UPDATES

സിനിമ

എന്താണ് പടമൊന്നും ചെയ്യാത്തതെന്ന് ലാലേട്ടൻ ചോദിച്ചു?;17 വർഷത്തിന് ശേഷം മാർക്കോണി മത്തായിയുമായി സനൽ കളത്തിൽ / അഭിമുഖം

കോടികളെക്കാൾ വലുതാണ് പ്രേക്ഷകരുടെ സമയം; ജയറാമിനെ ഏങ്ങനെയാണോ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചിരുന്നത് അതുപോലെ തന്നെ അദ്ദേഹത്തെ മാർക്കോണി മത്തായിയിൽ കാണാൻ സാധിക്കും

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രം ജൂലൈ 12 നാളെ തീയേറ്ററിൽ  എത്തുകയാണ്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ആദ്യ സിനിമയായ ഉത്തരക്ക് ശേഷം നീണ്ട പതിനേഴ് വർഷത്തെ ഇടവേള, എന്താണ് സിനിമ ചെയ്യാത്തതെന്ന് സംവിധായകനോട് മോഹൻലാലിന്റെ ചോദ്യം? അതിന് ഉത്തരമെന്നോണം സനൽ കളത്തിലിന്റെ മാർക്കോണി മത്തായി നാളെ തീയറ്ററിലേക്ക്. മർക്കോണി മത്തായിയെക്കുറിച്ച് സംവിധായകൻ അഴിമുഖത്തോട് സംസാരിക്കുന്നു.

പാട്ടിനെ ഇഷ്ടപ്പെടുന്ന, ലോകത്തെ സ്നേഹിക്കുന്ന മാർക്കോണി മത്തായി

സാധാരണക്കാരന്റെ ജീവിതം ഫോക്കസ് ചെയ്യുന്ന സിനിമയാണ് മാർക്കോണി മത്തായി. എല്ലാരുടെയും ജീവിതത്തിൽ പൂക്കൾ വിരിയിച്ച്, ഉള്ളതെല്ലാം പങ്കുവെച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ. അത്തരത്തിൽ ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ ലോകം മുഴുവൻ കൂടെയുണ്ടാകുമെന്നുള്ള ഒരു സന്ദേശമാണ് സിനിമ നൽകുന്നതാണ്. ആ ഒരു ലോകത്തിന്റെ പ്രധിനിധിയായിട്ടാണ് വിജയസേതുപതി എത്തുന്നത്. പാട്ടിനെ വളരെ അതികം ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മാർക്കോണി മത്തായി. ആ ഒരു ഇഷ്ടമാണ് അയാൾക്ക് റേഡിയോയോടുള്ള ഇഷ്ടമായി മാറുന്നതും. മാർക്കോണി മത്തായി എന്ന പേര് അയാൾക്ക് ലഭിക്കുന്നതും. എല്ലാവരുടെയും ഉള്ളിലൊരു മത്തായിയുണ്ട്. അത് നമ്മൾ ഈ സിനിമയിലൂട തിരിച്ചറിയും.

ചിത്രത്തിൽ വിജയ് സേതുപതി വന്ന വഴി

ചെറിയ മനുഷ്യന്‍റെ ജീവിതത്തിലേക്കൊരു വലിയ മനുഷ്യന്റെ ഇടപെടൽ. ചെറിയ മനുഷ്യനോളം തന്നെ ഹൃദയ വിശുദ്ധിയുള്ള താരമായാണ് വിജയ് സേതുപതി എത്തുന്നത്. സാധാരണക്കാരനായി ജീവിക്കുന്ന ഒരു താരമാണ് അദ്ദേഹം. യഥാർത്ഥ ജീവിതത്തിലെ വിജയ് സേതുപതിയെ തന്നെ സിനിമയിൽ കാണാനാകും. ജയറാമേട്ടനുമായിട്ടുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ് വിജയ് സേതുപതി ഈ ചിത്രത്തിലേക്കെത്തുന്നത്. കഥയുടെ ചർച്ചക്കിടയിൽ വിജയ് സേതുപതിയെ പോലൊരു താരം ഈ വേഷം ചെയ്താൽ നന്നായിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ, ജയറാമേട്ടനാണ് നമുക്ക് വിജയ് സേതുപതിയെ തന്നെ കൊണ്ടുവരാം എന്ന് പറഞ്ഞത്. എന്നാൽ ഡേറ്റുകൾ ഒന്നുമില്ലന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ആദ്യം കിട്ടിയത്. പിന്നീട് കഥ പറയാൻ അവസരം ലഭിക്കുകയായിരുന്നു .

കഥ പറച്ചിലിന്റെ ആവേശത്തിൽ ഭാഷപോലും ഞാൻ വിട്ടുപോയി. മലയാളത്തിൽ കഥപറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘എന്തെങ്കിലും മനസ്സിലായോ’. ചിരിച്ചുകൊണ്ട് ‘പോതും സാർ’ എന്ന് പറഞ്ഞ് തിരികെ തമിഴിൽ മനോഹരമായിട്ട് അദ്ദേഹം ഈ കഥ ഇങ്ങോട്ട് പറഞ്ഞു തന്നു. ‘വളരെ ലളിതമായ കഥയാണ് അപ്പോൾ ക്ലൈമാക്‌സും അത്തരത്തിൽ ലളിതമായിരിക്കണം. എന്തായാലും ഞാൻ ഈ സിനിമയുടെ ഭാഗമാകാൻ വരും’ എന്ന മറുപടിയും അദ്ദേഹം നൽകി. വളരെ ആത്മാർത്ഥമായുള്ള സ്നേഹവും പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അവസാനം വരെ ഉണ്ടായിരുന്നു. 12 ദിവസത്തോളമാണ് വിജയ് സേതുപതി ഈ സിനിമയുടെ ഭാഗമായുണ്ടായിരുന്നത്.

പഴയ ജയറാമിനെ മാർക്കോണി മത്തായിയിൽ കാണാൻ കഴിയും

അദ്ദേഹത്തിന്റെ അടുത്തകാലത്തിറങ്ങിയ സിനിമകളെ എല്ലാം മറന്ന് അദ്ദേഹത്തിന്റെ പഴയ സിനിമകളിലേക്കാണ് ഞാൻ പോയത്. വളരെ റിയലിസ്റ്റിക്കായി അതോടൊപ്പം ഫ്ലെക്സിബളായി ലാൽ സാറിനെപ്പോലെ തന്നെ കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടനാണ് ജയറാമേട്ടൻ. അദ്ദേഹം കുറെ കാലമായി ആ ട്രാക്കിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ജയറാമിനെ ഏങ്ങനെയാണോ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചിരുന്നത് അതുപോലെ തന്നെ അദ്ദേഹത്തെ മാർക്കോണി മത്തായിയിൽ കാണാൻ സാധിക്കും .

എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്

എല്ലാ ചിത്രവും വിജയമാക്കണമെങ്കിൽ കുടുംബ പ്രേക്ഷകർ തീയേറ്ററിൽ എത്തണം. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാകണം. കരയാനാണെങ്കിൽ കരയാൻ, ചിരിക്കാനാണെങ്കിൽ ചിരിക്കാൻ. അത് കൃത്യമായി അടയാളപ്പെടുത്താൻ കഴിയാത്തതാകാം ഓരോ സിനിമയുടെയും പ്രശ്നം.മാർക്കോണി മത്തായി എന്ന സിനിമ പറഞ്ഞിരിക്കുന്നത് ഫാമിലിക്ക് ഇഷ്ടപ്പെടാവുന്ന തരത്തിലാണ്. പക്ഷെ സിനിമയുടെ ഫ്ലേവർ യുവാക്കൾക്ക് ഇഷ്ടമാകുന്ന രീതിയിലാണ്.

എന്റെ സിനിമ പൊല്യൂഷൻ ഉണ്ടാക്കില്ല

ഫാമിലിയുടെ ഉള്ളിലും ഒരു യൗവനമുണ്ട്. അത് കൃത്യമായി കണ്ടെത്തി കൊടുക്കുകയാണ് വേണ്ടത്. സിനിമ ഒരു ആർട്ട് ഫോം ആണ്. അത് യുവാക്കൾക്ക് മാത്രമൊന്ന്, കുടുംബ പ്രേക്ഷകർക്ക് വേറൊന്ന് അങ്ങെനെയില്ല. എല്ലാവരെയും ടാർജറ്റ് ചെയ്യാൻ പറ്റണം. അത്തരത്തിൽ മാർക്കോണി മത്തായി എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും ടാർജറ്റ് ചെയുന്ന സിനിമയാണ്. ഒരു ഫീൽ ഗുഡ് മൂവിയാണ് ഇത്. എന്റെ സിനിമ പൊലൂഷൻ ഉണ്ടാക്കില്ല. കാണുന്നവർ സന്തോഷത്തോടെ തീയേറ്റർ വിടുമെന്ന് ഉറപ്പുണ്ട്.

ഇടവേള ഉള്ളതായി തോന്നിയിട്ടില്ല

പതിനാറാമത്തെ വയസിലാണ് ഞാൻ ആദ്യമായി ഒരു വിഷ്വൽ വർക്ക് ചെയ്യുന്നത്. ആദ്യ സിനിമ ‘ഉത്തര’ സംവിധാനം ചെയ്യുന്നത് ഇരുപത്തിരണ്ടാം വയസിലും. പല ഇന്റർനാഷണൽ നാഷണൽ ഫെസ്റ്റിവലുകളിലും ആ സിനിമക്ക് സ്ക്രീൻ ലഭിച്ചു. ഒരു സീരിയസ് മൂവിയായിരുന്നു അത്. അക്കാലത്ത് ചില വിവാദങ്ങളും ആ സിനിമ ഉണ്ടക്കിയിരുന്നു. അന്ന് എനിക്ക് പറയാൻ തോന്നിയ കാര്യമാണ് ആ സിനിമയിൽ ഉണ്ടായിരുന്നത്. അപ്പോഴും ഞാനൊരു ആഡ് ഫിലിം മേക്കർ ആണ്. ഇപ്പോഴും പരസ്യ രംഗത്ത്‌ സജീവമായി പ്രവർത്തുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഒരു ഇടവേള ഉള്ളതായി തോന്നിയിട്ടില്ല. നമ്മൾ ചെയ്യുന്ന വർക്ക് ആദ്യം നമ്മളെ സന്തോഷിപ്പിക്കുന്നതാകണം എന്നാലെ ജനങ്ങളെ സന്തോഷിപ്പിക്കാനാകു.

ലാലേട്ടന്റെ ചോദ്യമാണ് സിനിമ ചെയ്യാൻ വീണ്ടും പ്രേരിപ്പിച്ചത്.

ഈ ഇടവേളയിലും ഒട്ടേറെ കഥകൾ മനസ്സിലുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയി. എന്നാൽ ഒരു ദിവസം പരസ്യ ചിത്രീകരണത്തിനിടയിൽ ലാലേട്ടന്റെ, എന്താണ് ഇപ്പോൾ സിനിമയൊന്നും ചെയ്തത് എന്നൊരു ചോദ്യമാണ് വീണ്ടുമൊരു ചിത്രമെടുക്കാൻ പ്രേരിപ്പിച്ചത്. ഈ സിനിമയുടെ കഥയും ആദ്യമായി പറയുന്നതും ലാലേട്ടനോടാണ്. അദ്ദേഹത്തിന് ഈ കഥ വളരെ ഏറെ ഇഷ്ടമാവുകയും, ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ചോദ്യമാണ് പതിനേഴ് വർഷത്തിന് ശേഷം എന്നെ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്.

രണ്ടാം വരവിൽ കൂടുതൽ പവർ ഫുൾ ആണ്

ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വലിയ മാറ്റങ്ങൾ ഒന്നും തന്നെ തോന്നിയില്ല. സിനിമയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മേഖലയാണ് പരസ്യ മേഖല. അത് കൊണ്ട് തന്നെ രണ്ടാം വരവിൽ കൂടുതൽ ശക്തനായിട്ടാണ് എത്തിയത്. ആദ്യ സിനിമയും മാർക്കോണി മത്തായിയും തന്നിൽ താരതമ്യം ചെയ്താൽ രണ്ടും രണ്ട് സംവിധായകരുടേതാണെന്നു തോന്നും. ഇനി മൂന്നാമാതൊരു സിനിമ ചെയ്താൽഅത് ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരിക്കും.

ഇനി സിനിമയിൽ സജീവമായിത്തന്നെ തുടരാനാണ് ആഗ്രഹം. മാർക്കോണി മത്തായിക്ക് ശേഷമുള്ള സിനിമക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. അതോടൊപ്പം പരസ്യ മേഖലയിലും സജീവമായി തന്നെ ഉണ്ടാകും. അടുത്ത സിനിമയും ഒരു ഫീൽ ഗുഡ് സിനിമ തന്നെയായിരിക്കും.

കോടികളെക്കാൾ വലുതാണ് പ്രേക്ഷകരുടെ സമയം

അവകാശവാദങ്ങൾ ഒന്നും തന്നെയില്ല വളരെ ചെറിയ സിനിമയാണ് മാർക്കോണി മത്തായി. ആ ഒരു ചെറുതിന്റെ ഭംഗി കണ്ടിട്ടാണ് വിജയ് സേതുപതി ഉൾപ്പടെ ഈ സിനിമയിലേക്ക് എത്തിയത്. പ്രേക്ഷകർക്ക് 2 മണിക്കൂർ 20 മിനുട്ട് എന്തായാലും സന്തോഷിക്കാനാകും. ജീവിതത്തിലെ വലിയൊരു സമയമാണ് പ്രേക്ഷകർ നമുക്കായി തരുന്നത്. അവരെ നിരാശപെടുത്താതിരിക്കുക എന്നതാണ് ഒരു സംവിധയകന്റെ കടമ. കോടികൾ മുടുക്കത്തിനേക്കാൾ മൂല്യം പ്രേക്ഷകർ നമുക്ക് തരുന്ന സമയത്തിനാണ്.

Read More: ബലാല്‍സംഗം സ്ത്രീകളെ നിശബ്ദമാക്കാനുള്ള ആയുധമാണ്, യഥാര്‍ത്ഥ ലോകത്തും ഓണ്‍ലൈനിലും

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍