സിനിമക്കുള്ളിലെ സിനിമയാണ് ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’
ആദാമിന്റെ മകൻ അബു എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് സലിം അഹമ്മദ്. ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സിനിമകൾ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശീയ പുരസ്ക്കാരം നേടിയ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘പത്തേമാരി’ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ സലിം അഹമ്മദ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’-വുമായാണ് അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്.
റിലീസിന് മുൻപ് തന്നെ രാജ്യാന്തര ചലച്ചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ടൊവിനോ തോമസ് നായകനാകുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചും മലയാള സിനിമയിലെ മാറ്റങ്ങളെ കുറിച്ചും സംവിധായകൻ സലിം അഹമ്മദ് അഴിമുഖത്തോട് സംസാരിക്കുന്നു.
ഒരാൾക്കൂട്ടം എടുത്താൽ അതിലൊരാൾ സിനിമാക്കാരനായിരിക്കും
സിനിമക്കുള്ളിലെ സിനിമയാണ് ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’. സിനിമ ഡിജിറ്റൽ ആയതിനു ശേഷം ഒരുപാട് പേരാണ് സിനിമയിലേക്ക് എത്തുന്നത്. ഒരാൾക്കൂട്ടം എടുത്താൽ അതിലൊരാൾ സിനിമാക്കാരനായിരിക്കും. അത്രയേറെ ചെറുപ്പക്കാർ സിനിമയിലേക്ക് വരുന്നു. എഞ്ചിനീയറിംഗ് അടക്കം മികച്ച വിദ്യാഭ്യാസം ഉള്ളവരാണ് ഇന്ന് സിനിമയിലേക്ക് കടന്ന് വരുന്നത്. ജീവിതത്തിൽ സിനിമയോട് വളരെ അഭിനിവേശമുള്ള ഒരാളുടെ കഥയാണ് ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’ പറയുന്നത്.
സിനിമയുണ്ടാക്കുവാൻ വേണ്ടിയുള്ള എന്റെ ജീവിതവും ഈ ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്.
കുഞ്ഞനന്തന്റെ കട എന്ന സിനിമ ചെയ്യുന്ന സമയം മുതൽ ഈ സിനിമ മനസ്സിൽ ഉള്ളതാണ്.
ഒരു സിനിമാമോഹി വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് സിനിമ പറയുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയും ഇതാണ്.
പത്തേമാരിക്ക് ശേഷമുണ്ടായ നാല് വർഷത്തെ ഇടവേള
അങ്ങനെ മന:പൂർവം ഒരിടവേള ഉണ്ടായിട്ടില്ല. രണ്ട് വർഷം മുൻപ് തന്നെ ഈ സിനിമയുടെ വർക്കുകൾ ആരംഭിച്ചതാണ്. ലോസ് ഏഞ്ചലെസിലാണ് ഭൂരിഭാഗം ചിത്രീകരണവും നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ചില അനുമതികൾ നേടുന്നതിനും കുറച്ച് സമയം ആവശ്യമായിരുന്നു. സിനിമ കഴിഞ്ഞാൽ പിന്നെ ഒരു വർഷത്തോളം ഫെസ്‌റ്റിവലുകളിൽ സിനിമയുമായി നടക്കാറുണ്ട്, അത്തരത്തിൽ ‘പത്തേമാരി’യുമായി ഒരു വർഷത്തോളം പല മേളകളിലും പങ്കെടുക്കുകയായിരുന്നു. ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’ എന്ന ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനവും രാജ്യാന്തര ചലച്ചിത്ര മേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. മേളയിൽ നാല് അവാർഡുകളും ചിത്രം കരസ്ഥമാക്കി. ഇത്തരത്തിൽ എന്റെ ഏതെങ്കിലും ഒരു സിനിമയുടെ പ്രീമിയർ ഒരു അന്താരാഷ്ട്ര മേളയിൽ നടത്തുക എന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു.
എന്തുകൊണ്ട് ടൊവിനോ?
ഒരു യുവാവ് സിനിമയിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളാണ് കഥയിലെ നായകന്റേത്. ആ ഒരു ഫീൽ ലഭിക്കാൻ ടൊവിനോ തന്നെയാണ് ഏറ്റവും നല്ലത്. ടൊവിനോയും ഒട്ടേറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ നടനാണ്. മികച്ച പ്രകടനം തന്നെയാണ് ടൊവിനോ സിനിമയിൽ കാഴ്ച്ചവെച്ചിട്ടുള്ളത്.
സിനിമകൾ അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകരിക്കപ്പെടുമ്പോൾ, ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ച്ചവെക്കുന്നത് എന്തുകൊണ്ട്?
പത്തേമാരി എന്ന ചിത്രം 125 ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്. മികച്ച ബോക്സ് ഓഫീസ് പ്രകടനം തന്നെയാണ് ആ ചിത്രം കാഴ്ചവെച്ചത്. അതുപോലെ തന്നെ ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നതാണ് ഈ സിനിമ.
നമ്മുടെ നാട്ടിൽ മാത്രം ഉള്ളൊരു കാര്യമാണ് ഒരു സിനിമ അവാർഡ് നേടിക്കഴിഞ്ഞാൽ അത് നമുക്ക് മനസിലാകാത്ത എന്തോ ഒന്നാണെന്നുള്ള തോന്നൽ. അത്തരം തോന്നലുകളാണ് സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുന്നത്. എന്നാൽ ഇപ്പോൾ ആ പ്രവണത മാറിയിട്ടുണ്ട്. ഇപ്പോൾ ഹിറ്റായിട്ടുള്ള സിനിമകൾ നോക്കിയാൽ എല്ലാം നല്ല ചിത്രങ്ങളാണ്. കുമ്പളങ്ങി മുതൽ ഉണ്ട വരെ എത്തിനിൽക്കുമ്പോൾ നല്ല കണ്ടന്റ് ഉള്ള സിനിമകളാണ് വിജയിച്ചിട്ടുള്ളത്. ഇന്നത്തെ കാലത്താണ് ആദാമിന്റെ മകൻ അബു ഇറങ്ങിയിരുന്നതെങ്കിൽ അത് വലിയൊരു ബോക്സ് ഓഫീസ് ഹിറ്റായേനെ.
തമിഴ് സിനിമയിൽ ഉണ്ടായത് പോലെ മലയാളത്തിലും ഒരു മാറ്റം ഉണ്ടാവുകയാണ്
യുവാക്കളുടെ സിനിമകൾ മാത്രമാണ് ഇപ്പോൾ പ്രക്ഷകർ ഏറ്റെടുക്കുന്നത് എന്ന് പറയാനാകില്ല. അങ്ങനെ ആണെങ്കിൽ ‘ഉണ്ട’ ഇത്രക്ക് ഹിറ്റാകുമോ. സിനിമ റിലീസാകുന്ന ആദ്യ ദിവസങ്ങളിൽ തീയേറ്ററിലേക്ക് വരാനുള്ള പ്രവണത യുവാക്കൾക്കാണ് കൂടുതൽ എന്ന് മാത്രം. പല തരത്തിൽ സിനിമ ഇറക്കുന്നവരുണ്ട്, പ്രത്യേകം വിഭാഗങ്ങൾക്ക് വേണ്ടി മാത്രം സിനിമ ചെയ്യുന്നവർ. ഈ സിനിമ നൂറ് ശതമാനം ഫാമിലിക്ക് ഇഷ്ടമാകുന്ന സിനിമയാണ്. സിനിമ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും നല്ല സിനിമകൾ ചെയ്യാനും യുവാക്കളുടെ സിനിമകൾ സഹായിച്ചട്ടുണ്ട്.
തമിഴ് സിനിമയിൽ ഉണ്ടായത് പോലെ മലയാളത്തിലും ഒരു മാറ്റം ഉണ്ടാവുകയാണ്. താരങ്ങളെ മാത്രം നോക്കാതെ നല്ല സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. പ്രേക്ഷകർക്ക് സിനിമ നന്നായാൽ മതി. എല്ലാത്തിനും അപ്പുറം സിനിമയിൽ ശരിക്കും വിശ്വസിക്കാവുന്നത് കാണികളെ തന്നെയാണ്. നിങ്ങൾ നല്ലത് കൊടുത്താൽ നൂറു ശതമാനം അവരത് ഏറ്റെടുക്കും.
ആദ്യ ചിത്രത്തിലൂടെ ലഭിച്ച എൻട്രി മറ്റ് സിനിമകൾക്കും സഹായമായി
ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ കിട്ടിയതിന് ശേഷം മുതലാണ് ഇത്തരത്തിൽ നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ മേളകളിലേക്ക് അങ്ങോട്ട് ആവശ്യപ്പെടുന്നത്. ആദാമിന്റെ മകൻ അബു എന്ന ആദ്യ ചിത്രം 130 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പല വിദേശ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുകയുമുണ്ടായി. ആ ഒരു എൻട്രി കാരണമാണ് പിന്നീടുള്ള സിനിമകൾ ഇത്തരത്തിൽ മേളകളിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നത്.
സിനിമകൾക്ക് ‘ഇന്റർനാഷണൽ അപ്പീൽ’ ഉണ്ടായിരിക്കണം
സുഡാനി ഫ്രം നൈജീരിയ പോലെ ഒരുപാട് മലയാള സിനിമകൾ ഇപ്പോൾ അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധേയമാകുന്നുണ്ട്. സിനിമ ചെയ്യുന്ന രീതിയും ശ്രദ്ധിക്കണം. ഇവിടെ എല്ലാവർക്കും സിനിമ ഇഷ്ടമായത് കൊണ്ട് കാര്യമില്ല. ഒരു ‘ഇന്റർനാഷണൽ അപ്പീൽ’ ഉണ്ടായിരിക്കണം. ചില സിനിമകൾ വിദേശ ഭാഷകളിൽ നിന്ന് ഇങ്ങോട്ട് എടുക്കാറുണ്ട്. ലോകത്ത് ഇറങ്ങുന്ന നല്ല സിനിമയുടെ ശൈലിയിൽ ഇവിടെ മലയാളത്തിൽ സിനിമ എടുക്കുന്നുണ്ട്. പക്ഷെ തിരിച്ച് അങ്ങോട്ട് പോയെന്ന് വരില്ല. നമ്മുടെ സംസ്ക്കാരവും ഐഡന്റിറ്റിയും ഒപ്പം പുതുമയും ഉണ്ടാകണം. അങ്ങനെ ഒരു ‘ഇന്റർനാഷണൽ അപ്പീൽ’ ഉണ്ടെങ്കിൽ മാത്രമേ അന്താരാഷ്ട്ര മേളകളിൽ സിനിമ എത്തുകയും പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്യുകയുള്ളൂ. അല്ലാതെ മറ്റു രാജ്യങ്ങളിലെ സിനിമ പോലെ ഇവിടെ ചെയ്‌താൽ അങ്ങോട്ട് പോകണമെന്നില്ല. സിനിമ ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. നമ്മൾ അവർക്ക് വേണ്ടി സിനിമ ഉണ്ടാക്കണം എന്നല്ല. നമ്മുടെ സിനിമ അവർക്ക് കൂടി ഇഷ്ടമാകുന്നതാകണം എന്ന് മാത്രം.
സിനിമയിലെ സ്ത്രീപക്ഷ ഇടപെടലുകൾ, മീടൂ ക്യാമ്പയിനുകൾ
സിനിമ അങ്ങനെ ആർക്കുമായി മാറ്റിവെച്ചിട്ടില്ല. പുരുഷനും സ്ത്രീക്കും സിനിമ ഒരുപോലെയാണ്. എല്ലാ മേഖലയിലും സ്ത്രീകളുടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് സിനിമയിലും ഉണ്ടായ ഈ സ്ത്രീ ഇടപെടലുകൾ.
പണ്ട് ഷീല, ശാരദ കാലത്ത് ഒരുപാട് സ്ത്രീപക്ഷ സിനിമകൾ ഉണ്ടായിട്ടുണ്ട്. തുടക്ക കാലത്ത് ഉണ്ടായത്ര സിനിമകൾ പിന്നീട് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. പാർവതി, മഞ്ജു വാര്യർ പോലുള്ള ആർട്ടിസ്റ്റുകൾ ഉണ്ടാകുമ്പോൾ അത്തരം സിനിമകളും ഉണ്ടാകും. അത്തരം മികച്ച ആർട്ടിസ്റ്റുകൾ ഉള്ളപ്പോൾ അങ്ങനെയുള്ള കഥകൾ ആലോചിക്കാനും സിനിമ എടുക്കാനും ആളുകൾ ഉണ്ടാകും.
വൃത്തിയാക്കി എടുക്കുക എന്ന് പറയുന്ന ഒരു കാര്യമുണ്ടല്ലോ, അതിന്റെ ഭാഗമാണ് ഈ മീടൂ ക്യാമ്പയിനുകൾ പോലും. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും ഈ പ്രശ്നമുണ്ട്. പക്ഷെ സിനിമയിൽ പുരുഷാധിപത്യം കൂടുതലാണ്. അത് മാറ്റിയെടുക്കാൻ ഇത്തരം കാര്യങ്ങൾ സഹായിച്ചു. ഗുണകരമായ മാറ്റങ്ങൾ തന്നെയാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ഫീൽ ചെയ്യുന്നതും, അവർക്കും ഒരു ശബ്ദമുണ്ടെന്ന തോന്നലും നല്ലതാണ്.
സ്വന്തമായി നിർമ്മിക്കുന്നത് കൊണ്ട് വിട്ടുവീഴ്ച്ചകൾ ആവശ്യമില്ല
സ്വന്തമായി സിനിമ നിർമ്മിക്കുന്നത് കൊണ്ട് വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വന്നിട്ടില്ല. എനിക്ക് ഇഷ്ടമുള്ളതെല്ലാം എന്റെ സിനിമയിൽ ചെയ്യാനാകും. ഇതുപോലെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടാകണമെന്നില്ല.
ഇനിയൊരു മമ്മൂട്ടി ചിത്രം ഉണ്ടാകുമോ?
മമ്മൂട്ടിയുമായി ഒരു ചിത്രം മനസ്സിലുണ്ട്. എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ല. ഇനി അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അത് ‘പത്തേമാരി’ക്കും മുകളിൽ നിൽക്കണമല്ലോ.