സിനിമയിലെ ജാതീയതയുടെ ചരിത്രം പി കെ റോസിയില്‍ നിന്നാണ് തുടങ്ങുന്നതെന്നും രഞ്ജിത്ത്
സിനിമയില്‍ ലൈംഗികാതിക്രമത്തിനൊപ്പം ചര്‍ച്ചയാകേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ പ്രശ്‌നമാണ് ജാതിയെന്ന് തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്ത്. ജാതിയും വര്‍ഗവും അതിക്രമങ്ങള്‍ക്കുള്ള കാരണങ്ങളാണെന്നും സിനിമയില്‍ മാത്രമല്ല സാധാരണ കൂലിത്തൊഴിലിടങ്ങളിലുള്‍പ്പെടെ ഇത്രയും മോശം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പാ. രഞ്ജിത്ത് ചൂണ്ടിക്കാട്ടി. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ(ഡബ്ല്യുസിസി) രണ്ടാംവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുയായിരുന്നു രഞ്ജിത്ത്. ലിംഗപരമായ വേര്‍തിരിവിനൊപ്പം തന്നെ നടക്കുന്ന ജാതീയമായ വേര്‍തിരിവും അവസാനിപ്പിക്കണമെന്നാണ് രഞ്ജിത്ത് ആവശ്യപ്പെടുന്നത്. ഡബ്ല്യുസിസി അത്തരം കാര്യങ്ങളിലും ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വതിയെന്നും തന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘മേനോന്‍’ ഉപേക്ഷിച്ചപ്പോള്‍ പാര്‍വതിയോട് ഒരുപാട് ഒരുപാട് ഇഷ്ടം കൂടിയെന്നും പാ. രഞ്ജിത്ത് പ്രസംഗത്തില്‍ പറഞ്ഞു.
ഒരു ദളിത് സ്ത്രീയായതുകൊണ്ടാണ് മലയാളത്തിലെ ആദ്യത്തെ നായികയായ പികെ റോസിയെ വീട്ടില്‍ നിന്നും അടിച്ചിറക്കി നാടുകടത്തിയതെന്നും പെണ്‍ അതിക്രമങ്ങളുടെ ചരിത്രം പികെ റോസിയില്‍ നിന്നാണ് തുടങ്ങുന്നതെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ലൈംഗിക അതിക്രമം പ്രധാനപ്പെട്ട പ്രശ്‌നം ആകുമ്പോള്‍ തന്നെ അതിനൊപ്പം ചര്‍ച്ചയാകേണ്ടതാണ് ജാതിയും. ഇത്തരം അതിക്രമങ്ങള്‍ക്ക് ജാതിയും വര്‍ഗ്ഗവും കൂടി കാരണമാകുന്നുണ്ട്. ജാതിയുടെയും വര്‍ഗത്തിന്റെയൊപ്പം തന്നെയാകണം ലൈംഗികാതിക്രമവും പെണ്‍ അടിമത്തവും ചര്‍ച്ചയാക്കേണ്ടതും പരിഹാരം ഉണ്ടാക്കണ്ടേതും. ഡബ്ല്യുസിസിയോടുള്ള എന്റെ അഭ്യര്‍ത്ഥന കൂടിയാണിതെന്നും രഞ്ജിത്ത് പറഞ്ഞു.
താനൊരു ദളിത് ആയതുകൊണ്ട് പലരും പറഞ്ഞിരുന്നത്, നിങ്ങളുടെ ദളിത് സ്വത്വം പുറത്തു പറയരുതെന്നും നിങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുമെന്നുമായിരുന്നുവെന്നു രഞ്ജിത്ത് പറയുന്നു. എന്നാല്‍ താനവരോട് പറഞ്ഞത്, അതേ ഞാനൊരു ദളിതനാണ്. അങ്ങനെ പറയുന്നതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ പ്രശ്‌നമല്ല, എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരുടെ പ്രശ്‌നമാണ്. ഞാനല്ല, നീ തന്നെയാണ് പ്രശ്‌നം എന്നായിരുന്നുവെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു. ഇതേ മനോഭവാം തന്നെയാണ് തനിക്കെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് ഒരു പെണ്ണ് പറയുമ്പോള്‍ അവള്‍ക്കെതിരെ നടക്കുന്നതെന്നും രഞ്ജിത്ത് പരാതിപ്പെട്ടു. പൊതുസമൂഹത്തിനോട് ഒരു പെണ്‍കുട്ടി തങ്ങളുടെ അനുഭവം പറയുമ്പോള്‍ അവരെയാണ് കുറ്റവാളികളാക്കുന്നത്. ആണ്‍ബോധത്തില്‍ നിലനില്‍ക്കുന്നൊരു സിനിമാ ലോകത്തില്‍ നിന്നും തനിക്കുണ്ടായ അതിക്രമത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അവളില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന സമൂഹബോധത്തെയാണ് നാം ആദ്യം തകര്‍ക്കേണ്ടത്.
‘എനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ വേണ്ട, എനിക്കുണ്ടായ ദുരനുഭവം ഞാന്‍ പുറത്തു പറയുകയാണെന്നു പറയുന്ന സ്ത്രീകളാണ് ഇപ്പോഴുള്ളത്. അവര്‍ ശക്തരായ പെണ്ണുങ്ങളാണ്, അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ഒന്നുറപ്പാണ്, മീ ടൂ കാമ്പയിന്‍ വന്നശേഷം പലരും അതിനെ ഭയക്കുന്നുണ്ട്. ഈ കാമ്പയിന്‍ കൂടുതല്‍ ചര്‍ച്ചയാക്കണം’: രഞ്ജിത്തിന്റെ വാക്കുകള്‍.