UPDATES

സിനിമ

വണ്ണാര്‍പേട്ടെ തങ്കരാജ്; തെരുവിലാടി ജീവിച്ചവന്‍, വെള്ളരിത്തോട്ടത്തിലെ കാവല്‍ക്കാരന്‍, കീഴ്ജാതി നിസ്സഹായത കാണിച്ച് ഉള്ളുപൊള്ളിച്ച നടന്‍

പരിയേറും പെരുമാള്‍ കണ്ടവരുടെയെല്ലാം മനസില്‍ മാറാ വേദനയായി മാറിയ കഥാപാത്രമാണ് തങ്കരാജ് അവതരിപ്പിച്ച പരിയന്റെ അച്ഛന്‍

മാരിസെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ കണ്ടവരുടെയെല്ലാം മനസില്‍ മാറാ വേദനയായി മാറിയൊരു കഥാപാത്രമുണ്ട്. പരിയന്റെ അച്ഛന്‍. ഉള്ളുപൊള്ളിക്കുന്ന രംഗങ്ങളും കഥാപാത്രങ്ങളും പലതുമുണ്ടെങ്കിലും പരിയന്റെ അച്ഛനും അദ്ദേഹത്തിന്റെ രംഗങ്ങളും പ്രേക്ഷകന്റെ മനസിനെ തീവ്രവമായി അസ്വസ്ഥതപ്പെടുത്തുന്നുണ്ട് ഈ സിനിമയില്‍. പ്രത്യേകിച്ച് പരിയന്‍ അച്ഛനെ കോളേജില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും. ആ ചിത്രത്തിലെ ഏറ്റവും മികച്ച രംഗവും അതു തന്നെയാകും. സിനിമയെന്നത് മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ജാതിമേല്‍ക്കോയ്മ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഇന്ത്യയുടെ നിസ്സഹായത കൂടിയാണ് ആ രംഗം.

വണ്ണാര്‍പേട്ടൈ തങ്കരാജ് ആണ് പരിയന്റെ അച്ഛന്‍ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രത്തെ പോലെ ഒരു തെരുക്കൂത്ത് ആട്ടക്കാരന്‍. ജീവിത്തില്‍ ആദ്യമായി സിനിമയില്‍ അഭനയിക്കുന്ന തങ്കരാജ്, ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രമുള്ള തന്റെ കഥാപാത്രത്തെ മികവുറ്റ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഉറപ്പിച്ചു കളഞ്ഞു. തന്റെ ഇതുവരെയുള്ള ജീവിതവും തന്നെപ്പോലെ തെരുവില്‍ ആട്ടമാടി ജീവിക്കുന്ന അനേകം ഗ്രാമീണ കലാകാരന്മാരെ ഓര്‍ത്തും ആണ് ആ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചതെന്നു തങ്കരാജ് പറയുന്നു. സിനിമ കണ്ട ഓരോരുത്തര്‍ക്കും തങ്കരാജിന്റെ വാക്കുകളുടെ അര്‍ത്ഥം ആ കഥാപാത്രത്തില്‍ നിന്നും മനസിലാകും.

തങ്കരാജിനെ കണ്ടെത്തിയ കഥ സംവിധായകന്‍ മാരി സെല്‍വരാജ് ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. മാരിയുടെ സ്വന്തം അച്ഛന്റെ പേര് തന്നെയാണ് പരിയന്റെ അച്ഛന്‍ കഥാപാത്രത്തിനും നല്‍കിയിരിക്കുന്നത്. തങ്കരാജിലേക്ക് എത്തിയതിനെ കുറിച്ച് മാരി പറയുന്നത് കേള്‍ക്കാം; ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി പല ആളുകളെയും ഞങ്ങള്‍ കണ്ടു. പല നാടുകളിലും ചെന്ന് തെരുക്കൂത്ത് കലാകാരന്മാരെ കണ്ടു. പക്ഷേ, തൃപ്തിയായില്ല. ഒഡീഷന്‍ നടത്തി നോക്കി. എന്നിട്ടും ശരിയായില്ല. പിന്നീടാണ് തങ്കാരാജ് അണ്ണനെക്കുറിച്ച് ഒരാള്‍ പറയുന്നത്. പക്ഷേ, അദ്ദേഹത്തെ കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി. ഒടുവില്‍ അദ്ദേഹം എവിടെയുണ്ടെന്നു ഞങ്ങള്‍ക്ക് വിവരം കിട്ടി. ഒരു വെള്ളരിക്ക തോട്ടത്തിലായിരുന്നു. ഞങ്ങള്‍ തിരഞ്ഞ് എത്തുമ്പോള്‍ പാതിരാത്രിയായിരുന്നു. വെള്ളരിത്തോട്ടത്തില്‍ കാവല്‍ കിടക്കുകയായിരുന്നു തങ്കരാജ് അണ്ണന്‍. ഞങ്ങളെ അവിടെ കണ്ടപ്പോള്‍ അദ്ദേഹം പരിഭ്രമിച്ചു. വെളളരിക്ക മോഷ്ടിക്കാന്‍ വന്നവരാണാണ് ആദ്യം തെറ്റിദ്ധരിച്ചത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. സിനിമ അഭിനയമൊന്നും ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോള്‍ അദ്ദേഹത്തോട് ഒരു ഒപ്പാരി ആടിക്കാണിക്കാമോ എന്നു ചോദിച്ചു. അടുത്ത നിമിഷം തന്നെ തങ്കരാജ് അണ്ണന്‍ അതിനു തയ്യാറായി. നീളന്‍ മുടി ഒരു പ്രത്യേക രീതിയില്‍ കെട്ടി അദ്ദേഹം ആടി. ഏതാണ്ട് അരമണിക്കൂറോളം! ആട്ടം കഴിഞ്ഞയുടനെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; പരിയന്റെ അച്ഛന്‍ കഥാപാത്രം ഞങ്ങള്‍ക്ക് ചെയ്തു തരണം. അദ്ദേഹം അത് സമ്മതിക്കുകയയായിരുന്നു.

സിനിമയിലെ കഥാപാത്രത്തിന്റെ നേര്‍ വിപരീതമാണ് ശരിക്കും തങ്കരാജിന്റെ സ്വഭാവമെന്നു തമാശയോടെ പറയുന്നുണ്ട് മാരി സെല്‍വരാജ്. വലിയ ഗൗരവക്കാരനാണ്. പെട്ടെന്ന ദേഷ്യം വരും. കരയുന്നതു പോലും ഇഷ്ടമല്ല. തന്റെ രംഗങ്ങള്‍ ചെയ്തു കഴിഞ്ഞ് തങ്കരാജ് അണ്ണന്‍ ഞങ്ങളോട് പറഞ്ഞത്, എന്റെ ഇതുവരെയുള്ള ജീവിതമാണ് ഞാന്‍ ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ത്തതെന്നാണ്. തന്നെപ്പോലെ തെരുവില്‍ ആടുന്നവരെല്ലാം ആ സമയം തന്റെ മനസില്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

പരിയന്റെ അച്ഛനെ ഓടിക്കുന്ന സീന്‍ എടുത്തതിനെ കുറിച്ചും മാരി സെല്‍വരാജ് പറയുന്നുണ്ട്. ആ സീന്‍ ചെയ്യാന്‍ തങ്കരാജ് അണ്ണന് ഒരു വിഷമം ഉണ്ടായിരുന്നു. മക്കളൊക്കെ സിനിമ കാണില്ലേ, അവര്‍ എന്തു വിചാരിക്കുമെന്നതിലായിരുന്നു അദ്ദേഹത്തിന്റെ വിഷമം. ആലോചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ എനിക്കും മനസിലായി. ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെ സിനിമ കാണും. അവരൊക്കെ ആ രംഗം കാണുമ്പോള്‍ എന്തായിരിക്കും തോന്നുക, അതുപോലെ അദ്ദേഹത്തിന്റെ നാട്ടുകാര്‍ ഈ സീനിന്റെ പേരില്‍ അദ്ദേഹത്തെ കളിയാക്കിയേക്കാം. ഞാന്‍ ചെയ്തതെന്തെന്നാല്‍ തങ്കരാജ് അണ്ണനോട് പരിയേറും പെരുമാളിന്റെ മുഴുവന്‍ കഥയും പറഞ്ഞു കൊടുക്കുകയായിരുന്നു. ഇത് കേട്ടിട്ട് തീരുമാനിക്കാം ചെയ്യണോ വേണ്ടയോ എന്ന്, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കഥ മുഴുവന്‍ കേട്ടശേഷം അദ്ദേഹം എന്നോട് പറഞ്ഞത്; ‘ഞാന്‍ ഓടാം’ എന്നായിരുന്നു( ആ രംഗത്തെ കുറിച്ച് വിശദീകരിക്കാത്തത്, അത് കണ്ട് അനുഭവിക്കേണ്ട വികാരം ആയതുകൊണ്ടാണ്).

ഈ സീന്‍ എടുക്കുമ്പോള്‍ ലൊക്കേഷനില്‍ പലരും തല താഴ്ത്തിയിരിക്കുകയായിരുന്നുവെന്ന് മാരി സെല്‍വരാജ് പറഞ്ഞു. തിയേറ്ററിലും ആ രംഗം കാണാനാകാതെ തല താഴ്ത്തിയോ നോട്ടം മറ്റെങ്ങോട്ടെങ്കിലും മാറ്റിയോ ആണ് ഇരുന്നതെന്നും പലരും തന്നോടു പറഞ്ഞതായും മാരി പറയുന്നു. കമല്‍ ഹാസന്‍ പറഞ്ഞതും ഈ രംഗം വന്നപ്പോള്‍ താന്‍ മുഖം കുനിച്ച് ഇരിക്കുകയായിരുന്നുവെന്നും മാരി പറഞ്ഞു.

വണ്ണാര്‍പേട്ടൈ തങ്കരാജിനെ കുറിച്ച് മറ്റൊരു കാര്യം കൂടി മാരി സെല്‍വരാജ് പറഞ്ഞു. സിനിമ ഇതുവരെ കണ്ടിട്ടില്ലത്ര! ആളുകളൊക്കെ പരിയന്റെ അച്ഛന്‍ കഥാപാത്രത്തെ തേടി നടക്കുമ്പോള്‍ തങ്കരാജ് അണ്ണന്‍ തിരുന്നല്‍വേലി മാര്‍ക്കറ്റില്‍ വെള്ളരിക്ക വില്‍ക്കുകയാണ് ഇപ്പോഴും! സിനിമ കാണാത്തതെന്തെന്നു ചോദിച്ചപ്പോള്‍ മറുപടി, കൊച്ചുമോള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്, അവള്‍ വന്നിട്ട് പോയി കണ്ടോളാമെന്ന്.

തന്റെ സിനിമ അഭിനയത്തെ കുറിച്ച് തങ്കരാജിനും പറയാനുണ്ട്. അതിപ്രകാരമാണ്;

ജീവിതത്തില്‍ ഇതിനു മുമ്പ് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ഞാനൊരു ഗ്രാമീണ കലാകാരനാണ്. 17 വയസു മുതല്‍ തെരുവില്‍ ആടാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ വയസ് 55. 53 വയസുവരെ നാടുകള്‍ തോറും അലഞ്ഞ് തെരുവില്‍ ആടി ജീവിക്കുകയായിരുന്നു. സിനിമ അഭിനയം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സംഭാഷണം പറയാനറിയില്ല. അങ്ങനെയുള്ള എന്നെ ഇവിടെ എത്തിച്ചത് മാരി സെല്‍വരാജ് ആണ്. 55 വയസിനുള്ളില്‍ ഒരിക്കല്‍ പോലും ഞാനൊരു സ്‌റ്റേജില്‍ കയറി സംസാരിച്ചിട്ടില്ല. തെരുവുകളില്‍ നിന്ന് തെരുക്കൂത്ത് ആടി നടന്നവന്‍ മാത്രമാണ്. ആ ഞാനാണ് ഇപ്പോള്‍ ഒരു സദസ്സിനെ നോക്കി സംസാരിക്കുന്നത്( പരിയേറും പെരുമാള്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു തങ്കരാജ് ഇത് പറയുന്നത്). എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു, ആഗ്രവും ഇല്ലായിരുന്നു. പക്ഷേ ഇവര്‍ എന്നെത്തേടി വന്നു ചോദിച്ചപ്പോള്‍ സമ്മതിച്ചു. അവരോട് സമ്മതിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചത് നല്ല ഉത്സാഹത്തോടെ അവര്‍ക്കു വേണ്ടി ചെയ്തു കൊടുക്കണം എന്നായിരുന്നു. അതേ ചെയ്തിട്ടുമുള്ളൂ.

എന്നാല്‍ പ്രേക്ഷകര്‍ പറയുന്നു; വണ്ണാര്‍പ്പേട്ടെ തങ്കരാജ്; ഒരു സിനിമ കൊണ്ട്, അതിലെ ഒന്നോ രണ്ടോ രംഗങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു നടനായി മാറിയിരിക്കുന്നു’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍