ഓസ്കാർ 2020ൽ ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഇന്ത്യയെ പ്രതിനിധീകരിക്കും. രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യൂസിക്കല്‍-ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സോയ അഖ്തറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് സിനിമയുടെ ഓസ്കാർ പ്രവേശനം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ഈ വര്‍ഷം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് തീയ്യറ്ററുകളിലെത്തിയ ഗള്ളി ബോയ് മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായായി അലിയ ഭട്ട് വേഷമിട്ട ചിത്രത്തിൽ സംഗീതലോകം സ്വപ്നം കണ്ട് നടക്കുന്ന മുറാദ് അഹമ്മദ് എന്ന ഗള്ളി ബോയ് കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്.
#GullyBoy has been selected as India’s official entry to the 92nd Oscar Awards. #apnatimeaayega
Thank you to the film federation and congratulations #Zoya @kagtireema @ritesh_sid @RanveerOfficial @aliaa08 @SiddhantChturvD @kalkikanmani & cast, crew and hip hop crew. ?? pic.twitter.com/Eyg02iETmG— Farhan Akhtar (@FarOutAkhtar) September 21, 2019
238.16 കോടി ആഗോള ഗ്രോസ് നേടിയ ചിത്രം ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് 19.4 കോടിയാണ് സ്വന്തമാക്കിയത്. രണ്ടാഴ്ചകൊണ്ട് 220 കോടിയുടെ കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. പ്രശസ്തമായ ബെര്‍ലിയന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.
അതേസമയം, 92മത് ഓസ്‌കറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള പട്ടികയില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഇടപിടിച്ചിട്ടുണ്ട്. ഉയരെ, ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ്ടു, ഓള് എന്നീ മലയാള ചിത്രങ്ങളാണ് പട്ടികയിലുള്ളത്.