UPDATES

സിനിമ

മറ്റൊരു ചാന്തുപൊട്ടായില്ല; ഇരട്ടജീവിതം ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തോട് നീതി പുലര്‍ത്തുന്ന ചിത്രം

അനു ചന്ദ്ര

അനു ചന്ദ്ര

നവാഗതനായ സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ സിനിമയായ ഇരട്ടജീവിതം സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ സമാന്തര പ്രദര്‍ശനവുമായാണ് തീയേറ്ററില്‍ എത്തിയത്. സൈനു, ആമിന എന്ന രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധം, അതില്‍ ഒരാളുടെ സ്വത്വബോധത്തില്‍ നിന്നുകൊണ്ടുള്ള തിരിച്ചറിവിനൊടുവിലെ പുരുഷനിലേക്കുള്ള പരിണാമം, അതിനെ പൊതുബോധം സ്വീകരിക്കുന്ന രീതി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഒരു കടലോര പശ്ചാത്തലത്തിലാണ് പറഞ്ഞു പോകുന്നത്. ആമിനയില്‍ നിന്നും അദ്രുമാനിലേക്കുള്ള പരിണാമത്തിലെ ജീവിതപ്രശനങ്ങള്‍ നിസാരമല്ല.

പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിഞ്ഞ ആമിന ന്യൂനപക്ഷങ്ങളുടെ പ്രാതിനിധിയാണ്. അതുകൊണ്ട് തന്നെ കണ്‍സര്‍വേറ്റീവ് ആയ മുസ്ലിം പോപ്പുലേഷന്‍ കൂടുതലുള്ള ഒരു മത്സ്യബന്ധന ഗ്രാമത്തില്‍ ആമിനയെന്ന അദ്രുമാന് ലഭിക്കാതെ പോകുന്ന സ്വീകാര്യതയില്‍ നിന്നു കൊണ്ട് തന്നെയാണ് കഥ പറയുന്നത്. പെട്ടെന്നൊരു ദിവസം നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ആമിന കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് പുരുഷനായിട്ടാണ്. സൈനുവിനോടുള്ള തന്റെ പ്രണയം പെണ്ണെന്ന ശരീരത്തിനകത്ത് നിന്ന് തുറന്ന് പറയാനുള്ള ധൈര്യമില്ലായ്മയില്‍ നിന്നു കൊണ്ടും സ്വത്വബോധത്തെ കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നു കൊണ്ടും ആണായി തിരിച്ചു വരുന്ന അദ്രുമാന്‍ എന്ന ആമിന പിന്നീട് നേരിടേണ്ടി വരുന്ന കുടുംബസാമൂഹിക പ്രശ്‌നങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത വിഷയമാണ് ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളുടെ കാഴ്ചപ്പാടുകള്‍. അത്‌കൊണ്ട് തന്നെയാണ് കടാപ്പുറനിവാസികളുടെ കളി നോക്കി നില്‍ക്കുന്ന അദ്രുമാനെ നോക്കി കൊണ്ട് ‘കവിടി മലര്‍ന്നു വീണാലും, കമിഴ്ന്നു വീണാലും കളി തന്നെ കളി.’ എന്നു പറയിപ്പിക്കാന്‍ സംവിധായകന്‍ നിര്ബന്ധിതനാകുന്നത്. അദ്രുമാനിലേക്കുള്ള തിരിച്ചു വരവില്‍ ആമിന ആണാണോ എന്നു ആശങ്കപെടുന്ന സൈനുവും, ആമിനയെ ഇനി മുതല്‍ മോനെ എന്നോ മോളെ എന്നോ വിളിക്കണമെന്നറിയാതെ കുഴങ്ങുന്ന ആമിനയുടെ ഉമ്മയും നേരിടുന്നത് വലിയ തരത്തിലുള്ള പ്രതിസന്ധിയാണ്. നാട്ടിലെ എല്ലാ പുരുഷന്മാരുടെയും രോമാഞ്ചമായ, അവരുടെ ബോധ്യങ്ങളെ പോലും മാറ്റിമറിക്കാന് കഴിയുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നില്‍കുന്ന പുഷ്പ, ലൈംഗിക ദാരിദ്ര്യത്തിനപ്പുറത്ത് പുരുഷമേല്‍കോയ്മയില്‍ നില്‍കുന്ന ഹാജ്യാര്‍ എന്നിങ്ങനെ പലരിലൂടെയായി കഥ വികസിക്കുന്നു. എന്നാല്‍ പലകാലങ്ങളില്‍ പല സ്‌റ്റേജുകളില്‍ സംഭവിച്ചു പോകുന്ന കഥയായതിനാല്‍ തന്നെ കേരളത്തിലെ മാറി വരുന്ന സാമൂഹികരാഷ്ട്രീയ മാറ്റങ്ങളെ സസൂക്ഷ്മം അടയാളപ്പെടുത്താനുള്ള ശ്രമം സംവിധായകന്‍ പലപ്പോഴായി നടത്തിപോരുന്നുണ്ട്. അത് സിനിമയുടെ കൂടെ പശ്ചാത്തലമാകുന്നു എന്നത് കൊണ്ടാണ് നോട്ടുനിരോധനം സംഭാഷണമായും പശ്ചാത്തലമായും സിനിമയില്‍ ഉപയോഗപ്പെടുത്തിയത്.

ആണിന്റെയുള്ളിലെ പെണ്ണും പെണ്ണിന്റെയുള്ളിലെ ആണും തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇരട്ടജീവിതം: സുരേഷ് നാരായണന്‍/അഭിമുഖം

17,500 കോടി രൂപയുടെ കടം എസ്.ബി.ഐ എഴുതിത്തള്ളി എന്ന വാര്‍ത്തയായിരുന്നു സിനിമയില്‍ ഉപയോഗിക്കുകയും വിജയ് മല്ല്യയുടേത് അടക്കമുള്ള കടമാണ് എസ്.ബി.ഐ എഴുതിത്തള്ളിയത് എന്ന് വാര്‍ത്തയായി സിനിമയില്‍ കൊടുത്തെന്ന പേരില്‍ മല്ല്യയുടെ പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിന് സംവിധായകന്‍ വിധേയപ്പെടേണ്ടി വന്നത് അതുകൊണ്ടൊക്കെ തനെയാണ്. ആണിനും പെണ്ണിനും അപ്പുറത്തുള്ള ജെന്‍ഡറുകളെ പറ്റി ഗൗരവമായി ചെയ്ത സിനിമകള്‍ സാക്ഷര കേരളത്തെ സംബന്ധിച്ചിടത്തോളം അപൂര്‍വമാണ്. അവിടെയാണ് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയയായ ആത്മജ ആമിനയായും അദ്രുമാനായും ഒരേസമയം പകര്‍ന്നാട്ടം നല്‍കുന്നതും വിഷയത്തിന്റെയും കഥാപാത്രത്തിന്റെയും ആന്തരിക സംഘര്‍ഷങ്ങള്‍ക്ക് മൂല്യം കല്പിക്കുകയും ചെയുന്നത്. അത് ഒരു തരത്തില്‍ സംവിധായകന്‍ സമൂഹത്തോടും സമൂഹജീവികളോടും പുലര്‍ത്തിയ നീതിയാണെന്നു പറയേണ്ടി വരും. ഇല്ലായിരുന്നെങ്കില്‍ ഇവിടെ ഒരു പക്ഷെ മറ്റൊരു ചാന്തുപൊട്ട് കൂടി പ്രേക്ഷകന് കാണേണ്ടി വന്നേനെ.

എന്നാല്‍ വലിയോരു വിഷയത്തെ സംവിധായകന്‍ നീതിപൂര്‍വം കൈകാര്യം ചെയ്യുമ്പോള്‍ തന്നെ ചിത്രത്തിന്റെ ആദ്യപകുതിയില്‍ ആമിനയെന്ന അദ്രുമാന്‍ നേരിടുന്ന മാനസികസംഘര്‍ഷങ്ങള്‍, പരിഹാസങ്ങള്‍, ഒറ്റപ്പെടലുകള്‍ തുടങ്ങിയവയുടെ തോതിലെ ഏറ്റങ്ങളെ കുറിച്ച് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാകാത്ത വിധത്തില്‍ തിരക്കഥയില്‍ വന്ന പാളിച്ച പ്രകടമാണ്. അതുപോലെ ഫൈസല്‍ എന്ന കഥാപാത്രം അമിനയോട് പുലര്‍ത്തി പോരുന്ന വൈരാഗ്യത്തിന്റെ കാരണം പ്രേക്ഷകനെ യാതൊരു വിധത്തിലും തൃപ്തപ്പെടുത്തുന്ന ഒന്നല്ല. എന്നിരുന്നാലും ചിത്രത്തിന്റെ പ്രധാന കൗതുകം എന്നു പറയുന്നത് ഇന്‍ഡസ്ട്രി സിനിമകളുടെ ഒരു സ്ഥിരം സ്ട്രക്ചറായ തുടക്കം, ഫോളോ ചെയ്യുന്ന ജംഗ്ഷനുകള്‍, അതിലെ ഏറ്റക്കുറച്ചിലുകള്‍, കഥാന്ത്യം എന്നിങ്ങനെയുള്ള പിന്തുടരലുകള്‍ ഒന്നുമില്ല എന്നത് തന്നെയാണ്. അതായത് കൃത്യമായൊരു ക്ലൈമാക്‌സ് ഇല്ലായെന്നത് തന്നെ.

ട്രാജഡി കഥ പറഞ്ഞവസാനിപ്പിക്കാന്‍ ഉപയോഗിക്കാതിരുന്നു എന്നതാണ് ട്രാന്‍സ് വിഭാഗങ്ങളോട് സംവിധായകന്‍ കാണിച്ച നീതി എന്നത് അഭിനന്ദനാര്‍ഹമാണ്. ദിവ്യാ ഗോപിനാഥിന്റെ സൈനു എന്ന കഥാപാത്രം അവരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. ചിത്രത്തില്‍ ഉടനീളം മികവുറ്റു നിന്നത് ഷഹനാദ് ജലാലിന്റെ ഛായാഗ്രഹണമാണ്. ജന്‍ഡര്‍ ഇഷ്യൂ ഇത്രയേറെ ഗൗരവത്തില്‍ കൈകാര്യം ചെയ്ത മറ്റൊരു സിനിമ മലയാളത്തില്‍ ഇല്ല എന്നതാണ് ഇരട്ടജീവിതത്തെ തീര്‍ത്തും വ്യത്യസ്തമാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍