UPDATES

സിനിമ

ഫഹദ് പകര്‍ന്നാടുകയായിരുന്നു, ഞെട്ടിച്ചത് സൗബിന്‍; കുമ്പളങ്ങിയുടെ സംവിധായകന്‍ മധു സി നാരായണന്‍/അഭിമുഖം

ഞങ്ങളൊക്കെ ഒറ്റ കൂട്ടുകെട്ടാണെങ്കിലും വെവ്വേറെ ശൈലിക്കാരാണ്

അനു ചന്ദ്ര

അനു ചന്ദ്ര

പട്ടിയെയും പൂച്ചയെയും കൊണ്ട് കളയാന്‍ മാത്രം ആളുകള്‍ പോകുന്ന ‘തീട്ടപ്പറമ്പുള്ള’ ഒരു കൊച്ചു തുരുത്തിലെ, കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ ജീവിതത്തെക്കുറിച്ച്, പ്രതിനായകൻ ഷമ്മിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകന്‍ മധു സി. നാരായണൻ.

കുമ്പളങ്ങി നെറ്റ്സിന്റെ ബ്രില്യൻറ്‌സ് ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾ ആർക്കു കൂടിയാണ് പകുത്തു നൽകുന്നത്?

തീർച്ചയായും എഴുത്തുകാരനായ ശ്യാം പുഷ്ക്കരനു തന്നെയാണ് ആ ബ്രില്യൻറ്‌സ് പകുത്തു നൽകുന്നത്. ഞങ്ങൾ മുൻപേ തന്നെ ഒരുമിച്ച് വർക്ക് ചെയ്യുന്നവർ ആയിരുന്നു. ഡാഡി കൂൾ മുതൽ ഞാൻ ആഷിക്ക് അബു ചേട്ടനോടൊപ്പം അസ്സോസിയേറ്റ് ആയി കൂടെയുണ്ട്. രണ്ടാമത്തെ സിനിമയായ സാൾട്ട് ആൻഡ്‌ പെപ്പറിലൂടെയാണ് ശ്യാം പുഷ്ക്കരൻ ആദ്യമായി വരുന്നത്. അതിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് വർക്ക് ചെയുന്നത്. പിന്നെ 22 ഫീമെയിൽ കോട്ടയം സിനിമ വന്നപ്പോ അതിന്റെ അസോസിയേറ്റായി ദിലീഷ് പോത്തനും എത്തി.അങ്ങനെ ഞങ്ങൾ എല്ലാം പത്തു വർഷത്തോളമായി ആഷിക്ക് ഏട്ടനോടൊപ്പം വർക്ക് ചെയ്യുന്ന ആളുകളാണ്. അതു കഴിഞ്ഞ് ദിലീഷേട്ടൻ മഹേഷിന്റെ പ്രതികാരത്തിൽ സ്വതന്ത്ര സംവിധായകനായി വർക്ക് ചെയുന്ന സമയത്ത് ഞാൻ അതിൽ വർക്ക് ചെയ്തു. പിന്നെ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിൽ വർക്ക് ചെയ്തു. അതിനു ശേഷമാണ് കുമ്പളങ്ങി എന്ന കഥ ഡെവലപ്പ് ചെയ്ത് ഞാനും ശ്യാമും ഇതിലേക്ക് വരുന്നത്. ഒരു ഘട്ടത്തിൽ പ്രൊഡ്യൂസ് ചെയ്യാനായി പോത്തൻ തന്നെ മുൻപോട്ടു വരികയായിരുന്നു. അങ്ങനെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം

മഹേഷേട്ടൻ ആള് ലോലനാണ്, പക്ഷെ ഷമ്മി അങ്ങനെയല്ലല്ലോ?

ഫഹദ് ചെയുന്ന പ്രതിനായക കഥാപാത്രമാണ് കുമ്പളങ്ങിയിലെ ഷമ്മി. ഷമ്മി എന്നു പറയുന്നത് ഒരു ശരാശരി മലയാളിപുരുഷനെ പ്രതിനിധീകരിക്കുന്ന ആളു തന്നെയാണ്. നമ്മൾ ആണുങ്ങളുടെ ഉള്ളിലെല്ലാം ഒരു ഷമ്മി ഉണ്ടെന്ന് തോന്നുന്നു ഒരുപരിധി വരെ. അത് അധികം ഒന്നും പുറത്തു വരുന്നില്ല എന്നു മാത്രം. പക്ഷെ ഏതെങ്കിലും ഒക്കെ ഒരു നിമിഷത്തിൽ പല രൂപങ്ങളിലായിട്ടത് പുറത്തു വരാറുണ്ട്. എല്ലാവർക്കും അത് അനുഭവം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെയാകാം ആ കഥാപാത്രത്തെ കുറെ കൂടി റിലേറ്റ് ചെയ്യാൻ പറ്റിയത് എന്നു തോന്നുന്നു. അല്ലാതെ ഭയങ്കരമായ വില്ലനോ അല്ലെങ്കിൽ ദുഷ്ടനോ ഒന്നുമല്ല ഷമ്മി. പക്ഷെ ഷമ്മിയെ രൂപപ്പെടുത്തുന്നതിന് ഈ സമൂഹത്തിന് വലിയൊരു പങ്കുണ്ട് എന്നു തന്നെ കരുതുന്നു. ഷമ്മി ടിപ്പിക്കൽ വില്ലനല്ല. നമ്മുടെ ഇടയിൽ ഒക്കെയുള്ള അല്ലെങ്കിൽ നമ്മൾ തന്നെ എന്നു പറയാവുന്ന ഒരാൾ തന്നെയാണ് ഷമ്മി. എന്നാൽ ഷമ്മിക്ക് വലിയ വലിയ സീനുകൾ ഒന്നും തന്നെയില്ല. ചെറിയ ചെറിയ കാര്യങ്ങളിലൂടെ തന്നെ ഇയാൾ എന്താണെന്ന് വ്യക്തമാക്കുകയാണ്. ഫഹദിന് അത് അത്രയും സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു, അത് വളരെ നന്നായി ആളുകളിൽ എത്തിക്കാനും പറ്റി.

കഥയിലും നിർമ്മാണത്തിലും ദിലീഷും ശ്യാമും കൈവെക്കുമ്പോൾ എത്രമാത്രം ആത്മവിശ്വാസം ഉണ്ടായിരുന്നു?

ഒരു നല്ല സിനിമയായിരിക്കും ഇത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അതിന്റെ വിജയം എന്നു പറയുന്നത് വേറെ കുറെ കാര്യങ്ങളെ കൂടി സംബന്ധിക്കുന്നത് ആയതുകൊണ്ട് ഇപ്പൊ കിട്ടിയിരിക്കുന്ന ഈ വരവേൽപ്പും ആഘോഷവും കൂടുതൽ സന്തോഷം തരുന്നു. സത്യത്തിൽ നല്ലൊരു സിനിമ ആയിരിക്കും എന്ന് മാത്രമാണ് നമുക്കുണ്ടായിരുന്ന വിശ്വാസം. ഇപ്പൊ കിട്ടിയിരിക്കുന്നത് ആ വിശ്വാസത്തെയും മറികടന്ന് കൊമേഷ്യൽ ലെവലിൽ വലിയൊരു വിജയം കൂടിയാണ്. വളരെ സക്‌സസ്ഫുൾ ആയി തീയേറ്ററിൽ പോകുന്ന വിവരങ്ങൾ കിട്ടുന്നതിൽ സന്തോഷം.

പ്രതിനായകനായ ഷമ്മിയാണ് ആകെ മൊത്തം മുന്‍പിട്ടു നിൽക്കുന്നത്. എവിടെയാണ് ഫഹദ് ഫാസിൽ താങ്കളെ അത്ഭുതപ്പെടുത്തിയത്?

22 ഫീമെയിൽ കോട്ടയത്തിൽ ഞങ്ങൾ വർക്ക് ചെയുന്ന സമയത്തു തന്നെ നമ്മൾ നേരിട്ട് ഫഹദിന്റെ ഈയൊരു പകർന്നാട്ടത്തിന് സാക്ഷിയായിട്ടുണ്ട്. ആ സമയം മുതലേ ഫഹദ് നല്ല സുഹൃത്താണ്. അങ്ങനെ ഷമ്മിയെന്ന നെഗറ്റീവ് സൈഡ് ഉള്ള കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ തന്നെ പുള്ളി അത് വളരെ താത്പര്യത്തോടെ ഏറ്റെടുത്തു. പിന്നീട് ഇതിന്റെ പ്രൊഡക്ഷനിലേക്ക് പുള്ളി തന്നെ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുകയാണ് ഉണ്ടായത്. അതുകൊണ്ട് അത്രയും പ്രതീക്ഷയായിരുന്നു ആ കഥാപാത്രം. അതിൽ ഷമ്മിയുടെ ഭാര്യയും അനിയത്തിയും തമ്മിൽ അടുക്കളയിൽ വന്നു നിന്ന് എന്തോ സംസാരിക്കുമ്പോൾ ഷമ്മി അങ്ങോട്ട് വന്ന് എത്തിനോക്കുകയും, അവരെ നിരീക്ഷിച്ച ശേഷം എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നു. ആ സീൻ തുടങ്ങുന്ന പോലെ അല്ല അവസാനിക്കുന്നത്. വളരെ നിസാരമായി ചോദിക്കുന്ന ഒരു കാര്യം ചോദിച്ചു ചോദിച്ചു വേറെ ഒരു സ്ഥിതിയിലോട്ട് മാറുകയാണ് ചെയ്യുന്നത്. ഒരു ഡാർക്ക് സീനിലോട്ടു പുള്ളി എത്തുന്ന ഒരു സ്ഥിതി. വളരെ ശാന്തമായി തുടങ്ങി വലിയ ഭാവമാറ്റങ്ങൾ ഒന്നുമില്ലാതെ പുള്ളി അതേ ചോദ്യം ചോദിച്ചു ചോദിച്ച് നമ്മളെ ഒക്കെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഫഹദിന്റെ ആ പ്രകടനം കണ്ട് നമ്മളൊക്കെ ഞെട്ടി എന്നുള്ളതാണ് സത്യം.

ആണ്‍ രൂപത്തിന്റെ എല്ലാ അധികാരങ്ങളും കയ്യാളുന്ന പുരുഷന്മാർ മാത്രമല്ല,വ്യക്തിത്വമുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും അടയാളപ്പെടുത്തുന്നുണ്ട് ഈ സിനിമ

നമ്മുടെ ഈ സമൂഹത്തിൽ ഒരു അലിഖിത നിയമം പോലെ പലതും ഉണ്ട്. വീടുകളിൽ ആണെങ്കില്‍ ഒക്കെയും ഒരു ചെറിയ ലിമിറ്റ് എവിടെയോ സ്ത്രീകൾക്ക് വെച്ചിട്ടുണ്ട്. ഇതിൽ പക്ഷെ പലയിടത്തും അതിനെ പൊളിച്ചു മാറ്റുന്നുണ്ട് സ്ത്രീകഥാപാത്രങ്ങൾ. അതൊക്കെ വളരെ നിസാരമായ രീതിയിലാണ് നമ്മൾ വിവരിക്കുന്നത്.

അകന്ന മനസ്സുകൾ അടുക്കുമ്പോഴാണ് ഒരു കുടുംബം ഉണ്ടാകുന്നതെന്ന് ജീവിതം കൊണ്ട് കാണിച്ചു തരുന്ന കുമ്പളങ്ങിയിലെ നാലു സഹോദരന്മാരെ കുറിച്ച്?

നാലു സഹോദരന്മാരുടെ കഥ എന്നതായിരുന്നു നമ്മുടെ ആദ്യം തന്നെയുള്ള ഐഡിയ. ആ കഥയാണ് പിന്നീട് ഡെവലപ്പ് ചെയ്യുന്നത്. 4 സഹോദരന്മാർ എന്നുള്ളത് ഒരു അച്ഛന്റെയും അമ്മയുടെയും മക്കളല്ല. ഒരു പുറമ്പോക്കിൽ പ്രത്യേകരീതിയിൽ ജീവിക്കുന്ന അവരുടെ ഉള്ളിലും ഒരു തന്തയ്ക്കോ തള്ളയ്ക്കോ പിറന്നില്ലെങ്കിൽ കൂടിയും ഉണ്ട് സ്നേഹം. എന്നാൽ അത് അവർ ഒട്ടും പ്രകടമാക്കുന്നില്ല. എങ്കിൽക്കൂടി അവരിൽ ഉറപ്പായും സ്നേഹമുണ്ട് എന്നുള്ള സന്ദേശം തന്നെയാണ് ഈ സിനിമ മുൻപോട്ടു വെക്കുന്നത്. അങ്ങനെ നമ്മൾ ഇത്തരം ഒരു സന്ദേശം പറയാൻ ഉണ്ടാക്കിയതും ഒരു തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്ത സഹോദരന്മാരെയാണ്.

വിരഹനാകനായ ഷെയിനിന്റെ ഇമേജിനെ അപ്പാടെ മാറ്റി മറിച്ചു കൊണ്ട് പുതിയൊരു ഷെയിനിനെ ആണല്ലോ നമുക്ക് പരിചയപ്പെടുത്തുന്നത് ഈ സിനിമയിലൂടെ?

ഞങ്ങൾക്ക് ഭയങ്കരമായ ആത്മവിശ്വാസമായിരുന്നു അഭിനയത്തിൽ ഷെയിനിനെ ഈ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുമെന്നതിൽ. ഷെയിൻ ചെയ്യുന്നതെല്ലാം ഡിപ്രെസ്സിവ് ആയിട്ടുള്ള കഥാപാത്രങ്ങൾ ആയിരുന്നു. പക്ഷെ പറവയിൽ ഫ്ലാഷ് ബാക്ക്, ചില സീനുകൾ, അയാൾ ചിരിക്കുന്ന ചില ഭാഗങ്ങൾ ഒക്കെ കണ്ടപ്പോൾ തോന്നി ഷെയിനിനെ മുഴുനീള ഓണ്‍ ആയിട്ടുള്ള ഒരു ഫ്രീക്കൻ പയ്യൻ ആയിട്ട് മാറ്റണമെന്ന്. പിന്നെ തീർച്ചയായും, ഷെയിൻ ഭയങ്കരമായ പൊട്ടൻഷ്യൽ ഉള്ള ഒരു നടനാണ്. അതുകൊണ്ട് അയാൾക്കെന്തും സാധ്യമാകും എന്ന് നമ്മള്‍ക്കുറപ്പായിരുന്നു.

ഇന്ത്യയിലെ ആദ്യ മോഡൽ ടൂറിസ്റ്റ് ഗ്രാമം കൂടിയാണ് കുമ്പളങ്ങി

കുമ്പളങ്ങിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ ശ്യാം പുഷ്‌കരന്റെ കൈയിൽ നിന്നാണ്. കുമ്പളങ്ങിയെക്കുറിച്ച് പുള്ളി പറഞ്ഞിരുന്നു, ആദ്യത്തെ ടൂറിസ്റ്റ് വില്ലേജ് ആണ് എന്ന്. അങ്ങനെ ഞാനും ശ്യാമും ഒക്കെയും വർഷങ്ങൾക്ക് മുമ്പ് തന്നെ കുമ്പളങ്ങിയിൽ പോയി. ശ്യാമിന് കുറേ അടുത്ത സുഹൃത്തുക്കളുണ്ട് കുമ്പളങ്ങിയിൽ. അങ്ങനെ ഞങ്ങൾ അവിടെ ഒരുമിച്ച് ഒരു വട്ടം കറങ്ങി കുമ്പളങ്ങി എല്ലാം കണ്ടു. അങ്ങനെ ഈ സഹോദരന്മാരുടെ കഥയും അതേ കുമ്പളങ്ങിയിൽ വച്ചു തന്നെ പറയാം എന്ന രീതിയിൽ ഞങ്ങൾ മുന്നോട്ടു പോവുകയായിരുന്നു. അങ്ങനെ ഈ സിനിമയ്ക്ക് മുൻപ് ഒരു ഒന്നൊന്നര വർഷങ്ങളോളം ഞങ്ങൾ അവിടെ താമസിച്ചു, അവിടെ നിന്ന് തന്നെ പ്രധാനകഥാപാത്രങ്ങൾ അല്ലാത്ത ബാക്കി എല്ലാവരേയും തന്നെ ഓഡിഷനിലൂടെ കണ്ടെത്തി. കുമ്പളങ്ങിയിൽ അറിയാൻ ഒരു സ്ഥലവും ഇനി ബാക്കിയില്ല ഞങ്ങൾക്ക്. അത്രമാത്രം കുമ്പളങ്ങി ഞങ്ങളുടേതായി കഴിഞ്ഞു.

സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കുമ്പളങ്ങിയിലെ സജിയെന്നു തന്നെ പറയാം

ഈ സജി എന്ന കഥാപാത്രം സൗബിന് കൊടുത്ത് കുമ്പളങ്ങിയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ സൗബിൻ സജിയായി മാറുന്നതും, സജി സൗബിനിലൂടെ പുറത്തോട്ട് പൂർണ്ണമായി വരുന്നതും ഒരു അത്ഭുതകരമായ കാഴ്ചയായിരുന്നു. ആ കഥാപാത്രം സൗബിന്റെ കൈയിൽത്തന്നെ എത്തിയത് വലിയൊരു ഭാഗ്യമാണ്. എല്ലാവരെയും അതിശയിപ്പിച്ചു സൗബിൻ.

അന്നബെൻ എന്ന പുതുമുഖ നായികയിൽ എത്താൻ കാരണം?

ഒരു പുതിയ നായിക ആയിരിക്കണം സിനിമക്ക് ആവശ്യം എന്ന് നമുക്ക് തോന്നി. ഞങ്ങൾ അതിനു വേണ്ടി ഒരു ഓഡിഷൻ കോൾ അറിയിച്ചിരുന്നു. അതുകണ്ട് ഒരുപാട് കുട്ടികൾ വന്നു. അവസാനം വന്നിട്ടുള്ള നാലഞ്ചുപേരിൽ ഈ അന്നബെൻ ഉണ്ടായിരുന്നു. അങ്ങനെ ഫൈനലായി ആ കുട്ടിയിലേക്ക് ആ കഥാപാത്രം എത്തി. ഓഡിഷനിൽ അത്ര മികച്ച പ്രകടനമായിരുന്നു അന്ന കാഴ്ച വെച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നസ്രിയ ആദ്യമായി നിർമ്മാണ സംരംഭത്തിലേക്ക് മാറിയിരിക്കുകയാണല്ലോ ഈ സിനിമയിലൂടെ?

നസ്രിയ ഭയങ്കര ഫ്രണ്ട്ലി ആണ്, അതുപോലെ ഭയങ്കര രസകരവും. നസ്രിയ മാത്രമല്ല, എല്ലാവരും. ഞാൻ പല സിനിമകളിലും അസോസിയേറ്റ് ആയിട്ട് വർക്ക് ചെയ്തു എങ്കിൽ കൂടിയും സിനിമയെ കുറിച്ചുള്ള ആശങ്കകൾ പോലും ഇല്ലാതെയായത് ഇവരുടെയെല്ലാം സഹകരണം കൊണ്ടാണ്. പ്രൊഡക്ഷനിൽ നിന്ന് അത്രയും ഒരു സപ്പോർട്ടാണ് എനിക്ക് തന്നിട്ടുള്ളത്.

പ്രത്യക്ഷമായും പരോക്ഷമായും ഗുരു ആഷിക് അബുവിന്റെ സഹകരണം എത്രമാത്രം ഉണ്ടായിരുന്നു ഈ സിനിമയിൽ?

ഞാൻ ആഷിക് അബുവിന്റെ കൂടെ മാത്രമേ വർക്ക് ചെയ്തിട്ടുള്ളൂ. ദിലീഷിൻറെ 2 വർക്കുകൾ ഉണ്ടായിരുന്നെങ്കിൽ കൂടിയും ബാക്കി ഞാൻ ചെയ്തിട്ടുള്ളത് എല്ലാം ആഷിക്കിന്റെ കൂടെയായിരുന്നു. ഞങ്ങളെയെല്ലാം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആഷിക് അബു. സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും നല്ല ഔട്ട്പുട്ട് പുറത്തേക്ക് കൊണ്ടുവരിക, ഒരു ലൊക്കേഷൻ ഏറ്റവും നന്നായി ഉപയോഗിക്കുക, അഭിനേതാക്കളെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുക എന്നു തുടങ്ങിയ എല്ലാ ക്ളാസ്സുകളും അദ്ദേഹത്തിൽ നിന്നാണ് എനിക്ക് കിട്ടിയത്. പിന്നെ കഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളും അതിൻറെ ഡെവലപ്മെന്റ്, ഷൂട്ടിംഗ് കാര്യങ്ങൾ എല്ലാം അദ്ദേഹവുമായി എപ്പോഴും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒരുവിധം എപ്പോഴും വിളിക്കാറുണ്ട്, കാണാറുമുണ്ട്. അങ്ങനെ എൻറെ ഏറ്റവും അടുത്ത ആൾ തന്നെയാണ് ആഷിക് അബു.

പോത്തേട്ടൻ ബ്രില്യൻസ് ഈ സിനിമയിൽ എങ്ങനെയായിരുന്നു?

ആഷിക് അബുവിന് ശേഷം ഞാൻ വർക്ക് ചെയ്തിട്ടുള്ളത് ദിലീഷിനൊപ്പമാണ്. കൂട്ടുകെട്ടുകൾ എല്ലാം ഒന്നാണെങ്കിലും എല്ലാവരുടെ സിനിമയുടെയും ശൈലികൾ വ്യത്യസ്തമാണ്. ദിലീഷ് മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് തൊണ്ടിമുതല്‍ കൂടി ആയപ്പോഴേക്കും എന്നെ ഞെട്ടിച്ചു. പുള്ളിയുടെ മേക്കിങ് ശൈലി വേറെയാണ്. അതുവരെ ഉണ്ടായിരുന്ന സങ്കല്പത്തെ വലിയ രീതിയിൽ പൊളിച്ചു കഴിഞ്ഞു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ദിലീഷ്. അതും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ഈ സിനിമയിൽ.

“എഴുത്ത് കഴിഞ്ഞതിന് ശേഷം ഞാൻ ഫഹദിനോട് പറഞ്ഞു; ഭരത് ഗോപി ചേട്ടനൊക്കെ ചെയ്യുന്ന ടൈപ്പ് ഒരു റോൾ ആണ്‌”: കുമ്പളങ്ങി നൈറ്റ്സ് വിശേഷങ്ങളുമായി ശ്യാം പുഷ്ക്കരന്‍/അഭിമുഖം  

കുമ്പളങ്ങി നൈറ്റ്‌സിലെ ഫിഷിംഗ് കൊറിയോഗ്രാഫര്‍ അഥവാ കുമ്പളങ്ങിക്കാരന്‍ സജി നെപ്പോളിയന്‍ സിനിമയ്ക്ക് പിന്നിലെ ജീവിതം പറയുന്നു

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട്; ഇക്കാലത്തിനിടയില്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല ഇതുപോലെ ജെനുവിനായൊരു വീട്

ലോക സിനിമയുടെ അതിരിലേക്ക് കുമ്പളങ്ങി നൈറ്റ്സ് ഒരു കസേര വലിച്ചിട്ടിരിക്കുമ്പോള്‍/ റിവ്യൂ

കുമ്പളങ്ങിയിലെ ആ വീട് കണ്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്ന് നിങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍