UPDATES

സിനിമ

മനുഷ്യനിലേക്കുള്ള ദൂരവും പരിണാമവും എത്ര അകലെയാണ്? ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഗ്രീന്‍ ബുക്ക് വര്‍ത്തമാന കാലത്തിന്റെ ഐറണി

1960 കാലഘട്ടത്തിലെ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സാമൂഹ്യനിലയെ സിനിമയിലുടനീളം സസൂക്ഷ്മം ചിത്രപ്പെടുത്തിയിട്ടുണ്ട്

The negro motorist green book എന്നത് യാത്ര ചെയ്യുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാര്‍ അത്യാവശ്യം കരുതിയിരിക്കേണ്ട ഒരു പുസ്തകമാണ്. ഹോട്ടലുകള്‍, ഗ്യാരേജുകള്‍, നൈറ്റ് ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍, ടൂറിസ്റ്റ് ഹോംസ്, റോഡ് ഹൗസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങി കറുത്തവര്‍ക്ക് പ്രവേശിക്കാവുന്ന പൊതു ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു കൈപ്പുസ്തകമാണ് ഗ്രീന്‍ ബുക്ക്. നമ്മുടെ ദലിത് സാഹിത്യത്തിന്റെ പ്രാരംഭ ദിശയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണതിലെ പ്രമേയമെങ്കിലും സംഗീതം എന്ന രൂപകത്തെ മുന്‍ നിര്‍ത്തിയാണ് സിനിമ വികസിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ആഫ്രോ അമേരിക്കനായ ഒരാളാണതിലെ മുഖ്യ കഥാപാത്രവും പിയാനിസ്റ്റും കൂടിയായ ഡോണ്‍ ഷേര്‍ലി. അമേരിക്കയിലെ മദ്ധ്യ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് നടത്തുന്ന ഒരു സംഗീത പര്യടനത്തിനായി ഇറ്റാലിയന്‍-അമേരിക്കക്കാരനായ തന്റെ ഡ്രൈവറെ(ടോണി വല്ല ലോംഗാ) തിരഞ്ഞെടുക്കുന്നത് മുതല്‍ സിനിമ നമ്മളെ പിടികൂടുന്നു. മനുഷ്യത്വം വ്യക്തികളുടെ വരുതിക്കുള്ളില്‍ കനിവായ് ഒലിക്കുന്നതും കാത്ത് നില്‍ക്കേണ്ടി വരുന്ന അങ്ങേയറ്റം ലോയലായ ഒരു കലാകാരന്റെ ധര്‍മ്മസങ്കടങ്ങളെ സംഗീതം കൊണ്ട് കീഴ്‌പ്പെടുത്തുന്നു.

1960 കാലഘട്ടത്തിലെ അമേരിക്കയിലാണ് കഥ നടക്കുന്നത്. ആ സമയത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ സാമൂഹ്യനിലയെ സിനിമയിലുടനീളം സസൂക്ഷ്മം ചിത്രപ്പെടുത്തിയിട്ടുണ്ട്. ബ്ലൂസും കണ്‍ട്രി മ്യൂസിക്കും ശക്തമായ ആ സമയത്ത് എന്തുകൊണ്ടാണ് ഡോണ്‍ ഷേര്‍ളിയെപ്പോലുള്ള ഒരു ബ്ലാക്ക് ക്ലാസിക്കല്‍ സംഗീതം തന്നെ തിരഞ്ഞെടുത്തത് എന്നതാണ് സിനിമ മുന്നോട്ടു വക്കുന്ന ചോദ്യങ്ങളിലൊന്ന്. തന്റെ അമ്മൂമ്മയില്‍ നിന്ന് പഠിച്ച ആദ്യ പിയാനോ നോട്ടുകള്‍ വച്ച് ഫ്‌ളോറിഡയിലെ പാരീഷ് ഹാളുകളിലും പള്ളികളിലും നടത്തിയ പ്രകടനം കണ്ട ഒരാള്‍ അയാളെ ലെനിന്‍ഗ്രാഡ് കണ്‍സര്‍വേറ്ററി ഓഫ് മ്യൂസിക്കിലെത്തിക്കുകയായിരുന്നു. ആ കാലഘട്ടത്തിലെ ആദ്യ നീഗ്രോ വിദ്യാര്‍ത്ഥിയായ ഡോണ്‍ ഷേര്‍ളിയെ ആസ്ഥാപനം അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് ബ്രാഹ്മ്‌സിനേയും ബിഥോവനേയും ഷോപാനെയുമെല്ലാം ഹൃദിസ്ഥമാക്കി തന്റെ ലക്ഷ്യത്തിലെത്തുന്നു. റെക്കോഡ് കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ ധീരമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നു. അവര്‍ ഒന്നിച്ച് നടത്തിയ യാത്രകളിലെ സംഗീത പരിപാടികളെല്ലാം തന്നെ ആ കാലഘട്ടത്തില്‍ ഒരു നീഗ്രോ യുവാവിന് സങ്കല്പിക്കാന്‍ പോലും കഴിയാത്ത രാജകീയ സദസ്സുകളായിരുന്നു. അതില്‍ ഒന്നു രണ്ട് റോയല്‍ പാലസുകളിലും വിരുന്ന് സല്‍ക്കാരങ്ങളിലും തിക്തമായ വംശീയ വിദ്വേഷങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. അവിടെയെല്ലാം നമ്മള്‍ മനുഷ്യനിലേക്കുള്ള ദൂരവും പരിണാമവും എത്ര അകലെയാണെന്ന് തിരിച്ചറിയുന്നു.

തന്നെ വളര്‍ത്തിയ മുത്തശ്ശിയൊഴികെ മറ്റാരുമില്ലാത്ത ഡോണ്‍ ഷേര്‍ളി ആ യാത്രക്കിടയില്‍ തന്റെ നഷ്ടപ്പെട്ടു പോയ സഹോദരനേക്കുറിച്ച് പറയുന്നുണ്ട്. ഒരു ക്രിമിനലായി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവും എന്ന് നെടുവീര്‍പ്പോടുകൂടി അയാള്‍ പറയുമ്പോള്‍ ആ കാലഘട്ടത്തിലെ കറുത്തവരുടെ സാമൂഹ്യനില വെളിവാക്കപ്പെടുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് ഇത്രയധികം ലോയലായ ഒരു സംഗീതജ്ഞന്റെ പിറവി എന്നതും നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ഒരു ക്ലാസിക്കല്‍ പിയാനിസ്റ്റായി ജീവിതം തിരഞ്ഞെടുത്ത ഷേര്‍ളിയോട് താന്‍ കാണിക്കുന്നത് ഒരു വലിയ മിസ്റ്റേക്കാണെന്ന് ഡ്രൈവര്‍ സൂചിപ്പിക്കുന്നുണ്ട്. നിന്റെ സംഗീതം നീ ചെയ്യൂ എന്ന് വെള്ളക്കാരനായ ഡ്രൈവര്‍ ഷേര്‍ളിയോട് പറയുമ്പോള്‍ അദ്ദേഹം വിനയത്തോട് നന്ദി മാത്രമാണ് പറയുന്നത്. കെന്‍ടെക്കിക്കും അലബാമക്കുമിടയിലെ നീണ്ട പാതക്ക് നടുവില്‍ വച്ച് തന്റെ കറുത്ത യജമാനനെ വണ്ടിക്ക് പിറകിലിരുത്തി കേടായ വണ്ടി നന്നാക്കുന്ന വെള്ളക്കാരനേ നോക്കി തോട്ടത്തിലെ അടിമപ്പണി ചെയ്യുന്ന ഒരു കൂട്ടം കറുത്തവര്‍ അതൊരു പകല്‍ക്കിനാവാണെന്ന് സംശയിക്കുന്നുണ്ട്.

മറ്റൊരിടത്ത് ഒരു കറുത്തവര്‍ഗ്ഗക്കാരനെ പിറകിലിരുത്തി വണ്ടിയോടിക്കുന്ന വെള്ളക്കാരനെ പുതു തലമുറക്കാരായ ഒരു കുടുംബവും പരിഹസിക്കുന്നുണ്ട്. ഏറിയും കുറഞ്ഞും മനുഷ്യത്വവും ബ്രൂട്ടാലിറ്റിയും പല വെള്ളക്കാരുടെയും മുഖമണിഞ്ഞ് പ്രധാന വേഷത്തില്‍ സിനിമയിലുടനീളമുണ്ട്. എന്തായാലും നമ്മുടെ കാലത്തിന്റെ ക്രാഫ്റ്റിനുള്ളിലേക്ക് ഈ ഇരുണ്ട മനുഷ്യരും അവരുടെ ഇരുണ്ട ചരിത്രവും പ്രത്യക്ഷപ്പെടുകയും ലോകത്തിന്റെ തന്നെ താരാട്ടുകള്‍ക്ക് പാത്രീഭവിക്കയും സാമ്പത്തിക ലാഭം കൊയ്യുകയും ചെയ്യുന്നത് ഒരു ഐറണി ആണെങ്കിലും തെല്ലാശ്വാസവും അവ തരുന്നുണ്ട് …!

ബിനു എം പള്ളിപ്പാട്

ബിനു എം പള്ളിപ്പാട്

കവി, സംഗീതജ്ഞന്‍. ഇപ്പോള്‍ തേക്കടിയില്‍ താമസം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍