UPDATES

സിനിമ

ബോളിവുഡ് മസാലയല്ല, ഗലി ബോയ് പറയുന്നത് റാപ്പിന്റെ രാഷ്ട്രീയം

രൺവീർ ഞെട്ടിക്കുന്നു വീണ്ടും; ഗലിബോയ് ഗംഭീരം

ശൈലന്‍

ശൈലന്‍

“ആപ് കാ ടൈം ആയേഗാ” എന്നാണ് സോയാ അക്തറിന്റെ ഗലി ബോയ് എന്ന സിനിമയുടെ പോസ്റ്ററിൽ ഉള്ള ടാഗ് ലൈൻ. സിനിമയുടെ പേരും ടാഗ് ലൈനും ചേർത്ത് വച്ചാൽ ഗലി ബോയിയുടെ പൂർണമായ കഥാഗതികൾ അത്യാവശ്യം സിനിമകൾ കാണുന്നവർക്കൊക്കെ അതിൽ നിന്നും വായിച്ചെടുക്കാവുന്നതേ ഉള്ളൂ. പക്ഷെ, കാര്യങ്ങൾ അത്ര നിസ്സാരമല്ല. ഗംഭീരമായ തിരക്കഥ കൊണ്ടും അപ്രതീക്ഷിതമായ മേക്കിംഗ് സ്റ്റൈൽ കൊണ്ടും സോയ സിനിമയെ അവാച്യമായൊരു ദൃശ്യാനുഭവനാക്കി മാറ്റിയിരിക്കുന്നു.

ഗോസായി ഉപരിവർഗ്ഗത്തിന്റെ ഞഞ്ഞാമിഞ്ഞാ മാഞ്ഞാളങ്ങൾ സ്‌ക്രീനിൽ മസാല പുരട്ടി വിളമ്പുന്നവൾ എന്നൊരു ദുഷ്‌പേര് മുന്നേയുള്ള സംവിധായിക തീർത്തും അപ്രതീക്ഷിതമായി രണ്ട് മണിക്കൂർ മുപ്പത്തിമൂന്നു മിനിറ്റുകൊണ്ട് ആ ഇമേജിനെ നൈസായി മറികടക്കുന്ന കാഴ്ച ആണ് ഗലിബോയ്. ധാരാവി നിവാസികൾക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമ ചേരിയിൽ നിന്നും പട പൊരുതി ഉയർന്നുവരുന്ന ഒരു റാപ്പ് സിംഗറുടെ കഥയാണ്.

മുംബൈയിലെ ചേരിയിൽ നിന്നും വളർന്ന് വന്ന സ്ട്രീറ്റ് റാപ്പർമാരായ നെയ്‌സിയുടെയും ഡിവൈന്റെയും ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സോയായും റീമാ കഗ്തിയും ചേർന്ന് തയാറാക്കിയ തിരക്കഥ പൂർണമായും യാഥാർഥ്യങ്ങളോട് നീതി പുലർത്തും മട്ടിലാണ്. മുറാദ് എന്ന നായകന്റെ ജീവിതസാഹചര്യങ്ങളെയും മാനസിക സംഘര്‍ഷങ്ങളെയും ഉൾക്കൊള്ളും വിധം ഡാർക്ക് ടോണുകളിൽ ഒട്ടും നാടകീയമല്ലാത്ത പരിചരണത്തോടെ ഗലിബോയ്‌ സ്‌ക്രീനിൽ പകർത്തപ്പെട്ടിരിക്കുന്നു.

ക്ളീൻ ഷേവ് ചെയ്ത് മേക്കപ്പൊന്നും ഇടാതെ അന്തര്‍മുഖന് ചേർന്ന മട്ടിൽ ഉള്ള രൺവീർ സിംഗിന്റെ എക്സലന്റ് പെർഫോമൻസ് ആണ് ഗലിബോയിയെ ഗംഭീരമാക്കുന്നതിൽ സോയ അക്തറിന് നിർണായക സഹായമാകുന്നത്. പദ്മാവതിൽ അലാവുദ്ദീൻ ഖിൽജി ആയി വന്ന് കളം നിറഞ്ഞാടിയ രൺവീർ ഒരിക്കൽ കൂടി ഞെട്ടിക്കുന്നു. മുറാദിന്റെ ഉടലിലും ചലനങ്ങളിലും ആത്മാവിലും ഗലി ബോയ് മാത്രമേ ഉള്ളൂ. രൺവീർ തെല്ലുമില്ല.
ആലിയ ഭട്ട് ആണ് മുറാദിന്റെ പ്രണയിനിയായ സഫീന. രണ്‍വീറും ആലിയയും തമ്മിലുള്ള സ്‌ക്രീൻ കെമിസ്ട്രി മാസ്മരികം. പ്രണയം തീർത്തും ഒതുക്കത്തിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് എങ്കിലും ഗംഭീരമായൊരു ലിപ്പ് ലോക്ക് മിനിറ്റുകൾ നീണ്ടു നിൽക്കുന്നുണ്ട്. മറ്റൊരു മികച്ച നടിയായ കൽക്കി കൊച്ചലിനെ വെറും ശശി ആയ ഒരു റോൾ കൊടുത്ത് അപഹസിച്ചത് എന്തിനാണെന്ന് ആർക്കും പിടികിട്ടിക്കാണില്ല. പുതുമുഖമായ സിദ്ധാന്ത് ചതുർവേദി ആണ് ഗലിബോയിയുടെ കൂട്ടുകാരൻ ഷേർ. അയാള്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

അധ:സ്ഥിതന്റെ തിളയ്ക്കുന്ന സംഗീതമായ റാപ്പിന്റെ രാഷ്ട്രീയം കൂടി ആണ് സോയ അക്തർ സിനിമയിൽ ചർച്ചയ്ക്ക് വെക്കുന്നത്. നിനക്ക് എന്തുകൊണ്ട് ഗസൽ പഠിച്ചു പാടിക്കൂടാ എന്ന ചോദ്യം നായകൻ നേരിടെണ്ടി വരുന്നുണ്ട്. ഗസൽ വരേണ്യവും റാപ്പ് കൂതറയും ആണെന്ന പൊതുബോധത്തിനോടാണ് നായകന് മല്ലിടേണ്ടി വരുന്നത്. മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചത് പാഴായല്ലോ എന്ന് പരിതപിക്കുന്ന അച്ഛന് (വിജയ് റാസ്) ഇന്ത്യൻ റാപ്പേഴ്‌സ് കൊണ്ടസ്റ്റിന് തനിക്ക് കിട്ടിയ നാലുലക്ഷം ലൈക്കുകളുടെ പിന്തുണ ഫോണിൽ കാണിച്ചുകൊടുക്കുമ്പോൾ “തോ ക്യാ’ എന്ന മറു ചോദ്യമാണ് അയാൾ നേരിടുന്നത്.

റാപ്പിനെ കുറിച്ചുള്ള ഇന്ത്യൻ പ്രേക്ഷകന്റെ അജ്ഞത അകറ്റാനും ഗലി ബോയ് എന്ന സിനിമ സഹായകമാവുമെന്നു തോന്നുന്നു. ഇതിന് മുൻപ് പാ രഞ്ജിത്ത് ആണ് കാലയിലും കബാലിയിലും സ്ട്രീറ്റ് റാപ്പ് എന്ന സംഗീതധാരയുടെ രാഷ്ട്രീയവും പ്രചരണമൂർച്ചയും അഗ്നിയും സിനിമയിൽ കാണിച്ചുതന്നിട്ടുള്ളത്. രഞ്ജിത്തിൽ നിന്ന് അത് പ്രതീക്ഷിക്കാവുന്നത് ആയിരുന്നുവെങ്കിലും സോയാ അക്തറിൽ നിന്നും ബോളിവുഡ് മെയിൻ സ്ട്രീമിൽ നിന്നും അത് തീർത്തും ആക്സിഡന്റൽ ആണെന്നതാണ് ഗലിബോയിയുടെ ഹൈലൈറ്റ്.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍