UPDATES

സിനിമ

കാപ്പർനോം: ജനിപ്പിച്ചു എന്ന കുറ്റത്തിന് അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുത്ത ലബനീസ് ബാലന്റെ പോരാട്ട കഥ

നാദിൻ ലബാക്കി സംവിധാനം ചെയ്ത ചിത്രം അഭിനയത്തിനും സംവിധാനത്തിനും ഉൾപ്പടെ കാൻ ഫെസ്റ്റിവലടക്കം പ്രമുഖമായ എല്ലാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരത്തിന് അര്‍ഹമായി

ഏറ്റവും മനോഹരമായ ‘കുട്ടി’ സിനിമകൾ ഉണ്ടായിട്ടുള്ളത് പേര്‍ഷ്യന്‍ ഭാഷയിലാണ് എന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. സിനിമ എന്ന ആധുനിക കലാരൂപത്തെ വളർത്തി വലുതാക്കിയതിൽ മധ്യ-പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടി സിനിമകളൊന്നും കുട്ടികളുടെ മാത്രം സിനിമയായിരുന്നില്ല. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി വലിയവരുടെ ലോകത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ വെളിപ്പെടുത്തലുകളായിരുന്നു അവ. 1948 -ലിറങ്ങിയ ‘ബൈസിക്കിൾ തീവ്സ്’ എന്ന ഇറ്റാലിയൻ സിനിമ മുതൽ 2018 -ലെ മികച്ച സിനിമകളിലൊന്നായ കാപ്പർനോം എന്ന ലെബനീസ് സിനിമ വരെ ഈ വസ്തുത വെളിപ്പെടുത്തുന്നുണ്ട്.

കലയിലെ മനോഹാരിത എന്നത് ജീവിതത്തിന്റെ സമൃദ്ധിയെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്ന ഒന്നല്ല. കവിതയിലെന്നതു പോലെ കലയിലും വേദനയുടെ ആവിഷ്കാരങ്ങളാണ് ഹൃദയാവർജകങ്ങളായിത്തീരുന്നത്. അറബ് ദേശത്തെ സിനിമകൾ നന്നാവുന്നത് അവിടെ നല്ല സംവിധായകർ ഉള്ളതു കൊണ്ട് മാത്രമല്ല, അവിടെ സമരോത്സുകമായ ഒരു ജീവിതം ഉള്ളതുകൊണ്ടു കൂടിയാണ്. ആ ജീവിതം കാമറയിൽ പകർത്തി എല്ലായ്പ്പോഴും പ്രേക്ഷകർക്ക് നൽകാൻ അവർ മികച്ച കാഴ്ചകൾ കൊണ്ടുവന്നു. കാണുകയും വിസ്മയിക്കുകയും കരയുകയും ചെയ്തു കൊണ്ട് കാണികൾ അതിനോട് പ്രതികരിച്ചു.

ഇത്തവണ ഐ.എഫ്.എഫ്.കെയിൽ സുവർണ്ണചകോരം നേടിയത് അതുപോലെ ഒരു സിനിമയായിരുന്നു. ‘ദി ഡാർക് റൂം’ എന്ന ഇറാനിയൻ സിനിമ. ഒരു അഞ്ചു വയസ്സുകാരനെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബത്തിന്റെ ആധിയാണ് ആ സിനിമ. കുടുംബ ബന്ധത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും സിനിമയിലെ പുതിയ പ്രമേയമല്ല. എന്നാൽ ചിത്രീകരണത്തിലെ പുതുമയാണ് കുടുംബസംഘർഷങ്ങളിൽ നിന്ന് പുതിയ സിനിമയുണ്ടാക്കുന്നത്. ഡാർക്ക് റൂം ഐ.എഫ്.എഫ്.കെ കാഴ്ചകളിൽ ഒന്നാം നിരയിൽ കയറിപ്പറ്റിയത് അങ്ങനെയാണ്.

എന്നാൽ ഇത്തവണത്തെ താരസിനിമ അതായിരുന്നില്ല. മത്സര വിഭാഗത്തിലില്ലാത്ത മറ്റൊരു സിനിമയായിരുന്നു അത്. ഒരു ലബനീസ് ബാലൻ ജീവിതത്തോട് പൊരുതുന്നത് കാണിച്ചു തന്ന കാപർനോം എന്ന സിനിമ കാണികളെ പിടിച്ചിരുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. പന്ത്രണ്ടു വയസ്സുകാരനായ ഒരു ബാലനാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. അനിതരസാധാരണമായ അഭിനയ മികവുകൊണ്ട് അവൻ സിനിമയെ ഒരത്ഭുതക്കാഴ്ചയാക്കി മാറ്റി. ജീവിതത്തിന്റെ ദൈന്യതകളാണ് കഥയുടെ ഒരിക്കലും വറ്റാത്ത മഷിപ്പാത്രം. അറബ് ജീവിതത്തിന്റെ സമകാലികാവസ്ഥകൾ ദൈന്യതയുടെ മഷി പുരണ്ടതാണ്. ഒരു പന്ത്രണ്ടു വയസ്സുകാരനെ കേന്ദ്രീകരിച്ച് കാപ്പർനോം പറയാൻ ശ്രമിക്കുന്നത് ഈ കരിപുരണ്ട ജീവിതമാണ്.

മധ്യവയസ്കരായ മാതാപിതാക്കളുടെ മൂത്ത കുട്ടിയാണ് സെയ്ൻ. അവനു താഴെ ഓരോ വയസ്സിന്റെ വ്യത്യാസത്തിൽ കുറേ കുഞ്ഞുങ്ങളുണ്ട് അവർക്ക്. ജീവിതം അങ്ങേയറ്റം ദുരിതം നിറഞ്ഞതാണ്. വൃത്തിഹീനമായ ഒരു ഫ്ലാറ്റിന്റെ ഒരു ചെറിയ ഒഴിവിൽ അടിഞ്ഞുകിടക്കുകയാണ് അവരുടെ ജീവിതം. കുട്ടികൾ സ്കൂളിൽ പോകുന്നില്ല. അവർക്ക് വേണ്ടത്ര ആഹാരമോ വൃത്തിയുള്ള ഉടുപ്പുകളോ ഇല്ല. പകൽ തെരുവിൽ അലഞ്ഞ് നേരം കൂട്ടുകയാണ് അവർ. തൊട്ടടുത്തുള്ള പലചരക്ക് കടക്കാരന് സെയിനിന്റെ സഹോദരിയിൽ ഒരു കണ്ണുണ്ട്. അത് മുതലെടുത്ത് അവൻ ആ കടയിൽ നിന്ന് ചെറിയ മോഷണങ്ങൾ നടത്താറുണ്ട്. എങ്കിലും അവന് ആ കടക്കാരനെ ഇഷ്ടമല്ല. കാരണം മറ്റൊന്നുമല്ല. അയാൾ എന്നെങ്കിലും തന്റെ സഹോദരിയെ തട്ടിയെടുക്കുമെന്ന് അവനറിയാം.

ദരിദ്രരും അജ്ഞരുമായ തന്റെ മാതാപിതാക്കളെ പ്രലോഭിപ്പിക്കാൻ അയാൾക്ക് എളുപ്പം കഴിയുമെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ട്. അതോടു കൂടി തനിക്ക് പെങ്ങളെ നഷ്ടപ്പെടുമെന്ന് മാത്രമല്ല അവളുടെ ജീവിതം നശിച്ചുപോകുമെന്നും അവനറിയാം. അത് മനസ്സിലാക്കാൻ മറ്റെവിടേക്കും നോക്കേണ്ടതില്ല. അവന്റെ ഉമ്മയുടെ ജീവിതത്തിലേക്ക് നോക്കിയാൽ മതി. അതുകൊണ്ട് പെങ്ങൾക്ക് മാസമുറ തുടങ്ങുന്നതു പോലും അവൻ പേടിയോടെയാണ് കാണുന്നത്. അവൾക്ക് ആദ്യമായി മാസമുറ തുടങ്ങുമ്പോൾ അത് ഉമ്മയെ അറിയിക്കുന്നതിന് പകരം അവൻ അവന്റെ ബനിയൻ അവൾക്ക് ഊരിക്കൊടുത്ത് ആ രക്തപ്രവാഹത്തെ തടയാൻ ആവശ്യപ്പെടുകയായിരുന്നു. കാരണം ആ രക്തം അവളെ ഒറ്റുകൊടുക്കുമെന്ന് അതുവരെയുള്ള ജീവിതപരിചയം കൊണ്ട് അവർക്ക് അറിയാമായിരുന്നു. ലോകത്തെ എല്ലാ സ്ത്രീകളേയും പുരുഷന് ഒറ്റുകൊടുത്തത് ഇതേ രക്തമായിരുന്നല്ലോ.

എന്നെങ്കിലും പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നത് കൊണ്ട് പെങ്ങളുമായി നാടു വിടാൻ അവൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആ ദുരന്തം സംഭവിച്ചത്. അവനറിയാതെ അവളെ ബാപ്പയും ഉമ്മയും ചേർന്ന് പലചരക്ക് കടക്കാരന് നിക്കാഹ് ചെയ്തു കൊടുത്തു. ഇപ്പോൾ അവൻ ഒറ്റക്കാണ്. നിശ്ചയിച്ച യാത്രയ്ക്ക് അവൻ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചു.പുതിയ അനുഭവങ്ങളിലേക്കായിരുന്നു ആ യാത്ര.

വിവാഹ മോചിതയായ ഒരു ചെറുപ്പക്കാരി അവന് അഭയം നൽകുന്നു. അവരുടെ കൈക്കുഞ്ഞിന് അവൻ നല്ല കൂട്ടും സംരക്ഷകനുമാകുന്നു. വീട്ടിൽ നിന്നകന്ന് കുറച്ചു കാലം ജീവിച്ചപ്പോഴാണ് മൈഗ്രേഷൻ എന്ന ഒരു പദ്ധതിയെക്കുറിച്ച് അവൻ അറിയുന്നത്. യൂറോപ്പിലെവിടെയെങ്കിലും കുടിയേറി രക്ഷപ്പെടുക. അതിന് ചില കടലാസുകൾ ശരിയാക്കാനുണ്ട്. അതിനു വേണ്ടി വീണ്ടും വീട്ടിലേക്ക്. അപ്പോഴാണ് അവനാ രഹസ്യമറിയുന്നത്. അവൻ ജനിച്ചതിന് തെളിവേയില്ല. അവന് മാത്രമല്ല, അവന്റെ മാതാപിതാക്കളോ സഹോദരങ്ങളോ ആരും ജനിച്ചതിനോ ജീവിച്ചതിനോ തെളിവില്ല. മറ്റൊരു ദുരന്തം കൂടി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്റെ ഏറ്റവും പ്രിയപ്പെട്ട അനിയത്തി ഗർഭ സംബന്ധമായ പ്രശ്നങ്ങൾ കാരണം മരണപ്പെട്ടിരിക്കുന്നു. ദു:ഖവും രോഷവും താങ്ങാനാകാതെ അവൻ ഒരു കത്തിയുമായി ചാടിപ്പുറപ്പെട്ടു.

സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിയ കേസിൽ അഞ്ചു വർഷത്തെ തടവുശിക്ഷയാണ് അവന് ലഭിച്ചത്. ജുവനൈൽ ഹോമിൽ തടവിലിരിക്കെ അവൻ ഒരു കേസു കൊടുത്തു. ആ കേസ് വലിയ വിവാദങ്ങളുണ്ടാക്കി. വിവാദങ്ങൾക്കും ചർച്ചകൾക്കും മതിയായ കാര്യങ്ങൾ ആ കേസിനകത്തുണ്ടായിരുന്നു എന്നതാണ് വസ്തുത.

ആർക്കെതിരെയാണ് നിന്റെ കേസ് എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കുമെതിരെ. എന്താണ് അവർ ചെയ്ത തെറ്റ് എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. എന്നെ ജനിപ്പിച്ചു എന്ന കുറ്റത്തിന് എന്ന് അവൻ ഉറച്ചു പറഞ്ഞു. ഈ കേസു വിസ്താരത്തിനിടയിലാണ് അവന്റെയും കുടുംബത്തിന്റെയും ദൈന്യ ജീവിതം തുറന്നു കാണിക്കപ്പെട്ടത്. ഈ ദൈന്യത വാസ്തവത്തിൽ അവന്റെയോ അവന്റെ കുടുംബത്തിന്റേയോ മാത്രം ദൈന്യതയായിരുന്നില്ല. കലാപകലുഷിതമായ സമീപകാല മധ്യ-പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ജീവിതത്തിന്റെ കൂടി ദൈന്യതയായിരുന്നു അത്.

കേസിന്റെ അവസാനം ന്യായാധിപന്റെ ചോദ്യം ഇതായിരുന്നു. ശരി, ഇവരെ എന്തു ചെയ്യണമെന്നാണ് നിന്റെ അഭിപ്രായം. അവരെ ഒന്നും ചെയ്യണ്ട. അവരിനി കുട്ടികളെ ഉണ്ടാക്കാതിരുന്നാൽ മതി എന്നായിരുന്നു അവന്റെ മറുപടി. ദാരിദ്ര്യത്തിനു ബദലായി കൂടുതൽ കുട്ടികളെ ഉണ്ടാക്കുകയും അതുവഴി കൂടുതൽ ദാരിദ്രരായിത്തീരുകയും ഉത്തരവാദിത്തമില്ലാതെ കുട്ടികളെ വളർത്തുകയും ചെയ്യുന്ന കുടുംബത്തിനും പൗരൻമാരുടെ കാര്യത്തിൽ തങ്ങൾക്ക് വലിയ ഉത്തരവാദിങ്ങൾ നിർവ്വഹിക്കാനില്ല എന്നു കരുതുകയോ അതിനു നേരെ കണ്ണടക്കുകയോ ചെയ്യുന്ന രാഷ്ട്ര സംവിധാനത്തിനും എതിരായിട്ടാണ് ഒരു പന്ത്രണ്ടു വയസ്സുകാരന്റെ വാദങ്ങൾ.

ഈ കേസിൽ ഒരർത്ഥത്തിൽ നമ്മളെല്ലാം പ്രതികളാണ്. കുട്ടികളെ പട്ടിണിക്കിട്ടവർ, അവരുടെ സ്കൂളുകൾ തകർത്തവർ, അവരെ അഭയാർത്ഥികളാക്കിയവർ, അവരുടെ ഹൃദയം തകർത്തവർ അങ്ങനെ പ്രതിപ്പട്ടികയിൽ നമ്മളെല്ലാം വന്നു നിൽക്കുന്നുണ്ട്. ഭാഗ്യവശാൽ വിചാരണ നേരിടാതെ നാം രക്ഷപ്പെടുകയായിരുന്നു എന്നു മാത്രം.

ആന്തരികമായി അവരനുഭവിക്കുന്ന കാലുഷ്യങ്ങൾക്ക് ശബ്ദമുണ്ടായിരുന്നെങ്കിൽ ആ ശബ്ദം ഇങ്ങനെയായിരിക്കുമെന്ന് കാപ്പർനോം എന്ന സിനിമ നമ്മളോട് പറയുന്നു. ലോകത്തിലെ അവഗണിക്കപ്പെട്ട എല്ലാ കുട്ടികൾക്കും വേണ്ടി ഒരാൾ എഴുന്നേറ്റ് നിന്നാൽ അവൻ സെയിനിനെപ്പോലെയിരിക്കും. മുതിർന്നവർക്കൊപ്പം കൈക്കുഞ്ഞ് മുതൽ പന്ത്രണ്ടു വയസ്സുകാരൻ വരെ തകർത്തഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നാദിൻ ലബാക്കി എന്ന സംവിധായികയാണ്. അഭിനയത്തിനും സംവിധാനത്തിനും ഉൾപ്പടെ കാൻ ഫെസ്റ്റിവലടക്കം പ്രമുഖമായ എല്ലാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ അംഗീകരിക്കപ്പെടുകയും അവാർഡിന് അർഹമാവുകയും ചെയ്തിട്ടുണ്ട്.

നാസിര്‍ കെ.സി

നാസിര്‍ കെ.സി

അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍