UPDATES

സിനിമ

ഇഷ്ക് പ്രണയകഥയാണ്, പക്ഷേ പ്രണയം മാത്രമല്ല- സംവിധായകന്‍ അനുരാജ് മനോഹർ/അഭിമുഖം

നാലാം ക്ലാസ് മുതൽ സി ക്ലാസ് തീയേറ്ററുകളിൽ എല്ലാ സിനിമകളും വല്യച്ഛന്റെ കൈ പിടിച്ചു നടന്ന്‌ പോയി സിനിമ കണ്ട്‌ തുടങ്ങിയ ആളാണ് ഞാൻ

പുതുമയാർന്ന പ്രമേയങ്ങൾക്കും പുതുമയാർന്ന അവതരണങ്ങൾക്കും എന്നും മനസ്സറിഞ്ഞ് കൈയ്യടിച്ചിട്ടുള്ളവരാണ് മലയാളികൾ. അത്തരത്തിൽ പുതുമകളുമായ്‌ വന്നിട്ടുള്ള നവാഗതർ എല്ലാം തന്നെ മലയാള സിനിമയിൽ തങ്ങളുടേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയിട്ടുള്ളവരാണ്‌. ഒരു വെള്ളിയാഴ്ച മതി സിനിമയിൽ ഒരുത്തന്റെ ജിവിതം മാറാൻ എന്ന്‌ പറയാറുണ്ട്‌, അങ്ങനെ ഈ വെള്ളിയാഴ്ച ഒരു നവാഗതൻ കൂടി മലയാളത്തിൽ അരങ്ങേറുകയാണ് അനുരാജ് മനോഹർ. എതൊരു തുടക്കകാരനെയും പോലെ കഷ്ടപ്പെട്ട്, കാത്തിരുന്ന്‌ വ്രതം നോറ്റ് ഇഷ്‌ക് എന്ന ആദ്യ സിനിമ ചെയ്യാൻ ഇറങ്ങിയപ്പോൾ അനുരാജിന് ഒപ്പം നിന്നത്‌ യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നായകൻ ഷെയിൻ നിഗവും, പുത്തൻ ചിന്തകൾക്ക്‌ എന്നും വഴികാട്ടിയിട്ടുള്ള നിർമ്മാതാക്കൾ E4 എന്റർടൈൻമെന്റും ആണ്‌. പിന്നിട്ട വഴികളെ കുറിച്ചും ഇഷ്‌ക് എന്ന ആദ്യ സിനിമയെ പറ്റിയും നമ്മളോട്‌ മനസ്സ്‌ തുറക്കുകയാണ് അദ്ദേഹം.

എന്താണ്‌ ഇഷ്‌ക്?

ഇഷ്‌ക് ഒരു പ്രണയത്തിന്റെ കഥയാണ്‌. ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന, പ്രണയവുമായി ബന്ധപ്പെട്ട മറ്റു വികാരങ്ങൾ ചർച്ച ചെയ്യുന്ന, സോഷ്യലി റെലവന്റ്‌ ആയ ചില പ്രശ്‌നങ്ങൾ സംസാരിക്കുന്ന ഇന്നത്തെ കാലത്തെ സിനിമയാണ്‌.

എന്തുകൊണ്ട്‌ ഇഷ്‌ക് ആദ്യ ചിത്രമായി തിരഞ്ഞെടുത്തു?

നമ്മൾ ഒരുപാട് കഥകൾ കേൾക്കുന്നതിനിടയിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്‌ നമ്മൾക്ക്‌ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥകൾ ആയിരിക്കും. അത്തരത്തിലുള്ള ഒരു കഥാപശ്ചാത്തലവും പരിസരവും ഇഷ്‌കിന്റെ കഥ പറച്ചിലിൽ ഉണ്ടായിരുന്നു. മാത്രമല്ല പല സ്ഥലത്തും കഥാപാത്രങ്ങളുമായി ബന്ധപെട്ടിട്ടുള്ള പല സംഭവങ്ങളും എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. അങ്ങനെ ഉള്ളതുകൊണ്ട് തന്നെയാണ്‌ ഇഷ്‌ക് ആദ്യ സിനിമയായി തിരഞ്ഞെടുത്തത്.

ഇഷ്കിന്റെ തുടക്കം എങ്ങനെയായിരുന്നു?

ഇഷ്കിന്റെ പ്ലോട്ട് ഒരു മൂന്ന് വർഷം മുൻപാണ് ഞാൻ ആദ്യമായി കേൾക്കുന്നത്‌. രതീഷേട്ടൻ ഇത്‌ ആദ്യം എന്നോട്‌ പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക്‌ തോന്നിയത് ഓക്കേ എന്ന്‌ മാത്രമാണ്. പിന്നീട് അതിന്റെ ഒരു വേദന, ഇമോഷണൽ കോൺഫ്ലിക്റ്റ്സ് ഒക്കെ രണ്ട്‌ ദിവസം കഴിഞ്ഞാണ് പതുക്കെ പതുക്കെ എനിക്ക്‌ ഫീൽ ആയി തുടങ്ങിയത്‌. അങ്ങനെ തന്നെയായിരിക്കും നിങ്ങൾക്ക് ഈ സിനിമ കാണുമ്പോഴും, സിനിമ കണ്ടു കഴിഞ്ഞ് തീയേറ്റർ വിട്ടിറങ്ങുമ്പോഴാവും ഈ കഥയുടെ ഇമ്പാക്റ്റ്‌ നമുക്ക് മനസിലാവുന്നത്. അത്തരം ഒരു പ്രത്യേകത ഈ വിഷയത്തിനുണ്ട്,അതായിരുന്നു തുടക്കവും.

കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള ഒരു കഥയാണോ ഇഷ്‌കിന്റെത്?

ഈ കഥ അത്രയേ ആവശ്യപ്പെടുന്നുള്ളൂ. കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള അഭിനേതാക്കൾ ഈ സിനിമയിലുണ്ട്‌. അവർക്ക്‌ കൊടുത്തിട്ടുള്ള സ്പേസ് കൃത്യമായി അവർ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട്‌ ഈ പറയുന്ന പോലെ നമ്പർ ഓഫ് ആർട്ടിസ്റ്റിന്റെ ഒരു കുറവ്‌ ഈ സിനിമയിൽ ഫീൽ ചെയ്യില്ല, അതുറപ്പാണ്.

നോട്ട് ഏ ലവ് സ്റ്റോറി എന്നാണ്‌ ഇഷ്കിന്റെ ടാഗ്‌ലൈൻ,ശരിക്കും പ്രണയത്തിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ആണോ ഇഷ്‌ക്?

സിനിമയ്ക്ക് ഒരു രാഷ്‌ട്രീയം എന്തായാലും ഉണ്ട്‌. ഇഷ്‌ക് എന്ന പേര്‌ ഞങ്ങൾ തിരഞ്ഞെടുത്തത്തിന്റെ കാരണം ഈ കഥ പറയാൻ പ്രണയത്തിന്റെ പശ്ചാത്തലം നമുക്ക്‌ ആവശ്യമുണ്ടായിരുന്നു. പ്രണയത്തിനുമപ്പുറം സ്നേഹിക്കപ്പെടുമ്പോൾ അതിന്റെ ചുറ്റുമുള്ള വികാരങ്ങൾ ഉണ്ടല്ലോ – വിരഹം, കാമം, ഈഗോ ക്ലാഷ്, പൊസ്സസ്സീവ്നെസ്, ഇങ്ങനെ അതിന്റെ പരിസരത്തുള്ള ഇത്തരം വികാരങ്ങളെ കൂടെ ചർച്ച ചെയ്യുന്ന സിനിമ ആയതുകൊണ്ടാണ് “നോട്ട് ഏ ലവ് സ്‌റ്റോറി” എന്ന ടാഗ്‌ലൈൻ ഇടാൻ തീരുമാനിച്ചത്. പ്രണയം അല്ല ഇതിന്റെ കണ്ടന്റ്, പക്ഷേ പ്രണയം ഇല്ലാതെ ഈ കഥ പറയാനും പറ്റില്ല.

തന്നേക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നായകനാണ് ഷെയിൻ. ഇഷ്‌കിലെ സച്ചിദാനന്ദൻ ആകാൻ വന്നപ്പോൾ ഷെയ്‌നിൽ എത്രത്തോളം മാറ്റം വരുത്തിയിട്ടുണ്ട്?

ഇത്‌ ഷെയ്‌നിന്റെ ഏജ് ഗ്രൂപ്പിലുള്ള കഥയാണ്‌. അതുകൊണ്ട്‌ അത്ര ബുദ്ധിമുട്ടോടെ അഭിനയിക്കേണ്ടി വന്നിട്ടില്ല അവന്‌. പിന്നെ പെർഫോർമൻസ് വച്ചാണെങ്കിൽ ഓരോ നിമിഷവും നമ്മൾ ഫീഡ് ചെയ്ത് കൊടുക്കുന്ന സാധനം റിഫ്ലെക്റ്റ് ചെയ്ത് വരുന്ന രീതിയിലാണ് അവൻ പെർഫോം ചെയ്തിരിക്കുന്നത്. ചെയ്യുന്ന കഥാപാത്രം വളരെ ഉൾക്കൊണ്ട് ചെയ്യുന്ന ആക്ടർ ആണ്‌ ഷെയിൻ. വളരെ കുറച്ചു പേരെ ഉളളൂ മലയാളത്തിൽ അങ്ങനെ,അപ്പോ ആ ക്യാരക്ടർ വിട്ട് പോകാനുള്ള ബുദ്ധിമുട്ട് അവനുണ്ടായിരുന്നു. അങ്ങനെ മെന്റലി അവൻ നല്ല സ്ട്രെസ്സ്ഡ് ആയിരുന്നു. പറയുമ്പോ തള്ളാണെന്നു പറയും, കഴിഞ്ഞ ന്യൂ ഇയർ രാത്രി 12 മണിക്ക് ഞങ്ങൾ ഷൂട്ട് ചെയ്തോണ്ടിരുന്ന സമയത്ത് അവൻ ബോധംകെട്ട് വീണു. അങ്ങനെ ഈ ന്യൂ ഇയർ ഞങ്ങൾക്ക്‌ ആശുപത്രിയിൽ ആഘോഷിക്കേണ്ടി വന്നു. അത്തരത്തിൽ ഒരുപാട്‌ ഹാർഡ്‌വർക് ഷെയിൻ ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്.

ഒരു സിനിമയിൽ മാത്രം കണ്ട മുഖം ആണ്‌ ആൻ ശീതളിന്റേത്. ഇഷ്‌കിലേക്ക്‌ ആൻ എത്തിയതിനെ പറ്റി പറയാവോ?

നമുക്ക്‌ ഒരു ഫ്രഷ് ഫേസ് വേണം എന്നുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത കുറച്ചു ആൾക്കാരെ വിളിച്ചു വരുത്തി അവരുമായി നമ്മുടെ കണ്ടന്റ് സംസാരിച്ച്, ചില സീനുകൾ ഒക്കെ അഭിനയിപ്പിച്ചു നോക്കുക ഒക്കെ ചെയ്‌തിരുന്നു. അങ്ങനെയാണ് ആൻ വരുന്നത്‌. നമ്മൾ പറഞ്ഞ് കൊടുക്കുന്ന സാധനം കൃത്യമായി ചെയ്യാൻ ആനിന് സാധിക്കും എന്ന ബോധ്യം വന്നതിന്‌ ശേഷമാണ്‌ നമ്മൾ ആനിനെ ഫിക്സ് ചെയ്യുന്നത്‌. ആൻ അത്‌ മനോഹരമായി ചെയ്തിട്ടുമുണ്ട്.

ആദ്യ ചിത്രത്തിലേക്ക് ഒപ്പം കൂട്ടിയ ടീമിനെ പറ്റി?

ഇഷ്‌കിൽ എന്റെ ഏറ്റവും വലിയ ബാക്ക്ബോൺ ക്യാമറാമാൻ അൻസാർഷായാണ്. നിങ്ങൾക്ക് ഈ സിനിമ കാണുമ്പോൾ ഒരു ക്യാമറ എഫക്റ്റ് ഫീൽ ചെയ്യില്ല എന്നുള്ളത്‌ തന്നെയാണ്‌ അതിന്റെ ഏറ്റവും വലിയ പ്രത്യേകത. തൊണ്ടിമുതൽ ഒക്കെ എഡിറ്റ് ചെയ്ത കിരൺ ദാസ് ആണ്‌ ഇഷ്കിന്റെ എഡിറ്റർ. സംഗീതം ജേക്സ് ബിജോയ്,പിന്നെ ഗായിക ഗൗരി ലക്ഷ്മിയുടെ ഒരു പാട്ട് നമ്മൾ ഈ പടത്തിൽ യൂസ്‌ ചെയ്തിട്ടുണ്ട്. എന്റെ ഒപ്പം നിന്ന അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്, അസ്സോസിയേറ്റ് പ്രേംനാഥ് ഇവരൊക്കെ ആണ്‌ എന്റെ ടീം.

എത്തരത്തിലുള്ള വിഷയങ്ങൾ സിനിമ ആക്കാനാണ് ഇഷ്ടം?

എനിക്ക്‌ റിലേറ്റ് ചെയ്യാൻ സാധിക്കാത്ത വിഷയങ്ങൾ സിനിമ ആക്കാൻ എനിക്ക്‌ പറ്റില്ല. ഞാനുമായി സിങ്ക് ചെയ്യുന്നുണ്ടോ, എന്റെ കാഴ്ചപ്പാടുമായി റിലേറ്റ് ആവുന്നുണ്ടോ എന്നാണ്‌ നോക്കാറുള്ളത്. അങ്ങനെ ആയില്ലേൽ അതുമായി മുന്നോട്ട് പോകാറില്ല.

സിനിമയിലെ തുടക്കം എങ്ങനെ ആയിരുന്നു?

കണ്ണൂരിലെ കൈതപ്രം ആണ്‌ എന്റെ സ്വദേശം. അതൊരു സിനിമ പ്രദേശം ഒന്നുമല്ല. പിന്നീട് എഞ്ചിനീയറിംഗ് കഴിഞ്ഞു കൊച്ചിൻ ഷിപ്യാർഡിൽ ജോലിക്ക്‌ വന്നതാണ്. സിനിമ മോഹം ഉള്ളതുകൊണ്ട് വീട്ടിൽ ബഹളം ഒക്കെ ഉണ്ടാക്കി ബി ഉണ്ണികൃഷ്ണൻ സാറിന്റെ കൂടെ ത്രില്ലർ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയിട്ട് കൂടി.ശരിക്കും ത്രില്ലറിൽ 10 ദിവസം അപ്രന്റീസ് ആയിട്ടാണ്‌ നിന്നത്‌. അത്‌ കഴിഞ്ഞപ്പോ ഉണ്ണി സർ എന്നാ നീ വിട്ടോ എന്ന്‌ പറഞ്ഞു. ഞാൻ ഇങ്ങനെ തല ചൊറിഞ്ഞ് നിക്കുന്നത് കണ്ടപ്പോ പുള്ളി പറഞ്ഞു എന്നാ നീ ഈ കഴിഞ്ഞ 10 ദിവസത്തെ ജിവിതം ഒരു പേപ്പറിൽ എഴുതി കൊണ്ടുവാ, വായിക്കട്ടെ, എന്നിട്ട്‌ തീരുമാനിക്കാമെന്ന്. അങ്ങനെ ആ 10 ദിവസം ഏങ്ങനെയായിരുന്നു എന്ന്‌ ഞാൻ എഴുതി ഉണ്ണിസാറിനെ കാണിച്ചു. പുള്ളി അത്‌ വായിച്ചിട്ട് പൃഥ്വിരാജ്ന് കൊടുത്തു. പൃഥ്വിരാജ് വായിച്ചതിന് ശേഷം ഇവൻ നിൽക്കട്ടെ ഉണ്ണിയേട്ടാ എന്ന്‌ സാറിനോട് പറഞ്ഞു. അതായിരുന്നു സിനിമയിലെ തുടക്കം. അതിന്‌ ശേഷം ലിജോ ജോസ് പല്ലിശ്ശേരി,ശ്യാംധർ എന്നിവരുടെയും മറ്റ്‌ പല സംവിധായകാരുടെയും കൂടെ ഒക്കെ അസ്സോസിയേറ്റ് ആയി നിന്നു.

കൈതപ്രം പോലൊരു ഉൾപ്രദേശത്ത് നിന്നും വന്ന്‌ ഇന്ന്‌ മലയാള സിനിമയിൽ ഒരു സംവിധായകനായി തുടക്കം കുറിക്കുമ്പോൾ എന്താണ് മനസ്സിൽ?

നാലാം ക്ലാസ് മുതൽ സി ക്ലാസ് തീയേറ്ററുകളിൽ എല്ലാ സിനിമകളും വല്യച്ഛന്റെ കൈ പിടിച്ചു നടന്ന്‌ പോയി സിനിമ കണ്ട്‌ തുടങ്ങിയ ആളാണ് ഞാൻ. പിന്നീട്‌ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, കണ്ട സിനിമയുടെ ബാക്കി സ്വപ്നം കാണാൻ തുടങ്ങി. ആ സിനിമയിലെ കഥാപാത്രങ്ങൾ പിന്നെ എന്തായി കാണും എന്നൊക്കെയുള്ള ചിന്തകൾ ആയി. പിന്നീട്‌ സിനിമ എന്നത് മാത്രമായി മോഹം. അതിന്റെ വഴികൾ, പിന്നിട്ട കഷ്ടപ്പാടുകൾ ഒന്നും ഇപ്പോ പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ സിനിമ ചെയ്യും എന്നുള്ള ഒരു ആത്മവിശ്വാസവും, തന്റേടവും, ധൈര്യവും എനിക്കുണ്ടായിരുന്നു. അതിപ്പോ കൈതപ്രത്ത് നിന്നല്ല ഉഗാണ്ടയിൽ നിന്നാണേലും നമ്മൾ തീരുമാനിച്ചു കഴിഞ്ഞാൽ നടക്കാത്തതായി ഒന്നുമില്ല, അതിന്റെ ഏറ്റവും ചെറിയ എക്‌സാംപിൾ ആണ്‌ ഞാൻ.

മാധ്യമപ്രവർത്തകയാണല്ലോ ഭാര്യ, അവരുടെ വരവ്‌ സിനിമയിലും ജീവിതത്തിലുമുള്ള കാഴ്ചപാടുകൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടോ?

മാധ്യമപ്രവർത്തക ആയിട്ടല്ല അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്‌, ശരിക്കും ഞാൻ വന്നതിന്‌ ശേഷമാണ്‌ അവൾക്ക്‌ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്നാണ്‌ എനിക്ക്‌ തോന്നുന്നത് (ചിരി). ഭാര്യ എന്നതിനപ്പുറം തോളിൽ കൈയ്യിട്ട് നടക്കുന്ന സുഹൃത്തുക്കളായിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ശ്യാമിലിയുടെ ഒരു സപ്പോർട്ട് ഭീകരമാണ്, പലയിടത്തും അവൾ വിളിച്ചു പറഞ്ഞ് പടത്തിനെ പ്രൊമോഷൻ ചെയ്യുന്നുണ്ട്. ഞാൻ ഇത്തിരി ഡൗൺ ആയി ഇരിക്കുമ്പോഴൊക്കെ, കേറി വാ എന്ന്‌ പറഞ്ഞ് നമ്മളെ പിടിച്ചു കയറ്റുന്ന ഒരു എനർജി ഉണ്ട്‌ ശ്യാമിലിക്ക്‌. ശരിക്കും ജീവിതത്തിലും ഇഷ്‌ക് തന്നെയാണ്‌ (ചിരി).

Read More: തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍