UPDATES

സിനിമ

പെണ്ണിന്റെ കഴുത്തറപ്പന്‍ പ്രതികാരം, ഗ്യാംഗ്സ് ഓഫ് മദ്രാസ്

പലഭാഷകളിലായി ഇറങ്ങിയിരിക്കുന്ന നൂറുകണക്കിന്ന് ഗ്യാംഗസ്റ്റര്‍ സിനിമകളില്‍ നിന്നും GOMന് ഉള്ള വ്യത്യാസം എന്താണെന്നാല്‍ ഇതൊരു നായികാകേന്ദീകൃതസിനിമയാണ് എന്നതാണ്

ശൈലന്‍

ശൈലന്‍

ലൂസിഫറും മധുരരാജയും വെന്നിക്കൊടി പാറിച്ചതിനാല്‍ അതിരനൊഴികെയുള്ള മലയാളസിനിമകള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്ന വിഷു-വെക്കേഷന്‍ ബോക്‌സോഫീസിലേക്ക് ഈയാഴ്ച പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന തമിഴ് സിനിമ ആണ് ‘ഗ്യാംഗ്സ് ഓഫ് മദ്രാസ്’. സിനിമയുടെ പേര് മാത്രമല്ല പോസ്റ്ററും ആകര്‍ഷണീയമാണ്. കണ്ടു കഴിഞ്ഞപ്പോള്‍ പടവും മോശമല്ല. പക്ഷെ ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ സ്‌ക്രീനുകളിലും ലൂസിഫറും രാജയും വിഷുസദ്യ വിളമ്പിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗ്യാംഗ്സ് ഓഫ് മദ്രാസിന് (GOM)വളരെ കുറച്ച് സ്‌ക്രീനുകളെ കേരളത്തില്‍ ലഭിച്ചിട്ടുള്ളൂ.

സി വി കുമാര്‍ എന്ന നിര്‍മാതാവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗ്യാംഗ്സ് ഓഫ് മദ്രാസ് പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ഗ്യാംഗ്സ്റ്റര്‍ സ്റ്റോറി ആണ്. പക്ഷെ, പലഭാഷകളിലായി ഇറങ്ങിയിരിക്കുന്ന നൂറുകണക്കിന്ന് ഗ്യാംഗസ്റ്റര്‍ സിനിമകളില്‍ നിന്നും GOMന് ഉള്ള വ്യത്യാസം എന്താണെന്നാല്‍ ഇതൊരു നായികാകേന്ദീകൃതസിനിമയാണ് എന്നതാണ്. നായികയുടെ പ്രതികാരം അധോലോകത്തെ തകര്‍ക്കുന്നതായിട്ടാണ് GOM ന്റെ സ്റ്റോറിലൈന്‍.

ജയ എന്ന റസിയ ഒരു വെല്‍മെയ്ഡ് ക്യാരക്റ്റര്‍ ആണ്. കുട്ടിക്കാലം മുതല്‍ അവളുടെ സ്വഭാവസവിശേഷതകള്‍ സംവിധായകന്‍ കാണിച്ച് തരുന്നുണ്ട്. സ്‌കൂളില്‍ വച്ച് ബാഗില്‍ പിടിച്ചു തള്ളിമറിച്ചിട്ട മുതിര്‍ന്ന ആണ്‍കുട്ടിയെ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് വന്ന ശേഷം പിന്നീട് കുറെ ദിവസങ്ങള്‍ക്ക് ശേഷം നേരില്‍ കാണുമ്പോള്‍ തെരുവില്‍ വച്ച് അവള്‍ തിരിച്ചടി കൊടുക്കുന്നുണ്ട്. കോളേജില്‍ വച്ച് ഇഷ്ടത്തിലായ ഇബ്രാഹിമിനെ മൂന്നും പിന്നും നോക്കാതെ കല്യാണം കഴിച്ച് റസിയയാവുകയാണ്..

എന്തുകൊണ്ട് എനിക്ക് റസിയ എന്ന് നാമകരണം ചെയ്തു എന്ന അവളുടെ ചോദ്യത്തിന്ന് അവന്‍ ഡല്‍ഹിയിലെ സുല്‍ത്താന റസിയയുടെ ചരിത്രപാഠങ്ങള്‍ ആണ് പറഞ്ഞുകൊടുക്കുന്നത്. ആര്‍ക്കാട്ട് നവാബിന്റെ ചരിത്രത്തിലെ താവഴികളുമായി നിര്‍ബന്ധമുണ്ടെന്ന പറയുന്നതില്‍ അഭിമാനം കാണുന്നുമുണ്ടായാള്‍. പക്ഷെ സിനിമ തുടങ്ങി15 മിനിറ്റാവുമ്പോഴേക്ക് അവരുടെ ദാമ്പത്യത്തിന് ഇബ്രാഹിമിന്റെ കൊലപാതകത്തോടെ കര്‍ട്ടന്‍ വീഴുകയാണ്. അതൊരു fake എന്‍കൗണ്ടര്‍ ആയിരുന്നു.

പിന്നീട് ആണ് അവള്‍ക്ക് മനസ്സിലാവുന്നത് ഇബ്രാഹിമിന്റെ തൊഴിലുടമ ആയ റാവുത്തര്‍ ഒരുഡ്രഗ് ഡീലര്‍ ഗ്യാംഗ്സ്റ്റരാണെന്നും പൊലീസുമായുള്ള ഒരു നാടകത്തില്‍ ഇബ്രാഹിമിനെ മനപൂര്‍വം ഇട്ടു കൊടുക്കുകയായിരുന്നു എന്നും. അതിനുള്ള കാരണം അവള്‍ തന്നെ ആയിരുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്..

സ്റ്റോറി ലൈന്‍ സൂചിപ്പിക്കുമ്പോലെ കത്തിയായിട്ടല്ല കാര്യങ്ങള്‍ പിന്നീട് നീങ്ങുന്നത്. ഒരു സാധാരണ സ്ത്രീയ്ക്ക് പ്രതികാരം നിറവേറ്റാന്‍ സാധ്യമായ ഇടങ്ങളിലൂടെ ഏറക്കുറെ സ്വാഭാവികമായ മട്ടില്‍ ആണ് സി വി കുമാര്‍ കൊണ്ടുപോയിരിക്കുന്നത്. അവളെ ഒരിക്കലും ഒരു സൂപ്പര്‍ നായികയാകാന്‍ അയാള്‍ മെനക്കെടുന്നില്ല. ഭര്‍ത്താവിനെ കൊന്നവരെ കൊല്ലുക മാത്രമാണ് അവളുടെ ലക്ഷ്യം. അതിന് അവള്‍ മറ്റുള്ളവരെ തനിക്കുതകും മട്ടില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു ഗ്യാംസ്റ്റര്‍ മൂവിക്ക് ആപ്റ്റ് ആയ കളര്‍ടോണ് ആണ് ഫ്രയിമുകള്‍ക്കുടനീളം. കാര്‍ത്തിക് കുമാര്‍ ആണ് ക്യാമറ. ശ്യാമലാംഗന്റെ പശ്ചാത്തല സംഗീതവും നല്ല ആമ്പിയന്‍സ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിക്കുന്നു. നിര്മാതാവില്‍ നിന്നും സംവിധായകന്റെ കോട്ടിലേക്ക് പരാകായപ്രവേശം നടത്തിയ ആളാണ് സി വി കുമാര്‍. സ്‌ക്രിപ്‌റിംഗിലും മെയ്ക്കിംഗിലും അതിന്റെ പരവേശമൊന്നുമില്ല. പുള്ളിയുടെ മേഖല തന്നെയാണ് ഇത്.

പ്രിയങ്ക റൂത്ത് എന്ന നടിയാണ് നായികയായി മിന്നിച്ചിരിക്കുന്നത്. സീരിയല്‍ നടിയായിരുന്നത്രെ പുള്ളിക്കാരി. അതിന്റെ അലമ്പൊന്നുമില്ല. നിയന്ത്രിതമാണ്. കായികാഭ്യാസങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ആടുകളം നരേന്‍, വേലു പ്രഭാകരന്‍, ഡാനിയല്‍ ബാലാജി എന്നിവരൊക്കെ ആണ് മുഖപരിചയമുള്ള മറ്റുള്ളവര്‍..

ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള ഗ്യാംഗ്സ് ഓഫ് മദ്രാസില്‍ വയലന്‌സിന് ഒട്ടും കുറവില്ല. പക്ഷെ എല്ലാം പടത്തിന്ന് ആവശ്യമായ കോമ്പോസിഷനില്‍ തന്നെ ആണ്. ‘മഴു മറന്നാലും മരം മറക്കില്ല’ എന്നതാണ് സിനിമയുടെ മൂലവചനം. സിനിമ തീരുമ്പഴാകട്ടെ ഫിലിമൊഗ്രാഫി എന്ന ടൈറ്റിലിന്ന് കീഴെ സിനിമയെ സ്വാധീനിച്ച പലഭാഷകളിലായി വന്ന മറ്റ് സിനിമകളുടെ ലിസ്റ്റ് എഴുതിക്കാണിക്കാനുള്ള ആര്‍ജവവും സംവിധായജന്റെ കാണിക്കുന്നു… അത് കിടു…

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍