ഇന്ദ്രന്‍സ് മാറുമോ മാറാതിരിക്കുമോ എന്നതല്ല നാം അന്വേഷിക്കേണ്ടത്, സിനിമയ്ക്ക് അദ്ദേഹത്തിനുമേലുള്ള മുന്‍ധാരണകളില്‍ ഇനിയെങ്കിലും മാറ്റം വരുമോ എന്നാണ്…
2016 ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍, അത്രവലിയ രീതിയില്‍ ഒന്നും അല്ലായിരുന്നുവെങ്കിലും കുറച്ചു പേരെങ്കിലും ജൂറി തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു, അത് മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കാതിരുന്നതിനെതിരെ ആയിരുന്നു. ഇതിനിടയില്‍ ഏതോ പത്രക്കാരുടെ ചോദ്യത്തിന് തന്റെ സ്വാഭാവിക നിഷ്‌കളങ്കതയോടെ ഇന്ദ്രന്‍സ് പറഞ്ഞൊരു വാചകം, ഈ അതൃപ്തിയെ ചെറിയൊരു വിവാദത്തിലേക്കും ഉയര്‍ത്തി. ആരെയും കുറ്റം പറയാന്‍ പറ്റില്ല, ഒരു നടന്‍ എന്നൊക്കെ പറഞ്ഞാല്‍ അല്‍പം മെനയൊക്കെ വേണ്ടേ…എന്നു മാത്രമായിരുന്നു ഇന്ദ്രന്‍സ് അന്ന് പറഞ്ഞത്. അവാര്‍ഡ് കിട്ടാതെ വന്നപ്പോഴോക്കെ പല വമ്പന്മാരും ഉയര്‍ത്തിയ വിമര്‍ശനങ്ങളോ പരാതികളോ പോലെയല്ലായിരുന്നു, തന്റെ വലിപ്പം പറഞ്ഞോ, മറ്റുള്ളവരെ കൊച്ചാക്കി കൊണ്ടോ പോലുമല്ലായിരുന്നു. പക്ഷേ, ഒരു ചെറു തമാശപോലെ ആ നടന്‍ നടത്തിയ ആത്മവിമര്‍ശനത്തിന് ഒരുപാട് ആഴമുണ്ടായിരുന്നു. അതെത്രപേര്‍ക്ക് മനസിലായി എന്നറിയില്ലെങ്കിലും, അന്ന് ഇന്ദ്രന്‍സ് അനുഭവിച്ച ഒരു നേരിയ നോവിനെങ്കിലും കാലം ചെയ്ത നീതിയാണ് ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനുള്ള പുരസ്‌കാരം.
ഇന്ദ്രന്‍സ് ഒരു മികച്ച നടനാണെന്ന് സിനിമ അംഗീകരിച്ചത് ഇപ്പോഴായിരിക്കാം, പ്രേക്ഷകര്‍ക്കത് മനസിലായിരുന്നുവെങ്കില്‍ തന്നെ അതു തിരിച്ചറിഞ്ഞിട്ട് അധികമായിട്ടുമുണ്ടാകില്ല. പക്ഷേ, അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവര്‍ക്കോ, അദ്ദേഹത്തിന്റെ അഭിമുഖങ്ങളോ, എഴുതിയ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്കോ, കൂടെ ജോലി ചെയ്തവര്‍ക്കോ, സിനിമയിലുള്ളവര്‍ക്കോ വളരെ നേരത്തെ തന്നെ മനസിലായിട്ടുള്ള ഒന്നുണ്ട്; ഒരു നല്ല മനുഷ്യന്‍, പച്ചയായ ഒരു നാട്ടിന്‍പുറത്തുകാരന്‍… അതാണ് ഇന്ദ്രന്‍സ്…അതുമാത്രമാണ് എന്നും ഇന്ദ്രന്‍സ്.
സ്വയം പുകഴ്ത്തലുകളില്ല, മറ്റുള്ളവരെ ചെറുതാക്കിയും പറയില്ല. ഒരു സിനിമനടന്‍ എന്ന സ്റ്റാറ്റസ്, കുടുംബനാഥന്‍, സുഹൃത്ത്, ബന്ധു, നാട്ടുകാരന്‍ എന്നീ സ്ഥാനങ്ങളൊക്കെ കഴിഞ്ഞിട്ടേ തന്റെ കാര്യത്തില്‍ സംഭവിക്കുന്നുള്ളൂ എന്നാണ് ഇന്ദ്രന്‍സ് എപ്പോഴും പറയുന്നത്.
ഒരിക്കല്‍ ഇന്ദ്രന്‍സ് തന്നെ പറഞ്ഞതിങ്ങനെയാണ്; സിനിമ ഭൗതികമായ സൗകര്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, സിനിമ താനെന്ന വ്യക്തിയെ ഒരു തരത്തിലും മാറ്റിയിട്ടില്ല. ഞാനിപ്പോഴും ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനാണ്. കുറച്ചു കുശുമ്പും അസൂയയും പിശുക്കും സ്‌നേഹവും സൗഹൃദവുമെല്ലാം ഉള്ളൊരു നാട്ടിന്‍പുറത്തുകാരന്‍. അതല്ലായിട്ട് എന്തിനാണ്?
അവസാനത്തെ ആ ചോദ്യത്തിന് ഉള്ള കൃത്യമായ ഉത്തരം ഇന്ദ്രന്‍സിന്റെ കൈയിലുള്ളതുകൊണ്ടാണ് ഇന്ദ്രന്‍സിന് ഇന്നും ഇന്ദ്രന്‍സായി തന്നെ നില്‍ക്കാന്‍ സാധിക്കുന്നത്. ഇപ്പോഴത്തെ പുരസ്‌കാരലബ്ധിക്കു പിന്നാലെ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ആ ഉത്തരം തന്നെയായിരിക്കും ഇന്ദ്രന്‍സ് പറയാന്‍ പോകുന്നതും.
മുപ്പതിലേറെ വര്‍ഷമായി സിനിമയില്‍ ഉണ്ട് ഇന്ദ്രന്‍സ്. അദ്ദേഹം എങ്ങനെ സിനിമയില്‍ എത്തിയെന്നും എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച എന്നുമൊക്കെ പ്രേക്ഷകരില്‍ ഒട്ടുമിക്കപേര്‍ക്കും അറിയാം. എന്റെ ശബ്ദവും രൂപവുമാണ് ഒരു നടനെന്ന നിലയില്‍ രക്ഷപ്പെടുത്തിയത്. പിന്നീട് ആ ശബ്ദവും രൂപവും കൊണ്ട് ഒരുപാട് കോമാളിത്തരങ്ങളും കാണിക്കേണ്ടി വന്നു. എന്ന് ഇന്ദ്രന്‍സ് പറയുന്നു. നമ്മള്‍ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗവും ഇന്ദ്രന്‍സിന്റെ ‘ വളിപ്പുകള്‍’ ഒരുഘട്ടത്തില്‍ മടുത്തിരുന്നു.
അതുപക്ഷേ, ഇന്ദ്രന്‍സിന്റെ തെറ്റല്ലായിരുന്നു. കോമഡി നടന്‍ എന്ന ഇമേജാണ് തനിക്ക്, അതുപയോഗിച്ചാണ് സിനിമകള്‍ ചെയ്ത്, അതില്‍ കുറെയോക്കെ ചളിപ്പുകളായിരുന്നു, അതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ നാണം തോന്നുകയായിരുന്നു. പക്ഷേ, കിട്ടിയ നല്ലവേഷങ്ങളില്‍ ഒരു നടനെന്ന നിലയില്‍ കാണിക്കേണ്ട സത്യസന്ധത കാണിച്ചിരുന്നു, അതാണ് പ്രേക്ഷകര്‍ക്കിടയില്‍ എന്നെ ഓര്‍മിപ്പിച്ചു നിര്‍ത്തിയത്. ഇതൊക്കെ ചെയ്തു വരുമ്പോഴും എന്റെയുള്ളില്‍ ഞാന്‍ ചെയ്യേണ്ടതായ സിനിമകളുണ്ടായിരുന്നു. എന്നാല്‍ എന്റെ രൂപവും ശബ്ദവും അതിനു തടസ്സം നിന്നു പോകുകയായിരുന്നു. എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞിട്ടുള്ളത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയശേഷം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഇന്ദ്രന്‍സ് പറഞ്ഞില്ലേ, താന്‍ തുടങ്ങി വരുന്നതേയുള്ളൂവെന്ന്…അതിന്റെ അര്‍ത്ഥം മുകളില്‍ പറഞ്ഞ ആ വാചകങ്ങളില്‍ നിന്നു മനസിലാക്കാം.
തന്റെ കുറവുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം ഇന്ദ്രന്‍സിനുണ്ടായിരുന്നു. ആ കീഴടങ്ങലിനെയായിരുന്നു നമ്മള്‍ വളിപ്പെന്നും ചളിപ്പെന്നും പറഞ്ഞ് ആക്ഷേപിച്ചത്. പക്ഷേ, ഇന്ദ്രന്‍സ് എന്ന നടന്‍ ആ സമയത്തെല്ലാം തന്റെ ആത്മസംഘര്‍ഷങ്ങളോട് പോരാടി കൊണ്ടിരിക്കുകയായിരുന്നു, നിസ്സഹായനായൊരുവനെപോലെ, എന്നാല്‍ പ്രതീക്ഷകള്‍ കൈമോശം വരാതെയും. കാരണം, ഇന്ദ്രന്‍സ് തന്റെ നെഗറ്റീവുകളെന്തൊക്കെയെന്നപോലെ പോസ്റ്റീവുകളെക്കുറിച്ചും ബോധവാനായിരുന്നു.
ഇന്ദ്രന്‍സ് എന്ന നടനുമേല്‍ സിനിമയും പ്രേക്ഷകനും ഒരു മുന്‍വിധിയുണ്ടായിരുന്നു. ഇന്ദ്രന്‍സ് പറയുന്നതുപോലെ; മെല്ലിച്ച, കഴുത്തില്‍ നിന്നും വലിച്ചു പറിച്ചെടുക്കുന്ന തരത്തിലുള്ള ശബ്ദമുള്ള ഒരാള്‍. അങ്ങനെയുള്ള എന്നെ കുറിച്ച് സിനിമാക്കാര്‍ക്ക് ഒരു കണക്കുകൂട്ടലുണ്ട്. അതിനപ്പുറം ഇവന് എന്തെങ്കിലും ചെയ്യാമെന്ന് വിശ്വാസമവര്‍ക്കുണ്ടായിരുന്നില്ല. ഇതൊന്നും നിന്നെക്കൊണ്ട് പറ്റത്തില്ലെന്നു തന്നെയാണവര്‍ പറഞ്ഞിരുന്നത്. ഈ മുന്‍വിധികളെ തകര്‍ക്കാന്‍ ചിലര്‍ വന്നതോടെയാണ് ഇന്ദ്രന്‍സ് എന്ന നടന്റെ മേലുള്ള കോമാളിഛായങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നത്. അങ്ങനെ വന്നവര്‍ ആരൊക്കെയാണെന്നുകൂടി നോക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍, എം പി സുകുമാരന്‍ നായര്‍, ടി വി ചന്ദ്രന്‍…ആ ശ്രേണി ഇപ്പോള്‍ വളരുകയാണ്, ഇന്ദ്രന്‍സെന്ന നടനെയും കൊണ്ട്.
ബോണ്‍ ആക്ടര്‍ എന്നോ, മെയ്ഡ് ആക്ടര്‍ എന്നോ ഒക്കെയുള്ള കാറ്റഗറി തിരിച്ചുള്ള വിശേഷണങ്ങള്‍ക്ക് ഇന്ദ്രന്‍സ് പ്രാപ്തനാണോയെന്നറിയില്ല. ഇന്ദ്രന്‍സ് ഒരു നടനാണ്. നടിക്കാന്‍ അറിയുന്നവന്‍. തന്നിലെ നടനെ ഇന്ദ്രന്‍സ് വളരെ ഭംഗിയായി വിലയിരുത്തുന്നുണ്ട്; ഞാനൊരു പണിയുപകരണമാണ്. അത് കൈകാര്യം ചെയ്യുന്നവന്റെ രീതിക്ക് മയപ്പെട്ടു കൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരുനാട്ടിന്‍പുറമൊഴിയില്‍ എത്രഭംഗിയായിട്ടാണ് ഇന്ദ്രന്‍സ് തന്നിലെ നടനെ വരച്ചിടുന്നതെന്നു കാണുക. പണ്ട് തയ്‌ച്ചോണ്ടിരിക്കുമ്പോള്‍ തുണിയുമായി ആളുകള്‍ വരും. ചിലര്‍ക്ക് ഷര്‍ട്ട് തയ്ക്കണം, ചിലര്‍ക്ക് ബ്ലൗസ്…അവരവരുടെ ആവശ്യംപോലെ തുണി വെട്ടിത്തയ്ച്ചു ഷര്‍ട്ടും ബ്ലൗസുമൊക്കെ ആക്കുന്നത് തയ്യല്‍ക്കാരന്റെ മിടുക്ക്. ആ മിടുക്കാണ് ഒരു നടനെന്ന നിലയില്‍ തനിക്കുള്ളത്. ഇതുവരെ എല്ലാം നല്ലോണം തയ്‌ച്ചെന്നല്ല, എന്നാലും ചെയ്തതില്‍ കുറച്ചെങ്കിലും നിങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാനായത്; ഇങ്ങനെ പറയാന്‍ കഴിയുന്നതാണ് ഒരു നടന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇന്ദ്രന്‍സ് പുലര്‍ത്തുന്ന ഔന്നിത്യം.
മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് ഇനി നേരിടാന്‍പോകുന്ന ഒരു പ്രധാനചോദ്യം ഈ പുരസ്‌കാരലബ്ധി ഇന്ദ്രന്‍സിനെ എങ്ങനെയെല്ലാം മാറ്റും എന്നതായിരിക്കും. ഇങ്ങനെയോ, ഇതേ ധ്വനി വരുന്നരീതിയില്‍ മാറ്റിയോ ഉണ്ടാകുന്ന ചോദ്യങ്ങള്‍ക്കെല്ലാം ആ മനുഷ്യന്റെ ആദ്യ മറുപടി, നിഷ്‌കളങ്കമായ ആ ചിരി ആയിരിക്കും. ഒരിക്കല്‍ ഇതേപോലൊരു ചോദ്യം അദ്ദേഹത്തിനോട് ചോദിച്ചതിന്റെ അനുഭവത്തില്‍ പറഞ്ഞതാണ്. സിനിമക്കാരനായാലും തയ്യല്‍ക്കാരനായാലും ജീവിതം ഒരുപോലെയാണ്. ഒരാളുടെ കൈയില്‍ കോടികള്‍ കാണും, മറ്റേയാള്‍ പട്ടിണിയായിരിക്കും. പക്ഷേ എപ്പോള്‍ മരിച്ചുപോകുമെന്ന് രണ്ടുപേര്‍ക്കും അറിയില്ല. സിനിമാക്കാരന്‍ മരിച്ചാല്‍ എന്തെങ്കിലും കൊണ്ടുപോകാന്‍ പറ്റുമോ? തയ്യല്‍ക്കാരന്‍ മരിച്ചാലും പറ്റില്ല. എന്റെ നാടായ കുമാരപുരത്ത് നിന്നു മാറി മറ്റേതെങ്കിലും നഗരത്തില്‍ താമസിക്കണമെന്നുപോലും ഇതേവരെ തോന്നിയിട്ടില്ല. എത്രവലിയ മുന്തിയ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യം കിട്ടിയാലും രാത്രിയില്‍ വീട്ടിലെത്തി ശാന്തയോടും പിള്ളേരോടുമൊപ്പം ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കഴിച്ചാലേ തൃപ്തി വരൂ…
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യന്‍ തനിക്കൊരു അവാര്‍ഡ് കിട്ടിയാലും സ്വഭാവം മാറ്റില്ല…ചിലപ്പോള്‍ ആ സ്ഥിരം പ്രയോഗം ഒന്നു നടത്തിയേക്കും; ഇതിപ്പോള്‍ എന്നെ കൂടുതല്‍ ആധികേറ്റിച്ചിരിക്കുകയാ…തന്റെ മേല്‍കൂടുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ആധി…പക്ഷേ, ഇന്ദ്രന്‍സ് മാറുമോ മാറാതിരിക്കുമോ എന്നതല്ല നാം അന്വേഷിക്കേണ്ടത്, സിനിമയ്ക്ക് അദ്ദേഹത്തിനുമേലുള്ള മുന്‍ധാരണകളില്‍ ഇനിയെങ്കിലും മാറ്റം വരുമോ എന്നാണ്…