UPDATES

സിനിമ

പരീക്ഷണങ്ങളോട് മുഖംതിരിക്കുന്ന കാഴ്ചാശീലങ്ങളോട് ഏറ്റുമുട്ടി ഇബിലീസിന്റെ അഡ്വഞ്ചറുകള്‍

‘അഡ്വഞ്ചെഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ശ്രദ്ധേയമായ ആദ്യ ശ്രമത്തിനു ശേഷം രോഹിത് സംവിധാനം ചെയ്ത ‘ഇബിലീസ്‌’ പ്രമേയ പരിചരണത്തിന്‍റെ പുതുമ കൊണ്ടാണ് കാണികളെ വിസ്മയിപ്പിക്കുന്നത്.

മലയാളിയുടെ സിനിമാ രുചികള്‍ കാലത്തിനൊത്ത് നവീകരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം എല്ലാക്കാലത്തും ഉയരാറുള്ളതാണ്. വ്യവസ്ഥാപിതമായ നടപ്പുരീതികളില്‍ അഭിരമിക്കുന്ന മലയാളി പ്രേക്ഷക സമൂഹം, വ്യത്യസ്തതകളെ സംശയത്തോടെ മാത്രമേ നോക്കിക്കാണാറുള്ളു. കച്ചവട ഫോര്‍മുലകള്‍ കൃത്യമായി പിന്തുടരുന്ന മൂന്നാംകിട സിനിമകള്‍ പലതും സുപ്പര്‍ ഹിറ്റുകളാവുമ്പോള്‍, മാമൂലുകളെ അതിലംഘിച്ച് നിര്‍മിക്കപ്പെട്ട നിരവധി സിനിമാ ശ്രമങ്ങളോട് ഇതേ സമൂഹം മുഖം തിരിച്ച് നിന്ന ചരിത്രത്തിന് കാലം സാക്ഷി.

സിനിമ റിയാലിറ്റിയുടെ സ്ഥിരം ചട്ടക്കൂടുകളില്‍ നിന്ന് വഴുതിമാറി, ഫാന്‍റസിയുടെ മായാലോകങ്ങളില്‍ അഭിരമിക്കുന്ന കാഴ്ചകള്‍ മലയാളത്തില്‍ തുലോം കുറവാണ്. ആദ്യ 3D ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘ഞാന്‍ ഗന്ധര്‍വന്‍’, ‘ആമേന്‍’ തുടങ്ങി അപൂര്‍വ്വം ചില ചിത്രങ്ങള്‍ മാത്രമാണ് നിരവാരമുള്ള, മാജിക്കല്‍ റിയലിസ്റ്റ് എന്നോ ഫാന്‍റസിയെന്നോ വിളിക്കപ്പെടാറുള്ള ഗണത്തില്‍പ്പെടുത്താവുന്ന മലയാള ചിത്രങ്ങള്‍. നിസ്സംശയം ഈ നിരയിലേക്ക് ചേര്‍ത്തു വയ്ക്കാവുന്ന ചിത്രമാണ് രോഹിത് വി.എസ് സംവിധാനം ചെയ്ത ‘ഇബിലീസ്’. ‘അഡ്വഞ്ചെഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ശ്രദ്ധേയമായ ആദ്യ ശ്രമത്തിനു ശേഷം രോഹിത് സംവിധാനം ചെയ്ത ‘ഇബിലീസ്‌’ പ്രമേയ പരിചരണത്തിന്‍റെ പുതുമ കൊണ്ടാണ് കാണികളെ വിസ്മയിപ്പിക്കുന്നത്.

ഒരു ദൃശ്യകലയായ സിനിമയെ കഥ പറയാനുള്ള മീഡിയം മാത്രമായി കാണുമ്പോള്‍ സ്വാഭാവികമായി വന്നു ചേരുന്ന പ്രശ്നങ്ങളുണ്ട്. അവയെ അവഗണിച്ചു കൊണ്ടുള്ള ഭാവുകത്വപരമായ സിനിമാറ്റിക് വിപ്ലവം ന്യൂ ജെന്‍ തരംഗത്തോടെ മലയാളത്തില്‍ സംജാതമാവുകയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’, സിനിമയെ ദൃശ്യകലയായി കാണുന്നതില്‍ എത്രത്തോളം പരാജയപ്പെട്ട ഇന്‍ഡസ്ട്രിയാണ് മലയാളമെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തുടര്‍ന്നുണ്ടായ നവതരംഗമാണ് മേക്കിംഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യമുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. ലിജോ ജോസ് തന്നെ ‘ആമേനി’ലൂടെ മാജിക്കല്‍ റിയലിസ്റ്റ് കഥാപരിസരത്തില്‍ നിന്നുകൊണ്ട് പുതുവഴി തെളിച്ചെങ്കിലും, അധികമാരും ആ വഴി സഞ്ചരിക്കാനുള്ള ധൈര്യം പ്രകടിപ്പിച്ചില്ല. ഫാന്‍റസിയെ ഗൗരവത്തോടെ സമീപിക്കാന്‍ ഇന്നും മടിക്കുന്ന ഒരു സിനിമാ സമൂഹത്തിലേക്കാണ് ‘ഇബിലീസ്‌’ പോലൊരു പരീക്ഷണവുമായി രോഹിത് കടന്നു വരുന്നത്.

ഇംഗ്ലീഷ് കവിയായ ഷെല്ലി തന്‍റെ പ്രശസ്തമായ ‘To a Skylark’ എന്ന കവിതയില്‍ ഭൂമിയിലെ മനുഷ്യാവസ്ഥയെ കൃത്യമായി വരച്ചിടുന്നുണ്ട്. “We look before and after and pine for what is not” എന്ന് പാടുന്ന കവി, എങ്ങനെയാണ് ഉള്ളതിനെ കാണാതെ, ഇല്ലാത്തതിനെ ചൊല്ലി ദുഖിച്ച് മനുഷ്യന്‍ സ്വയം വെന്തു നീറുന്നത് എന്ന് വ്യക്തമാക്കുകയാണ്. ഭൂമിയിലെ ഈ അതൃപ്തരായ മനുഷ്യരുടെ ജീവിതത്തോട്, മരിച്ചവരുടെ സന്തുഷ്ടമായ ലോകത്തെ ചേര്‍ത്തുവച്ചുകൊണ്ടാണ് ‘ഇബിലീസ്‌’ അതിന്‍റെ ഫിലോസഫി തുറന്നു പ്രഖ്യാപിക്കുന്നത്. ഭൂമിയില്‍ മനുഷ്യര്‍ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാലും, പരിഭവങ്ങളാലും സ്വന്തം നരകം തീര്‍ക്കുമ്പോള്‍, മറുലോകത്ത് ആഹ്ലാദം നിറഞ്ഞ മറ്റൊരു ജീവിതം കാണികളെ ഫാന്‍റസിയുടെ നിറങ്ങളുള്ള ലോകത്തെത്തിക്കുന്നു. മുന്‍വിധികളില്ലാത്ത ആഖ്യാനമാണ് ചിത്രത്തെ ഹൃദ്യമായ കാഴ്ചാനുഭവമാക്കിത്തീര്‍ക്കുന്നത്. സ്ഥിരം ഫോര്‍മുലകളെ പാടെ അവഗണിച്ച്, പുതിയൊരു സിനിമാറ്റിക്ക് ഭാഷ ചമയ്ക്കാന്‍ സംവിധായകന്‍ ശ്രമിച്ചതിന് നൂറില്‍ നൂറാണ് മാര്‍ക്ക്. കാണികളുടെ ഭാവനയെ ഉദ്ദീപിപ്പിച്ചു ഫാന്‍റസിയുടെ മായിക ലോകത്ത് ഇത്രയും നേരം പിടിച്ചിരിത്തുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ രോഹിതും സംഘവും അനായാസം നിര്‍വഹിച്ചിരിക്കുന്നത്.

കാസ്റ്റിംഗ് മുതല്‍ ചിത്രത്തിന്‍റെ ഓരോ മേഖലയിലും സൂഷ്മമായ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്ന് ‘ഇബിലീസി’ന്‍റെ സാങ്കേതികത്തികവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആസിഫ് അലിയുടെ വൈശാഖന്‍ എന്ന കഥാപാത്രം നിഷ്കളങ്കതയാല്‍ ഇഷ്ടം പിടിച്ചു പറ്റുന്നു. നിഷ്കളങ്കരായ കഥാപാത്രങ്ങളുടെ ധാരാളിത്തം അടുത്ത കാലത്തായി ആസിഫിന്‍റെ തെരഞ്ഞെടുപ്പുകളെ മോശമായി ബാധിച്ചിരുന്നെന്നു കാണാം. തൃശിവപേരൂര്‍ ക്ലിപ്തം, കാറ്റ്, കവി ഉദ്ദേശിച്ചത്, അഡ്വഞ്ചെഴ്സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ‘ഇബിലീസി’ലും സമാനമായ തരത്തിലാണ് വൈശാഖന്‍റെ പാത്രസൃഷ്ടിയെങ്കിലും, ചിത്രത്തിന്‍റെ ഘടനാപരമായ വൈവിധ്യം, ഒട്ടും മടുപ്പുളവാക്കാതെ വൈശാഖനെ രക്ഷിക്കുന്നുണ്ട്. മഡോണയുടെ ഫിദയും, സിദ്ധിക്കിന്‍റെ ജബ്ബാറും, ലാലിന്‍റെ മുത്തശ്ശനുമെല്ലാം ഏതോ സങ്കല്‍പ്പലോകത്തില്‍ നിന്നിറങ്ങി വന്ന കഥാപാത്രങ്ങളായി കൂടെ കൂടുന്നു. ദേശീയ അവാര്‍ഡ്‌ ജേതാവായ ബാലതാരം ആദിഷ് പ്രവീണും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, മുത്തശ്ശിക്കഥകളില്‍ കണ്ടു പരിചയിച്ച മായാലോകത്തിന്‍റെ പ്രതീതി നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണ്‌ ചിത്രം പകര്‍ന്നു നല്‍കുന്നത്.

റിയാലിറ്റിയെ സൗകര്യം പോലെ വിസ്മരിച്ച് മായികമായ ഭാവനലോകത്ത് കാണികളെയെത്തിക്കാനും, ഇതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിപ്പിക്കാനും ‘ഇബിലീസി’നാവുന്നുണ്ട്. മിതമായി മാത്രം നര്‍മ്മത്തെ ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെങ്കിലും, നിരവധി രംഗങ്ങള്‍ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, ചിത്രത്തിന്‍റെ കഥ നടക്കുന്ന പ്രദേശത്തെക്കുറിച്ചോ കാലഘട്ടത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഒരിടത്തും പറയുന്നില്ല എന്നതാണ്. ‘ആമേനി’ല്‍ വിജയകരമായി പരീക്ഷിച്ച ഈ രീതി, ഫാന്‍റസി ചിത്രങ്ങള്‍ക്ക് അനുയോജ്യമായതും, അനാവശ്യമായ യാഥാര്‍ഥ്യങ്ങളുടെ ചിന്താലോകത്ത് നിന്ന് കാണികളെ മോചിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്.

ഡോണ്‍ വിന്‍സെ‌‍ന്‍റ് തയ്യാറാക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ രസകരമായ ചിത്രീകരണത്തിന്‍റെ സഹായത്തോടെ അവിസ്മരണീയമായ അനുഭവം പകര്‍ന്നു നല്‍കുന്നുണ്ട്. അത്രമേല്‍ സ്വാഭാവികമായി ആ മനുഷ്യരുടെ പ്രതീക്ഷകളും, നിരാശകളും, പ്രണയവും, വിരഹവുമെല്ലാം അനുഭവപ്പെടുത്താന്‍ സാധിക്കുന്നതിലൂടെ റിയാലിറ്റി-ഫാന്‍റസി കള്ളികള്‍ക്കപ്പുറത്തേക്ക്, കലാപരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ചലച്ചിത്രമായി ‘ഇബിലീസ്‌’ മാറുന്നു.

ഭൂമി യാഥാര്‍ത്ഥ്യങ്ങളുടെതാണ്. അവിടെ നിരാശയും, വേദനയും പ്രതീക്ഷാഭംഗങ്ങളും സ്വാഭാവികവുമാണ്. സ്നേഹവും, മൂല്യങ്ങളും രണ്ടാംസ്ഥാനത്തായിപ്പോവുന്ന ഈ കിടമത്സരത്തില്‍ വിജയികളില്ല. ഇതിന്‍റെ നേര്‍ വിപരീതമായി നിലകൊള്ളുന്ന മരിച്ചവരുടെ ലോകം, ഇനിയും മരിക്കാത്തവര്‍ക്ക് ചെറുതല്ലാത്ത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. ഭൂമിയിലെ തെറ്റുകള്‍ തിരുത്തി ആഹ്ലാദകരമായ ജീവിതം നയിക്കുന്ന ശുദ്ധമനസ്കരാണവര്‍. അവിടെ ആര്‍ക്കും ശത്രുക്കളില്ല. നേടാനോ, നഷ്ടപ്പെടാനോ ഇല്ല. വലിയൊരു ജീവിതതത്വത്തെ മുന്നോട്ട് വച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. മറാത്തി ചിത്രം ‘ഫാണ്ട്രി’യിലെ അവസാന രംഗം ഓര്‍മിപ്പിക്കുന്ന അവസാന ഷോട്ടിലെ  ശക്തമായ ചോദ്യം, ഭൂമിയിലെ ഓരോരുത്തര്‍ക്കും നേരെയുള്ളതാണ്. “നമുക്കു നാമേ പണിവത് നാകം, നരകവുമത് പോലെ”എന്ന കവിവചനത്തെ ഓര്‍മയിലെത്തിക്കുന്ന സന്ദര്‍ഭം.

കഴിഞ്ഞ വര്‍ഷത്തെ ഓസ്കാര്‍ പുരസ്‌കാരം നേടിയ ‘കൊക്കോ’ എന്ന അനിമേഷന്‍ ചിത്രത്തെ ഓര്‍മിക്കുന്ന നിരവധി രംഗങ്ങളും ‘ഇബിലീസി’ലുണ്ട്. ഒരപ്പൂപ്പന്‍ താടി പറക്കും പോലെ സഞ്ചരിക്കുന്ന ഈ ചിത്രം കാഴ്ചകളുടെ അസാധാരണമായ ഒരു കലവറ തന്നെയാണ് ഒരുക്കി വച്ചിട്ടുള്ളത്. പരീക്ഷണങ്ങളോട് എക്കാലവും മുഖം തിരിക്കുന്ന,സാമ്പ്രദായിക കാഴ്ചാശീലങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ എക്കാലത്തും മടിക്കുന്ന മലയാള സിനിമയിലെക്ക് രോഹിത് വി.എസ് ‘ഇബിലീസു’മായെത്തുമ്പോള്‍, തുടര്‍ന്നും ഈ മേഖലയില്‍ സധൈര്യം പുതുവഴികള്‍ തേടാന്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഊര്‍ജം ചെറുതല്ല.

ഒരു എക്സ്പിരിമെന്റല്‍ ഫാന്റസി മൂവിയാണ് ഇബിലീസ്-സംവിധായകന്‍ രോഹിത് വി എസ്/അഭിമുഖം

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍