പെണ്‍ചൂഷണങ്ങള്‍ക്കെതിരേ ഹോളിവുഡ് ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാര ചടങ്ങില്‍ വരെ പ്രതിഷേധമുയര്‍ത്തുമ്പോള്‍ മലയാളത്തില്‍ സ്ത്രീ സമത്വത്തിനു വാദിക്കുന്നവരെ കോമഡി പരിപാടികളില്‍ പരിഹാസകഥാപാത്രങ്ങളാക്കുന്നു
ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരദാന ചടങ്ങ് ശ്രദ്ധിച്ചിരുന്നോ! റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി കാമറകള്‍ക്കു വിരുന്നേകി നില്‍ക്കുന്ന പതിവു രീതിയിലായിരുന്നില്ല, ഇത്തവണ ചടങ്ങിലെത്തിയ ഹോളിവുഡ് സെലിബ്രിറ്റികള്‍. അവര്‍ ഏറെപേറും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കെല്ലാം ഒരേ നിറമായിരുന്നു; കറുപ്പ്. ഐക്യദാര്‍ഢ്യത്തിന്റെയും അതേസമയം പ്രതിഷേധത്തിന്റെയും നിറമാക്കിയാണവര്‍ കറുപ്പ് ധരിച്ചെത്തിയത്. ആര്‍ക്കുള്ള ഐക്യദാര്‍ഢ്യം? എന്തിനെതിരേയുള്ള പ്രതിഷേധം? ഹോളിവുഡിനെ സംബന്ധിച്ചു മാത്രമല്ല, ലോകത്തിനാകമാനം പ്രസക്തമാണ് ആ രണ്ടു ചോദ്യത്തിനുള്ള ഉത്തരങ്ങള്‍. അവരുടെ പ്രതിഷേധം സിനിമലോകത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങളിലെ ഇരകളോടുള്ളതായിരുന്നു. പ്രതിഷേധമാകട്ടെ; ലൈംഗിക പീഡനങ്ങള്‍ തടയുന്നതില്‍ സിനിമ വ്യവസായം കാണിക്കുന്ന അലംഭവത്തിനെതിരേയും.
ലോകം മുഴുവന്‍ ഏറ്റെടുത്ത #MeToo കാമ്പയിന്‍ ആരംഭിക്കുന്നത് ഹോളിവുഡില്‍ നിന്നായിരുന്നു. ഏതെങ്കിലും വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളവര്‍ ഇതിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഹോളീവുഡ് നടി എലിസ മിലാനോയാണ് ഈ കാമ്പെയ്‌നിംഗിന് തുടക്കം കുറിച്ചത്. ‘നിങ്ങള്‍ എപ്പോഴെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ ട്വീറ്റിന് മറുപടിയായി മീ ടൂ എന്ന് എഴുതുക’ എന്നായിരുന്നു എലിസയുടെ ട്വീറ്റ്. ഹോളീവുഡിലെ പ്രശസ്ത നിര്‍മ്മാതാവായ ഹാര്‍വേ വെയ്ന്‍സ്റ്റീന്‍ നിരവധി നടിമാരെ പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആഗോള തലത്തില്‍ ഈ കാമ്പെയ്ന്‍ ആരംഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ കണ്ട ഐക്യദാര്‍ഢ്യം ഹാര്‍വെ വെയ്ന്‍സ്‌റ്റെയ്ന്‍ ലൈംഗിക പീഡന കേസുകളിലെ ഇരകളോടായിരുന്നു. താന്‍ നേരിടേണ്ടി വന്നതും ഓരോ നടിയും(നടന്മാരും) അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ചൂഷണത്തിനെതിരേ ഹോളിവുഡിലെ താരങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധം ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും അതിനോടൊപ്പം പ്രതികരിക്കുകയും ചെയ്തു. എങ്കിലും നിരന്തരമായ പോരാട്ടമാണ് ചൂഷണങ്ങളെ ഇല്ലാതാക്കുവെന്ന തിരിച്ചറിവില്‍ ഹോളിവുഡ് അതു തുടര്‍ന്നുകൊണ്ടേയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്‌സ് വേദി ആ തുടര്‍ച്ചയില്‍ പെട്ടതായിരുന്നു.
#MeToo പ്രസ്ഥാനത്തിന് വലിയ സംഭാവനയൊന്നും ചെയ്യാന്‍ ഈ പ്രതിഷേധത്തിന് സാധിക്കില്ലെന്ന വിമര്‍ശനവും വന്നിരുന്നു. പക്ഷേ സംഭവിച്ചതോ, യുഎസില്‍ എമ്പാടും നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ആഞ്ജലീന ജോളി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കറുത്ത വേഷത്തില്‍ എത്തിയപ്പോള്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉള്‍പ്പെടെ അതൊരു മുന്നറിയിപ്പായി മാറി..
ഏറെ ആവേശം നല്‍കിയ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് ചര്‍ച്ച നടത്തി കണ്ടില്ലല്ലോ എന്നു വിചാരിക്കുമ്പോഴാണ് ഒരു വീഡിയോ ക്ലീപ്പ് അരങ്ങ് തകര്‍ത്ത് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലെ രംഗമാണ് പ്രചരിക്കുന്നത്. പരിപാടിയിലെ സ്ഥിരസാന്നിധ്യങ്ങളായ മുകേഷ് എംഎല്‍എ, രമേഷ് പിഷാരടി, ആര്യ എന്നിവരെ കൂടാതെ സലിം കുമാര്‍, ജയറാം എന്നിവര്‍ ചേര്‍ന്ന് ഫിലിം ഫെസ്റ്റിവലില്‍ എത്തുന്ന ‘ ബുദ്ധിജീവികളെയും’ ‘ ഫെമിനിച്ചി’ മാരെയും ട്രോളുകയാണ്. നിലപാടുകളുടേ പേരില്‍ പാര്‍വതിക്കും ഡബ്ല്യുസിസിക്കും നേരിട്ടു കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ക്ക് ഒരു ജനപ്രിതിനിധിയുടെ കാര്‍മികത്വത്തില്‍ ചെയ്തു കൊടുക്കുന്ന പ്രോത്സാഹനം!
ഹോളിവുഡില്‍ എലിസ മിലാനോ പറഞ്ഞതെന്തോ അതു തന്നെയാണ് മലയാളത്തില്‍ പാര്‍വതി പറഞ്ഞത്. ഹാര്‍വെ വെയ്ന്‍സ്റ്റെയ്ന്‍മാര്‍ ഇങ്ങ് കേരളത്തിലുമുണ്ടെന്നു തന്നെയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം തെളിയിച്ചതും. എന്നെപ്പോലെയാണോ നിങ്ങളുമെന്നു എലിസ ചോദിച്ചപ്പോള്‍ മീ ടൂ എന്നാണ് ഹോളിവുഡിലെ മറ്റുള്ളവരും പറഞ്ഞതെങ്കില്‍ പാര്‍വതി അതേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സംഭവിച്ചത് നേര്‍ വിപരീതമാണ്…എലിസമാര്‍ നിരവധി ഉണ്ടായിട്ടും ഹാര്‍വെമാര്‍ പൂണ്ടു വിളയാടിയിട്ടും അവള്‍ക്കൊപ്പമുണ്ടോ എന്നു ചോദിച്ചവരോടു പോലും ഞങ്ങളാരുമില്ലേ എന്നു പറഞ്ഞു മുഖം തിരിച്ചവരാണല്ലോ മലയാള സിനിമാക്കാര്‍. അവടെ ഹാര്‍വെ വെറുക്കപ്പെട്ടവനായെങ്കില്‍ ഇവിടെയോ? ക്രൂരമായി ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയോട് തോന്നാത്ത അനുകമ്പയും സഹാനുഭൂതിയും സാഹോദര്യവുമെല്ലാം മറ്റുള്ളവരാല്‍ ഏറ്റുവാങ്ങി ജനപ്രിയരായി വിലസുന്നു.
‘ഫെമിനിച്ചകളെ ട്രോളുന്ന’ വീഡിയോയിലെ മാന്യന്മാര്‍ കൊച്ചിയില്‍ ആ പെണ്‍കുട്ടി കൊടുംക്രൂരതയ്ക്ക് ഇരയായശേഷം നടന്ന സംഭവവികാസങ്ങളില്‍ തങ്ങളുടെ റോളുകള്‍ ചെയ്തത് എങ്ങനായിരുന്നുവെന്ന് മറന്നിട്ടില്ലല്ലോ. എംഎല്‍എ കൂടിയായ മുകേഷ് അമ്മയുടെ യോഗത്തില്‍ നടത്തിയ ക്ഷോഭപ്രകടനവും, ആക്രമിക്കപ്പെട്ട നടിയേയും നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്നുള്ള സലിം കുമറിന്റെ നീതിസാരവും, മുടങ്ങാത്ത ചടങ്ങാണെന്ന സെന്റിമെന്റ്‌സുമായി ആലുവ സബ് ജയിലേല്ക്ക് ഓണക്കോടിയുമായി പോയ ജയറാമിന്റെ സഹോദരസ്‌നേഹവും ഓര്‍മയിലുള്ളവര്‍ക്ക് ഏഷ്യാനെറ്റിലെ ആ കോമഡി കണ്ടാല്‍ വെറും ചിരിയേ വരൂ…
പക്ഷേ ആ സ്ത്രീ കഥാപാത്രമുണ്ടല്ലോ; ആര്യ…ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പുരുഷന്റെ ആക്ഷേപവും കളിയാക്കലുമെല്ലാം ചേര്‍ത്ത് വെറും കോമഡിയാക്കി ചവച്ചരച്ചു വച്ചിരിക്കുന്ന കഥാപാത്രം… അവരെയോര്‍ക്കുമ്പോള്‍ ശരിക്കും സഹതാപം തോന്നുകയാണ്… എലിസയും പാര്‍വതിയുമൊക്കെ ശരിക്കും തോറ്റുപോകുന്നത് ഇത്തരം ആര്യമാര്‍ക്കു മുന്നിലാണ്…