UPDATES

സിനിമ

പരാജയപ്പെടുമോ എന്നെനിക്ക് ഭയമില്ല: പൃഥ്വിരാജ്

9 എല്ലാം കൊണ്ടും വ്യത്യസ്തതയുള്ള ഒരു സിനിമയാണ്.

“നോക്കൂ, പരാജയപ്പെടുന്നത് താരതമ്യേന കൈകാര്യം ചെയ്യാൻ എളുപ്പമാണ്. നിങ്ങൾക്ക് മുന്നിൽ വളരെ പരിമിതമായ ഓപ്ഷനുകൾ മാത്രമേ അപ്പോൾ ഉണ്ടാകൂ, ഒന്നുകിൽ പുതിയതായി എന്തെങ്കിലും ചെയ്യൂ. അല്ലെങ്കിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ പുതിയ രീതിയിൽ ചെയ്യൂ. അത്രയൊക്കെയേയുള്ളു, വിജയശ്രീലാളിതനായ ഒരു മനുഷ്യനെ സംബന്ധിച്ച് ഒന്ന് വിജയിച്ചതിൻ്റെ വലിയൊരു ബാധ്യതയുണ്ട്. നമുക്ക് അതിൻറെ പരിധിയ്ക്കുള്ളിൽ നിന്ന് പിന്നെ പുറത്തുകടക്കാൻ പറ്റില്ല. ആ വിജയത്തിന്റെ സുഖം നമ്മളെ ഇങ്ങനെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും” – IANSന് വേണ്ടി സുഗന്ധ റവളുമായുള്ള അഭിമുഖത്തിൽ നടന്‍ പൃഥ്വിരാജ് പറയുന്നു.

താൻ ജയ, പരാജയങ്ങളുടെ പരിമിതികളിൽ നിന്നും ഏറെക്കുറെ മുക്തനാണെന്നാണ് പൃഥ്വിരാജ് അവകാശപ്പെടുന്നത്. തൻ്റെ കരിയറിലെ സുപ്രധാനമായ രണ്ട് വഴിമാറി നടക്കലുകളെ പ്രേക്ഷകസമക്ഷം വിട്ടുകൊടുക്കാനിരിക്കുന്ന ഒരു വഴിത്തിരിവിലാണ് ഇപ്പോൾ താരം. ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ചിത്രീകരണം പൂർത്തീകരിച്ചു. ഇനിയെല്ലാം കാണുന്നവരുടെ കയ്യിലാണ്. സോണി പിക്‌ചേഴ്‌സുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന 9 എന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്താനിരിക്കുകയാണ്.

‘9’ വളരെ വ്യത്യസ്തതയുള്ള ഒരു സിനിമയാണ്. മലയാള സിനിമാലോകത്തിന് ഒരു പക്ഷെ അധികം പരിചയമില്ലാത്ത ഒരു സിനിമ തന്നെയാണ്. ഒരു സയന്റിഫിക് ഹൊറർ ത്രില്ലർ. എന്തായാലും ഇതൊരു വ്യത്യസ്ത കാഴ്ചാനുഭവം തന്നെയായിരിക്കും പൃഥ്വിരാജ് ഉറപ്പിച്ചു പറയുന്നു. ഉദ്വേഗം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒമ്പത് ദിവസങ്ങളാണ് സിനിമയുടെ പ്രമേയം. ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സസ്പെൻസ് സംബന്ധിച്ച് കൂടുതലൊന്നും പൃഥ്വിരാജ് പുറത്തുപറയുന്നില്ല. സിനിമയിൽ ആൽബർട്ട് ലൂയിസ് എന്ന ഒരു ആസ്ട്രോ ഫിസിസ്റ്റിന്റെ വേഷവും പ്രിഥ്വി ചെയ്യുന്നുണ്ട്.

വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്ത ഓരോ സിനിമയും എന്നെ ഓരോ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതൊക്കെ എന്നെ പല നിലയ്ക്കും വളർത്തിയിട്ടുണ്ട്. നമ്മൾ അത് ആ സമയത്ത് തിരിച്ചറിയണമെന്നില്ല. ഞാൻ കടന്നുപോയ അനുഭവങ്ങളുടെ ആകെ തുകയാണ് ഇന്ന് കാണുന്ന ഞാൻ. മലയാള സിനിമ ലോകത്ത് കടന്നു വന്നിട്ട് 16 വർഷങ്ങൾ കഴിയുന്നു. അതിനിടയിൽ അഭിനയിച്ചു, ചില സിനിമകൾ നിർമിക്കാൻ ഒപ്പം നിന്നു, പാട്ടുപാടി, പൂർത്തീകരിക്കാതെപോയ ആഗ്രഹങ്ങളെ കുറിച്ചൊന്നും എനിക്ക് പരാതിയില്ല. ഞാൻ ഇനിയും ഇതിലും കൂടുതൽ ഒക്കെ ആഗ്രഹിച്ചാൽ അത് അത്യാഗ്രമായിരിക്കും – പൃഥ്വിരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍