UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകന്‍ നിര്‍മാതാവിന് എന്തെങ്കിലും എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ടോ? മാമാങ്കം വിവാദത്തില്‍ സംവിധായകനെ കയ്യൊഴിഞ്ഞു ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കര്‍

ഫെഫ്ക ചെയ്യേണ്ട കാര്യങ്ങള്‍ ക്യത്യമായി ചെയതിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍

മാമാങ്കം സിനിമയുടെ ചിത്രീകരണത്തിന്റെ പാതിവഴിയില്‍ സംവിധായകന്‍ സജീവ് പിള്ളയെ നിര്‍മാതാവ് ഇടപെട്ട് ഒഴിവാക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. സംവിധായകനെ മനഃപൂര്‍വമെന്ന രീതിയില്‍ ഒഴിവാക്കുകയാണെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന സൂചനയോടെയാണ് ഈ വിഷയത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഫെഫ്ക ചെയ്യേണ്ട കാര്യങ്ങള്‍ ക്യത്യമായി ചെയതിട്ടുണ്ടെന്നും ഇപ്പോഴത്തെ ആരോണങ്ങള്‍ക്കു പിന്നില്‍ മനസിലാക്കേണ്ട നിരവധി കാര്യങ്ങള്‍ വേറെയുമണ്ടെന്നുമാണ് ഡയറ്‌കേടഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പറയുന്നത്. മാധ്യമങ്ങളില്‍ എഴുതുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഈ വിഷയത്തില്‍ നിര്‍മാതാവിന് പറയാനുള്ളത് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എഴുതുന്നതെന്നും അദ്ദേഹം പറയുന്നു. എന്താണ് മാമാങ്കത്തിനു പിറകില്‍ നടക്കുന്നതെന്നതിനെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയിട്ട് വേണം വാര്‍ത്തകള്‍ എഴുതാനെന്നും അത്തരത്തില്‍ വിവരങ്ങള്‍ അറിഞ്ഞശേഷം തന്നോട് ചോദിച്ചാല്‍ വ്യക്തമായി പ്രതികരണം നടത്താമെന്നും അദ്ദേഹം പറയുന്നു.

തന്റെ അറിവില്ലാതെയാണ് ചിത്രത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയതെന്നും പകരം കാസ്റ്റിംഗ് നടത്തിയതും താന്‍ അറിഞ്ഞിട്ടില്ലെന്നും സംവിധായകന്‍ സജീവ് പിള്ള നടത്തിയ പ്രതികരണം അറിയച്ചപ്പോള്‍ എന്താണ് വാസ്തവമെന്നതിനെ കുറിച്ച് നിര്‍മാതാവിനോട് ചോദിക്കൂ എന്നായിരുന്നു രഞ്ജി പണിക്കര്‍ക്ക് പറയാനുള്ളത്. സംവിധായകന്‍ പറയുന്നതല്ല, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നിര്‍മാതാവ് പറയും എന്നും ഫെഫ്ക പ്രസിഡന്റ് പറയുന്നു. താന്‍ അറിയാതെ നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരേയും മാറ്റിയെന്ന സംവിധായകന്റെ ആരോപണത്തിന് മറുപടിയെന്നോണം രഞ്ജി പണിക്കര്‍ ചോദിക്കുന്നൊരു ചോദ്യം, സംവിധായകന്‍ നിര്‍മാതാവിന് എന്തെങ്കിലും എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ടോ? എന്നതാണ്. അതേക്കുറിച്ച് അന്വേഷിച്ചിട്ടുവേണം സംവിധായകന്റെ ആരോപണങ്ങളെക്കുറിച്ച് സംഘടനയോട് പ്രതികരണം ആരായേണ്ടതെന്നും രഞ്ജി പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ യുവനടനോട് കാണിച്ച കൊടും ചതിക്ക് മമ്മൂട്ടിയുടെ മൌനസമ്മതമോ? സൂപ്പര്‍താരത്തിന്റെ ഡ്രീം പ്രൊജക്റ്റ് മാമാങ്കം വിവാദത്തില്‍

ഏകദേശം പത്തുവര്‍ഷത്തോളം മാമാങ്കവുമായി ബന്ധപ്പെട്ട പഠനങ്ങളും മറ്റും നടത്തിയാണ് സജീവ് പിള്ളി മാമാങ്കത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഈ തിരക്കഥയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും മമ്മൂട്ടിയും പൂര്‍ണതൃപ്തരായിരുന്നു. 2010 ല്‍ മാമാങ്കത്തിന്റെ തിരക്കഥ സംവിധായകന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവ് മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ച് സജീവ് പിള്ള ഒരു കരാറില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഫെഫ്ക സജീവ് പിള്ളയുടെ കാര്യത്തില്‍ പറയുന്നതും ഈ കരാര്‍ ആണ്. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംവിധായകന് പ്രതികൂലവും നിര്‍മാതാവിന് ഒപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്.

നിലവില്‍ മാമാങ്കത്തിന്റെ സംവിധായകന്റെ സ്ഥാനത്ത് സജീവ് പിള്ള ഉണ്ടെങ്കിലും ചീഫ് അസോസിയേറ്റ് സ്ഥാനത്ത് പ്രമുഖ സംവിധായകന്‍ എം.പദ്മകുമാറിനെ കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ കാര്യത്തിലും ഇതേ വിവാദം ഉണ്ടായിരുന്നു. സംവിധാകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇതുമൂലം ചിത്രത്തിന്റെ ബാക്കി ഭാഗം എം.പദ്മകുമാര്‍ ആണ് സംവിധായനം ചെയ്തതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടിയന്റെ ചിത്രീകരണത്തില്‍ സഹകരിച്ചെങ്കിലും സംവിധായകന്റെ റോളിലല്ല താന്‍ പ്രവര്‍ത്തിച്ചതെന്നു പദ്മകുമാര്‍ വിശദീകരണവും നല്‍കിയുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ അതേ വിവാദമാണ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തിനും ഉണ്ടായിരിക്കുന്നത്. അതേസമയം ധ്രുവനെ കൂടാതെ സിനിമയില്‍ നിന്നും ചില സാങ്കേതിക പ്രവര്‍ത്തകരേയും ഒഴിവാക്കിയിട്ടുണ്ട്. കാമറമാന്‍ ഗണേഷ് രാജവേലും, കലാസംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിനരേയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് പകരക്കാരെ നിശ്ചയിക്കുകയും ചെയ്തു. മോശം പ്രകടനമാണ് ഒഴിവാക്കാനായി പറയുന്ന കാരണം. ഈ വിഷയത്തില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല.

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ മമ്മൂട്ടിയോട് ചോദിക്കൂ; മാമാങ്ക വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍