UPDATES

സിനിമ

ഈടയിലെ പ്രണയവും പെണ്ണിടവും ചരിത്രവിരുദ്ധ രാഷ്ട്രീയവും

ബാലന്‍സിങ്ങ് രാഷ്ട്രീയത്തിന്റെ കറ പുരണ്ടൊരു നിഷ്പക്ഷത ഈടയെ പിറകോട്ട് വലിക്കുന്നുണ്ടെന്ന് പറയാതെ വയ്യാ…

ഉണ്ടായ കാലം മുതല്‍ മലയാള സിനിമ പ്രണയാവിഷ്‌കാരങ്ങളും സാധ്യമാക്കിയിട്ടുണ്ട്. തീര്‍ത്തും വൈകാരികമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടോ കഥാപാത്രസൃഷ്ടികള്‍ കൊണ്ടോ കഥ പറച്ചിലിലിലെ കാവ്യാത്മകത കൊണ്ടോ ഒക്കെ പല തരത്തില്‍ പ്രണയമെന്ന പ്രമേയത്തെ ആവിഷ്‌കരിച്ചിട്ടുമുണ്ട്. പക്ഷേ നമ്മുടെ സിനിമകള്‍ക്ക് പൊതുവിലുള്ള ലിറ്ററേച്ചര്‍ സ്വഭാവം വിഷ്വല്‍ നരേറ്റീവുകളെ നല്ല രീതിയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ന്യൂ ജനറേഷന്‍ സിനിമകളുടെ തരംഗം സിനിമയോടുള്ള ഈ സമീപനത്തില്‍ നിന്നുള്ള മാറി നടക്കല്‍ തന്നെയായിരുന്നു പലപ്പോഴും. അപ്പോഴും എന്ന് ‘നിന്റെ മൊയ്തീന്‍’ അടക്കമുള്ള സിനിമകളില്‍ പ്രണയം കൈകാര്യം ചെയ്യുന്നത് ജനപ്രിയ ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് തുന്നിയ അതിവൈകാരിക മൂഹൂര്‍ത്തങ്ങള്‍ നിര്‍മിച്ചു കൊണ്ട് മാത്രമാണെന്ന് കാണാം. ഇതില്‍ നിന്നൊക്കെയുള്ള വ്യത്യസ്തത മായാനദിയില്‍ കാണാം. മത്ത് പിടിപ്പിക്കുന്ന വിഷ്വലുകളിലൂടെ സാധ്യമാക്കുന്ന പ്രണയാനുഭൂതിയുടെ മറ്റൊരു ഉദാഹരണമാണ് ഈടയും.

കാഴ്ചയുടെ പ്രയോഗമെന്ന സിനിമ രീതി ബി. അജിത് കുമാറിന്റെ ‘ഈട’യില്‍ രണ്ട് നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാമതായി രംഗങ്ങളുടെ റിയലസ്റ്റിക് ചിത്രീകരണത്തില്‍. മുഖ്യധാര സിനിമകള്‍ പലപ്പോഴും ആവര്‍ത്തിക്കാറുള്ള ക്ലീഷേ ഡ്രമാറ്റിക് എലമെന്റ്‌സ് പലതും എടുത്തു മാറ്റിക്കളഞ്ഞൊഴുകുന്നൊരു പുഴയാണിതില്‍ പ്രണയം. മുറിവേല്‍ക്കുമെന്നുറപ്പായിരിക്കേയും തുടരാന്‍ തന്നെ കൊതിപ്പിക്കുന്ന പ്രണയത്തിന്റെ നീറ്റല്‍ ആണിതിന്റെ അടിയൊഴുക്ക്. ഇഷ്ടം പറഞ്ഞും കേട്ടും നില്‍ക്കുന്നവരുടെ നിറഞ്ഞ കണ്ണുകളില്‍, ചെറിയ പിണക്കങ്ങളില്‍, ഏറ്റുപറച്ചിലിന്റെ ഇത്തിരിയിണക്കങ്ങളിലൊക്കെ നിറഞ്ഞ് കത്തുന്ന സ്വാഭാവികതയാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്ന ആയുധം.

കഥ പറച്ചിലിന്റെ ഡീറ്റെയിലിങ്ങില്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നു എന്നിടത്താണ് കാഴ്ചയുടെ പ്രയോഗം രണ്ടാമതായി ഉപയോഗിക്കുന്നത്. ഉപേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ ആനന്ദിനെ കുടുക്കാന്‍ അവരുടെ തന്നെ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതിനിടയിലാണ് ചൂണ്ടയിലിര കോര്‍ക്കുന്ന ക്ലോസപ്പ് ഷോട്ട് നമുക്ക് മുന്‍പിലിട്ട് തരുന്നത്. ആനന്ദിന്റെ വീട്ടിലോടിക്കൊണ്ടിരിക്കുന്ന അതിന്ദ്രീയ യന്ത്രത്തിന്റെ പരസ്യം, ഐശ്വര്യയുടെ വീട്ടിലെ ന്യൂസ് ചാനലുകള്‍, ഉപേന്ദ്രന്റെയും കൂട്ടരുടെയും കയ്യിലെ രാഖിച്ചരട്, ഒളിവ് ജീവിതം നയിക്കുന്നവരുടെ കയ്യില്‍ പിടിച്ച ഗോള്‍വാള്‍ക്കറുടെ പുസ്തകം. ഇങ്ങനെ നീളുന്ന വിഷ്വല്‍ ഡീറ്റെയിലിങ്ങ് ആണ് സിനിമയെക്കുറിച്ച് എടുത്തു പറയേണ്ട ഒരു സവിശേഷത.

രാജീവേട്ടന്‍ വിളിച്ചു പറഞ്ഞു, ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങ് പോരെന്ന്: നിമിഷ സജയന്‍/ അഭിമുഖം

റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ അതിമനോഹര അഡാപ്‌റ്റേഷന്‍ എന്ന നിലക്കോ കണ്ണൂരിന്റെ രാഷ്ട്രീയം പ്രശ്‌നവത്കരിക്കുന്നിടത്തോ മാത്രമല്ല ഈട പ്രസക്തമാകുന്നത്. അതിശക്തമായി ഒരു സ്ത്രീപക്ഷ ശബ്ദമാവാന്‍ ഈടയ്ക്ക് കഴിയുന്നുണ്ട്. നായികയായ ഐശ്വര്യ (നിമിഷ സജയന്‍) എന്ന കഥാപാത്രമെടുക്കുക. ബോള്‍ഡ് ആയ നായിക എന്ന് കാണിക്കാന്‍ സിനിമകളില്‍ സ്ഥിരമുപയോഗിക്കുന്ന മാമൂലുകളൊന്നും ഐശ്വര്യയിലടിച്ചേല്‍പിക്കുന്നില്ല… പ്രിവിലേജുകളുടെ ആനുകൂല്യങ്ങളൊന്നും തന്നെയില്ല. മായാനദിയില്‍ കണ്ട പോലെ sex is not a promise എന്ന് കാമുകനോട് പറയാനറിയാമായിരിക്കെയും അമ്മയുടെ മുന്നില്‍ പ്രോസ്റ്റിറ്റിയൂട്ട് അല്ലെന്ന് തെളിയിക്കാന്‍ നടക്കുന്ന തരം വൈരുദ്ധ്യങ്ങളും ഐശ്വര്യയിലില്ല. വിവാഹ കേന്ദ്രീകൃതമായ സദാചാര സങ്കല്പങ്ങളെയടക്കം നിരാകരിക്കുമ്പോഴും ആ ബോള്‍ഡ്‌നെസ് പറച്ചിലിലല്ല, പ്രവൃത്തിയിലാണുള്ളത്. അപ്രതീക്ഷിതമായ അനുഭവങ്ങളുടെ നേര്‍ക്ക് നോക്കി എടുക്കുന്ന തീരുമാനങ്ങളിലും ആ തീരുമാനങ്ങളുടെ കൈകാര്യം ചെയ്യലുകളിലുമാണ് ഈ ബോള്‍ഡ്‌നെസ് കാണിക്കുന്നത്. സിനിമയുടെ പെണ്‍പക്ഷം നായികയിലൊതുങ്ങുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഒറ്റയ്ക്ക് ഉത്സവം നടത്തുന്ന നായകനെയൊക്കെ പോലെ സുഖകരമല്ലാത്തൊരു കാഴ്ചയാണ് നായികയില്‍ മാത്രമൊതുങ്ങുന്ന ശാക്തീകരണം. അവിടെയും സിനിമ പതിവ് തെറ്റിക്കുന്നു. ഭര്‍ത്താവിനേറ്റ ആക്രമണത്തിന് ശേഷം സ്വയം തൊഴിലുമായി മുന്നോട്ട് പോകുന്ന ലീലയും ഉപേന്ദ്രനുമായുള്ള പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സുരഭിയുടെ കഥാപാത്രവും ഉപേന്ദ്രന്റെ അമ്മയും സഹോദരിയും ഐശ്വര്യയുടെ വീട്ടിലെ സ്ത്രീകളും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്നൊരു പെണ്ണിടമുണ്ട് ഈ സിനിമയില്‍. എല്ലാ ദുരന്തങ്ങള്‍ക്ക് ശേഷവും ഒരു കയ്യില്‍ ജീവിതത്തേയും വാരിപ്പിടിച്ചോടുന്ന കുറേ പെണ്ണുങ്ങളുടേതാണ് ഈ സിനിമ. നരിയായി മരിക്കാന്‍ പോകുന്നതാണ് ആണത്തമെന്ന ധാരണ നിരന്തരമാവര്‍ത്തിക്കുന്നവര്‍ക്ക് നടുവിലാണ് ഒരു കോണിപ്പടിയില്‍ തളര്‍ന്നിരുന്ന് കരയുന്ന ആനന്ദ് നമുക്ക് മുന്നിലുണ്ട്. കരയാനറിയുന്ന ഒരു നായകന്‍ തന്നെ ഇത്രകാലവും നന്മളെ പരിപാലിക്കുന്ന മുഷ്ടി ചുരുട്ടലും മീശ പിരിയും മൂലധനമായുള്ള നായക സങ്കല്പങ്ങളുടെ ബദല്‍ മാതൃകയാണ്.

ഉള്ളുരുകി നീറുന്ന പ്രണയത്തിന്റെ, അതിശക്തമായൊരു പെണ്ണിടത്തിന്റെ, അക്രമങ്ങള്‍ക്ക് നേരെ ഉള്ളുലഞ്ഞ് പുറം തിരിയാന്‍ തോന്നിപ്പിക്കുന്ന തരം ആര്‍ദ്രതയുടെ ഒക്കെ മനോഹര കാഴ്ചയാവുമ്പോഴും ഈടയില്‍ പിഴച്ചു പോയ ചില ചുവടുകളുണ്ട്. തീര്‍ച്ചയായുമത് കണ്ണൂര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നിടത്ത് പറ്റിയ പാളിച്ചയാണ്. ഒരിടത്ത് കൊല്ലാനും ചാകാനും നടക്കുന്ന കുറേ പേര്‍, മറുഭാഗത്ത് പ്രണയം മാത്രം കയ്യിലുള്ള യുവതീയുവാക്കള്‍… ഈ ബൈനറി സൃഷ്ടിച്ചതാണ് നെരേറ്റീവിലെ ആദ്യ പാളിച്ച. കൊല്ലലിനും ചാവലിനുമിടയിലല്ലാതാരും, ഒന്നും കണ്ണൂരിലില്ല എന്ന പൊതു ധാരണയുടെ മേല്‍ കല്ലിട്ടാണ് സിനിമ കെട്ടിപ്പൊക്കിയിരക്കുന്നത്. ഇനി ഈ കൊല്ലലിന്റേയും ചാവലിന്റേയും ഭാഗമാകുന്നവരെ ഒറ്റ വണ്ടിക്ക് കയറ്റാമോ എന്നതാണ് അടുത്ത ചോദ്യം. ആണെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അത് ചരിത്ര വിരുദ്ധമാണ്. അതെയെന്നാണ് ദൗര്‍ഭാഗ്യവശാല്‍ സിനിമയുടെ പക്ഷം. ജയിലില്‍ പോകുന്ന ഉപേന്ദ്രന്റെ വീട്ടുകാര്യങ്ങളെ ഓര്‍ത്ത് ആലോചിക്കേണ്ടതില്ലാത്ത വിധം കെ.ജെ.പി എന്ന രാഷ്ട്രീയ ഹിന്ദുത്വ പാര്‍ട്ടി അതേറ്റെടുക്കുമ്പോള്‍ കൊല്ലപ്പെടുന്ന സഖാവിന്റെ ഭാര്യക്ക് ജോലിയുള്ളത് കൊണ്ട് ജീവിക്കാമെന്ന് പറയേണ്ടി വരുന്നു. ഇങ്ങനെ ചില തലോടലുകള്‍ രാഷ്ട്രീയ ഹിന്ദുത്വത്തിന് ലഭിക്കുന്നുണ്ട് താനും. പ്രൊഫഷണല്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന വിധം നാടകീയമായി വീല്‍ ചെയറിലുള്ള തന്നെ ആരും തേടി വരാനില്ലെന്ന് ആത്മഗതം സഖാവിനെക്കൊണ്ട് പറയിപ്പിക്കുന്നതും ഇതേ ബാലന്‍സിങ്ങ് ആണ്. ‘എന്നെപ്പോലൊരു പെണ്ണിന് ഏറ്റെടുക്കാവുന്നതല്ല പാര്‍ട്ടിയില്‍ ദിനേശേട്ടന്‍ വഹിച്ച ചുമതലകള്‍. എനിക്കൊരു മോനുണ്ട്. ജോലി ചെയ്ത് അവനെ വളര്‍ത്തണമെന്നും പറഞ്ഞ് പിന്തിരിയുന്ന സഖാവ് ദിനേശന്റെ ഭാര്യ ചെയ്യുന്നത് സിനിമ പൊതുവില്‍ പുലര്‍ത്തുന്ന പെണ്‍പക്ഷ രാഷ്ട്രീയത്തില്‍ നിന്ന് പിറകോട്ട് തിരിഞ്ഞുള്ള നടത്തമാണ്. സിനിക്കുകളും അരാഷ്ട്രീയരും ആവര്‍ത്തിക്കുന്ന പോലെ ‘എല്ലാം കണക്കല്ലേ ‘ എന്ന ഇരിപ്പിടത്തിലിരുന്നല്ല രാഷ്ട്രീയം തീര്‍പ്പ് കല്‍പിക്കേണ്ടത് എന്നിടത്ത് സിനിമയോട് വിയോജിക്കാതെ പറ്റില്ല.

ഈടയും ആടയും അല്ലാത്ത കാല്‍പനിക നിലാവെളിച്ചത്തിന്റെ ‘ഈട’

ഷെയ്ന്‍ നിഗമിന്റെയും മറ്റഭിനേതാക്കളുടേയും നല്ല പ്രകടനം കൈമുതലായുണ്ടെങ്കിലും ഗംഭീരമെന്ന് കയ്യടിക്കാനുള്ളത് നിമിഷാ സജയന്റെ അഭിനയത്തികവിനാണ്. പ്രണയവും കരുതലും ഭീതിയും നിസഹായതയും ഒക്കെക്കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിക്കളയുന്നൊരു പ്രകടനമായി വളരുന്നുണ്ടവര്‍ സിനിമയില്‍. ഏത് പ്രളയജലത്തേയും ഒന്നിച്ചതിജീവിക്കുമെന്നുറച്ചവരുടെ പ്രണയത്തിന്റെ രാഷ്ട്രീയം ഈടയിലുണ്ട്. കൊലവിളികളൊടുങ്ങുമ്പോള്‍ ബാക്കിയാവുന്ന വിശപ്പുകളുടെ, രക്തത്തിന്റെ, കണ്ണീരിന്റെ നിസഹായതയുടെ രാഷ്ട്രീയം ഈടയിലുണ്ട്. ഏത് ഗതികേടുകള്‍ക്കു നടുവിലും ജീവിക്കാന്‍ തീരുമാനിക്കുന്ന കുറേ പെണ്ണുങ്ങള്‍ ഈടയിലുണ്ട്. ഇതിന്റെയൊക്കെ ഒപ്പം തന്നെ ബാലന്‍സിങ്ങ് രാഷ്ട്രീയത്തിന്റെ കറ പുരണ്ടൊരു നിഷ്പക്ഷത ഈടയെ പിറകോട്ട് വലിക്കുന്നുണ്ടെന്ന് കൂടെ പറഞ്ഞുവെച്ചു കൊണ്ടല്ലാതെ അവസാനിപ്പിക്കാന്‍ വയ്യ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിപ്സ പുതുപ്പണം

ജിപ്സ പുതുപ്പണം

എഞ്ചിനീയറിംഗ് ബിരുദധാരി, സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍