UPDATES

സിനിമ

ഈ.മ.യൗവിലെ വാവച്ചന്‍ മേസ്തിരിക്കപ്പുറം കൈനകരി തങ്കരാജ് എന്ന നടനെക്കുറിച്ച് എന്തറിയാം?

മലയാള നാടകരംഗത്ത് വിലക്ക് നേരിടേണ്ടി വന്ന ആദ്യത്തെ നടന്‍, കെപിഎസിക്കു മുന്നില്‍ കൊടികുത്തി സമരം ചെയ്യുന്നമെന്നു പറഞ്ഞ നടന്‍; അസാധാരണമായ ഒരു ജീവിത (നാടക) കഥ

കെപിഎസിയില്‍ നിന്നും മാറി പോകുന്നൊരു നടന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയടക്കം പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിയുടെയും പത്രത്തിന്റെയും ബാക്കിയുള്ള വര്‍ഗ സംഘടനകളുടെയുമെല്ലാം പേരില്‍ ഓരോരുത്തരായി നടന് ഉപഹാരങ്ങള്‍ നല്‍കുന്നു. കണിയാപുരം രാമചന്ദ്രന്റെ ഊഴമെത്തിയപ്പോള്‍ അദ്ദേഹത്തിന് നടന് നല്‍കാന്‍ ഉപഹാരമൊന്നുമില്ല. കണിയാപുരം തന്റെ പ്രസംഗമവസാനിപ്പിച്ച് പാര്‍ട്ടി സെക്രട്ടറിയെ നോക്കി കൊണ്ടു ചോദിച്ചു; സഖാവ് അനുവദിക്കുകയാണെങ്കില്‍ കെപിഎസിയില്‍ നിന്നും പോകുന്ന എന്റെ പ്രിയ സഖാവിന് ഞാനൊരു ഉമ്മ കൊടുത്തോട്ടേ…

കേരളത്തിന്റെ നാടകരംഗത്ത് കെപിഎസി അതിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുന്ന സമയത്താണിത് നടക്കുന്നത്. മറ്റേതു നടക സമതിക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത പെരുമയില്‍ നില്‍ക്കുന്ന കെപിഎസിയില്‍ നിന്നും ഒരു നടന്‍ മറ്റൊരിടത്തേക്ക്‌ പോകുന്നത് തന്നെ അത്ഭുതമാണ്. ഇപ്പോള്‍ പോകുന്ന നടന് പകരക്കാരനായി വേറൊരാളെ എളുപ്പം കിട്ടുമെന്നിരിക്കെ പാര്‍ട്ടിയും നാടക സമതിയുമെല്ലാം ഒരുപോലെ ആഗ്രഹിച്ചത് ആ നടന്‍ പോകരുതേയെന്നായിരുന്നു. കാരണം പോകുന്നയാള്‍ കേരളം കണ്ട എറ്റവും മികച്ച നാടക നടന്‍ മാത്രമായതുകൊണ്ടല്ല, അയാള്‍ നല്ലൊരു സഖാവ് കൂടിയായിരുന്നു, നല്ലൊരു സഹപ്രവര്‍ത്തകനായിരുന്നു. അതാണ് കൈനകരി തങ്കരാജ്…

കൈനകരി തങ്കരാജ് കെപിഎസിക്ക് ആരായിരുന്നുവെന്ന് മനസിലാക്കാന്‍ സാക്ഷാല്‍ തോപ്പില്‍ ഭാസിയുടെ ഈ വാചകം തന്നെ ധാരാളം; കൈനകരി തങ്കരാജ് എന്ന നടന്‍ കെപിഎസിയില്‍ നിന്നും പോകുന്നതില്‍ എനിക്ക് വിഷമമില്ലെന്നല്ല, പക്ഷേ, കൈനകരി തങ്കരാജ് എന്ന വ്യക്തി ഇവിടെ നിന്നും പോകുന്നത് എനിക്ക് അതിനെക്കാള്‍ വലിയ വിഷമമാണ് നല്‍കുന്നത്… പോകാതിരുന്നൂടേ സഖാവേ…

ഇത് വായിക്കുന്നവരില്‍ ഭൂരിഭാഗത്തിനും അതല്ലെങ്കില്‍ ഇന്നത്തെ തലമുറയില്‍പെട്ടവര്‍ക്കെല്ലാം തന്നെ കൈനകരി തങ്കരാജ് എന്ന പേര് പരിചയമാകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ. മ. യൗ എന്ന സിനിമയിലെ വാവച്ചന്‍ മേസ്തിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്ന നിലയില്‍ ആയിരിക്കാം. എന്നാല്‍ അമേച്വര്‍ നാടകങ്ങള്‍ ഉള്‍പ്പെടെ അറുപത് വര്‍ഷത്തോളം കേരളത്തിന്റെ നാടകരംഗത്ത് പലവിധത്തിലായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കൈനകരി തങ്കരാജിനെ വായനക്കാര്‍ മനസിലാക്കേണ്ടത് ഒരു സിനിമയിലെ കഥാപാത്രത്തിലൂടെ മാത്രമല്ല, അതിനുമപ്പുറം കൈനകരി തങ്കരാജിനെ കുറിച്ച് അറിയേണ്ടതുണ്ട്. പൂര്‍ണമായല്ലെങ്കിലും ആ വലിയ നടന്റെ അനുഭവങ്ങളിലൂടെ കടന്നു പോകാം…

അമ്മ നടനാക്കിയ മകന്‍
ഓച്ചിറ പരബ്രഹ്മോദയം നാടക സമതിയിലെ നടനായിരുന്നു അച്ഛന്‍ നാരായണന്‍കുട്ടി ഭാഗവതര്‍. അമ്മ ജാനകിയമ്മ, ഒരു ശുദ്ധ നാട്ടിന്‍പുറത്തുകാരി. ഇരുവരുടെയും കടിഞ്ഞൂല്‍ സന്തതിയായാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് ഏഴുമാസം പ്രായമായപ്പോള്‍ അച്ഛന്‍ മരിച്ചു. അഭിനയം ജീവിതമായി കരുതിയ അച്ഛനെ രംഗത്തെ വേഷവിധാനങ്ങളോടെയായിരുന്നു ദഹിപ്പിച്ചത്. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചില്ല. അവര്‍ക്ക് ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുളളൂ. അച്ഛനെ പോലെ മകനെയും ഒരു വലിയ നടനായി കാണണം. അമ്മ എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ആ കാര്യം മാത്രമാണ്.

എന്റെ ഉള്ളില്‍ അഭിനയമോഹം കുഞ്ഞുനാളിലെ കയറിയിരുന്നു. എന്നാല്‍ അഭിനയത്തിന്റെ ആദ്യാനുഭവം തിരസ്‌കരണത്തിന്റെ കയ്‌പ്പോടെയാണ് ജീവിതത്തില്‍ സംഭവിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളില്‍ അധ്യാപകരും കുട്ടികളുമെല്ലാം ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. കാനം ഇ.ജെ എഴുതിയ ‘മതിലുകള്‍ ഇടിയുന്നു’ എന്ന നാടകമാണ് കളിക്കുന്നത്. അഭിനേതാക്കളാകാന്‍ കുട്ടികളില്‍ നിന്നും താത്പര്യമുള്ളവരെ ക്ഷണിച്ചു. ഞാനും പങ്കെടുത്തു. പക്ഷേ ഒഴിവാക്കപ്പെട്ടു. ആ ഒഴിവാക്കാല്‍ ഒരു വാശിയായി മാറി. എനിക്കൊപ്പം തിരസ്‌കരിക്കപ്പെട്ട കുട്ടികളെയെല്ലാം വിളിച്ചു ചേര്‍ത്ത്, അതേ നാടകം നമ്മള്‍ വേറെ കളിക്കുമെന്ന്  പ്രഖ്യാപിച്ചു. റിഹേഴ്‌സല്‍ ക്യാമ്പായി വീട് മകനും കൂട്ടുകാര്‍ക്കും വിട്ടുനല്‍കാന്‍ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ സ്‌കൂളില്‍ നാടകം നടക്കുന്നതിനു തലേന്ന് ഞങ്ങള്‍ അതേ നാടകം അരങ്ങത്ത് കയറ്റി. നാടകത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും നല്ല സ്വീകരണം കിട്ടി. മാത്രമല്ല, ഇതേ നാടകം കൈനകരിയില്‍ പലയിടത്തുമായി കളിച്ചു. അതോടെ ഒരു നടനെന്ന നിലയില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. അമേച്വര്‍, ഏകാംഗം നാടകങ്ങളിലേക്ക് പലരും വിളിക്കാന്‍ തുടങ്ങി. താമസിയാതെ കൈനകരിക്കു പുറത്തേക്കും കൈനകരി തങ്കരാജ് എന്ന പേര് വളരാന്‍ തുടങ്ങി. ആലപ്പുഴയില്‍ നിന്നും എന്നെ അന്വേഷിച്ച് ആളുകള്‍ എത്തി. നാടകമത്സരങ്ങളില്‍ തങ്ങളുടെ നാടകങ്ങളില്‍ തങ്കരാജ് ഉണ്ടെങ്കില്‍ സമ്മാനം ഉറപ്പാണെന്ന് കരുതി കൈനകരിക്ക് ബോട്ട് കയറി വന്നവരില്‍ ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകളൊന്നും ഞാന്‍ തെറ്റിച്ചില്ല. അങ്ങനെ ആലപ്പുഴയിലെ യംഗ്‌സ്റ്റേഴ്‌സ് നാടക സമിതിയില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും നാടകമത്സരത്തിനു പോയ ഒരു നാടകത്തിലൂടെ തിരുവനന്തപുരം ആക്ടിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മികച്ച നാടക നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആ ചടങ്ങില്‍ എന്നെ തേടി ചങ്ങനാശ്ശേരി ഗീഥയുടെ ചാച്ചപ്പന്‍ ചേട്ടന്‍ വന്നു. ഗീഥ പ്രൊഫഷണല്‍ നാടകരംഗത്ത് പെരുമേയറിയ ട്രൂപ്പാണ്. ചാച്ചപ്പന്‍ ചേട്ടന്‍ വന്നത് എന്നെ  ഗീഥയിലേക്ക് ക്ഷണിക്കാനായിരുന്നു. അങ്ങനെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നെത്തി. അവിടെ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് വരെ നാടകത്തില്‍ തന്നെയായിരുന്നു എന്റെ ജീവിതം. 12,00 ഓളം വേദികള്‍ കളിച്ചു.  അതൊരു റെക്കോര്‍ഡ് തന്നെയായിരിക്കാം.

"</p

യൂണിയന്‍ ഉണ്ടാക്കിയതിന് അഞ്ചുവര്‍ഷത്തെ വിലക്ക്
കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സില്‍ ഉണ്ടായിരുന്ന കാലം. അക്കാലത്ത് അഭിനേതാക്കള്‍ നേരിടുന്നത് കടുത്ത ചൂഷണമാണ്. സമതികളുടെ ഉടമകള്‍ കൃത്യമായ പ്രതിഫലമോ മറ്റു സൗകര്യങ്ങളോ ഒന്നും അഭിനേതാക്കള്‍ക്ക് നല്‍കാറില്ല. ഇതിനൊരു അറുതിവരുത്തണമെങ്കില്‍ അഭിനേതാക്കള്‍ സംഘടിക്കണം. അങ്ങനെയാണ് ഞാന്‍ സെക്രട്ടറിയും വൈക്കം വിശ്വന്‍ പ്രസിഡന്റുമായി നടീനടന്മാര്‍ക്കായി ഒരു സംഘടനയുണ്ടാക്കുന്നത്. പല സമതികളും യൂണിയനില്‍ ചേര്‍ന്നെങ്കിലും ഞാന്‍ നാടക സമതി ഉടമകളുടെ കണ്ണിലെ കരടായി. ഞങ്ങളുടെ സംഘടനയ്‌ക്കെതിരായി കൊല്ലത്ത് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ഉടമകള്‍ ചേര്‍ന്ന് മറ്റൊരു സംഘടനയുമുണ്ടാക്കി. അവരുടെ സംഘടനയുടെ പ്രധാന തീരുമാനം എന്നെ വിലക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തേക്ക് കൈനകരി തങ്കരാജിനെ ഒരു സമതിയിലും കളിപ്പിക്കരുതെന്ന തീരുമാനം അവര്‍ എടുത്തു.

അഭിനയം എന്റെ ജീവിതമാണ്. പക്ഷേ, നെറികേടുകള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല. കാരണം, ഞാനൊരു കമ്യൂണിസ്റ്റായിരുന്നു. അഞ്ചുവര്‍ഷത്തേക്ക് എന്നെ നാടകം കളിപ്പിക്കില്ലെങ്കില്‍ വേണ്ട, പക്ഷേ, അതുകൊണ്ട് ഞാന്‍ തോല്‍ക്കുകയില്ല. അങ്ങനെയാണ് ആ തീരുമാനം എടുക്കുന്നത്.

ആദ്യം മദ്രാസിലേക്ക് അവിടെ നിന്ന് കെപിഎസിയിലേക്ക്
കുടുംബസ്വത്തില്‍ നിന്നും രണ്ടേക്കര്‍ പുഞ്ചവയല്‍ വിറ്റു. ആ പണവുമായി നേരെ മദ്രാസിലേക്കു വണ്ടി കയറി. സിനിമയില്‍ അഭിനയിക്കാന്‍. കെ ടി മുഹമ്മദ്, ശാരംഗപാണി തുടങ്ങിയ സുഹൃത്തുക്കള്‍ അവിടെയുണ്ട്. മദ്രാസില്‍ ചെന്ന് അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിയൊന്നും വന്നില്ല. അഞ്ചാറ് സിനിമകളില്‍ അഭിനയിച്ചു. ആനപാച്ചന്‍ എന്ന സിനിമയില്‍ പ്രധാനകഥാപാത്രമായിരുന്നു. നാടകം ഇല്ലെങ്കില്‍ സിനിമ എന്നു തീരുമാനിച്ചു മുന്നോട്ട് പോകുന്നതിനിടിയിലാണ് എന്നെ തിരിക്കി കെപിഎസിയില്‍ നിന്നും ആളെത്തുന്നത്.

"</p

എസ് എല്‍ പുരം സദാനന്ദന്‍ കെപിഎസിക്കു വേണ്ടി ഒരു നാടകം എഴുതി സംവിധാനം ചെയ്യാമെന്ന് സമ്മതിച്ചു. ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന ആ നാടകത്തില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളിന്റെ വേഷമുണ്ട്. അത് കൈനകരി തങ്കരാജ് തന്നെ ചെയ്യണം എന്നതുമാത്രമായിരുന്നു എസ് എല്‍ പുരത്തിന്റെ ഡിമാന്‍ഡ്. ഞാനും എസ് എല്‍ പുരവുമായി ഒരു പരിചയവുമില്ല, അതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ല. എസ് എല്‍ പുരത്തിന്റെ ആവശ്യപ്രകരമാണ് കെപിഎസിയില്‍ നിന്നും എന്നെത്തേടി മദ്രാസില്‍ എത്തുന്നത്. കെപിഎസിയുടെ കൊടിവച്ച വണ്ടി പോകുമ്പോള്‍, ആ വണ്ടിയിലെങ്കിലും കയറാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള എന്നേത്തടി അവര്‍ തന്നെ വന്നിരിക്കുകയാണ്! കെപിഎസിയില്‍ അവസരം കിട്ടിയതോടെ സിനിമ  വിട്ടു. മദ്രാസില്‍ നിന്നും തിരിച്ചു പോന്നു. വിലക്ക് നിലനില്‍ക്കുന്ന സമയമാണെങ്കിലും കെപിഎസി, ഓണേഴ്‌സ് അസോസിയേഷനില്‍ അംഗമല്ലാത്തതുകൊണ്ട് അവിടെ അഭിനയിക്കാന്‍ എനിക്ക് തടസ്സമില്ലായിരുന്നു. അങ്ങനെ ഞാന്‍ കെപിഎസിയലെ നടനായി. അവിടുത്തെ പ്രധാന നടനായി, കണ്‍വീനറും സെക്രട്ടറിയുമായി… കെപിഎസിയില്‍ എനിക്ക് വലിയൊരു സ്ഥാനം തന്നെ കിട്ടി. ഞാനുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും എന്നിലെ നടനെ ഇഷ്ടപ്പെട്ട എസ് എല്‍ പുരമാണ് അതിനൊരു നിമിത്തമായതെന്ന കാര്യം ഇന്നും ഞാന്‍ സ്മരിക്കുന്നു. കെപിഎസിയില്‍ നില്‍ക്കുന്ന സമയത്ത് എസ് എല്‍ പുരം രണ്ടുവട്ടം അദേഹത്തിന്റെ നാടകത്തിലേക്ക് എന്നെ വിളിച്ചെങ്കിലും എനിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പ് കാട്ടുകുതിരയിലേക്ക് എന്നെ വിളിച്ചപ്പോഴും അതും ചെയ്യാന്‍ പറ്റിയില്ല. കൊച്ചുവാവയായി എന്നെ കണ്ടാണ് കാട്ടുകുതിര എഴുതിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ആ സമയം എനിക്ക് വിലക്കുള്ളതിനാല്‍ വിളിക്കാന്‍ പറ്റിയില്ല, എസ് എല്‍ പുരവും ഓണേഴ്‌സ് അസോസിയേഷനിലെ അംഗമായിരുന്നു. അക്കാര്യം അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളതാണ്. രാജന്‍ പി ദേവാണ് പിന്നീട് കൊച്ചുവാവയെ നാടകത്തില്‍ അവതരിപ്പിച്ചത്. രാജന്‍ പി ദേവുമായി ചില അസ്വാരസ്യങ്ങള്‍ വന്നതോടെ എന്നെ തേടി വീണ്ടും എസ് എല്‍ പുരം വരികയായിരുന്നു. കെപിഎസിയില്‍ നില്‍ക്കുന്നതുകൊണ്ട് പക്ഷേ പോകാന്‍ സാധിച്ചില്ല.

വേണ്ടി വന്നാല്‍ കെപിഎസിക്കെതിരെ കൊടികുത്തി സമരം ചെയ്യും
കെപിഎസിയില്‍ ഞാന്‍ പ്രധാനിയായി നില്‍ക്കുന്ന സമയം തന്നെ ആ സ്ഥാപനത്തിനെതിരെ കൊടി കുത്തി സമരം ചെയ്യേണ്ടിവരുമെന്നു വെല്ലുവിളിക്കേണ്ടിയും വന്നിട്ടുണ്ട്. അതിനൊരു കാരണമുണ്ട്. കെഎപിഎസിയില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഒരു ഹാര്‍മോണിസ്റ്റ് ജോണ്‍സണ്‍ മാസ്റ്റര്‍ പിരിഞ്ഞു പോകുന്ന സമയം. പോകാറായപ്പോള്‍ ജോണ്‍സണ്‍ മാഷ് എന്നെ കാണാന്‍ വന്നു. സഖാവേ കടമായി എനിക്കൊരു അമ്പത് രൂപ തരണം. കിട്ടുമ്പോള്‍ തിരിച്ചു തരാമെന്നു വളരെ വിഷമത്തോടെ മാസ്റ്റര്‍ എന്നോട് പറഞ്ഞു. ഭക്ഷണം കഴിച്ച വകയില്‍ കാന്റീനില്‍ കൊടുക്കാനുള്ളതുള്‍പ്പെടെ ചില കടങ്ങള്‍ തീര്‍ക്കണം. പിന്നെ വണ്ടിക്കൂലിക്കും മറ്റുമായി കൈയില്‍ കുറച്ച് കാശ് കരുതുകയും വേണം, അതിനാണ് കടം ചോദിച്ചതെന്ന് മാസ്റ്റര്‍ പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ വലിയ സങ്കടം തോന്നി. വര്‍ഷങ്ങളായി ഈ പ്രസ്ഥാനത്തിനൊപ്പം നിന്നൊരു മനുഷ്യന്‍ പിരിഞ്ഞു പോകുമ്പോള്‍ കടം വാങ്ങിക്കേണ്ട ഗതി ഉണ്ടായിരിക്കുന്നു. മാസ്റ്റര്‍ക്ക് ഞാന്‍ പണം കൊടുത്തു. പിറ്റേ തവണ കെപിഎസി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന സമയം. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. യോഗം തുടങ്ങിയപ്പോള്‍ തന്നെ എനിക്കു പ്രധാനപ്പെട്ടൊരു കാര്യം പറയാന്‍ ഉണ്ടെന്നു പറഞ്ഞു ഞാന്‍ എഴുന്നേറ്റു നിന്നു. ജോണ്‍സണ്‍ മാസ്റ്ററുടെ അനുഭവം പറഞ്ഞു കഴിഞ്ഞ് ഞാന്‍ എല്ലാവരോടുമായി പറഞ്ഞു, ഇവിടെ പ്രൊവിഡന്‍ ഫണ്ട് രൂപീകരിക്കണം. വര്‍ഷളോളം ഈ പ്രസ്ഥാനത്തിനൊപ്പം നിന്നവര്‍ പിരിഞ്ഞു പോകുമ്പോള്‍ വണ്ടിക്കൂലിക്ക് പോലും മറ്റുള്ളവരോട് കടം വാങ്ങേണ്ട ഗതികേട് ഇനിയുണ്ടാകരുത്. ഈ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍, അതുണ്ടാകുന്നതുവരെ ഞാന്‍ ഈ സ്ഥാപനത്തിനു മുന്നില്‍ ചെങ്കൊടി കുത്തി സമരമിരിക്കും. എന്റെ വാക്കുകള്‍ ഉറച്ചു തന്നെയായിരുന്നു. സഖാക്കള്‍, അവരെന്റെ വാക്ക് കേട്ടു. അന്നു മുതല്‍ ഓരോരുത്തരുടെയും ശമ്പളത്തില്‍ നിന്നും പത്തു രൂപ വീതം പിടിച്ചും ഇരുപതു രൂപ സ്ഥാപനവും ഇട്ട് എല്ലാവര്‍ക്കും പ്രൊവിഡന്‍ ഫണ്ട് ഏര്‍പ്പാടാക്കി. മറ്റൊരു സമിതിയിലും ഇല്ലാത്ത കാര്യമാണ് കെപിഎസി അന്ന് ചെയ്തത്. ഇന്ന് കെപിഎസിയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ പലര്‍ക്കും ലക്ഷങ്ങള്‍ പിഎഫ് ആയി കിട്ടാറുണ്ട്. അതെങ്ങനെ ഉണ്ടായി എന്നൊന്നും ആരും തന്നെ ഓര്‍ക്കുന്നില്ലെങ്കില്‍ പോലും, ഞാന്‍ മനസില്‍ സൂക്ഷിക്കുന്ന ഓര്‍മകളില്‍ ഒന്നാണിതും.

"</p

യൂണിയന്‍ ഉണ്ടാക്കാനും സമരം ചെയ്യാനുമൊക്കെ ഇറങ്ങി സ്വന്തം സുരക്ഷിതത്വം എന്തുകൊണ്ട് ഇല്ലാതാക്കണമെന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. അന്നും ഇന്നും എനിക്കതിനുള്ള ഉത്തരം, സഹജീവികളുടെ വിഷമം കണ്ടിട്ട് മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ്. കാരണം ഞാനൊരു കമ്യൂണിസ്റ്റാണ്. പാര്‍ട്ടിക്കാരനെന്നല്ല, കമ്യൂണിസം എന്ന ആശയം, ആ സംസ്‌കാരം നെഞ്ചേറ്റുന്നൊരുത്തന്‍. ഇന്ന് പാര്‍ട്ടിയും ഭരണവുമൊക്കെ ഉണ്ടാകാന്‍ കാരണം കെപിഎസിയും അതില്‍ പ്രവര്‍ത്തിച്ച അതുല്യ കലാകാരന്മാരുമൊക്കെയാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളരുന്നതില്‍ നിസ്തുലമായ പങ്കാണ്  നാടകങ്ങള്‍ വഹിച്ചിരിക്കുന്നത്. അരങ്ങില്‍ നില്‍ക്കുന്ന നടന്‍ പോലും തന്റെ ഒരു പ്രവര്‍ത്തികൊണ്ട്, അതല്ലെങ്കില്‍ രംഗത്തു വച്ച് അപ്പോള്‍ ഉണ്ടാക്കി പറയുന്നൊരു ഡയലോഗിലൂടെ ജനങ്ങളിലേക്ക് ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

ഒരു അനുഭവം പറയാം, ഞാന്‍ ഉണ്ടാക്കിയ സമിതി കളിച്ച നാടകമായിരുന്നു ഐഷ. ആ നാടകത്തില്‍ രചയിതാവ് എഴുതാത്ത ഒരു രംഗം ഞാന്‍ കൂട്ടിച്ചേര്‍ത്തു. നാടകത്തില്‍ വയലാര്‍ എന്നൊരു കഥാപാത്രമുണ്ട്. വയലാറിനെ കാണാന്‍ ഒരു മുസ്ലിം യുവാവ് എത്തും. അയാള്‍ വയലാറിനോട് പറയുകയാണ്, സാറേ, ഞാന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്, ആ തെറ്റുകള്‍ എനിക്ക് തിരുത്തണം, എനിക്ക് ജീവിക്കണം… ഈ സമയം ഒരു ഫാക്ടറിയില്‍ നിന്നും ജോലി കഴിഞ്ഞ് അവിടുത്തെ തൊഴിലാളികള്‍ ഇങ്ക്വിലാബ് സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഒരു ജാഥ പോലെ ഇറങ്ങി വരുന്നുണ്ട്. ആ ജാഥ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ വയലാര്‍ ചെറുപ്പക്കാരനോട് പറയും; നീ പോയ് അവരുടെ കൂടെ ചേരൂ, അവിടെ നിന്ന് നിനക്ക് നല്ലൊരു ജീവിതം കിട്ടും… ഈ രംഗവും സംഭാഷണവും ജനങ്ങളോട് എനിക്ക് പറയാനുള്ള സന്ദേശമായിരുന്നു. ഞാന്‍ നടത്തിയ രാഷ്ട്രീയം എന്റെ കലാപ്രവര്‍ത്തനത്തിലൂടെയായിരുന്നു. ഇന്ന് ഒരു കമ്യൂണിസ്റ്റ് ജാഥ പോകുമ്പോള്‍ എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റുമോ എന്നറിയില്ല, അവിടെ നിന്ന് നിനക്കൊരു നല്ല ജീവിതം കിട്ടുമെന്ന്, ഇന്നാണെങ്കില്‍ ആ ഡയലോഗില്‍ ‘ഒരു പക്ഷേ’ എന്നൊരു വാക്ക് കൂടി ഞാന്‍ ചേര്‍ക്കും. കാരണം, ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കമ്യൂണിസം എന്നത് ഒരു സംസ്‌കാരമാണ്… അതുള്‍ക്കൊണ്ട് വേണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍. അങ്ങനെ സംഭവിച്ചാല്‍ ഈ കേരളം അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാത്രമല്ല, എപ്പോഴും ഇടതുപക്ഷത്തിനു തന്നെ ഭരിക്കാന്‍ കഴിയും.

കെപിഎസിയില്‍ നിന്നും സാരഥിയിലേക്ക്
കെപിഎസിയില്‍ എന്നെ കാണാന്‍ ഒരുദിവസം ചാലക്കുടിയില്‍ നിന്നും കുറച്ചു പേര്‍ എത്തി. ചാലക്കുടി സാരഥി എന്ന നടക സമതിയുടെ ഉടമകളാണ്. ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെ. ജോസ് പെല്ലിശ്ശേരി അവിടുത്തെ നടനും സമതിയുടെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്. പി സി സേവ്യര്‍ എന്ന നടന്റെ മരണത്തോടെ അദ്ദേഹത്തിന് പകരക്കാരനായി ഒരാളെ അവര്‍ക്ക് വേണം. എന്നെയാണവര്‍ ആഗ്രഹിക്കുന്നത്. കെപിഎസി വിട്ട് പോവുക എന്നത് അന്നത്തെ കാലത്ത് ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. പക്ഷേ, അവര്‍ എന്നെ നിര്‍ബന്ധിക്കുകയാണ്. ഒഴിഞ്ഞു മാറാന്‍ പലതും ഞാന്‍ പറഞ്ഞു നോക്കി. വലിയ ഡിമാന്‍ഡുകള്‍ വച്ചു നോക്കി. അതെല്ലാം അവര്‍ സമ്മതിക്കുകയാണ് ചെയ്തത്. ഒടുവില്‍ എനിക്കവര്‍ക്ക് വഴങ്ങേണ്ടി വന്നു. പക്ഷേ ഇക്കാര്യം കെപിഎസിയില്‍ പറയുന്നതെങ്ങനെ? ഒരാഴ്ചയോളം ഞാന്‍ അവിടെ ആരോടും പറയാന്‍ നിന്നില്ല. ഒടുവില്‍ വിഷയം അവതരിപ്പിച്ചു. വിചാരിച്ചതുപോലെ തന്നെ, ഞാന്‍ പോകാന്‍ ഒരാളും സമ്മതിക്കുന്നില്ല. ഞാനാണെങ്കില്‍ സാരഥിക്കാരോട് വാക്കും പറഞ്ഞു. തോപ്പില്‍ ഭാസി ഉള്‍പ്പെടെ പോകരുതെന്നാണ് അഭ്യര്‍ത്ഥിച്ചത്. അദ്ദേഹം എന്നോടു പറഞ്ഞു, കൈനകരി തങ്കരാജ് എന്ന നടന്‍ പോകുന്നതിനെക്കാള്‍ എനിക്ക് വിഷമം കൈനകരി തങ്കരാജ് എന്ന വ്യക്തി കെപിഎസിയില്‍ നിന്നും പോകുന്നതിലാണ്. ഞാനപ്പോള്‍, പറഞ്ഞു, നാട്ടിലെ ഒരു സ്‌കൂള്‍ വാധ്യാര്‍ ഗള്‍ഫില്‍ മണ്ണ് ചുമക്കാന്‍ പോകുന്നുവെങ്കില്‍ അതിന് ഒരു കാരണമേയുള്ളൂ, പണം. അങ്ങനെ ഞാന്‍ ഒരു വര്‍ഷത്തെ ലീവില്‍ കെപിഎസിയില്‍ നിന്നും പോരുകയാണ്. ഒരു വര്‍ഷം കഴിഞ്ഞ് തിരികെ വരാമെന്നാണ് എല്ലാവരോടും പറഞ്ഞത്. പക്ഷേ, സാരഥിയില്‍ നിന്നു പോരുന്നത് പത്തുവര്‍ഷം കഴിഞ്ഞാണ്. അന്ന് ഞാന്‍ സാരഥിയില്‍ എത്തുമ്പോള്‍ ലിജോയ്ക്ക് നാലു വയസോ മറ്റോ ആണ്. ഞാനയാളെ കൈനകരിയില്‍ എന്റെ വീട്ടിലൊക്കെ കൊണ്ടുവന്നിട്ടുണ്ട്.

കലാഭവന്‍ മണിയുടെ അച്ഛന്‍
ചാലക്കുടിയില്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ താഴെ ഒരു ഓട്ടോസ്റ്റാന്‍ഡ് ഉണ്ട്. അവിടുത്തെ ഒരോട്ടോക്കാരനെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്റെ ഓട്ടോയില്‍ നിന്ന് എപ്പോഴും പാട്ടും മേളവുമൊക്കെയാണ്. അവന്റെ വക കലാപരിപാടികളും കാണും. ആളൊരു കലാകാരനാണെന്ന് ഞാന്‍ ഉറപ്പിച്ചു. അതുകൊണ്ട് പുറത്തെവിടെയെങ്കിലും പോകണമെങ്കില്‍ ഞാന്‍ അവനെയാണ് വിളിക്കാറ്. അത് മണിയായിരുന്നു; കലാഭവന്‍ മണി. ഒരു ദിവസം ഞാന്‍ മണിയുടെ ഓട്ടോയില്‍ ബാറില്‍ പോയി. അന്ന് പതിവിലും കുറച്ചു കൂടുതല്‍ നേരം ഞാന്‍ അകത്തിരുന്നു. സമയം പോകുന്നതുകൊണ്ട് എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി മണി വാതിലിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. ഞാനത് കാണുന്നുണ്ട്. ഞാന്‍ മണിയെ അകത്തേക്കു വിളിച്ചു. പമ്മി പമ്മി കേറി വന്നു. വെയ്റ്ററെ വിളിച്ചിട്ട് ഇവനൊരു തൊണ്ണൂറ് ഒഴിച്ചു കൊടുക്കാന്‍ പറഞ്ഞു. മണി ആദ്യം വേണ്ടെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറി. അവിടെയിരുന്നു കുടിക്കടാ… എന്ന് ഒരു ശാസനയുടെ സ്വരത്തില്‍ ഞാന്‍ പറഞ്ഞതോടെ അവനത് കുടിച്ചിട്ട് പുറത്തേക്ക് പോയി. ഞാന്‍ പിന്നെ അവിടെ നിന്നിറങ്ങി ഓട്ടോയ്ക്ക് അടുത്തേക്ക് ചെല്ലുമ്പോള്‍ മണി ഓട്ടോയില്‍ പിടിച്ചു കൊണ്ടു നില്‍ക്കുകയാണ്. എന്നെ കണ്ടതോടെ വിറയാര്‍ന്ന ശബ്ദത്തോടെ അവന്‍ പറഞ്ഞു, അടുത്ത ജന്മത്തില്‍ ഈ മഹാനടന്റെ മകനായി ജനിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടേ… പിന്നെയവന്‍ ശബ്ദം താഴ്ത്തി ഒരുകാര്യം കൂടി ചോദിച്ചു; ഞാന്‍ അച്ഛാ എന്നു വിളിച്ചോട്ടെ… അന്നു മുതല്‍ മരണം വരെ ഞാന്‍ അവന് അച്ഛനും എനിക്കവന്‍ മകനുമായിരുന്നു. എന്റെ ഓരോ പിറന്നാളും അവന്‍ ഓര്‍ത്തുവയ്ക്കും. ഞാന്‍ മറന്നുപോയാല്‍ കൂടി എന്നെ വിളിക്കും. ഒന്നുകില്‍ നേരിട്ട് വന്ന്, അതല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ട് ഓരോ പിറന്നാളിനും എനിക്കൊരു ഷര്‍ട്ടും മുണ്ടും മണി സമ്മാനിക്കും. മണി വാങ്ങി തന്ന ഷര്‍ട്ടുകളും മുണ്ടുകളും ഇപ്പോഴും എന്റെ അലമാരയില്‍ ഇരിക്കുകയാണ്… അവന്റെ സാന്നിധ്യം എന്നപോലെ…

"</p

ഒന്നല്ല, രണ്ട് നടക സമിതികള്‍ ഉണ്ടാക്കി
95 കാലത്ത് ഞാന്‍ സ്വന്തമായി നാടക സമതി രൂപീകരിച്ചു. ഒന്നല്ല, രണ്ടെണ്ണം. കൈനകരി തിയറ്റേഴ്‌സ്, എ യും ബിയും. അതിന്റെ പിന്നില്‍ ഒരു വാശിയുടെ കഥയുണ്ട്. കൊല്ലത്തുള്ള ഒരു സമതി എന്നെ വിളിക്കുകയാണ്. രണ്ടുപേര്‍ ചേര്‍ന്ന് നടത്തുന്നതാണ്. അവര്‍ക്ക് ഒരു നാടകം ഞാന്‍ എഴുതി സംവിധാനം ചെയ്തു കൊടുക്കണം. ഞാന്‍ പോയി. നാടകം ചെയ്തു കൊടുത്തു. അടുത്ത വര്‍ഷത്തേക്ക് മറ്റൊന്നു കൂടി ചെയ്തു കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു, ഞാനത് സമ്മതിക്കുകയും ചെയ്തു. അതിന്റെ ആലോചനകള്‍ തുടങ്ങും മുന്നേ ആദ്യത്തെ നാടകത്തിന്റെ ക്ലൈമാക്‌സ് ഒന്നു മാറ്റണമെന്ന് എനിക്ക് തോന്നി. നടീനടന്മാരെയൊക്കെ വിളിച്ച് റിഹേഴ്‌സല്‍ തുടങ്ങി. പക്ഷേ, ക്ലൈമാക്‌സ് രംഗത്ത് പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന നടി എത്ര ശ്രമിച്ചിട്ടും ഞാന്‍ പറയുന്നപോലെ അഭിനയിക്കുന്നില്ല. ഞാനതില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ നടി ഉടമകളോട് ഇക്കാര്യം മറ്റൊരു തരത്തിലാണ് പരാതിയായി പറഞ്ഞുകൊടുത്തത്. ഉടമകള്‍ എന്നെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. അവര്‍ നടിയുടെ ഭാഗത്ത് നിന്നാണ് സംസാരിക്കുന്നത്. ഞാന്‍ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് അവരുടെ അഭിപ്രായം. അതിനോട് യോജിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു നാടക സമതി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ കാണിച്ചു തരാമെന്നും ഞാന്‍ സ്വന്തമായി ഒരു സമതി തുടങ്ങുവാണെന്നും അവരെ വെല്ലുവിളിച്ചാണ് ഒന്നിനു പകരം രണ്ടായി കൈനകരി തിയറ്റേഴ്‌സ് എ, ബി എന്നിങ്ങനെ രണ്ട് സമതികള്‍ ഉണ്ടാക്കുന്നത്. ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതൊന്നും എന്റെ സമതിയിലുള്ളവര്‍ക്ക് ഉണ്ടാകരുതെന്ന തീരുമാനത്തില്‍ ഒന്നിനും ഒരു കുറവും വരുത്താതെ എല്ലാവരെയും നോക്കി. ശമ്പളത്തിന്റെ കാര്യത്തിലോ, താമസത്തിന്റെ കാര്യത്തിലോ, ഭക്ഷണത്തിന്റെ കാര്യത്തിലോ ഒന്നിനും ആരെക്കൊണ്ടും എതിര്‍പ്പ് പറയിപ്പിക്കാന്‍ ഇടയുണ്ടാക്കിയില്ല. പക്ഷേ, ഒരു നാടക സമതി ഉടമ ഇത്തരത്തില്‍ ഉദാരവതിയായാല്‍ ഉണ്ടാകുന്ന കുഴപ്പം അറിയാമല്ലോ. നാടകം കൊണ്ട് വലിയ ലാഭമൊന്നും കിട്ടില്ലെന്നിരിക്കെ തന്നെയാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. ഭൂസ്വത്തെല്ലാം ഓരോന്നായി തീര്‍ന്നു. ഒടുവില്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുന്ന സ്ഥിതിയില്‍ എത്തി.

തിലകന്‍ വന്നു, സമതി നിര്‍ത്തി
കൈനകരി തിയറ്റേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പക്ഷേ മറ്റൊരു തരത്തിലാണ്. തിലകന്‍ ചേട്ടന്‍ ആണ് അതിനു കാരണമായത്. തിലകന്‍ ചേട്ടന്‍ സിനിമയില്‍ വിലക്കൊക്കെ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണത്. ഞാനും തിലകനും ചേട്ടനും തമ്മില്‍ 20 വര്‍ഷത്തോളമുള്ള ബന്ധമാണ്. തിലകന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു, എടാ നമുക്കൊരു സമതി ഉണ്ടാക്കണം. എനിക്കിപ്പോള്‍ തന്നെയുണ്ടല്ലോ, ഞാന്‍ തിരിച്ചു ചോദിച്ചു. അത് നീ നിര്‍ത്ത്, നമുക്ക് പുതിയൊരെണ്ണം തുടങ്ങാം. എനിക്കുള്ള ബന്ധങ്ങള്‍ വച്ച് നമുക്ക് ബുക്കിംഗ് പിടിക്കാം. കേരളത്തില്‍ കളിക്കുകയേ വേണ്ട, നമുക്ക് പുറംരാജ്യങ്ങളില്‍ വരെ പോയി കളിക്കാം. ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ കൊണ്ട് കൈനകരി തിയറ്റേഴ്‌സ് നിര്‍ത്തിപ്പിച്ചിട്ട്, ഞങ്ങള്‍ രണ്ടുപേരും കൂടി അമ്പലപ്പുഴ അക്ഷരജ്വാല എന്ന പേരില്‍ സമതി രൂപീകരിച്ചു. പക്ഷേ, പറഞ്ഞതുപോലെ ഒന്നും നടന്നില്ല, തിലകന്‍ ചേട്ടന്‍ സിനിമയിലേക്ക് തന്നെ പോയി, പിന്നാലെ ഞാനും സമതി വിട്ടു. ഇപ്പോള്‍ ആരൊക്കെയോ അത് നടത്തുന്നുണ്ടെന്നു കേള്‍ക്കുന്നു. എന്തായാലും നടക സമതി നടത്തിപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞതോടെയാണ് സിനിമയിലേക്ക് എനിക്ക് വിളികള്‍ വരാന്‍ തുടങ്ങിയത്. സിനിമയിലേക്ക് വിളി അതിനു മുമ്പും ഒരുപാട് തവണ വന്നിട്ടുണ്ടെങ്കിലും നാടകം വിട്ടുപോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

ജയനും ജഗതിയും ജലജയും
ഇപ്പോള്‍ ജീവനോടെ ഉള്ളവരും അല്ലാത്തവരുമായ പല പ്രമുഖരുമായി ഒരു കാലത്ത് എനിക്ക് വലിയ അടുപ്പമായിരുന്നു. കഴിയാവുന്നപോലെ പലരെയും സഹായിച്ചിട്ടുമുണ്ട്. അതൊക്കെ പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നുമില്ല, അതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ അവരും ഇഷ്ടപ്പെടുന്നില്ല. ജയനും ഞാനുമായിരുന്നു ആനപാച്ചനിലെ പ്രധാന കഥാപാത്രങ്ങള്‍. ജയന്‍ സൂപ്പര്‍ താരമായി നില്‍ക്കുമ്പോള്‍ തന്നെ നാടകത്തിലും അഭിനയിക്കുമായിരുന്നു. ഉദയായുടെ കീഴിലുള്ള മലയാള കലാഭാവനം എന്ന സമതിയുടെ നാടകത്തിലാണു ജയന്‍ അഭിനയിച്ചിരുന്നത്. ജയനെ കൂടാതെ, ആലുമ്മൂടന്‍, ജി കെ പിള്ള തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. ഇവരെ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിരുന്നു ഞാന്‍. നാടകത്തിനു പോകുമ്പോള്‍ ഞാനും ജയനും ജയന്റെ ഫിയറ്റ് കാറിലാണ് പോകുന്നത്. കിണ്ണന്‍ എന്നായിരുന്നു ജയനെ ഞാന്‍ വിളിച്ചിരുന്നത്. കൃഷ്ണന്‍ നായര്‍ എന്നായിരുന്നല്ലോ പേര്. ഒരേ പ്രായക്കാരാണെങ്കിലും ജയന്‍ എന്നെ ചേട്ടന്‍ എന്നാണ് വിളിക്കുക. അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ജയന്റെ മറുപടി; ഞാന്‍ ഹീറോ അല്ലേ, പ്രായം അറിയിതിരിക്കാനാണ് അങ്ങനെ വിളിക്കുന്നതെന്ന്!

"</p

ജഗതി എന്‍ കെ ആചാരിയും ഞാനും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് അമ്പിളിയെ (ജഗതി)യെ കാണുന്നത്. ഞാന്‍ മദ്രാസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ജഗതി മദ്രാസില്‍ ഉണ്ട്. സിനിമയില്‍ അവസരങ്ങളൊന്നും കിട്ടാതെ വലിയ കഷ്ടപ്പാടിലാണ്. ഞാനും കൂടി നിര്‍മാണ പങ്കാളിയായ അഗ്നിക്ഷേത്രത്തിലേക്ക് ജഗതിയെ അഭിനയിക്കാന്‍ വിളിക്കുന്നത് പഴയ പരിചയം വച്ചാണ്. പ്രതിഫലമായി ഏഴായിരം രൂപ ജഗതിയുടെ കൈയില്‍വച്ച് കൊടുക്കുന്നത് ഞാനായിരുന്നു.

ഉദയായില്‍ ഞങ്ങള്‍ നാടകം കളിക്കുന്ന സമയത്ത്, അവിടുത്തെ ബാലെ ട്രൂപ്പിലെ നര്‍ത്തികയായി ഒരു പെണ്‍കുട്ടി വന്നിരുന്നു. ശകുന്തളയുടെ വേഷമാണ് അവള്‍ ചെയ്യുന്നത്. ആ കുട്ടിയെ കണ്ടപ്പോള്‍ നാടകത്തിന് യോജിച്ചതാണല്ലോ എന്ന് എനിക്ക് തോന്നി. ആ കുട്ടിയെ നാടകത്തിനു വേണ്ടമെന്ന് ഞാന്‍ ശാരംഗപാണിയോട് പറഞ്ഞു. ആ കുട്ടിയെ വിട്ടാല്‍ ബാലെ മുടുങ്ങുമെന്ന് ശാരംഗപാണി, കുട്ടിയെ കിട്ടിയില്ലെങ്കില്‍ നാടകം മുടങ്ങുമെന്ന് ഞാനും. ഒടുവില്‍ പെണ്‍കുട്ടിയെ നാടകത്തിലേക്ക് വിട്ടു തന്നു. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഡലയോഗ് ശരിയാകുന്നില്ല. ഒടുവില്‍ റിഹേഴ്‌സല്‍ ക്യാമ്പിനു വെളിയില്‍ നിര്‍ത്തി ഡയലോഗ് പഠിച്ചിട്ട് അകത്തു കയറിയാല്‍ മതിയെന്നു വരെ എനിക്ക് പറയേണ്ടി വന്നു. പിന്നീടവള്‍ മിടുക്കിയായി ഡയലോഗ് പറയാന്‍ തുടങ്ങി. ആ പെണ്‍കുട്ടിയാണ് സിനിമയില്‍ പ്രശസ്ത നായികയായി മാറിയ ജലജ. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയില്‍ ജലജയും അംഗമായിരുന്നു. മികച്ച നടന്മാരുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ട് ഈ.മ.യൗവിലെ എന്റെ കഥാപാത്രവും ആ ജൂറിയുടെ മുന്നില്‍ എത്തിയിരുന്നു.

നടനനെന്നു തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും, ആത്മഹത്യ ചെയ്യാന്‍ അഭിവാദ്യവും
അറുപത് വര്‍ഷത്തോളം അനുഭവ പരിചയം ഉള്ള ഒരു നാടകനടനാണ് ഞാനെങ്കിലും കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെ കൈയില്‍ നിന്നും ഞാനെന്നൊരു കലാകാരന് വേണ്ട പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സ്വയം ചോദിക്കാറുണ്ട്. ഇല്ലെന്ന് തന്നെയാണ് എന്റെ ഉറപ്പ്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍, ഞാനെന്റെ അവസ്ഥ പറഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഒരു കത്തെഴുതി. ആ സമയം സാമ്പത്തികമായി വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആത്മഹത്യയില്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതി. കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏതെങ്കിലും ഒരു മെഗാസീരിയലില്‍ ഒരു വേഷമെങ്കിലും കിട്ടാന്‍ സഹായിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ വേറെ വഴികളൊന്നും ഇല്ലെന്നുമാണ് ഞാന്‍ എഴുതിയത്. മന്ത്രിയുടെ ഓഫിസില്‍ നിന്നും എനിക്ക് ഒരു മറുപടി കത്തും കിട്ടി. ‘ താങ്കളുടെ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും’; അതായിരുന്നു മറുപടി.

സംഗീത നാടക അക്കാദമിയുടെ പെന്‍ഷന് അപേക്ഷിച്ചതും ഇത്തരമൊരു അനുഭവമാണ് തന്നത്. ആ സമയത്ത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താന്‍ നാടക നടനാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും വേണം (പിന്നീടത് മാറ്റി). ഞാന്‍ വില്ലേജ് ഓഫിസറെ കണ്ടു കാര്യം പറഞ്ഞു. താന്‍ നാടക നടനാണെന്ന് ഞാനെങ്ങനെയാ അറിയുന്നേ? വില്ലേജ് ഓഫിസറുടെ ചോദ്യം അതായിരുന്നു. പെന്‍ഷനും വേണ്ട ഒന്നും വേണ്ടെന്നു തിരുമാനിച്ചു ഞാന്‍ പോന്നു. ഇന്നും സംഗീത നാടക അക്കാദമിയുടെ പെന്‍ഷന്‍ കിട്ടാത്തൊരാളാണ് ഞാന്‍.

അണ്ണന്‍ തമ്പിയിലൂടെ സിനിമയിലേക്ക് രണ്ടാം വരവ്
സിനിമയിലേക്കുള്ള രണ്ടാം വരവ് അണ്ണന്‍ തമ്പിയിലൂടെയാണ്. ബെന്നി പി നായരമ്പലമാണ് എന്നെ വിളിക്കുന്നത്. ബെന്നി എഴുതിയ നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ ബന്ധത്തിലാണ് ബെന്നി വിളിക്കുന്നത്. അതു കഴിഞ്ഞാണ് ആമേനില്‍ അഭിനയിക്കുന്നത്. ലിജോയാണ് വിളിക്കുന്നത്. വേഷമുണ്ട്; അത് ചേട്ടന്‍ തന്നെ ചെയ്യണം എന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു, നീ എന്നെ കണ്ടിട്ട് തന്നെ കുറേ കൊല്ലമായില്ലേ, ഞാന്‍ ആ കഥാപാത്രത്തിനു പറ്റുമെന്ന് ഉറപ്പാണോ? അതേ എന്നായിരുന്നു ലിജോയുടെ മറുപടി. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന രണ്ടുപേരുടെ മക്കള്‍ക്കൊപ്പമാണ് ആമേനില്‍ അഭിനയിച്ചത്. ജോസി പെല്ലിശ്ശേരിയുടേയും ഫാസിലിന്റെയും.

"</p

ലിജോയോട് ആദരവ്
ലിജോയോട് ശരിക്കും എനിക്ക് ആദരവ് തോന്നുകയാണ്. വല്ലാത്തൊരു ആത്മധൈര്യമുള്ള സംവിധായകനാണ് ലിജോ. ഈ.മ.യൗ പോലൊരു സിനിമ ഉണ്ടാകുന്നത് ആ ആത്മധൈര്യത്തില്‍ നിന്നാണ്. അനുഭവത്തിനും പ്രായത്തിനും അപ്പുറമാണ് ലിജോയുടെ കഴിവ്. ഒരു സിനിമയ്ക്ക് വേണ്ടതെന്ന് പരമ്പരാഗതമായി നിശ്ചയിച്ചു വച്ചിരിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് ഈ.മ.യൗ ലിജോ ചെയ്തിരിക്കുന്നത്. അതയാളുടെ വീക്ഷണ ശക്തിയാണ്. മൂന്നുതരം സംവിധായകരാണുള്ളത്. പ്രേക്ഷകര്‍ക്കു പിന്നാലെ പോകുന്നവര്‍, പ്രേക്ഷകര്‍ക്ക് ഒപ്പം പോകുന്നവര്‍, പ്രേക്ഷകരെ തനിക്കു പിന്നാലെ കൊണ്ടുവരുന്നവര്‍. പ്രേക്ഷകരെ തനിക്കു പിന്നാലെ കൊണ്ടു വരുന്ന സംവിധായകരിലാണ് ലിജോ. പത്മരാജനും ഭരതനുമൊക്കെ ഇതേ ഗണത്തില്‍പ്പെട്ടവരാണെങ്കിലും അവരൊക്കെ എടുത്തതിനേക്കാള്‍ വലിയ റിസ്‌കിലാണ് ലിജോ തന്റെ സിനിമകള്‍ ചെയ്യുന്നത്.

"</p

ഈ.മ.യൗ എന്നൊരു സിനിമയോ അതുമൂലം ഇപ്പോള്‍ കിട്ടിയിരിക്കുന്ന പേരോ ഞാന്‍ സ്വപ്‌നം കണ്ടതോ ആഗ്രഹിച്ചതോ അല്ല. നാടകത്തിനായി ജീവിതം മാറ്റിവച്ചൊരാളാണ് ഞാന്‍. ഒരുഘട്ടത്തില്‍ ഈ ജീവിതം ഉപേക്ഷക്കേണ്ടി വരുമോയെന്നു വരെ ചിന്തിച്ചുപോയൊരാളും. അഭിനയം എനിക്ക് പ്രാണവായു പോലെയാണ്. ഒരു അഭിനേതാവ് ആയല്ലാതെ എനിക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ഒരുകാലത്ത് ആരും കൊതിക്കുന്ന പ്രതിഫലം നേടി ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. നാടകത്തിനുവേണ്ടി തന്നെ നേടിയതെല്ലാം സമര്‍പ്പിച്ചിട്ടുമുണ്ട്. കള്ളുകുടിച്ചോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ കൊണ്ടോ ഞാന്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. കലയ്ക്കു വേണ്ടി സമര്‍പ്പിച്ചാണ് ഞാന്‍ ജീവിച്ചത്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു ഞാനൊരു നടനാവുക എന്നത്. അതെനിക്ക് നിറവേറ്റാന്‍ കഴിഞ്ഞു. അതിനിടയില്‍ നേടിയതിനെക്കുറിച്ചോ നഷ്ടപ്പെട്ടതിനെ കുറിച്ചോ ഞാന്‍ അഹങ്കരിക്കുന്നുമില്ല, വേദനിക്കുന്നുമില്ല. ഒരു നടനായി തന്നെ ഇനിയും ജീവിക്കണം… അങ്ങനെ തന്നെ മരിക്കണം… അതുമാത്രമാണ് എന്റെ ആഗ്രഹം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍