UPDATES

സിനിമ

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിഷന് ആറ് മാസം മതിയോ?

ഇത്തരമൊരു കമ്മിഷന്‍ ലോകത്തില്‍ തന്നെ ആദ്യമാണെന്നത് മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായിട്ടും ഇവര്‍ക്ക്‌ കണ്ടെത്താനായത്‌!

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ നിയോഗിച്ചിട്ട് ഏകദേശം ഒരുവര്‍ഷം ആകുന്നു. ഇന്ത്യയിലെന്നല്ല ലോകത്തില്‍ തന്നെ ആദ്യമായായിരിക്കും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കപ്പെടുന്നതെന്നാണ് സര്‍ക്കാര്‍ അന്നേ അവകാശപ്പെട്ടതും. എന്നാല്‍ മന്ത്രിസഭാ യോഗം കമ്മിറ്റി പ്രഖ്യാപിച്ച് ഒരുവര്‍ഷമാകാറായിട്ടും ഈ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ലെന്നാണ് ഇന്നലെ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് ജസ്റ്റിസ് ഹേമയും കമ്മിറ്റിയിലെ അംഗങ്ങളായ നടി ശാരദ, കെ വത്സലകുമാരി എന്നിവര്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു ഇവരുടെ സന്ദര്‍ശനം.

കൊച്ചി കേന്ദ്രീകരിച്ച് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്നും ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് ഇവര്‍ മന്ത്രിയ്ക്ക് കൊടുത്തിരിക്കുന്ന ഉറപ്പ്. മന്ത്രിയും ഇവരുടെ ഈ ഉറപ്പ് ജനങ്ങളോട് ആവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിലെ ആദ്യത്തെ സംരഭമാണ് ഇതെന്ന് ജസ്റ്റിസ് ഹേമയും അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ കണ്ടെത്തിയതും അതുമാത്രമാണ്! കേരളം പലകാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണെന്നും പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമൊക്കെ തട്ടിവിടാന്‍ മന്ത്രിയും മടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായിട്ടും പ്രവര്‍ത്തനം പോലും ആരംഭിക്കാതിരുന്ന കമ്മീഷന്‍ എങ്ങനെയാണ് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് മാത്രം യാതൊരു ധാരണയുമില്ല.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ കേരളം ലോകത്തിന് നല്‍കുന്ന മാതൃകയെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഹേമ കമ്മീഷന്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന് ജനങ്ങള്‍ അറിയുന്നത് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് എവിടെയെന്ന് ചോദിച്ച് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയതോടെയാണ്. മുമ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം രൂപീകരിക്കപ്പെട്ട വിമന്‍ കളക്ടീവിന്റെ ഇടപെടലാണ് ഹേമ കമ്മീഷന്റെ രൂപീകരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഒരു വര്‍ഷത്തോളം അജ്ഞാതവാസത്തിലായിരുന്ന ഹേമ കമ്മിറ്റിയെ ഒടുവില്‍ വെളിച്ചത്തുകൊണ്ടു വരാനും അവര്‍ തന്നെ വേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം മെയ് 17ന് വിമന്‍ കളക്ടീവ് മുഖ്യമന്ത്രിയെ കണ്ട് ഒട്ടും കാലതാമസം കൂടാതെയാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്തു.

ഇത് വിമന്‍ കളക്ടീവിന് വേണ്ടി മാത്രം നടത്തിയ നീക്കമായിരുന്നില്ലെന്ന് സംഘടനയുടെ അംഗങ്ങളില്‍ ഒരാളായ ബീനാ പോള്‍ വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ മുഴുവന്‍ നന്മയ്ക്കായാണ് ഇത്തരമൊരു കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഹേമ കമ്മിഷന്‍ രൂപീകരിച്ച് ഇത്രയും കാലമായിട്ടും അതിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ ഞങ്ങള്‍ക്ക് ഏറെ വിഷമമുണ്ടായിരുന്നു. എങ്കിലും പ്രതീക്ഷയോടെ തന്നെ നിരന്തരം ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങാനെടുത്ത കാലതാമസം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെടുക്കില്ലെന്ന വിശ്വാസത്തിലാണ് വിമന്‍ കളക്ടീവെന്നും ബീനാ പോള്‍ അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍