UPDATES

സിനിമാ വാര്‍ത്തകള്‍

ഏഴു ദിവസം, അഞ്ച് വിഭാഗങ്ങളിലായി 80 സിനിമകള്‍; കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാണ് പ്രദര്‍ശനം.

കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് (ICFFK – International Children’s Film Festival Kerala) തലസ്ഥാന നഗരിയില്‍ ഇന്ന് തുടക്കമാവും. രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ടാഗോര്‍ തിയേറ്ററില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ‘അരുമകളാണ് മക്കള്‍, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമയാണ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രസിനിമ, അന്താരാഷ്ട്ര ഹ്രസ്വചിത്രം, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ക്ലാസിക്ക് സിനിമ എന്നീ അഞ്ച് വിഭാഗങ്ങളിലായി 80 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മേളയുടെ ഭാഗമായി കുട്ടികള്‍ മാത്രമായി അഞ്ച് ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. അനിമേഷന്‍, സ്വപ്നം, കുടുംബം, സൗഹൃദം തുടങ്ങി ഏഴ് വിഭാഗങ്ങളിലായാണ് ഹ്രസ്വചിത്രങ്ങള്‍. മലയാളചിത്രം ഉയരെയാണ് ഉദ്ഘാടനസിനിമ. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാണ് പ്രദര്‍ശനം. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ വൈകിട്ട് 6.30ന് നടക്കുന്ന പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം.

മുതിര്‍ന്ന സിനിമാപ്രവര്‍ത്തകര്‍, പ്രമുഖ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണിപ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളോട് സംവദിക്കുന്ന ഓപ്പണ്‍ ഫോറം ദിവസവും വൈകിട്ട് അഞ്ചിന് കൈരളി തിയറ്റില്‍ നടക്കും. കുട്ടികളുടെ മത്സരവിഭാഗത്തില്‍ ലഭിച്ച 17 ഹ്രസ്വചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കുട്ടികള്‍ തന്നെ അംഗമായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവ് ആദിഷ് പ്രവീണ്‍, സംസ്ഥാന പുരസ്‌കാര ജേതാക്കളായ അഭിനന്ദ്, അബനി ആദി എന്നിവരാണ് ജൂറി അംഗങ്ങള്‍. മികച്ച നടന്‍, നടി, സിനിമ, സംവിധാനം എന്നിവയ്ക്കും പുരസ്‌കാരം മേളയില്‍ നല്‍കും.

കേരള ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ശിശുക്ഷേമ സമിതിയാണ് മേള സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള മെയ് 16ന് സമാപിക്കും.

Read: കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍