UPDATES

സാജിദ് യാഹിയ

കാഴ്ചപ്പാട്

guest column

സാജിദ് യാഹിയ

സിനിമ

ഏതെങ്കിലും ഗ്രൂപ്പിന് ഇഷ്ടപ്പെട്ടില്ലെന്നു കരുതി ഒരു സിനിമ മോശമാകുന്നില്ല, സിനിമ പാരഡൈസോ ക്ലബ് മലയാള സിനിമയ്ക്ക് എന്താണ് ചെയ്തിട്ടുള്ളത്?

രാവിലെ 10 മണിക്ക് ഇറങ്ങുന്ന ചിത്രത്തെ ഇന്റര്‍വെല്ലിനു കൊല്ലാന്‍ നോക്കുമ്പോള്‍ സിനിമ കൂട്ടായ്മകള്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

ഹനീഫ് അഥേനിയുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ നിവിൻ പോളി ചിത്രമാണ് മിഖായേൽ. എന്നാൽ ആവറേജ് റിപ്പോർട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകൾ സിനിമയുടെ അണിയറ പ്രവർത്തകർ ചേര്‍ന്ന് പൂട്ടിച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിനിമ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (സിപിസി) രംഗത്തെത്തിയിരുന്നു. മാന്യമായ,വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോടു പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവർത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല പൂട്ടേണ്ടി വന്ന മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രസ്തുത സിനിമയെ സംബന്ധിച്ച ഒരു പോസ്റ്റുകളും (നല്ലതോ മോശമോ ആയിക്കൊള്ളട്ടെ ) സിപിസി ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല എന്നും സിനിമ പാരഡൈസോ ക്ലബ്  തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.  (മിഖായേലിന് സിനിമ പാരഡൈസോ ക്ലബില്‍ വിലക്ക്). ഇത്തരത്തില്‍ നിരൂപണങ്ങള്‍ വരുന്നതിനെ കുറിച്ചും സിനിമ ഗ്രൂപ്പുകളെ കുറിച്ചും പ്രതികരിക്കുകയാണ്  സംവിധായകന്‍ സാജിദ് യാഹിയ.

വളരെ ചെറിയ ഇന്‍ഡസട്രി ആണ് നമ്മുടേത്. ഒരു വര്‍ഷത്തെ ടോട്ടല്‍ ബിസിനസ് 300 കോടി രൂപയാണ്. അതായത് ഒരു സല്‍മാന്‍ ഖാന്‍, ഷാരൂഖാന്‍ ചിത്രത്തിന് സമമാണ് നമ്മുടെ മൊത്തം മലയാളം ഇന്‍ഡസ്ട്രി. അപ്പോള്‍ ഇത്രയും ചെറിയ ഒരു ഇന്‍ഡസ്ട്രിയില്‍ വളരെ കഷ്ടപ്പെട്ടാണ് ഒരു സിനിമ ഇറക്കുന്നത്.

മിഖായേല്‍ എന്ന ചിത്രവും അത്തരത്തില്‍ ഒന്നാണ്. ഹനീഫ് അഥേനി എന്ന സംവിധായകന്‍ വളരെ കഷ്ടപ്പെട്ട് ചെയ്‌തൊരു ചിത്രമാണ്. ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഈ സിനിമയുടെ നെഗറ്റീവ് റിവ്യൂ വളരെ ബോധപൂര്‍വമായി പല പല പേജുകളിലും റീപോസ്റ്റ് ചെയ്യപ്പെടുകയാണ്. ഒരാള്‍ക്ക് ആ പടം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അയാള്‍ക്ക് തന്റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ അത് പോസ്റ്റ് ചെയ്യാം, അയാള്‍ക്ക് അതിനുള്ള അവകാശവും ഉണ്ട്. അയാള്‍ നൂറു രൂപ കൊടുത്ത ആളാണ്. പക്ഷേ കുറെ അധികം പേജുകളില്‍ ആവര്‍ത്തിച്ച് അത് പോസ്റ്റ് ചെയ്യുമ്പോള്‍, ആ പ്രവര്‍ത്തി എത്രത്തോളം സിനിമയെ ബാധിക്കും എന്ന് കൂടി മനസിലാക്കണം. അങ്ങനെ ചെയ്യുന്ന ആള്‍ക്കാരെ ബ്ലോക്ക് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. കാരണം, അത്തരത്തില്‍ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുകയെന്നത് മനഃപൂര്‍വം നശിപ്പിക്കാനുള്ള പ്രവര്‍ത്തിയാണ്.

ആ സിനിമയുടെ പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍ നോക്കിയാല്‍ അത് റിപ്പീറ്റഡ് ആയി വരുന്നവയാണെന്നു വ്യക്തമാണ്. ഒരാള്‍ തന്നെ പത്തിരുപത്തിയഞ്ചോളം പേജുകളില്‍ ഒരേ കമന്റ് പോസ്റ്റ് ചെയ്യുന്നത് ഡീഗ്രേഡിങ് ആണ്. അത്തരത്തില്‍ സിനിമയെ ഡീഗ്രേഡിങ് ചെയ്യുന്നതുകൊണ്ടാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

ഒരു സിനിമയുടെ പോസ്റ്ററുകളും ടീസറുമെല്ലാം കോപ്പിറൈറ്റ് പ്രൊട്ടക്ടഡ് ആണ്. അത് ആ സിനിമയുടെ സൃഷ്ടാക്കള്‍ പ്രൊമോഷന് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അത് തന്നെ ഒരു നെഗറ്റീവ് കാര്യത്തിന് ഉപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു നടപടി എടുക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് വേണമെങ്കില്‍ അവര്‍ സ്വന്തം കാശു കൊടുത്തുണ്ടാക്കിയ പോസ്റ്ററുകള്‍ ഉപയോഗിച്ചു അവരുടെ റിവ്യൂ പോസ്റ്റ് ചെയ്യട്ടേ. പകരം അതിന്റെ നിര്‍മാതാവ് കാശുമുടക്കി ഒരു പോസ്റ്റര്‍ ഡിസൈനറെ വെച്ച് ഉണ്ടാക്കിയ പോസ്റ്റര്‍ തന്നെ ഉപയോഗിച്ച് ആ സിനിമക്കെതിരെ പോസ്റ്റ് ചെയ്യുമ്പോഴാണ് കോപ്പിറൈറ്റ് ലംഘനം ആകുന്നത്. അത്തരത്തില്‍ സിനിമയുടെ പോസ്റ്ററോ മറ്റോ ഒരുപാട് തവണ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമേ ഒരു ഗ്രൂപ്പ് ഡിലീറ്റ് ആയി പോവുകയള്ളൂ.

ഏതെങ്കിലും സംവിധായകനോ നിര്‍മാതാവോ ഒരു മോശം സിനിമ ചെയ്യാം എന്ന് പറഞ്ഞു രാവിലെ ഷൂട്ടിംഗ് തുടങ്ങില്ലലോ. മിഖായേല്‍ ഇഷ്ടപെട്ടവരും, അല്ലാത്തവരും ഉണ്ടാകും. ഇവിടെ എല്ലാത്തരം പ്രേക്ഷകരും ഉണ്ട്. റിയലിസ്റ്റിക്ക് സിനിമ ഇഷ്ടപ്പെടുന്നവരും മാസ് സിനിമ ഇഷ്ടപ്പെടുന്നവരും ഉണ്ട്. മാസ് സിനിമ ഇഷ്ടപെടുന്ന ഒരാള്‍ക്ക് റിയലിസ്റ്റിക്ക് സിനിമ ഇഷ്ട്ടപെടണമെന്നില്ല. ഒരു ഗ്രൂപ്പിന് ചിത്രം ഇഷ്ടമായില്ലെങ്കില്‍ അത് ഒരു മോശം ചിത്രമാണെന്നല്ല അര്‍ത്ഥം. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാത്രം. ഇത്തരം നെഗറ്റീവ് പറയുന്ന ആളുകള്‍ അവരവരുടെ സ്വന്തം അക്കൌണ്ടില്‍ വിമര്‍ശനം ഇട്ടോളൂ, അല്ലാതെ അണിയറ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ പോസ്റ്റര്‍ എന്തിന് ഉപയോഗിച്ചു? അവിടെയാണ് കോപ്പിറൈറ്റ് ലംഘനം ഉണ്ടായത്. ഒരു പോസ്റ്റിലൂടെ റിവ്യൂ ഇട്ടാല്‍ ഉണ്ടാകുന്ന ‘ഹാംഫുള്ളനെസ്’ കുറവാണ്, പക്ഷെ അതെ സമയം സിനിമയുടെ പോസ്റ്റര്‍ ഉപയോഗിച്ചു ‘വെറുപ്പീരു പടം’ എന്ന് ഇടുന്നതും രണ്ടും രണ്ടാണ്. അതിനു കിട്ടുന്ന ഓണ്‍ലൈന്‍ പ്രസന്‍സും വലുതാണ്. മിനിമം അഞ്ചു മുതല്‍ 10 തവണ എങ്കിലും കോപ്പിറൈറ്റ് ക്ലെയിം വന്നെങ്കില്‍ മാത്രമേ എങ്ങനെ ഗ്രൂപ്പ് പൂട്ടിപ്പോവുകയൊള്ളു.

ഈ പറയുന്ന ഗ്രൂപ്പുകളും അസോസിയേഷനുകളും സിനിമകളെ രക്ഷപെടുത്താന്‍ വേണ്ടിയാകണം. രാവിലെ 10 മണിക്ക് ഇറങ്ങുന്ന ചിത്രത്തെ ഇന്റര്‍വെല്ലിനു കൊല്ലാന്‍ നോക്കുമ്പോള്‍ സിനിമ കൂട്ടായ്മകള്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

സിനിമ പാരഡൈസോ പോലുമുള്ള ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ഏതെങ്കിലും പുതുമുഖ സംവിധായകനെ സഹായിച്ചിട്ടുണ്ടോ? ഇവിടെ ‘കുഞ്ഞു ദൈവം’ എന്നൊരു ചിത്രമിറങ്ങി. ഒരു പാവംപിടിച്ച മനുഷ്യന്‍ അയാളുടെ കാമറ എടുത്തുകൊണ്ട് പോയി ഒരു സിനിമയെടുത്തു. ആ സിനിമ ലോക സിനിമ ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപെട്ടു. ആ സിനിമയ്ക്ക് വേണ്ടി എന്താണ് സിനിമ പാരഡൈസോ ക്ലബ് ചെയ്തത്? ഇന്‍ഡസ്ട്രിയിലെ പോപ്പുലറായിട്ടുള്ള സംവിധായകരെ പിന്തുണയ്ക്കും. അവരുടെ സ്റ്റാറ്റസ് സംരക്ഷിക്കാന്‍ വേണ്ടി. അതാണ് സിനിമ പാരഡൈസോ ചെയ്യുന്നത്. അത്തരം സംവിധായകരുടെ ഹീറോയിസം പറഞ്ഞിട്ടെന്തു കാര്യം. കഷ്ടപ്പെടുന്ന ആളുകളെ സപ്പോര്‍ട്ട് ചെയ്യാനാകണം ഇത്തരം സിനിമ കൂട്ടായ്മകള്‍. ഇവര്‍ക്കെല്ലാം അവരുടേതായ അജണ്ടകളും ലാഭങ്ങളും ഉണ്ട്. വളരെ സീനിയര്‍ ആയിട്ടുള്ള സംവിധായകരെ കളിയാക്കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്. ഇവരീ ഇന്‍ഡസ്ട്രിക്കു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? എന്തെങ്കിലും ചെയ്തു കാണിക്കാതെ വെറുതെ മറ്റുള്ളവരെ വിമര്‍ശിച്ചത് കൊണ്ട് മാത്രം ഒരു കാര്യവുമില്ല.

(സംവിധായകന്‍ സാജിദ് യാഹിയയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

Also Read: വരൂ, ഈ തീയറ്ററുകളിലെ ഒഴിഞ്ഞ കസേരകളും ഇറങ്ങിപ്പോക്കും കൂവലുകളും കാണൂ, എന്നിട്ട് പോരെ അക്കൗണ്ട് പൂട്ടിക്കലും ഭീഷണിയുമൊക്കെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍