UPDATES

സിനിമ

ഡെലിഗേറ്റുകളില്‍ നിന്നും 3 കോടി പിരിച്ച് ചലച്ചിത്രമേള നടത്താന്‍ സാധിക്കുമോ? ചെലവ് ചുരുക്കാനുള്ള 12 വഴികള്‍

മേളയുടെ പ്രധാന വേദികളിൽ എല്ലാം തന്നെ ഓരോ ഫ്ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ബോക്സുകൾ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാവുന്നതാണ്.

പ്രളയക്കെടുതി മൂലം മാറ്റി വെച്ച ഐഎഫ്എഫ്‌കെ (രാജ്യാന്തര ചലച്ചിത്രോത്സവം) ചെലവു ചുരുക്കി നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ബിജുകുമാർ സ്വാഗതം ചെയ്തു. നേരത്തെ മുതൽ ചലച്ചിത്ര മേള നടത്തണം എന്ന് നിലപാട് എടുത്ത സിനിമ പ്രവർത്തകരിൽ ഒരാൾ ആണ് ബിജുകുമാർ. അതോടൊപ്പം ഇത്തവണ വിദേശ ജൂറിയെ ഒഴിവാക്കിയുള്ള മേളയാണ് നിർദ്ദേശിക്കുന്നത് എന്ന വാർത്തയും ഉണ്ട് എന്നാൽ ഡോക്ടർ ബിജു ഈ തീരുമാനത്തെ ശക്തമായി എതിർക്കുകയും ഒപ്പം തന്റെ നിർദേശങ്ങൾ ഫെയ്സ്ബൂക് കുറിപ്പിലൂടെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു.

ബിജുകുമാർ ദാമോദരന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ചിലവ് ചുരുക്കി നടത്താൻ നടപടികൾ സ്വീകരിക്കും എന്നും മുഖ്യമന്ത്രി തിരികെ എത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നും സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന തീർത്തും സ്വാഗതാർഹവും ഉചിതവും ആണ്. ഇതിനായി ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും വാർത്തയിൽ കാണുന്നു. വളരെ നല്ല ഒരു നീക്കം ആണിത്. പക്ഷെ അതോടൊപ്പം ഇത്തവണ വിദേശ ജൂറിയെ ഒഴിവാക്കിയുള്ള മേളയാണ് നിർദ്ദേശിക്കുന്നത് എന്ന വാർത്തയും കണ്ടു. അങ്ങനെയെങ്കിൽ അത് തീർത്തും ശരിയല്ലാത്ത ഒരു തീരുമാനം ആണ്

സർക്കാരിന് മുൻപിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെ എന്നറിയില്ല. ഏതായാലും ചലച്ചിത്ര മേള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രമേ നടപ്പാക്കാവൂ എന്നാൽ അതെസമയം തന്നെ ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും ചിലവ് ചുരുക്കിയും ആയിരിക്കണം മേള നടത്തേണ്ടത്. ഇക്കാര്യത്തിൽ ചില നിർദ്ദേശങ്ങൾ ചലച്ചിത്ര അക്കാദമിയുടെയും സർക്കാരിൻറ്റെയും മുൻപാകെ സമർപ്പിക്കുന്നു. ഇവയിൽ ചിലത് മുൻപ് തന്നെ എഴുതിയിട്ടുള്ളതാണ്. അവ കൂടി ചേർന്നുള്ള നിർദ്ദേശങ്ങൾ ആണ് കുറിക്കുന്നത്.

1. മേളയുടെ മൊത്തം ബഡ്ജറ്റ് മൂന്ന് കോടി രൂപയായി ഈ വർഷം നിജപ്പെടുത്തുക (6 കോടിയോളം രൂപയാണ് മേളയുടെ സാധാരണ ബഡ്ജറ്റ്)

2. ഇപ്പോൾ മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫീസ് 650 രൂപ ആണ്. ഈ ഒരു വർഷം അത് 2000 രൂപ ആക്കുക. ഏതാണ്ട് 15000 ത്തോളം ഡെലിഗേറ്റ് ആണ് കേരള മേളയിൽ രജിസ്റ്റർ ചെയ്യുന്നത്. 2000 x 15000 = 3,0000000, മൂന്ന് കോടി രൂപ ഇതിൽ നിന്നും ലഭിക്കും. 15000 പേര് വന്നില്ലെങ്കിൽ പോലും 10000 ഡെലിഗേറ്റുകളെ പ്രതീക്ഷിക്കാം. അപ്പോഴും 2 കോടി രൂപ ലഭിക്കും. (2000 രൂപയ്ക്ക് 7 ദിവസം കൊണ്ട് 35 സിനിമകൾ മിനിമം കാണാൻ സാധിക്കും എന്നത് ഓർക്കുക. വിദ്യാർത്ഥികൾക്ക് പകുതി തുക ആക്കാവുന്നതാണ്, പക്ഷെ സ്റുഡന്റ്റ്സ് പാസ്സിന്റ്റെ എണ്ണം പരിമിതപ്പെടുത്തണം).സിനിമ കാണുവാൻ ആത്മാർത്ഥമായി ആഗ്രഹമുള്ള സിനിമാ സ്നേഹികൾ 2000 രൂപ ആയാലും ഇത്തവണ എത്തും. പ്രത്യേകിച്ചും പ്രളയ ദുരന്ത കാലത്ത് മേള പ്രേക്ഷക സഹകരണത്തോടെ നടത്തുന്നു എന്ന ജനകീയ കാഴ്ചപ്പാടിൽ.

3. സാധാരണ എല്ലാ വർഷങ്ങളിലും മീഡിയ പാസ്, ഒഫിഷ്യൽ പാസ്, എന്നിവ ഫ്രീ ആണ്. ഇത് കൂടാതെ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ഓഫീസുകളിൽ കൊടുക്കുന്ന പാസുകൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും ചില സംഘടനകൾക്കും കൊടുക്കുന്ന പാസുകൾ, ചില സിനിമാ സംഘടനാ പ്രവർത്തകർക്കുള്ള പാസുകൾ എന്നിവയും സൗജന്യമാണ്. ഏതാണ്ട് 3000 ൽ അധികം ഫ്രീ പാസുകൾ ആണ് ഓരോ മേളയിലും നൽകിപോരുന്നത്. ഇത് നിർത്തലാക്കണം ഇത്തവണ അത്തരത്തിൽ ഒരു പാസ് പോലും സൗജന്യമായി നൽകാതിരിക്കുക. ക്ഷണിച്ചു വരുന്ന സിനിമകളുടെ അതിഥികളും ജൂറികളും വിദേശത്ത്‌ നിന്ന് എത്തുന്ന ക്ഷണിക്കപ്പെട്ട ഫെസ്റ്റിവൽ പ്രോഗ്രാമേഴ്‌സ്, ഫിലിം സെലക്ടേഴ്‌സ് എന്നിവർ ഒഴികെ എല്ലാവരുടെയും പാസുകൾ ഫീസ് ഈടാക്കി മാത്രം നൽകുക.

4. മേളയുടെ പ്രചരണ പരിപാടികൾ ആയ ഫ്ലെക്സുകൾ ബോർഡുകൾ എന്നിവ കഴിയുന്നത്ര കുറയ്ക്കുക. നഗരത്തിൽ ഇത്തരം പ്രചാരണ ഫ്ലെക്സുകൾ സ്ഥാപിക്കുന്നതിനായി ഓരോ വർഷവും വൻ തുക ചിലവഴിക്കാറുണ്ട്. ഇത് പൂർണ്ണമായും നിർത്തലാക്കണം. നഗരത്തിൽ ഫ്ലെക്സ് ബോർഡ് അടിച്ചു പ്രചാരണം നടത്തേണ്ട കാര്യം ഐ എഫ് എഫ് കെ യ്ക്ക് ഇല്ല .

5. ഉദ്ഘാടന സമാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളും ആര്‍ഭാടങ്ങളും ഒഴിവാക്കാം, മേളയുടെ ഉദ്ഘാടനവും സമാപനവും തീർത്തും ലളിതമായ രീതിയിൽ നിശാഗന്ധിയിൽ നടത്താവുന്നതാണ്.

Also Read: കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

6. സാധാരണയായി മേളയുടെ ചെലവുകളിൽ വലിയ ഒരു പങ്ക് താമസ സൗകര്യത്തിനായി വിനിയോഗിക്കേണ്ടി വരാറുണ്ട്. പല സിനിമാ സംഘടനകളുടെ പ്രതിനിധികൾക്കും, ഫെസ്റ്റിവൽ , ഓർഗനൈസേഷൻ അംഗങ്ങൾക്കും താമസ സൗകര്യങ്ങൾ നൽകാറുണ്ട്. ഇത് ഒഴിവാക്കണം. അക്കാദമിയുടെ ബന്ധപ്പെട്ട ഒഫിഷ്യൽസിനും, അക്കാദമി കൗൺസിൽ അംഗങ്ങൾക്കും മാത്രമേ സംഘാടകർ എന്ന നിലയിൽ താമസം നൽകാവൂ. മറ്റൊരു സംഘടനയുടെയും പ്രതിനിധികൾക്ക് സൗജന്യ താമസം നൽകുന്നത് കർശനമായി ഒഴിവാക്കണം.

6. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇത്തവണ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുക. അതിന് വകയിരുത്തിയ 10 ലക്ഷം രൂപയും, പുരസ്‌കാര ജേതാവിനെ കൊണ്ടുവരാനുള്ള ചിലവുകളും ലാഭിക്കാം. തുടർന്നുള്ള വർഷങ്ങളിലും ഈ പുരസ്കാരം ഒഴിവാക്കുന്നതാണ് നല്ലത്. ലോകത്തെ പല മേളകളിലും ഇങ്ങനെ ഒരു പുരസ്കാരം നൽകുന്ന രീതി ഒന്നുമില്ല. ഇത് അന്താരാഷ്ട്ര മേളയുടെ ഒരു നിർബന്ധിത ഘടകവും അല്ല. അതുകൊണ്ടു തന്നെ ഈ ഒരു പുരസ്‌കാരത്തിനായി വരും വർഷങ്ങളിലും ഇത്ര തുക ചിലവഴിക്കേണ്ടതുണ്ടോ എന്നത് പുനരാലോചിക്കാവുന്നതാണ്. ഇതിന് പകരം പുതിയ മലയാള സിനിമകളുടെ നിർമാണത്തിനായി ഒരു സ്ക്രിപ്റ്റ് ഡെവലപ്മെന്റ്റ് ഫോറമോ, പ്രോജക്ട് പിച്ചിങ്ങോ സംഘടിപ്പിക്കുകയും, അതിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രോജക്ട് / സ്ക്രിപ്റ്റ് ന് 5 ലക്ഷം രൂപ വീതം ഐ എഫ് എഫ് കെ ഫിലിം ഫണ്ട് നൽകാവുന്നതുമാണ്. ഓരോ വർഷവും പുതിയ രണ്ട് ചെറുപ്പക്കാർക്ക് പുതിയ മലയാള സിനിമകൾ ചെയ്യുവാനുള്ള ഒരു ഫസ്റ്റ് സപ്പോർട്ട് ഐ എഫ് എഫ് കെ നൽകുന്നു എന്നത് ഏറെ പ്രസക്തമാവുകയും ചെയ്യും.

7. ഐ എഫ് എഫ് കെ യിൽ ഒരു വർഷം സാധാരണ പ്രദർശിപ്പിക്കുന്ന സിനിമകളുടെ എണ്ണം 200 നോട് അടുത്താണ്. ലോക സിനിമകളിൽ പലതിനും വലിയ തോതിൽ സ്ക്രീനിങ് ഫീസ് നൽകേണ്ടി വരും. ഇതാണ് നമ്മുടെ മേളയുടെ ഗണ്യമായ ഒരു ചിലവ്. അത് ഈ വർഷം ഗണ്യമായി കുറയ്ക്കാവുന്നതാണ്. ഏകദേശം 120 ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി താഴെ പറയുന്ന രീതിയിൽ സിനിമകളുടെ എണ്ണം ക്രമീകരിക്കാം.

A, അന്താരാഷ്ട്ര മത്സര വിഭാഗം – 14 സിനിമകൾ (നിലവിലുള്ളത് പോലെ തന്നെ )
B, ഇന്ത്യൻ സിനിമാ വിഭാഗം – 7 സിനിമകൾ (നിലവിലുള്ളത് പോലെ തന്നെ )
C, മലയാള സിനിമാ വിഭാഗം – 12 സിനിമകൾ (പുതുക്കിയ നിയമാവലി അനുസരിച്ചു )
D, വേൾഡ് സിനിമാ വിഭാഗം – 80 സിനിമകൾ , നിലവിൽ 120 ഓളം സിനിമകൾ ആണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇതിൽ ഏതാണ്ട് 80 ഓളം സിനിമകൾ സ്ക്രീനിങ് ഫീസ് നൽകിയാണ് കൊണ്ടുവരുന്നത്. 50 ലക്ഷത്തിൽ അധികം രൂപ ആണ് ഈ ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത്. ഈ വർഷം ലോക സിനിമകളുടെ എണ്ണം 80 ആക്കുകയും അതിൽ തന്നെ 50 സിനിമകൾ മാത്രം സ്ക്രീനിങ് ഫീസ് നൽകി കൊണ്ടുവരേണ്ടവ ആയി നിജപ്പെടുത്തുകയും ചെയ്യുക. കാൻ, ബെർലിൻ, വെനീസ് തുടങ്ങിയ പ്രധാന മേളകളിൽ പുരസ്കാരം നേടുകയും ശ്രദ്ധേയമാവുകയും ചെയ്ത ചിത്രങ്ങൾ, ലോക സിനിമയിലെ സമകാലിക മാസ്റ്റേഴ്‌സിന്റെ ചിത്രങ്ങൾ എന്നിവ നിർബന്ധമായും സ്ക്രീനിങ് ഫീസുകൾ നൽകി കൊണ്ടുവരേണ്ട സിനിമകളിൽ പ്രാമുഖ്യം നൽകുക. 50 സിനിമകൾ മാത്രം സ്ക്രീനിങ് ഫീസ് നൽകി കൊണ്ടുവരേണ്ടതായി നിജപ്പെടുത്തിയാൽ ചിലവ് 25-30 ലക്ഷത്തോളം രൂപ മാത്രമേ ആകൂ .
E, കൺട്രി ഫോക്കസ് വിഭാഗം നാലോ അഞ്ചോ സിനിമകൾ ഉൾപ്പെടുത്തി ചെയ്യാവുന്നതാണ്. സ്ക്രീനിങ് ഫീസ് ഇല്ലാതെ ചിത്രങ്ങൾ നൽകാൻ തയ്യാറുള്ള രാജ്യങ്ങളെ വേണം ഉൾപ്പെടുത്താൻ .
F, സ്ക്രീനിങ് ഫീസ് കൊടുത്തു ചെയ്യേണ്ട റിട്രോസ്പെക്ടീവ് കുറേറ്റർ സെക്ഷൻ, സ്‌പെഷ്യൽ സ്ക്രീനിങ്, ഹോമേജ് തുടങ്ങിയ വിഭാഗങ്ങൾ ഇത്തവണ ഒഴിവാക്കാവുന്നതാണ് .

Also Read: 2008ല്‍ സിചുവാൻ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 90,000ല്‍ അധികം പേര്‍; എന്നിട്ടും ഷാങ്ഹായി ചലചിത്ര മേള ചൈന നടത്തുക തന്നെ ചെയ്തു

8. മത്സര വിഭാഗത്തിൽ അന്താരാഷ്‌ട്ര ജൂറിയെ ഒഴിവാക്കണം എന്ന നിർദ്ദേശം ഏറ്റവും അപകടകരമായ ഒന്നാണ്. ഒരിക്കലും ഇത് ചെയ്യരുത്. ഫിയാപ്ഫ് അക്രിഡിറ്റേഷൻ ഉള്ള ലോകത്തെ സ്പെഷ്യലിസ്റ്റ് കോമ്പറ്റിഷൻ മേളകൾ ആകെ 24 എണ്ണം മാത്രമാണ് ഉള്ളത്. അതിൽ ഒന്നാണ് കേരള മേള. ഒരു അന്താരാഷ്‌ട്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗം അന്താരാഷ്ട്ര ജൂറി തന്നെയാണ് വിധി നിർണ്ണയം നടത്തേണ്ടത്. അന്താരാഷ്ട്ര ജൂറിയെ കൊണ്ട് വരിക എന്നത് പലരും ധരിക്കുന്നത് പോലെ അത്ര വലിയ ചിലവുള്ള ഒരു കാര്യമേ അല്ല. ജൂറി അംഗങ്ങൾക്ക് സാധാരണ ആയി പ്രതിഫലം നൽകാറില്ല. യാത്രാ ചിലവും താമസ സൗകര്യങ്ങളും മാത്രമാണ് നൽകാറുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 5 ജൂറി അംഗങ്ങൾ ആണുള്ളത്. ഇതിൽ ഒരാൾ സാധാരണയായി ഇന്ത്യയിൽ നിന്നുള്ള അംഗം ആയിരിക്കും. മറ്റ് നാല് പേരുടെ വിമാന യാത്രാക്കൂലിയും താമസവും മാത്രമാണ് ജൂറി ചിലവായി വരുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നോ, ഏഷ്യയോട് വളരെ അടുത്തുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ ജൂറി അംഗങ്ങളെ നിശ്ചയിച്ചാൽ വളരെ കുറഞ്ഞ വിമാനക്കൂലിയിൽ ജൂറി അംഗങ്ങളെ എത്തിക്കാൻ സാധിക്കും. ആ രീതിയിൽ അംഗങ്ങളെ കണ്ടെത്തുക ആണ് വേണ്ടത്. അതല്ലാതെ വിദേശ ജൂറികളെ വേണ്ട എന്ന് നിർദേശിക്കുന്നത് ഫിയാപ്ഫ് റൂളുകളുടെ ലംഘനം മാത്രമല്ല അന്താരാഷ്ട്ര മേള എന്ന സ്റ്റാറ്റസിനെ തരം താഴ്ത്തുക കൂടിയാണ്. ലോകത്തെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗം വിധി നിർണ്ണയം നടത്തുന്നത് ഒരു പ്രാദേശിക ജൂറി ആണ് എന്നത് എത്ര മാത്രം അപഹാസ്യമായ ഒരു ഏർപ്പാട് ആണ് എന്ന് ആലോചിച്ചു നോക്കാവുന്നതേ ഉള്ളൂ. ഇത് ഒരു കാരണവശാലും സംഭവിക്കാൻ ഇടയാകരുത്.

9. ഇതേപോലെ തന്നെ ഫിപ്രെസ്‌കി, നെറ്റ്പാക് ജൂറികളും ഒരു അന്താരാഷ്ട്ര മേളയുടെ അവിഭാജ്യ ഘടകം ആണ്. അതും നിർത്തലാക്കരുത്. ലോകത്ത് അപൂർവം മേളകൾക്കാണ് ഫിപ്രെസ്‌കി നെറ്റ്പാക് ജൂറി പുരസ്കാരങ്ങൾ നൽകുന്നത്. ആ സ്റ്റാറ്റസും നമ്മൾ നിലനിർത്തേണ്ടതുണ്ട്. മൂന്ന് ജൂറി അംഗങ്ങൾ വീതമാണ് ഈ രണ്ട് വിഭാഗത്തിലും ഉള്ളത്. അതിൽ ഓരോ അംഗങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർ ആണ്. അതുകൊണ്ട് ഫിപ്രെസ്കിയിലും നെറ്റ്പാക്കിലും ആയി നാല് ജൂറി അംഗങ്ങൾ മാത്രമേ വേണ്ടൂ. ഇവർക്കും പ്രതിഫലം നൽകാറില്ല. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ജൂറി അംഗങ്ങളെ നിശ്ചയിച്ചാൽ യാത്ര ഇനത്തിലും ചെറിയ ചിലവ് മാത്രമേ ഉണ്ടാകൂ .

10. ചലച്ചിത്ര മേള നടത്തുന്ന സർക്കാർ / സ്വകാര്യ തിയറ്ററുകൾ വാടക ഇനത്തിൽ ഈ വർഷം പരമാവധി വിട്ടുവീഴ്ച്ച ചെയ്തു തരുവാൻ ആവശ്യപ്പെടുക.

11. മേളയുടെ പ്രധാന വേദികളിൽ എല്ലാം തന്നെ ഓരോ ഫ്ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ബോക്സുകൾ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാവുന്നതാണ്.

12. ഫെസ്റ്റിവൽ വെബ് സൈറ്റ് റീ ഡിസൈൻ ചെയ്യുക. പ്രളയവും അതിജീവന പ്രവർത്തനങ്ങളും വെബ്‌സൈറ്റിൽ പ്രധാനമായി ശ്രദ്ധിക്കുന്ന തരത്തിൽ ഉണ്ടാകണം. ദുരിതാശ്വാസ നിധിയുടെ ബാങ്ക് ഡീറ്റയിൽസും ഓൺലൈൻ പേയ്മെന്റ്റ് രീതിയും ഉൾപ്പെടുത്താവുന്നതാണ് (ചില വിദേശ ചലച്ചിത്ര മേളകളും, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയും ഒക്കെ ഇതിനോടകം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകാൻ ശ്രമം തുടങ്ങിയതും ശ്രദ്ധിക്കുമല്ലോ)

രാജ്യാന്തര ചലച്ചിത്രോത്സവം ചെലവ് ചുരുക്കി നടത്തും: എ.കെ.ബാലന്‍

കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

2008ല്‍ സിചുവാൻ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 90,000ല്‍ അധികം പേര്‍; എന്നിട്ടും ഷാങ്ഹായി ചലചിത്ര മേള ചൈന നടത്തുക തന്നെ ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍