UPDATES

സിനിമ

സുരഭിക്കു വേണ്ടി രോഷം കൊള്ളുന്ന ആങ്ങള സമൂഹമേ, കേട്ടാലറയ്ക്കുന്ന വാക്കുകള്‍കൊണ്ട് അവരെ തെറിവിളിച്ചതൊക്കെ ഓര്‍മയുണ്ടോ?

ഇവിടത്തെ കിടമത്സരങ്ങള്‍ക്കിടയിലാണോ സുരഭി ലക്ഷ്മിയെ പോലെ നരിക്കുനി ഭാഷ സംസാരിക്കുന്ന, മാര്‍ക്കറ്റിങ്ങ് മൂല്യങ്ങളെ കുറിച്ചറിയാത്ത ഒരു നടിയെ ആഘോഷങ്ങള്‍ക്കിടയില്‍ ഓര്‍ത്തെടുക്കല്‍?

അപര്‍ണ്ണ

അപര്‍ണ്ണ

ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ച് അധികം വൈകാതെയാണ് സുരഭി ലക്ഷ്മിയെ ഒരഭിമുഖത്തിനായി വിളിക്കുന്നത്. അവരന്ന് ഏതോ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പിലായിരുന്നു. നാടൊട്ടുക്ക് സ്വീകരണങ്ങളുണ്ടായിരുന്നു. വലിയ ഫോട്ടോ ഷൂട്ടുകളുണ്ടായിരുന്നു. പക്ഷെ വലിപ്പ ചെറുപ്പങ്ങളുടെ കണക്കുകള്‍ നോക്കാതെ അതിനു മാത്രം നിങ്ങളാരെന്ന സ്ഥിരം സാഡിസ്റ്റിക്ക് അളവുകോലുകള്‍ കൊണ്ടുവരാതെ അവര്‍ അഭിമുഖം തന്നു. റിഹേഴ്‌സലുകള്‍ കഴിഞ്ഞ് ഒച്ചയടഞ്ഞ് രാത്രി രണ്ടു മണിക്ക് വോയ്‌സ് നോട്ടുകള്‍ അയച്ചു സംശയങ്ങള്‍ തീര്‍ത്തു. അന്ന് എനിക്കു സ്വയം ചെറുതാവും പോലെ തോന്നി. വേറൊന്നുമല്ല, മറ്റു പലരെയും പോലെ ദേശീയ അവാര്‍ഡിന്റെ പെട്ടന്നുള്ള മാര്‍ക്കറ്റ് വാല്യു നോക്കി അഭിമുഖം ചോദിച്ചു പോയ വെറുമൊരു പത്രപ്രവര്‍ത്തകയായതിന്.

എല്ലായിടത്തും ചര്‍ച്ച ചെയ്യുന്ന സുരഭിയ ചലച്ചിത്ര മേളക്ക് ക്ഷണിക്കാത്തതും അവരുടെ സിനിമ പ്രദര്‍ശിപ്പിക്കാത്തതുമെല്ലാമാണ് ഇതോര്‍ക്കാന്‍ കാരണം. സമൂഹ മാധ്യമങ്ങളിലെ ബൗദ്ധിക ചര്‍ച്ചകള്‍ കൊണ്ട് പ്രിവിലേജ് കിട്ടിയ ‘പ്രിവിലേജ് ‘ എന്ന വാക്കിന്റെ അനന്ത വ്യാഖ്യാന സാധ്യതകളുണ്ട് ഈ വിഷയത്തിന്. അത്തരത്തില്‍ തന്നെ ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നുണ്ട്. പലതരം വലിപ്പച്ചെറുപ്പങ്ങളാല്‍ നിര്‍മിതമായ ഒന്നാണ് ഇവിടത്തെ സിനിമ വ്യവസായം. അവിടെ സുരഭിയെ പോലെ സോഫിസ്റ്റിക്കേറ്റഡ് വാര്‍പ്പു മാതൃകകളുടെ മറുപുറം നില്‍ക്കുന്നവര്‍ തഴയപ്പെട്ടു കൊണ്ടേയിരിക്കും. വിപണി മൂല്യത്തിന്റെ കണക്കുകള്‍ കൊണ്ട് അത്തരം തഴയ ലുകളെ ന്യായീകരിച്ചു കൊണ്ടേയിരിക്കും. പക്ഷെ, ഇതില്‍ രോഷം കൊള്ളുന്ന ചിലരെങ്കിലും ഒരാത്മപരിശോധന അനിവാര്യമായും നടത്തേണ്ടിയിരിക്കുന്നു.

അഭിനേത്രി എന്ന നിലയില്‍ എന്നെ കണ്ടിരുന്നോ? ഞാനാ ഓരത്ത് കൂടി നടന്നു പോയ ആളാണ്‌: സുരഭി/അഭിമുഖം

ഇതേ സുരഭിയെ പലരും തെറി വിളിച്ചതോര്‍ക്കുന്നുണ്ടോ? വിവാഹമോചനത്തിന് ശേഷം കേട്ടാലറക്കുന്ന വാക്കുകള്‍ കൊണ്ട് അവരുടെ പേജ് നിറച്ചത് ഓര്‍മയുണ്ടോ? വ്യക്തി ജീവിതത്തിലേക്ക് കയറിച്ചെന്ന് തെറി പറയാവുന്ന വലിയ അധികാരം കൈപ്പറ്റുന്ന വലിയ ആങ്ങള സമൂഹമാണ് ഇപ്പോള്‍ ഇവരോട് അനുതപിക്കുന്നവരില്‍ കുറെ പേര്‍. സുരഭി വിവാഹമോചിതയായാല്‍, ടോള്‍ ബൂത്തില്‍ നിന്ന് തനിക്ക് അനീതി എന്നു തോന്നുന്നതിനോട് പ്രതികരിച്ചാല്‍ തന്നിഷ്ടത്തിന്റെയും അഹങ്കാരത്തിന്റെയും സ്‌കെയിലുമായി നടക്കുന്നവര്‍ക്ക് സുരഭിക്കു നേരിട്ട അവഗണനയല്ല വിഷയം, മറ്റൊരാളെ തെറി പറയാനുള്ള അവസരം മാത്രമാണ്. കല്‍പ്പിച്ച അഹങ്കാരത്തിന്റെ അളവുകോലുകളില്‍ നിന്ന് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങുന്നുണ്ടോ എന്ന് അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരില്‍ പലരും സദാ ജാഗരൂകരാണ്.

സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ വിജയനെ ക്ഷണിച്ചിട്ടും ദേശീയ അവാര്‍ഡ് നേടിയ സുരഭിയെ ക്ഷണിച്ചില്ല എന്നതാണ് പരാതി. ഒരര്‍ത്ഥത്തില്‍ ആ പരാതി തികച്ചും ന്യായവുമാണ്. ആദ്യ സിനിമയില്‍ തന്നെ നായികയായ രൂപത്തിന് ഒരു പാട് ആരാധകരുള്ള രജിഷ ‘പ്രിവിലേജ്ഡ്’ തന്നെയാണ്. പക്ഷെ ആ പ്രിവിലേജ് ആപേക്ഷികമാണ്. കൊളുത്താനുള്ള വിളക്കിനുള്ള ദീപം കൈമാറാന്‍ വിളിക്കപ്പെട്ട കാണാന്‍ ഭംഗിയുള്ള രൂപമായിരുന്നു അവര്‍. കിട്ടിയ സംസ്ഥാന അവാര്‍ഡിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അവരുടെ പ്രണയഭംഗത്തെ കുറിച്ചുള്ള കേട്ടു കേള്‍വി. അവരെ കാണാത്ത അറിയാത്ത കുറേ പേര്‍ ഇതേ അഹങ്കാരത്തിന്റെ മീറ്ററുകളും കൊണ്ട് നടന്നു. അവരെ ‘തേപ്പുകാരി’ ആക്കി. കേട്ടാലറക്കുന്ന ഭാഷയില്‍ പറ്റാവുന്നിടത്തോളം തെറികളെഴുതി. പ്രണയിക്കാന്‍ പ്രണയം വേര്‍പ്പെടുത്താന്‍ ഒക്കെ ആങ്ങളമാരുടെ അനുവാദം വേണ്ട ‘പൊതു സ്വത്തുക്കളാണ്’ രജിഷയും സുരഭിയുമൊക്കെ പലര്‍ക്കും. അതിലെ ഏറ്റക്കുറച്ചിലുകളെ പുറത്തു നിന്ന് താരതമ്യം ചെയ്ത് നമുക്കൊരു ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല.

മിസ്റ്റര്‍ കമല്‍, സുരഭിയോട് സാമാന്യ മര്യാദയെങ്കിലും കാണിക്കാമായിരുന്നു

ഡബ്ല്യുസിസി സുരഭിക്കു നേരിട്ട ഈ അവഗണനയെ പറ്റി പ്രതികരിക്കുമോ ഇല്ലയോ എന്നത് അവരുടെ രാഷ്ട്രീയ ശരി ബോധ്യമനുസരിച്ചിരിക്കും. രാജാക്കന്മാരും സുന്ദരികളായ ദാസികളും പരവതാനിയും എന്ന ശീലപ്പെട്ട കാഴ്ചയെ അവര്‍ ഇതിനൊക്കെ എതിരെ പ്രതികരിച്ചു തന്നെ മറികടക്കട്ടെ എന്നാഗ്രഹിക്കുന്നു. പക്ഷെ അവരോടുള്ള എതിര്‍പ്പുകളില്‍ പലതും ശീലക്കുറവുകളില്‍ നിന്നുണ്ടാവുന്നതല്ലേ. നായകന്‍ ഫണ്ണിയായിരുന്നു സപ്പോര്‍ട്ടീവ് ആയിരുന്നു എന്നതിനപ്പുറം അവകാശം, സുരക്ഷ, സ്വാതന്ത്ര്യം, തൊഴില്‍ എന്നാക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു പകപ്പുള്ള ഒരു കൂട്ടമുണ്ടിവിടെ. അവരെ ‘ഫെമിനിച്ചി കൂത്തിച്ചി എന്നൊക്കെ വിളിച്ചു കൊണ്ട് സുരഭിയെ പിന്തുണക്കുമ്പോള്‍ ഉണ്ടാകുന്ന വല്ലാത്ത ഇരട്ടത്താപ്പുണ്ട്. സ്വയം റദ്ദ് ചെയ്ത് വെളിപ്പെടുന്നതിന്റെ പരിഹാസ്യവും. ‘കസബ സ്ത്രീവിരുദ്ധ സിനിമ എന്ന് പാര്‍വതി’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താതലക്കെട്ടിന് നമ്മള്‍ അവരോട് ചോദിച്ച മറു ചോദ്യങ്ങളെത്രയാണ്. കൂടെ അഭിനയിച്ച നടന്മാരെ കുറിച്ചുള്ള വര്‍ണനകള്‍ക്കപ്പുറം ഒരക്ഷരം പറഞ്ഞാല്‍ മാര്‍ക്കിടാന്‍ എത്ര പേരാണ് കാവല്‍ നില്‍ക്കുന്നത്. കാസ്റ്റിങ്ങ് കൗച്ചോ! അയ്യോ ഇവിടെയോ? എന്ന നിഷ്‌കളങ്കത അഭിനയിക്കാതിരിക്കുമ്പോള്‍ തന്നെ പ്രിവിലേജുകളുടെ വലിയ സുഖശീതളിമയില്‍ നിന്ന് അവര്‍ താഴെയിറങ്ങുന്നുണ്ട്. സമവാക്യങ്ങളുടെ യുക്തിയില്‍ പഠിച്ച പ്രിവിലേജ് ഇല്ലായ്മയില്‍ അത് അടയാളപ്പെടില്ല എന്ന് മാത്രം.

ഞാന്‍ ‘മല്ലു’ അല്ല എന്നു പറഞ്ഞ തമിഴ്‌നാട്ടുകാരി സായ് പല്ലവി, ആരോ വളച്ചൊടിച്ച മമ്മൂട്ടി അച്ഛന്‍ പ്രസ്താവനക്ക് ആരാധക ഗുണ്ടകളോട് മാപ്പ് പറയേണ്ടി വന്ന രേഷ്മ രാജന്‍, സൂര്യയെ ആണിഷ്ടമെന്നു പറഞ്ഞതിന് വിജയ് ആരാധകരോട് മാപ്പ് പറയേണ്ടി വന്ന അനുശ്രീ, നിലനില്‍പ്പിനായി സംഘടനയുണ്ടാക്കിയ ഒരു പറ്റം സ്ത്രീകള്‍, വിവാഹം കഴിക്കാത്ത, വിവാഹ മോചിതരായ നടിമാര്‍…. എന്തിന്, ആക്രമിക്കപ്പെട്ട നടിയുടെ വരെ വസ്ത്രത്തിന്റെ നീളം, ചുംബന രംഗങ്ങള്‍, അഹങ്കാരം ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ഇവിടെയുള്ള എല്ലാവര്‍ക്കും അധികാരമുണ്ട്. ആ തെറി വിളി അധികാരത്തിന്റെ ബലത്തില്‍ നിന്നാണ് പലരും സുരഭിയെ ന്യായീകരിക്കുന്നത്. പിന്നെ ഇവിടെ എത് നടിക്ക് എന്ത് പ്രിവിലേജുണ്ടെന്നാണ് നിങ്ങള്‍ പായുന്നത്.

ചലച്ചിത്രമേളയ്ക്ക് വരുന്നില്ലെന്നുള്ളത് സുരഭിയുടെ മാത്രം തീരുമാനം; ആരോപണങ്ങള്‍ക്ക് ബീന പോളിന്റെ മറുപടി

പൊട്ടിപ്പൊളിഞ്ഞ വെള്ളവും വെളിച്ചവുമില്ലാത്ത മുറിയില്‍ താമസിപ്പിച്ച് നാല് മണിക്കെഴുന്നേറ്റ് വെളിച്ചവും ക്യാമറയും ശരിയാക്കുന്നവര്‍ക്ക് മൂന്നക്കവും നാലക്കവും ആണ് കോടികള്‍ ഒഴുകുന്ന ഈ വ്യവസായ മേഖലയില്‍ ശമ്പളം. ജന്മി കുടിയാന്‍ യുക്തിയിലാണ് ഇവിടെ കാര്യങ്ങള്‍. കീഴേ നില്‍ക്കുന്നവരുടെ ശബ്ദം ഉയരുന്നുണ്ടോ എന്ന് സദാ ജാഗരൂകരായ രാജാക്കന്മാരുണ്ട്. അവര്‍ക്ക് ബുദ്ധി പണയം വച്ച അവരില്‍ നിന്ന് പണം വാങ്ങിയ അനുചരുമുണ്ട്. അതിനെല്ലാമപ്പുറം ഇതൊരു തൊഴിലിടമാണെന്ന് അവര്‍ക്ക് ബോധ്യം വരുന്നത് ഏതെങ്കിലും മുതലാളിമാര്‍ ക്രിമിനല്‍ കേസില്‍ പെടുമ്പോഴാണ്. ഇവിടത്തെ കിടമത്സരങ്ങള്‍ക്കിടയിലാണോ സുരഭി ലക്ഷ്മിയെ പോലെ നരിക്കുനി ഭാഷ സംസാരിക്കുന്ന, മാര്‍ക്കറ്റിങ്ങ് മൂല്യങ്ങളെ കുറിച്ചറിയാത്ത ഒരു നടിയെ ആഘോഷങ്ങള്‍ക്കിടയില്‍ ഓര്‍ത്തെടുക്കല്‍? അവരുടെ ചെറിയ സിനിമയെ മാനിക്കല്‍? അവര്‍ക്ക് കിട്ടിയ തിരസ്‌കാരത്തെ പറ്റി യാതൊരു സംശയവുമില്ല. ഈ വ്യവസായ ആഘോഷത്തിന് അങ്ങനയെ പെരുമാറാന്‍ പറ്റൂ. അതിന്റെ അനുചരര്‍ക്ക് അങ്ങനയെ അതിനെ കാണാന്‍ പറ്റൂ. സിനിമയുടെ സെലക്റ്റീവ് അണ്‍കോണ്‍ഷ്യസിന് സുരഭി മറ്റൊരിക്ക മാത്രമാണെന്ന് ഓര്‍ത്തെന്ന് മാത്രം. Caste, creed, class, gender അസമത്വങ്ങളെ അത്രയേറെ ചേര്‍ത്തു പിടിക്കുന്ന ഇടമാണത്. ഇവിടെ എന്നും എപ്പോഴും ‘some are more equal ‘

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍