UPDATES

സിനിമ

രഞ്ജിത് ശങ്കര്‍/ അഭിമുഖം: മേരിക്കുട്ടി ജയസൂര്യയെ ഒരുപാട് ബുദ്ധിമുട്ടിച്ചു

ചെയ്യാന്‍ ധൈര്യം വരാത്തതുകൊണ്ട് മാറ്റി വച്ച ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’

അനു ചന്ദ്ര

അനു ചന്ദ്ര

പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടുമൊരിക്കല്‍ കൂടി രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഫസ്റ്റ് ലുക്ക് ടീസറിലൂടെ തന്നെ ശ്രദ്ധേയമായ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങാന്‍ പോകുന്ന വേളയില്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

കറുത്ത സാരി അണിഞ്ഞ് സ്ത്രൈണത പ്രകടിപ്പിക്കുന്ന ഭാവവുമായി ഫസ്റ്റ് ലുക്ക് ടീസറില്‍ പ്രത്യക്ഷപ്പെട്ട ജയസൂര്യയുടെ മേരിക്കുട്ടി എന്ന കഥാപാത്രം എന്താണ് സിനിമയിലൂടെ പറയുന്നത്?
വലിയ അവകാശവാദങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്നില്ല. ഒരു കഥ നമുക്ക് പറ്റുന്ന രീതിയില്‍ നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി അത് കണ്ട് പ്രേക്ഷകര്‍ ആണ് അഭിപ്രായം പറയേണ്ടത്. മാത്തുക്കുട്ടി എന്നാണ് ജയസൂര്യ ചെയുന്ന കഥാപാത്രത്തിന്റെ പേര്. മാത്തുക്കുട്ടിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് മാത്തുക്കുട്ടിക്ക് അറിയാം. പക്ഷെ ആ പ്രശ്‌നം എന്താണെന്നുള്ള തിരിച്ചറിവില്‍ എത്താന്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പതിനഞ്ച്, പതിനാറ് വയസ്സു വരെ കാത്തിരിക്കേണ്ടിവന്നു. അതായത് കുട്ടിയായിരിക്കുമ്പോള്‍ പുള്ളിക്ക് ആണുങ്ങളോട് ഇടപഴകാന്‍ ബുദ്ധിമുട്ടാണ്, മറ്റു രീതിയില്‍ ഉള്ള പല പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ മാത്തുകുട്ടി അന്തര്‍മുഖന്‍ ആയിരുന്നു. അന്തര്‍മുഖന്‍ ആയത് കൊണ്ട് തന്നെ പഠിക്കാന്‍ മിടുക്കനും ആയിരുന്നു. അതുകൊണ്ടെല്ലാം തന്നെ ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ഥിയും, പരീക്ഷയില്‍ എല്ലാം നല്ല മാര്‍ക്ക് കിട്ടുന്നതുകൊണ്ടും അധ്യാപകര്‍ക്കെല്ലാം മാത്തുക്കുട്ടിയെ ഇഷ്ട്ടമായിരുന്നു. ഒരു പതിനഞ്ച് വയസ്സില്‍ ആള്‍ സ്വയം തിരിച്ചറിവില്‍ എത്തുന്നു. ഇത് ഒരു സൈക്കോളജിക്കല്‍ പ്രോബ്ലം അല്ല ജന്മന തന്നെ താന്‍ ഇങ്ങനെയാണ് എന്നും അയാള്‍ മനസിലാക്കുന്നു. അത് കറക്ട് ചെയ്യണമെന്ന ബോധ്യത്തില്‍ ആള്‍ എത്തുന്നു. സാധാരണ നിലയില്‍ ഇതുപോലുള്ള ആളുകള്‍ പ്രോസ്റ്റിട്യൂഷനിലേക്കും ഭിക്ഷാടനത്തിലേക്കും ഒക്കെ ആണ് എത്തിച്ചേരുക. അതുകൊണ്ടുതന്നെ മാത്തുക്കുട്ടിയുടെ ജീവിതം അങ്ങനെ ആവരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെ അയാള്‍ പഠിച്ചു, ബിരുദ്ധധാരിയായി. അങ്ങനെ ചെന്നൈയില്‍ വിപ്രോ പോലുള്ള കമ്പനിയില്‍ ഒക്കെ നല്ല ജോലി നേടി. തുടര്‍ന്ന് പുള്ളിയുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്.

ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ പെട്ടവരെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ജയസൂര്യയെ വെച്ചു ചെയ്യുമ്പോള്‍ മറ്റൊരു തരത്തില്‍ ഒരു സമൂഹികപ്രതിബദ്ധത കൂടി അതില്‍ ഇല്ലേ?
ഞാന്‍ പ്രേതം സിനിമ ചെയ്യുന്ന സമയത്ത് പേളി മാണിയുടെ കൂടെയാണ് കുറെ ട്രാന്‍സ്ജണ്ടര്‍ ആയിട്ടുള്ള ആളുകളെ ആദ്യമായി കാണുന്നതും, അവരെ മനസ്സിലാക്കുന്നതും. അപ്പോള്‍ തന്നെ ഒരു സിനിമ ചെയ്യണമെന്ന് തോന്നി. പിന്നെ ട്രാന്‍സ്ജണ്ടറിന്റെ ഫോട്ടോ വനിതയില്‍ കവര്‍ പിക്ക് ആവുന്നു, മെട്രോയില്‍ അവര്‍ക്ക് ജോലി ലഭിക്കുന്നു അങ്ങനെ പലതരത്തിലുള്ള മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. ട്രാന്‍സിന് മുമ്പത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും ദൃശ്യതയും ഇവിടെ ലഭിക്കുന്നുണ്ട്. എങ്കിലും അവസ്ഥ അത്ര ശുഭകരമല്ല. അന്ന് അങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ആലോചിച്ചു, പക്ഷെ അത്ര ധൈര്യം ഇല്ലാത്തതുകൊണ്ട് അത് ചെയ്തില്ല. ചില സിനിമകള്‍ അങ്ങനെയാണ്. സു സു സുധീ വാല്മീകം, രാമന്റെ ഏദന്‍ തോട്ടം എല്ലാം ഇത് പോലെ ചിത്രീകരിക്കാന്‍ പേടിപ്പിച്ച സിനിമകള്‍ ആണ്. കാരണം ഇത്തരം കഥകള്‍ക്ക് ഒക്കെ അത്തരത്തില്‍ ഉള്ള ഓഡിയന്‍സ് ഉള്ളത് കൊണ്ട് അവര്‍ അതിനെ എങ്ങനെ കാണും റെസ്‌പോണ്ട്് ചെയ്യും എന്നറിയില്ല. പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് നല്ല വിജയം നേടിയ സിനിമ ആയിരിന്നു. അതിനു ശേഷം ഞാന്‍ ഒത്തിരി യാത്ര ചെയ്തു. അങ്ങനെ ഞാന്‍ പോയ പല സ്ഥലങ്ങളിലും എന്തുകൊണ്ടൊ ഇതുപോലുള്ള വ്യക്തികള്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് വളരെ അത്ഭുതകരമായി തോന്നിയത് അവരൊക്കെ വളരെ നോര്‍മല്‍ ആയി വളരെയധികം സന്തോഷകരമായി ജോലി ചെയ്ത് ജീവിക്കുകയാണ് എന്നതാണ്. അവര്‍ക്ക് അത്തരത്തില്‍ എല്ലാവരെയും പോലെ ജോലി ചെയ്യുവാനും ജീവിക്കുവാനും ഉള്ള സാഹചര്യം അവിടെ ഉണ്ട്. എന്നാല്‍ ഇവിടെ അതെത്ര മാത്രം ഉണ്ട് എന്നതില്‍ സംശയം ഉണ്ട്. അങ്ങനെയാണ് കൂടുതലായി വീണ്ടും ഇതിനെ പറ്റി ആലോചിക്കുന്നതും കഥയിലേക്ക് എത്തുന്നതും. പിന്നെ അമേരിക്കയില്‍ ഒക്കെ ഞാന്‍ ഈയിടെ പോയപ്പോള്‍ അവിടെ സ്‌കൂളില്‍ ഒക്കെ കൗണ്‍സിലിങ് ഉണ്ട്. അതായത് ഈ രീതിയില്‍ ഉള്ള ട്രാന്‍സ് ആയ കുട്ടികള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ അവരെ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തും. എന്നിട്ട് മാതാപിതാക്കളെ അവര്‍ കൗണ്‍സില്‍ ചെയ്ത് കാര്യങ്ങള്‍ മനസിലാക്കിപ്പിക്കും. വാസ്തവത്തില്‍ ഇത് ഒരു വൈവിധ്യം ആണ്. അല്ലാതെ വൈകല്യം അല്ല. അതിനെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ അവിടത്തെ മാതാപിതാക്കളെ പ്രാപ്തരാക്കും.

കഥയോടുള്ള/പ്ലോട്ടിനോടുള്ള ജയസൂര്യയുടെ ആദ്യപ്രതികരണം എന്തായിരുന്നു?പ്രേതം ചെയ്ത സമയത്ത് തന്നെ ജയസൂര്യയുമായി ഡിസ്‌കസ് ചെയ്ത കഥയാണിത്. പിന്നീട് അത് തല്‍ക്കാലം ചെയ്യുന്നില്ല എന്ന രീതിയില്‍ ഞാന്‍ മാറ്റി വെച്ചു. ഇപ്പോള്‍ അദ്ദേഹത്തോട് വീണ്ടും കഥ പറഞ്ഞപ്പോള്‍ താല്പര്യം തോന്നി. പുള്ളി ചെയ്യാമെന്ന് പറഞ്ഞു.

ഇന്ത്യയിലെ അഞ്ച് പ്രശസ്തരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. ഈ തീരുമാനത്തിന് പുറകില്‍ ?
ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്ത് പല ഘട്ടങ്ങളില്‍ ആയി പരിചയപ്പെട്ടവര്‍ ആണ് ഈ അഞ്ച് പേര്‍. അഞ്ച് ട്രാന്‍സ് വിമെന്‍സ്. ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനസുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ ഇവരാണ് ആ അഞ്ച് പേര്‍. ഇതിനുള്ള റിസെര്‍ച്ചിനു ഇവരുടെ സഹായം ആവശ്യപ്പെട്ടു. പിന്നെ ട്രെയിലര്‍ ലോഞ്ച് അതിനെ പറ്റി ആലോചിച്ചപ്പോള്‍ എന്ത് കൊണ്ട് ഇവര്‍ ആയിക്കൂടാ എന്ന് ചിന്തിക്കുകയും അവരോട് അതിനെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ സമ്മതിക്കുകയും ചെയ്തു. വളരെ പോസിറ്റീവ് ആയി അവര്‍ സഹകരിച്ചു. അങ്ങനെയാണ് അവരില്‍ എത്തുന്നത്. പക്ഷെ ട്രാന്‍സ് കമ്മ്യൂണിയില്‍ പെട്ട മറ്റാരും തന്നെ ഈ സിനിമയില്‍ അഭിനയിക്കുന്നില്ല.

ജയസൂര്യയുടെ സഹകരണം എത്തരത്തില്‍ ആയിരുന്നു?
സഹകരണം എന്നതിന് അപ്പുറത്തോട്ട് വളരെയധികം ഡിഫികള്‍ട്ട് ആയിരുന്നു ഈ ഒരു രൂപത്തില്‍ എത്തുക എന്നത്. ഈ ഒരു ലുക്കില്‍ എത്താന്‍ തന്നെ മാസങ്ങള്‍ എടുത്തു. അതിന്റെ സൗണ്ട്, കോസ്റ്റ്യും, മേക്കപ്പ് അതൊക്കെ ആ ലെവലില്‍ എത്തിക്കുക എന്നത് തന്നെ ബുദ്ധിമുട്ട് ആയിരുന്നു. വളരെ ചൂടില്‍ ആണ് ഷൂട്ട് ചെയ്തത്. വളരെ സോഷ്യല്‍ ആയി നടക്കുന്ന കഥ ആയത് കൊണ്ട് പുറത്തൊക്കെ സാരി ഒക്കെ ഉടുത്ത് വളരെ ചൂടാത്തൊക്കെ കഷ്ടപ്പെടേണ്ടി വന്നു ജയസൂര്യ. ഇപ്പോഴും ജയന് അതിന്റെതായ സ്‌കിന്‍ ഇന്‍ഫെക്ഷന്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇപ്പോഴും അത് മാറിയിട്ടില്ല എന്നു തോന്നുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു മാസം ആയി. ജയന്‍ ഇപ്പോഴും ട്രീറ്റ്‌മെന്റില്‍ ആണ്. ദിവസം മൂന്നു തവണ ഷേവ് ചെയണം, വീണ്ടും മേക്കപ്പ് ഇടണം അങ്ങനെ കുറെ ബുദ്ധിമുട്ടി. വളരെ രസകരമായിരുന്നു ലൊക്കേഷന്‍ അനുഭവങ്ങള്‍. പുള്ളി ആരാണെന്ന് പലരും തിരിച്ചറിഞ്ഞില്ല. യഥാര്‍ഥ സ്ത്രീ ആണെന്ന് വിചാരിച്ചവര്‍ വരെ ഉണ്ട്. പിന്നെ ഏറ്റവും വലിയ പ്രയാസം സാരി ഉടുത്തു ടോയിലറ്റില്‍ പോവുക എന്നതാണ്. അതായത് സിംപിള്‍ എന്നു തോന്നുന്ന കാര്യങ്ങള്‍ പോലും വളരെ ബുദ്ധിമുട്ട് ആണ്.

മറ്റു താരങ്ങള്‍ ആരൊക്കെയാണ്?
ഇന്നസെന്റ്, ജയസൂര്യ, ജുവല്‍ മേരി, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് മറ്റു താരങ്ങള്‍.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍