UPDATES

സിനിമ

ബി ടെക്, തീയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിനിമ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍; വിഷ്ണു ഗോവിന്ദന്‍ ഹാപ്പിയാണ്

ഞാൻ ആദ്യമായി അഭിനയിക്കുന്നത് അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിലാണ്

അനു ചന്ദ്ര

അനു ചന്ദ്ര

ഒരു മെക്സിക്കൻ അപാരതയില്‍ പ്രധാന വേഷങ്ങളിലൊന്നു ചെയ്ത, ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനുമായ വിഷ്ണു ഗോവിന്ദന്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഗ്യാംബ്ലർ. പുതിയ ചിത്രത്തിന്റെയും തന്റെയും വിശേഷങ്ങൾ വിഷ്ണു ഗോവിന്ദന്‍ അഴിമുഖവുമായി പങ്കു വെയ്ക്കുന്നു. 

ഗ്യാംബ്ലറിന്റെ വിശേഷങ്ങൾ

മെക്സിക്കൻ അപാരതയാണ് എനിക്ക് ബ്രെയ്ക്ക് തന്ന സിനിമ. അതിന്റെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗ്യാംബ്ലർ. പക്ഷേ ഞാൻ അഭിനയം തുടങ്ങുന്നതിനും മുൻപേ തന്നെ അദ്ദേഹത്തിന്റെ പരസ്യചിത്രങ്ങളിൽ ഒക്കെ അസ്സിസ്റ്റന്റ് ആയി വർക്ക് ചെയ്ത ആളാണ്. ഗ്യാംബ്ലറിൽ ഏറ്റവും വലിയ സന്തോഷം എന്താണെന്നാൽ മെക്സിക്കൻ അപാരതയിൽ ഞാൻ ചെയ്ത കഥാപാത്രത്തിന്റ അതേ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ഈ സിനിമയിലും എന്നതാണ്; ജോമി. ജോമി ഈ സിനിമയിൽ വളരെ പ്രാധാന്യമുള്ള, സിനിമയുടെ വഴിത്തിരിവുകളിൽ എല്ലാം നിലനിൽക്കുന്ന ഒരു കഥാപാത്രമാണ്. swiggi/uber eats ന്റെ ഒക്കെ ഡെലിവറി ബോയ് ആണ് ജോമി. അതായത് ഞാൻ ഒക്കെ എറണാകുളം ബാച്ചിലർ ലൈഫിൽ കണ്ടുമുട്ടുന്ന ഒരുപാട് പേരിൽ ഒരാൾ ആണ് ജോമി എന്നും പറയാം. മെക്സിക്കൻ അപാരതയുടെ അതേ ടീം ആണ് ഇതിലും ഉള്ളത് എന്നാണ് ഏറെ സന്തോഷം.

നടൻ, സംവിധായകൻ, തിരക്കഥകൃത്ത്; സമസ്തമേഖലകളിലും സാന്നിധ്യം അറിയിച്ചല്ലോ…

സിനിമയിൽ വന്ന സമയത്ത് ഞാൻ ഒന്നും പ്ലാൻ ചെയ്യാതെ വന്ന ആളാണ്. എന്റെ സിനിമാസൗഹൃദങ്ങൾ ആണ് എന്നെ എഴുത്തുകാരൻ ആക്കിയതും സംവിധായകൻ ആക്കിയതും, ഈ പറയുന്ന നടൻ ആക്കിയത് പോലും. ടോം ഏട്ടനുമായുള്ള സൗഹൃദത്തിൽ നിന്നും മെക്സിക്കൻ സംഭവിച്ചു. സംവിധായകൻ വിനയന്റെ മകൻ വിഷ്‌ണു വിനയുമായി ഉള്ള സൗഹൃദത്തിൽ നിന്നാണ് life of joy എന്ന, വിഷ്ണു ആദ്യമായി അഭിനയിക്കുന്ന സിനിമ എനിക്ക് സംവിധാനം ചെയ്യാൻ പറ്റിയത്. അതാണ് ഞാൻ ആദ്യമായി തിരക്കഥയും സംവിധാനവും ചെയുന്ന ചിത്രം. ഇപ്പോ വിഷ്ണു വിനയ് അഭിനയിക്കുന്ന ആകാശഗംഗ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഞാനും വിഷ്‌ണുവും തിരക്കഥകളിലാണ് ഒരുമിച്ച് നില്‍ക്കുന്നത്. അതിനു ശേഷം ഞാൻ സംവിധാനം ചെയ്ത സിനിമയിൽ അവൻ നടനായി; ഇപ്പോ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോ സന്തോഷം.

സിനിമയിലേക്ക് ഉള്ള കടന്നു വരവ്

ഞാൻ ആദ്യമായി അഭിനയിക്കുന്നത് അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിലാണ്. ചെമ്പൻ വിനോദിന്റെ ചെറുപ്പകാലമാണ് അതിൽ ചെയ്തത്. അതിൽ ഓഡീഷൻ വഴി ആണ് എത്തുന്നത്. അങ്ങനെ അമൽ നീരദ് സർ കണ്ട് ആൾക്ക് ഇഷ്ടപ്പെട്ടാണ് ആ കഥാപാത്രം ചെയ്തത്. പിന്നെ അതിനുശേഷം 2, 3 കഥാപാത്രങ്ങള്‍ക്കൂടി ചെയ്ത ശേഷമാണ് മെക്സിക്കൻ അപാരത സംഭവിക്കുന്നത്.

പുണ്യാളൻ അഗർബത്തിയിലെ പൂമ്പാറ്റ ഗ്ലാഡ്സ്റ്റൻ

ഞാൻ മെക്സിക്കൻ അപാരതയ്ക്ക് ശേഷമാണ് പുണ്യാളനിലേക്ക് എത്തുന്നത്. മെക്സിക്കൻ കണ്ട് അവർ ആ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. അത് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട നല്ലൊരു കഥാപാത്രമായിരുന്നു. പിന്നെ വാസ്തവത്തിൽ ആ സിനിമ നല്ലതായതുകൊണ്ടാണ് നമ്മളും ശ്രദ്ധിക്കപ്പെട്ടത്.

കൊച്ചിൻ യൂണിവേഴ്‌സിറ്റി പഠന കാലത്ത് തീയേറ്റർ ശാഖയിൽ ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദൻ

കോളേജിൽ പഠിക്കുന്ന കാലത്താണ് നമ്മൾ തീയേറ്റർ ശാഖകളിലൂടെ നാടകങ്ങൾ ചെയ്യാൻ തുടങ്ങിയത്. അതിലൂടെയാണ് തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറുന്നതും. ഒരു സിനിമ നടൻ എന്നതിലപ്പുറം ഒരു തിയറ്റർ ആർട്ടിസ്റ്റ് ആയിരുന്നു എന്നതാണ് എന്റെ വ്യക്തിത്വ രൂപീകരണത്തിനും ജീവിതത്തിനും, മടി കൂടാതെ കലാരംഗത്തേക്ക് വരാനും, പെർഫോമൻസ് ചെയ്യാനും എല്ലാം എന്നെ ഏറെ സഹായിച്ചതെന്ന് പേഴ്സണലി ഞാൻ വിശ്വസിക്കുന്ന കാര്യമാണ്.

ബി ടെക് ഇലക്ട്രോണിക്സ്ക്കാരനായ വിഷ്ണുവിനെ സിനിമ സ്വാധീനിച്ച വഴികൾ

പണ്ട് പത്താംക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഒട്ടുമിക്ക സിനിമകളും തീയേറ്ററുകളിൽ പോയി കാണുന്ന ഒരു പ്രവണതയുണ്ടായിരുന്നു. എല്ലാ ഭാഷകളിലും ഉള്ള സിനിമകൾ കാണാൻ ശ്രമിക്കും. സിനിമയോട് പിന്നീട് ഭയങ്കര ക്രെയ്‌സ് ഉള്ള ആളായി തീർന്നു. ഫിലിം ഫെസ്റ്റിവലുകൾ ഒക്കെ പരമാവധി അറ്റൻഡ് ചെയ്യാൻ ശ്രമിക്കാറുണ്ട്. മൊത്തത്തിൽ സിനിമ എന്ന കലയോട് പണ്ട് മുതലേ സ്നേഹമാണ്.

എന്നാണ് ഇനി വീണ്ടും സംവിധാനത്തിലേക്ക്?

അടുത്ത സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്ലാനുകൾ ഒന്നും ആയിട്ടില്ല. പലപ്പോഴായി സ്ക്രിപ്റ്റുകൾ ചെയ്തു വയ്ക്കുന്നുണ്ട്. നടനെന്ന നിലയിൽ ഇപ്പോൾ നല്ല അവസരങ്ങൾ വരുന്നു. അതിൽ ഞാൻ ഹാപ്പിയാണ്. നല്ല ടീമും നല്ല പ്രൊഡ്യൂസറും വരുന്ന സമയത്ത് തീർച്ചയായും സിനിമ സംവിധാനം ചെയ്തിരിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് നിൽക്കുന്നത്. അതിനപ്പുറം പ്ലാനുകൾ ഒന്നുമായിട്ടില്ല.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍