UPDATES

സിനിമാ വാര്‍ത്തകള്‍

പത്മാവതി സിനിമയുടെ പ്രചരണ രംഗോലി നശിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ഒക്ടോബര്‍ 16ന് കരണ്‍ എന്ന ഒരു പ്രാദേശിക കലാകാരനാണ് സൂറത്തിലെ രാഹുല്‍ രാജ് മാളിലെ തറയില്‍ രംഗോലി വരച്ചത്

സഞ്ജയ് ലീല ഭന്‍സാലിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പത്മാവതി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ഗുജറാത്തില്‍ സംഘടിപ്പിച്ച രംഗോലി നശിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാല് പേര്‍ രജ്പുത് കര്‍ണി സേനയിലെയും ഒരാള്‍ വിഎച്ച്പിയിലെയും അംഗങ്ങളാണ്.

ഒക്ടോബര്‍ 16ന് കരണ്‍ എന്ന ഒരു പ്രാദേശിക കലാകാരനാണ് സൂറത്തിലെ രാഹുല്‍ രാജ് മാളിലെ തറയില്‍ രംഗോലി വരച്ചത്. ഭന്‍സാലി മൂര്‍ദാബാദ്, ജയ് ശ്രീരാം എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടാണ് സംഘം രംഗോലി നശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ്. അതേസമയം അക്രമത്തില്‍ പത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണ്ടെടുത്ത വീഡിയോകളില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്ന് സൂറത്ത് പോലീസ് കമ്മിഷണര്‍ സതിഷ് ശര്‍മ്മ അറിയിച്ചു. ജനാധിപത്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നും അത് ലംഘിക്കപ്പെടുന്നതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനധികൃതമായി സംഘം ചേര്‍ന്നു, അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തി എന്നിങ്ങനെയാണ് അഞ്ച് പേര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. സംഭവത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

കരണിനും അദ്ദേഹത്തിന്റെ സൃഷ്ടിക്കും നേരെയുണ്ടായ ആക്രമണം ഹൃദയം തകര്‍ക്കുന്നതാണെന്ന് ദീപിക ട്വീറ്റില്‍ പറയുന്നു. പത്മാവതിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മുതല്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജപുത് വിഭാഗം ചിത്രത്തിന്റെ റിലീസിംഗും തടസ്സപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ ചിത്രീകരണം നടക്കുമ്പോള്‍ ബന്‍സാലിക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. ഇതേതുടര്‍ന്ന് മഹാരാഷ്ട്രയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊല്‍ഹാപുരിലെ ഷൂട്ടിംഗ് സെറ്റ് മാര്‍ച്ചില്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ അഭിനയിച്ച പത്മാവതി ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍