UPDATES

സിനിമാ വാര്‍ത്തകള്‍

പ്രാദേശിക കൂട്ടായ്മകളെ വിതരണക്കാരാക്കി എസ് ദുര്‍ഗയിലൂടെ മലയാള സിനിമയില്‍ പുതിയ പരീക്ഷണം

ആര്‍ട്ട് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരുടെ പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകുന്നത് ഭാവിയില്‍ മറ്റ് ചെറിയ ചിത്രങ്ങളെയും സഹായിക്കും

ആര്‍ട്ട് ഹൗസ് സിനിമകള്‍ക്ക് സമാന്തരമായ ഒരു തിയറ്റര്‍ വിതരണ സമ്പദായം ലക്ഷ്യമിട്ട് കാഴ്ച ചലച്ചിത്ര വേദിയും നിവ് ആര്‍ട്ട് മൂവീസും ചേര്‍ന്ന് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസിംഗോടെയാണ് ഈ പരീക്ഷണം നടപ്പാക്കാനൊരുങ്ങുന്നത്.

പ്രാദേശിക കൂട്ടായ്മകളെ വിതരണക്കാരാക്കി ചിത്രങ്ങള്‍ തിയറ്ററിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആര്‍ട്ട് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരുടെ പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടാകുന്നത് ഭാവിയില്‍ മറ്റ് ചെറിയ ചിത്രങ്ങളെയും സഹാക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഓരോ പ്രദേശത്തും സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരുടെ പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ വിതരണം നടക്കുക. അതത് പ്രദേശത്തെ വിതരണക്കാര്‍ ഈ പ്രാദേശിക കൂട്ടായ്മകളായിരിക്കും. ചിത്രത്തിന്റെ തിയറ്റര്‍ വരുമാനത്തിന്റെ പത്ത് ശതമാനം ഈ കൂട്ടായ്മകള്‍ക്കുള്ളതാണ്.

ഫിലിം സൊസൈറ്റി, കോളേജ് ഫിലിം ക്ലബ്ബ്, കലാ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവര്‍ക്ക് വിതരണക്കാരായി മുന്നോട്ട് വരാം. ചിത്രത്തിന്റെ തിയറ്റര്‍ ചെലവുകളും പോസ്റ്റര്‍ പബ്ലിസിറ്റി ചെലവുകളും നിവ് ആര്‍ട്ട് മൂവീസ് നിര്‍വഹിക്കും. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാകും എസ് ദുര്‍ഗ റിലീസ് ചെയ്യുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പും സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. കൂടാതെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും ഒരു പ്രാദേശിക കൂട്ടായ്മയെങ്കിലും നിലവില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ടെന്നും സനല്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാദേശിക വിതരണ സംഘങ്ങള്‍ വിതരണക്കാരായി എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വന്‍കിട വിതരണക്കാരിലൂടെ ചെറുകിട ചിത്രങ്ങള്‍ തിയറ്ററുകളിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ഈ പുതിയ പരീക്ഷണം ചെറുകിട ചിത്രങ്ങളൊരുക്കുന്നവര്‍ക്ക് ഏറെ സഹായകമാകും. കേരളത്തിലെ എല്ലാ ജില്ലയിലും ഒരു കേന്ദ്രത്തിലെങ്കിലും ഈമാസം 23ന് എസ് ദുര്‍ഗ റിലീസ് ചെയ്യുമെന്നും സനല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇത്തരം കൂട്ടായ്മകളിലൂടെ ചിത്രം തിയറ്ററിലുള്ള എല്ലാ സ്ഥലങ്ങളിലും എത്തിക്കുമെന്നും സനല്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍