UPDATES

സിനിമ

അറബ് വംശജനായ റാമി മാലികിന്റെ ഇന്ത്യന്‍ വംശജനായ ഫ്രെഡി മെര്‍ക്കുറിക്ക് അമേരിക്കയുടെ ഓസ്‌കാര്‍

ഫ്രെഡിയുടെ സംഗീതത്തെ കണ്ടെത്തിയത് ഇംഗ്ലണ്ട് അല്ല, അത് മുംബൈയും പഞ്ച്ഗനിയും മഹാരാഷ്ട്രയുമാണ്.

2018ലെ മികച്ച നടനുള്ള അക്കാഡമി പുരസ്‌കാരം ഫ്രെഡി മെര്‍ക്കുറിയെന്ന അതുല്യ സംഗീത പ്രതിഭയെ അവതരിപ്പിച്ച റാമി മാലിക് നേടുമ്പോള്‍ ഈ പുരസ്‌കാരം നേടുന്ന അറബ് വംശജനായ ആദ്യ നടനായിരിക്കുകയാണ് റാമി മാലിക്. ഈജിപ്റ്റില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയവരാണ് റാമിയുടെ മാതാപിതാക്കള്‍. റാമി സ്‌ക്രീനില്‍ പുനരുജ്ജീവിപ്പിച്ച ഫ്രെഡിയാകട്ടെ ബ്രിട്ടീഷ് കോളനിയായിരുന്ന സാന്‍സിബാറില്‍ (നിലവില്‍ ടാന്‍സാനിയയിലെ ഭാഗിക സ്വയംഭരണാവകാശങ്ങളുള്ള പ്രവിശ്യ) ജനിച്ച് ബാല്യം മുംബൈയില്‍ ചിലവിട്ട, ഗുജറാത്ത് സ്വദേശികളായ ഇന്ത്യന്‍ പാഴ്‌സി മാതാപിതാക്കളുടെ മകനാണ്. യഥാര്‍ത്ഥ പേര് ഫാറൂഖ് ബുല്‍സാര. ക്വീന്‍ എന്ന ലോകപ്രശസ്ത ബാന്‍ഡും ബൊഹീമിയന്‍ റാപ്‌സൊഡിയും വീ വില്‍ റോക്ക് യു അടക്കമുള്ള എക്കാലത്തേയും വലിയ ഹിറ്റ് ഗാനങ്ങളും വെംബ്ലി സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച 1985ലെ സമാനതകളില്ലാത്ത പ്രകടനവുമെല്ലാം യാഥാര്‍ത്ഥ്യമാക്കിയ ഫ്രെഡിയുടെ സംഗീതത്തിന്റെ വേരുകള്‍ ഇന്ത്യയിലാണുള്ളത്.

തന്റെ ഇന്ത്യന്‍ പാഴ്‌സി സ്വത്വത്തെ ഫ്രെഡി ഇത്ര ഗൗനിച്ചിരുന്നില്ല എന്നാണ് ബ്രയാന്‍ സിംഗറുടെ ബൊഹീമിയന്‍ റാപ്‌സൊഡി പറയുന്നത്. ഉഭയലൈംഗികത (bisexuality) അടക്കമുള്ള ഫ്രെഡിയുടെ സ്വത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ എയ്ഡ്‌സ് ബാധയെക്കുറിച്ചുമെല്ലാം ബൊഹീമിയന്‍ റാപ്‌സൊഡി പറയുന്നുണ്ട്. എന്നാല്‍ ഫ്രെഡിയുടെ ഇന്ത്യന്‍ വേരുകളും സ്വത്വവും അദ്ദേഹത്തിന്റെ കുടുംബം പ്രത്യേകിച്ച് പിതാവ് ഫ്രെഡിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണ് എന്നാണ് ചലച്ചിത്ര ഭാഷ്യം. പാശ്ചാത്യ ബഹുസ്വര സാംസ്‌കാരിക മൂല്യല്‍ പിന്തുടര്‍ന്നിരുന്ന ഫ്രെഡിയെ സംബന്ധിച്ച് ഈ ഇന്ത്യന്‍ പൂര്‍വകാല ജീവിതം അത്ര സുഖകരമായ ഓര്‍മ്മയാണകണമെന്നില്ല എന്ന വസ്തുതയുമുണ്ട്. എന്നാല്‍ ഫ്രെഡിയുടെ സംഗീതത്തെ കണ്ടെത്തിയത് ഇംഗ്ലണ്ട് അല്ല, അത് മുംബൈയും പഞ്ച്ഗനിയും മഹാരാഷ്ട്രയുമാണ്. മഹാരാഷ്ട്രയിലെ പഞ്ച്ഗനിയിലെ സ്‌കൂളില്‍ ഫ്രെഡി പഠിച്ചിരുന്നു.

ഹീത്രൂ വിമാനത്താവളത്തിലെ ബാഗേജ് ജീവനക്കാരനായിരുന്ന ഫ്രെഡി ബ്രിട്ടീഷ് റോക്ക് ബാന്‍ഡില്‍ ചേരുന്നത് മുതല്‍ വെംബ്ലിയിലെ ലൈവ് ഐഡ് കണ്‍സര്‍ട്ട് വരെയാണ് ബൊഹീമിയന്‍ റാപ്‌സൊഡി പ്രതിപാദിക്കുന്നത്. എന്നാല്‍ ശരീരഭാഷയിലടക്കം റാമി മാലികിന് ഫ്രെഡിയുമായുള്ള സാദൃശ്യങ്ങളും ലൈവ് എയ്ഡ് കണ്‍സര്‍ട്ട് ഉള്‍പ്പടെയുള്ള വളരെ സൂക്ഷ്മമായ വിശകലനത്തിലൂടെ ചെറിയ കാര്യങ്ങള്‍ പോലും പുനരാവിഷ്‌കരിക്കാന്‍ കഴിഞ്ഞതിലെ മികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടേയും ഏഷ്യന്‍ വേരുകളാണ് മറ്റൊരു സമാനത. കലാകാരന്മാര്‍ എന്ന നിലയില്‍ എല്ലാ അതിരുകളും അവര്‍ അപ്രസക്തമാക്കിയെങ്കിലും.

                 ബൊഹീമിയന്‍ റാപ്‌സൊഡിയില്‍ നിന്നുള്ള രംഗം

ഫാറൂഖ് ഫ്രെഡി ആയത് സ്‌കൂള്‍ കാലത്തെ പിയാനോ സംഗീതത്തിലൂടെയും റോക്ക് ബാന്‍ഡിലൂടെയുമാണ്. 12ാം വയസിലാണ് ഫ്രെഡി റോക്ക് ബാന്‍ഡ് തുടങ്ങിയത്. ഇതിനിടെ കുടുംബ വീണ്ടും സാന്‍സിബാറിലേയ്ക്ക് പോകുന്നു. 1964ല്‍ ഫ്രെഡിക്ക് 17 വയസുള്ളപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറുന്നു. ഈ സിനിമ ഇന്ത്യയില്‍ ആളുകള്‍ കാണുന്നു എന്ന് അറിയുന്നതില്‍ വളരെ സന്തോഷമാണ് തോന്നുന്നത്. ഫ്രെഡി ഇന്ത്യയില്‍ ചിലവിട്ട ദിനങ്ങളെക്കുറിച്ച് ഞാന്‍ സങ്കല്‍പ്പിക്കുന്നു. ഫ്രെഡി കുറേ കാലം കൂടി ഇന്ത്യയില്‍ ചിലവിട്ടിരുന്നെങ്കില്‍ അദ്ദേഹം എങ്ങനെയായേനെ എന്ന് ആലോചിക്കാറുണ്ട്. ഈ സിനിമ വലിയ തോതില്‍ ഇന്ത്യക്കാരോട് സംസാരിക്കുന്നുണ്ട് – റാമി മാലിക് പറഞ്ഞു.

1981ല്‍ ഈജിപ്റ്റിലെ കയ്‌റോ സ്വദേശികളായ മാതാപിതാക്കളുടെ മകനായി യുഎസിലെ ലോസ് ഏഞ്ചലസില്‍ ജനിച്ച റാമി മാലിക് കുട്ടിക്കാലത്ത് അറബി പഠിച്ചിരുന്നു. ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യന്‍ കുടുംബാംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. യാഥാസ്ഥിതിക കോപ്റ്റിക് ക്രിസ്ത്യന്‍ വിശ്വാസപരിസരങ്ങളുടെ ചിട്ടവട്ടങ്ങളിലാണ് റാമി മാലികിന്റെ കുട്ടിക്കാലം. അതേസമയം ലാറ്റിനോകളും ഫിലിപ്പിനോകളും അടങ്ങുന്ന സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ബഹുസ്വര സാംസ്‌കാരിക സമൂഹത്തിലാണ് റാമി മാലിക് വളരുന്നത്. എന്നാല്‍ പോലും സ്വത്വം ഒരു പ്രശ്‌നം തന്നെയായിരുന്നു എന്ന് റാമി മാലിക് പറയുന്നു. ഷെര്‍മന്‍ ഓക്‌സിലെ കാത്തലിക് സ്‌കൂളില്‍ റാമി മാലിക് പഠിക്കുമ്പോള്‍ പിന്നീട് മുന്‍നിര ഹോളിവുഡ് നടിയായി മാറിയ കേഴ്‌സ്റ്റന്‍ ഡന്‍സ്റ്റ് അടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.

തന്റെ മിഡില്‍ ഈസ്‌റ്റേണ്‍ പശ്ചാത്തലം പലപ്പോഴും അനുഗ്രഹമായും മറ്റുപലപ്പോളും പ്രതിബന്ധമായുമാണ് റാമി മാലികിന് അനുഭവപ്പെട്ടത്. ആദ്യ ചിത്രങ്ങളിലെല്ലാം ഈജീപ്റ്റുമായോ അറബ് ലോകവുമായോ ബന്ധമുള്ള വേഷങ്ങളായിരുന്നു റാമിക്ക് കിട്ടിക്കൊണ്ടിരുന്നത്. നൈറ്റ് അറ്റ് ദ മ്യൂസിയത്തില്‍ ഫറവോ, ട്വിലൈറ്റ് സാഗയില്‍ ഒരു ഈജിപ്ഷ്യന്‍ രക്തരക്ഷസ്, 24ല്‍ ഒരു അറബ് ഭീകരപ്രവര്‍ത്തകന്‍ – ഇങ്ങനെയൊക്കെയായിരുന്നു. എല്ലാം അറബ് നാട്ടുകാരെ നെഗറ്റീവ് സ്വഭാവത്തിലുള്ളതായി ചിത്രീകരിക്കുന്ന വേഷങ്ങള്‍. താനിനി അറബ് വംശജരെ ഇത്തരത്തില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്ന് റാമി മാലിക് പ്രഖ്യാപിച്ചു.

                  അമേരിക്കന്‍ ടിവി സീരീസ് ആയ 24ല്‍ റാമി മാലിക്‌

അലി ജിയെ അവതരിപ്പിച്ച് സാച്ച ബാരണ്‍ കോഹന്‍ ആണ് ആദ്യം ഫെഡി മെര്‍ക്കുറിയുടെ റോളിലേയ്ക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്വീന്‍ ബാന്‍ഡ് അംഗങ്ങളുടെ വിയോജിപ്പിനെ തുടര്‍ന്ന് ഇത് നടന്നില്ല. പിന്നെ പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു നടന്‍ ബെന്‍ വിഷോ ആണ്. ക്വീന്‍ ഗിറ്റാറിസ്റ്റ് ബ്രയാന്‍ മേ ആണ് വിഷോയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അവസാനം നറുക്ക് വീണത് റാമി മാലികിന്. ഫ്രെഡി മെര്‍ക്കുറിയെ മറ്റാര്‍ക്കെങ്കിലും ഇതിലും മികവുറ്റതാക്കാന്‍ കഴിയുമോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നുംവിധമാണ് റാമി മാലിക് ഫ്രെഡിയായി ജീവിച്ചത്. 2006ല്‍ പുറത്തിറങ്ങിയ നൈറ്റ് ഇന്‍ ദ മ്യൂസിയം പോലുള്ള ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും മിസ്റ്റര്‍ റോബോട്ട് എന്ന ടിവി സീരിസില്‍ വിജിലാന്റ് ഹാക്കറായ ഏലിയട്ട് ആല്‍ഡേഴ്‌സന്റെ വേഷമാണ് നേരത്തെ റാമി മാലികിനെ ശ്രദ്ധേയനാക്കിയിട്ടുള്ളത്. 2016ല്‍ ഡ്രാമ സീരിസില്‍ ഈ വേഷത്തിന് എമ്മി പുരസ്‌കാരം നേടി.

താനൊരു ഗായകനോ സംഗീതജ്ഞനോ നര്‍ത്തകനോ ഒന്നുമല്ലെന്ന് റാമി മാലിക് പറയുന്നു. എന്നാല്‍ ബൊഹീമിയന്‍ റാപ്‌സോഡി കണ്ടവര്‍ ഇത് അംഗീകരിച്ചേക്കില്ല. അതേസമയം സിനിമ ഉപയോഗിച്ചിരിക്കുന്നത് കൂടുതലും ഫ്രെഡി മെര്‍ക്കുറിയുടെ യഥാര്‍ത്ഥ ശബ്ദം തന്നെയാണ്. ഫ്രെഡി മെര്‍ക്കുറിയുടെ ശബ്ദം അല്ലാതെ തന്റെ ശബ്ദം കേള്‍ക്കാന്‍ ആരും താല്‍പര്യപ്പെടില്ല എന്ന് റാമി പറയുന്നു. ഫെഡി മെര്‍ക്കുറിയെ പോലെ പാടാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഫ്രെഡി മെര്‍ക്കുറി പോകുന്ന സംഗീതത്തിന്റെ ഉച്ഛസ്ഥായികളിലേയ്ക്ക് പോകാന്‍ എനിക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. എന്റെ ശബ്ദം ഇതിന് ശ്രമിച്ചപ്പോള്‍ മുറിഞ്ഞുപോയിരുന്നു – റാമി മാലിക് പറഞ്ഞു.

ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം- ഭാഗം 3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍