത്തില്‍ നിന്ന് പറയുന്ന ഒരു കഥയാണ്. ഡബിള്‍ ബാരല്‍ സ്പൂഫ് ആണ്. സ്വാഭാവികമായി ഒരു സിനിമ കഴിഞ്ഞാല്‍ നമ്മള്‍ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്‍ററസ്റ്റിംഗ് ആയി അടുത്തത് എന്തു ചെയ്യാമെന്നാണ് ആലോചിക്കുന്നത്. അതിനു പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നുമില്ല. ലക്ഷ്യങ്ങള്‍ വച്ച് ഒരു സിനിമ അവതരിപ്പിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതായിരിക്കണം. അല്ലാതെ ഒരിക്കലും നമ്മള്‍ നിര്‍ബന്ധപൂര്‍വം ചെയുന്ന ഒന്നാകരുത്. ഒരു സാമൂഹിക വിഷയം വളരെ ലളിതമായാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൈകാര്യം ചെയുന്ന അല്ലെങ്കില്‍ പറയുന്ന വിഷയത്തിന്റെ തീവ്രത ചോര്‍ന്നു പോകാതെയാണ് അവതരിപ്പിക്കുന്നത്.

അ: ചിത്രത്തിന്റെ റിലീസ് എന്നാണ്?

ലി: ഡിസംബറിലാണ് റിലീസ്. തീയതി നിശ്ചയിച്ചിട്ടില്ല.

ലിജോ ജോസ് പെല്ലിശ്ശേരി നല്ല ഒന്നാന്തരം ഒരു കാമുകനാണ്

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍