UPDATES

സിനിമ

കേരളത്തില്‍ ഇടതുചിന്ത ശക്തമാണ്; ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയവും: ദിവ്യ ഭാരതി/ അഭിമുഖം

എഐഎഡിഎംകെയിലെ ചെറിയ ഗ്രൂപ്പുകള്‍ പലതും ബിജെപിയുടെ പിടിയിലാണ്

Avatar

പ്രസാദ്‌

തോട്ടിപ്പണിക്കാരുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച കക്കൂസ് എന്ന ഹ്രസ്വസിനിമയുടെ പേരില്‍ ആക്രമണം നേരിടുകയാണ് ദിവ്യ ഭാരതി എന്ന സാമൂഹ്യപ്രവര്‍ത്തക. 14 പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പോരാത്തതിന് ഫോണ്‍ വഴിയും ഫേസ്ബുക്ക് വഴിയുമുള്ള ഭീഷണികള്‍ വേറെയും. കഴിഞ്ഞ ദിവസം ‘കക്കൂസ്’ ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു. പ്രസ്തുത വേദിയില്‍ വച്ച് ദിവ്യ അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്…

പ്രസാദ്: ദിവ്യ ഇപ്പോള്‍ ഒളിവിലല്ലേ? എന്താണ് കേസിന്റെ അവസ്ഥ?

ദിവ്യ: രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി, പള്ളര്‍ സമുദായക്കാരെ മാന്വല്‍ സ്‌കാവഞ്ചേഴ്‌സ് എന്ന് വിളിച്ച് അപമാനിച്ചു എന്നൊക്കെയാണ് പരാതി. 14 പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. എല്ലാ പരാതിയിലും ഒരേ ഉള്ളടക്കം. പരാതിക്കാര്‍ വ്യത്യസ്തര്‍. എഫ്‌ഐആറിന് മധുര ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ കൊടുത്തിട്ടുണ്ട്. കേരളത്തില്‍ കുറച്ച് സ്‌ക്രീനിംഗ് ഉണ്ട്. അതുകഴിഞ്ഞാല്‍ കര്‍ണാടകത്തില്‍. അപ്പോഴേക്കും സ്റ്റേ കാലാവധി തീരും. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍. ഖുശ്ബുവിന്റെ കേസിലും പെരുമാള്‍ മുരുകന്റെ കേസിലും വന്നിട്ടുള്ള കോടതി വിധി പ്രതീക്ഷ തരുന്നുണ്ട്.

പ്ര: തോട്ടിപ്പണിയെക്കുറിച്ച് മുന്‍പും ഡോക്യുമെന്ററി വന്നിട്ടുണ്ട്. മലയാളത്തില്‍ ഒരു ഫീച്ചര്‍ ഫിലിമും. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ വീണ്ടുമെത്തുന്നത്?

ദി: മധുരയില്‍ 2015 ഒക്‌ടോബറില്‍ രണ്ടുപേര്‍ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചു. മുനിയാണ്ടി, വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ അരുന്ധതിയാര്‍ സമുദായക്കാരനും മറ്റൊരാള്‍ ബോയര്‍ സമുദായക്കാരനുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പ്രഹസനമായി. മൃതദേഹം ഫ്രീസര്‍ പോലുമില്ലാതെ മോര്‍ച്ചറിക്ക് വെളിയില്‍ വച്ചു. നെഞ്ചുപൊട്ടുന്ന കാഴ്ചകളും അനുഭവങ്ങളുമായിരുന്നു. മുനിയപ്പന്റെ ഭാര്യക്ക് അയാള്‍ മരിച്ചു എന്ന യാഥാര്‍ഥ്യം തന്നെ മനസ്സിലായിരുന്നില്ല. അത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ദളിത്-ഇടത് സംഘടനകള്‍ സമരരംഗത്തിറങ്ങി. അപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അതുവരെ ഈ പ്രശ്‌നത്തിന്റെ ആഴം എനിക്കും മനസിലാക്കാനായിരുന്നില്ല. തമിഴ്‌നാട്ടില്‍ ഇത് സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. 2013-ലെ ആക്ട് പല്ലില്ലാത്ത പാമ്പാണ്. തമിഴ്‌നാട്ടിലെ സെപ്റ്റിക് ടാങ്ക് അപകട മരണങ്ങളില്‍ എല്ലാം സംശയകരമായ മരണം എന്ന് രേഖപ്പെടുത്തും. റിപ്പോര്‍ട്ട് പുറത്തുവരില്ല. അറസ്റ്റുണ്ടാവില്ല.

"</p

പ്ര: ആക്ടിവിസത്തിന്റെ ഭാഗം തന്നെയായിരുന്നു ഡോക്യുമെന്ററി?

ദി: ഞാനൊരു ഫിലിം മേക്കറല്ല. നിയമമാണ് പഠിച്ചത്. മധുര ഗവ. ലോകോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചില കേസുകളുണ്ടായിരുന്നു. ഞങ്ങള്‍ 183 പേര്‍ക്ക് എന്റോള്‍ ചെയ്യാന്‍ പറ്റിയില്ല. ജീവിക്കാന്‍ വേറൊരു തൊഴില്‍ ചെയ്യേണ്ടിവന്നു. അത് വിഡിയോ എഡിറ്റിംഗ് ആയിരുന്നു. കല്യാണ വിഡിയോകളൊക്കെ. അതുമാത്രമാണ് മുന്‍പരിചയം. 27 നഗരങ്ങളില്‍ പോയി. ഒരു വര്‍ഷത്തിലധികമെടുത്തു ഡോക്യുമെന്ററി പൂര്‍ത്തിയാക്കാന്‍. അതിനിടയില്‍ 27 മരണങ്ങളുണ്ടായി എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

പ്ര: എന്താണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നത്? നിരോധനം വരുന്നതെങ്ങനെയാണ്?

ദി: സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് തെറ്റാണെന്ന് ഡോക്യുമെന്ററി തെളിയിക്കുന്നു. തമിഴ്‌നാട്ടില്‍ 462 മാന്വല്‍ സ്‌കാവഞ്ചേഴ്‌സ് ആണുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഒരു ജില്ലയില്‍ തന്നെ ഏഴായിരത്തിലധികം വരും എന്നതാണ് സത്യം. സിഐടിയു അംഗങ്ങളായവര്‍ തന്നെ 18,000 ഉണ്ട്. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അവകാശവാദങ്ങള്‍ പൊളിയുന്നു. പബ്ലിക് ടോയ്‌ലറ്റുകളുടെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നത് ആരാണ് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. നാല് ചുമരുകള്‍ കെട്ടിയ ടോയ്‌ലറ്റുകളില്‍ വെറും നിലത്തിരുന്നാണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. ക്ലോസറ്റ് സംവിധാനങ്ങളൊന്നുമില്ല. ഇത് വൃത്തിയാക്കുന്നത് ആരാണ്? ഇതൊക്കെ പറയുമ്പോള്‍ ഒരു സംസ്ഥാനത്തെ, രാജ്യത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് ഭരണകൂടത്തിന്റെ വാദം. നിശ്ചയിച്ച സ്‌ക്രീനിംഗുകള്‍ ഒന്നൊന്നായി പൊലീസ് തടഞ്ഞുകൊണ്ടിരുന്നു. പക്ഷേ തമിഴ്‌നാടിനു പുറത്ത് കുറേ വേദികള്‍ കിട്ടി. യൂ ട്യൂബില്‍ നിരവധി പേര്‍ കണ്ടു.

പ്ര: ഭീഷണി ഏതു ഭാഗത്തുനിന്നായിരുന്നു? അതില്‍ ദിവ്യ പരാതി കൊടുത്തിട്ടില്ലേ?

ദി: ഫോണില്‍ തെറിവിളി, വധഭീഷണി, ബലാത്സംഗ ഭീഷണി ഒക്കെയുണ്ട്. വീട്ടില്‍ പോയി അച്ഛനെ ഭീഷണിപ്പെടുത്തി. ഫേസ്ബുക്കില്‍ എന്റെ ഫോട്ടോ ഇട്ട് ഇവള്‍ മാവോയിസ്റ്റാണ്, തീവ്രവാദ ബന്ധമുള്ളയാളാണ് തുടങ്ങിയ പ്രചാരണങ്ങള്‍… പരാതി കൊടുത്തു. അന്വേഷണവുമുണ്ട്. ഒന്നും മുന്നോട്ടു പോകുന്നില്ല. ഇപ്പോള്‍ എനിക്കെതിരായ പരാതിയിലല്ലേ നടപടികള്‍.

പ്ര: കേരളത്തില്‍ ഇതേ വിഷയത്തില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘മാനഹോള്‍’ എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. മാന്വല്‍ സ്‌കാവഞ്ചിംഗ് തടയാന്‍ ബജറ്റില്‍ തുക നീക്കിവച്ചു. തമിഴ്‌നാട്ടില്‍ നിരോധനവും അറസ്റ്റും ഭീഷണിയും. എന്താണിത്?

ദി: കേരളത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, ഇടതുചിന്ത ശക്തമാണ്. തമിഴ്‌നാട് ആ നിലയ്ക്ക് ഒട്ടും മുന്നോട്ടുപോയിട്ടില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമാ സംസ്‌കാരവുമില്ല.

"</p

പ്ര: സ്വത്വരാഷ്ട്രീയം വളരെ ശക്തമായ തമിഴ്‌നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ കുറേക്കൂടി ശക്തമായി ഉന്നയിക്കപ്പെടുമെന്നല്ലേ കരുതേണ്ടത്?

ദി: എഐഎഡിഎംകെയിലെ ചെറിയ ഗ്രൂപ്പുകള്‍ പലതും ബിജെപിയുടെ പിടിയിലാണ്. തോല്‍ തിരുമാവളവന്‍ ഇതിന്റെ ഭാഗമാണ്. അതിന്റെ നേതാവാണ് എനിക്കെതിരെ പരാതി നല്‍കിയ കൃഷ്ണസ്വാമി. ജാതി രാഷ്ട്രീയം വേറൊരു വഴിക്കാണ്. അരുന്ധതിയാര്‍ അപകടത്തില്‍ മരിച്ചാല്‍ പറയര്‍ ഇടപെടില്ല. പറയര്‍ മരിച്ചാല്‍ അരുന്ധതിയാര്‍ പോകില്ല. പല മാന്‍ഹോള്‍ മരണങ്ങളും ഒത്തുതീര്‍പ്പു ചര്‍ച്ചകളിലൂടെ പരിഹരിക്കും. നാമക്കല്‍ അപകടത്തില്‍പ്പെട്ടയാള്‍ സെല്‍ഫോണ്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ സെപ്റ്റിക് ടാങ്കില്‍ വീണുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുമാവളവന്‍ പാര്‍ട്ടിയുടെ അഭിഭാഷകവിഭാഗം നേതാവാണ് പണം വാങ്ങി അത് ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പുണ്ടാക്കി കമ്മീഷന്‍ വാങ്ങുന്നതാണ് ഇത്തരം പാര്‍ട്ടികളുടെ സ്ഥിരം പരിപാടി.

Avatar

പ്രസാദ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍