UPDATES

സിനിമ

വിവാദങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഒരാള്‍ എന്നതായിരിക്കാം എന്നില്‍ കണ്ട വില്‍പ്പന സാധ്യത: അരുണ്‍ ഗോപി/ അഭിമുഖം

മൈ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരേയുള്ള പ്രതിഷേധം അതിലെ നടി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയുള്ളതാണ്

അനു ചന്ദ്ര

അനു ചന്ദ്ര

ഏറെ വിവാദങ്ങളും അതിനു പിന്നാലെ വന്‍വിജയും നേടിയ രാമലീല എന്ന സിനിമയക്കുശേഷം മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയമായ പേരാണ് അരുണ്‍ ഗോപി. ആദ്യ ചിത്രം തന്നെ അരുണിന് ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യത നേടിക്കൊടുത്തു. രാമലീലയ്ക്കു ശേഷം അടുത്ത ചിത്രം ഏതെന്ന ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വന്ന വാര്‍ത്ത അരുണ്‍ ഗോപി അഭിനേതാവാകുന്നു എന്നതാണ്. ആ വാര്‍ത്തയെക്കുറിച്ച് അരുണ്‍ ഗോപിക്ക് പറയാനുള്ളത് എന്ത്? സംവിധായകന്‍ അരുണ്‍ ഗോപിയുമായി അനുചന്ദ്ര നടത്തിയ അഭിമുഖം.

അഭിനയ രംഗത്തേക്ക് കടന്നു വരുന്നു എന്ന വാര്‍ത്ത കണ്ടു. കൂടുതല്‍ വിവരങ്ങള്‍
അങ്ങനെ ഒരു തീരുമാനം ഒന്നുമായിട്ടില്ല. ഒരു കഥ കേട്ടു, ആലോചിക്കാം എന്നു മറുപടി പറഞ്ഞു എന്നേയുള്ളു. അന്തിമ തീരുമാനത്തിലേക്ക് ഒന്നും എത്തിയിട്ടില്ല.

ആരുടെ സിനിമയാണ്?
മധ്യമ പ്രവര്‍ത്തകനായ രജീഷ് രഘുനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. സിനിമയുടെ രചയിതാവും അദ്ദേഹമാണ്.

അഭിനയമോഹം ഉള്ളയാളാണോ അരുണ്‍ ഗോപി?
അഭിനയത്തെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടു തന്നെയില്ല. രജീഷ് പറഞ്ഞ കഥ എനിക്ക് ഇഷ്ടപ്പെട്ടു. മറ്റ് വര്‍ക്കുകളൊന്നും കമിറ്റ് ചെയ്യാതെ നില്‍ക്കുന്ന സമയായിരുന്നു. എന്നെയൊരു നടനായി അദ്ദേഹത്തിനു വേണമെന്നു പറഞ്ഞു. നല്ല സിനിമ സംഭവിക്കുക എന്നതാണല്ലോ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ആ തരത്തില്‍ ഞാന്‍ ആ സിനിമയെ സമീപിച്ചു എന്നേയുള്ളു. എന്തു ചെയ്യണമെന്ന് പൂര്‍ണമായ തീരുമാനത്തിലൊന്നും എത്തിയിട്ടില്ല.

ഒരു നവാഗത സംവിധായകന്‍ എന്ത് കൊണ്ട് താങ്കളെ അഭിനയത്തിനായി സമീപിച്ചു എന്നു ചിന്തിച്ചിരുന്നുവോ?
സത്യം പറഞ്ഞാല്‍ അരുണ്‍ ഗോപി എന്ന സംവിധായകനെ സംബന്ധിച്ചടത്തോളം അയാള്‍ക്ക് കിട്ടിയ ഏറ്റവും വലിയ മൈലേജ് അയാളെ ചുറ്റി പറ്റിയുള്ള വിവാദങ്ങളില്‍ നിന്നു തന്നെയായിരുന്നിരിക്കണം. രാമലീല എന്ന സിനിമ വിവാദങ്ങളുടെ ചുവടു പിടിച്ചല്ല വന്നിരുന്നതെങ്കില്‍ പോലും അതൊരു നല്ല സിനിമയായതുകൊണ്ട് ശ്രദ്ധിക്കപ്പെടുമായിരുന്നു. പക്ഷേ, സംവിധായകന്‍ ഇത്രത്തോളം ശ്രദ്ധിക്കപെടണമെന്നില്ല. യാഥാര്‍ഥ്യമാണ് ഞാന്‍ പറഞ്ഞത്. അത്തരത്തിലൊരു വിവാദങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഒരാള്‍, അയാളൊരു സിനിമയില്‍ അഭിനയിക്കുന്നു എന്നു പറയുമ്പോള്‍ വീണ്ടും ലഭിക്കാന്‍ പോകുന്ന മറ്റൊരു വാര്‍ത്താ പ്രാധാന്യത്തെ ആയിരിക്കണം സംവിധായകന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.

മലയാളത്തില്‍ സംവിധായകര്‍ പലരും അഭിനയരംഗത്തേക്ക് കടന്നു വരികയാണല്ലോ, എന്താണങ്ങനെയൊരു പ്രവണത?
സിനിമ പണ്ട് എല്ലാവര്‍ക്കും പ്രാപ്യമായ ഒരു മേഖലയല്ലായിരുന്നു. ഇന്നങ്ങനെയല്ല. ആര്‍ക്കും സിനിമ ചെയ്യാമെന്നുള്ള ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കാലം കഴിയും തോറും എല്ലാ മീഡിയത്തിന്റെയും കോംപ്ലിക്കേഷന്‍സും കുറഞ്ഞു കൊണ്ടേയിരിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ബേസിക് ആയിട്ട് ഇപ്പോള്‍ വേണ്ടത് നമുക്ക് ഇന്നകാര്യം ചെയ്യാനുള്ള സ്‌കില്‍ ഉണ്ടോ എന്നുള്ളത് മാത്രമാണ്. സ്‌കില്ലും അല്‍പം ഭാഗ്യവും ഉണ്ടെങ്കില്‍ സ്വാഭാവികമായും ആര്‍ക്കും സിനിമയിലേക്ക് കടന്നു വരമെന്നുള്ള അവസ്ഥയാണ് ഇപ്പോള്‍. സിനിമയില്‍ ഓരോ തൊഴിലും ഓരോ ആളുകള്‍ക്കായി മാറ്റി വെച്ച ക്രൈറ്റീരിയ മാറിയതിന്റെ ഭാഗമായിട്ടായിരിക്കാം സാങ്കേതിപ്രവര്‍ത്തകരായവരും അഭിനയത്തിലേക്ക് കടന്നു വരുന്നത്. പിന്നെ എല്ലാവരുടെയും ഉള്ളില്‍ ഉണ്ട് ഒരു സിനിമാ മോഹിയായ ആള്‍. സിനിമ ആദ്യം നമ്മളെ സ്വാധീനിക്കുന്നത് അഭിനേതാക്കളിലൂടെയാണ്. നമ്മുടെ ഉള്ളില്‍ സിനിമാമോഹം വളരുമ്പോഴായിരിക്കും ടെക്‌നിക്കല്‍ വശത്തെ കുറിച്ചൊക്കെ ആലോചിക്കുന്നതും ടെക്‌നീഷ്യന്‍സിനെ മനസ്സിലാക്കുന്നതും.

രാമലീല നേരിട്ട പ്രതിസന്ധിയുടെ മറ്റൊരു രൂപമാണ് റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി ഇപ്പോള്‍ നേരിടുന്നത്. ഇത്തരം പ്രതികരണങ്ങളെ എങ്ങനെ നോക്കി കാണുന്നു?
വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണ്. വാര്‍ത്തകള്‍ നമുക്ക് ഇപ്പോള്‍ കാണാന്‍ കിട്ടുന്നില്ല. എല്ലായിടത്തും വിവാദങ്ങള്‍ മാത്രമാണുള്ളത്. ഏതൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എടുത്തു കഴിഞ്ഞാലും ഏതൊരു ന്യൂസ് ചാനല്‍ വച്ചു കഴിഞ്ഞാലും അവിടെയെല്ലാം വിവാദങ്ങള്‍ മാത്രമേയുള്ളൂ. എങ്ങും തന്നെ വാര്‍ത്തകളെ കിട്ടാനില്ല. ഒരു വാര്‍ത്തയ്ക്കുള്ളില്‍ നമുക്കെന്തു വിവാദം കണ്ടെത്താന്‍ പറ്റും, ആ വിവാദത്തെ നമുക്കെങ്ങനെ ഡിബേറ്റ് ആക്കാന്‍ പറ്റും, അതെങ്ങനെ വില്‍ക്കാം എന്നു മാത്രം ചിന്തിക്കുന്ന ഒരു പുതിയതരം ട്രെന്‍ഡ് ക്രിയേറ്റ് ചെയുന്ന ഒരു അവസ്ഥയിലേക്ക് ആണ് മാധ്യമപ്രവര്‍ത്തനം പോയിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് ഈ വിവാദങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുന്നത്. നെഗറ്റീവ് ഷേഡുകളുള്ള ന്യൂസുകള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നാലേ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റോഷ്‌നി ദിനകറിന്റെ സിനിമക്ക് ഡിസ്‌ലൈക്ക് കിട്ടി എന്നത് അവനെ ബാധിക്കുന്ന കാര്യമല്ല. ഒരു ലക്ഷം പേര്‍ ഡിസ് ലൈക്ക് അടിക്കുന്ന സമയത്ത് അത് കാണുന്ന 10 ലക്ഷം പേര്‍ ഉണ്ടാകും. അതില്‍ 9 ലക്ഷം പേരും ഡിസ്‌ലൈക് അടിച്ചിട്ടില്ല. പക്ഷെ ഭൂരിപക്ഷത്തെ പറ്റിയല്ല ഇവിടെ ചര്‍ച്ച ചെയുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള ന്യൂനപക്ഷത്തെ പറ്റിയാണ്. അത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നം ആയി കൊണ്ടിരിക്കുകയാണ്. നമ്മുടെ മീഡിയ ചര്‍ച്ച ചെയുന്ന പലകാര്യങ്ങളും ഒരു ഉപയോഗവും ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചാണ്. ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ. റോഷ്‌നി ദിനകര്‍ എന്ന സംവിധായികയ്ക്ക് നേരെയല്ല പ്രതിഷേധം ഉണ്ടാകുന്നത്. അതിനകത്ത് അഭിനയിച്ച ഒരു നടിയുടെ പരാമര്‍ശത്തിനെതിരെയാണ്. ആ പരാമര്‍ശത്തിന് എതിരെ വരുന്ന ഡിസ്‌ലൈക്കിനെ അങ്ങനെ തന്നെ കാണുക. മൈ സ്റ്റോറി എന്ന സിനിമ നല്ലതാണെങ്കില്‍ ഇപ്പോഴത്തെ ഡിസ്‌ലൈക്കുകള്‍ ലൈക്കുകള്‍ ആയി മാറാന്‍ വലിയ സമയം ഒന്നും വേണ്ട.

രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം?
ആലോചനകള്‍ നടക്കുന്നുണ്ട്. രാമലീലയ്ക്കു ശേഷം മറ്റൊരു സിനിമ എന്നുപറയുന്നത് ഭാരപ്പെട്ട ഉത്തരവാദിത്വം തന്നെയാണ്. ആ ഉത്തരവാദിത്വത്തെ എങ്ങനെ ഫലപ്രാപ്തിയില്‍ എത്തിക്കാമെന്ന ചിന്തയുമായി നടക്കുകയാണ് ഞാന്‍.

ദിലീപ് രാമലീല കണ്ടതിനുശേഷം എന്ത് പറഞ്ഞു?
അദ്ദേഹത്തിന് സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. എന്നെ അഭിനന്ദിച്ചു. അതിലെ ഓരോരുത്തരെയും പേഴ്‌സണലി അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു. ഒരു നടനെന്ന നിലയില്‍ അദ്ദേഹം എല്ലാ സിനിമയോടും ചെയ്യുന്ന കാര്യമാണ് അത്. അത് തന്നെ ഇവിടെയും ചെയ്തു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍