UPDATES

സിനിമ

ഭയം: അതാണ് ‘IT’

ഹൊറര്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥ അനുഭവമായി ‘IT’യിലെ പെന്നിവൈസ്

‘യഥാര്‍ത്ഥ കഥയുടെ അടിസ്ഥാനത്തില്‍’ എന്ന് തുടങ്ങി ആ കഥയിലെ വ്യക്തികളുടെ ചിത്രങ്ങളോടുകൂടെ അവസാനിക്കുന്ന ഒരു ചലച്ചിത്രമല്ല ‘IT’. ഹോറര്‍ ചിത്രങ്ങളില്‍ സ്ഥിരം കാണുന്ന പ്രേതരുപങ്ങളെ അന്വേഷിച്ചാല്‍ ഈ ചിത്രത്തിലത് കണ്ടെത്താനും സാധിക്കില്ല. ഒരുപാട് ആമുഖങ്ങള്‍ ഒന്നും തന്നെയില്ലാതെ പെന്നിവൈസ് എന്ന ക്ലൗണ്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു പ്രേതത്തിന്റെ ക്ലിഷേകളൊന്നും ഇല്ലാതെ സ്വയം പരിചയപ്പെടുത്തുന്നു. ഗതികിട്ടാതെ മനുഷ്യരെ ആക്രമിക്കുന്നൊരു പ്രേതത്തെയല്ല നമ്മള്‍ ഇവിടെ കാണുന്നത്. പെന്നിവൈസ് ഒരു പ്രേതം തന്നെയാണോ എന്നുപോലും സംശയിക്കാം. IT – അതെന്തുമാകാം, പെന്നിവൈസ് ഏതായാലും IT ആണ്. പക്ഷെ അതെന്താണെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

ടെറി എന്ന ചെറിയ പട്ടണത്തില്‍ നിന്നും ജോര്‍ജി എന്ന കുട്ടിയെ പെന്നിവൈസ് പിടിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പല കുട്ടികളെയും കാണാതെ പോകുന്നു. കുട്ടികളെ കാണാതാവുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു നിഗമനത്തിലേക്ക് ആരും എത്തുന്നില്ല. ജോര്‍ജിയുടെ സഹോദരന്‍ ബില്‍ തന്റെ അനിയന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നില്ല. ആ തിരച്ചിലാണ് ബില്ലിനേയും സുഹൃത്തുക്കളെയും പെന്നിവൈസിലേക്ക് എത്തിക്കുന്നത്. പെന്നിവൈസ് ആരാണ്, എവിടെ നിന്ന് വന്നു, പെന്നിവൈസിന്റെ കഥ എന്താണ് എന്നൊക്കെ അന്വേഷിക്കാന്‍ പോകുന്ന പ്രേക്ഷകര്‍ നിരാശരാകും. കാരണം പെന്നിവൈസ് മനുഷ്യരുടെ ഭയങ്ങളില്‍ അധിവസിക്കുന്ന ഒന്നാണ്. പ്രേതമെന്ന് അഭിസംബോധന ചെയ്യാന്‍ സാധിക്കാത്ത എന്നാല്‍ എല്ലാ രൂപങ്ങളിലേക്കും മാറാന്‍ സാധിക്കുന്ന പ്രേതങ്ങളുടെ സ്വഭാവം കാണിക്കുന്ന ഒരു പ്രതിഭാസം.

ചിത്രത്തിലെ ഓരോ കുട്ടികളുടെയും ഭയത്തിനെയാണ് പെന്നിവൈസ് മുതലെടുക്കുന്നത്. ജോര്‍ജി തന്റെ ജേഷ്ഠന്‍ നിര്‍മിച്ചുതന്ന കടലാസ് കപ്പല്‍ നഷ്ടപ്പെടുമെന്നുള്ള ഭയത്തില്‍ നിന്നാണ് പെന്നിവൈസിനടുത്തേക്ക് എത്തുന്നത്. ബില്‍ പെന്നിവൈസിനെ കാണുന്നത് തന്റെ അനുജന്‍ മുഖേനയാണ്. ചിത്രത്തില്‍ ബില്ലിന്റെ കൂട്ടുകാര്‍ ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളില്‍ നിന്നുണ്ടായ ഭയമുണ്ട്. ബെവേര്‍ലി തന്നെ ചൂഷണം ചെയ്യുന്ന അച്ഛനെ ഭയന്നൊളിക്കുന്ന ബാത്ത് റൂമിലും, ബെന്‍ എന്ന കുട്ടി ടെറി എന്ന പട്ടണത്തിന്റെ ചരിത്രത്തില്‍ താന്‍ കാണുന്ന ഞെട്ടിക്കുന്ന സംഭവങ്ങളിലൂടെയും, സ്റ്റാന്‍ലി തന്റെ അച്ഛന്റെ ഓഫീസ് മുറിയിലെ ഭയപ്പെടുത്തുന്ന ഒരു ചിത്രത്തിലൂടെയും, റിച്ചി തനിക്ക് പൊതുവേ ക്ലൗണുകളോടുള്ള ഭയത്തിലൂടെയും, മൈക്ക് തന്റെ മാതാപിതാക്കളുടെ മരണത്തിലൂടെയും, എഡിക്ക് പട്ടണത്തിലെ ഒഴിഞ്ഞ വീടിനോടുള്ള ഭയത്തിലുടെയും പെന്നിവൈസിലേക്ക് എത്തുന്നു. പെന്നിവൈസ് അവരുടെ ഭയത്തിനെ ചൂഷണം ചെയ്താണ് നിലനില്‍ക്കുന്നത്.

പെന്നിവൈസിന് മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍, അത് ചിത്രത്തില്‍ വ്യക്തമല്ല. ഭയപ്പെടുന്നവരെ കൊല്ലുന്നു. തന്നെ ഭയപ്പെടുന്നവരുടെ ഭയത്തെ അത് ആസ്വദിക്കുന്നു. ഭയത്തിന് പെട്ടെന്ന് അടിമപ്പെട്ട് പോകുന്നത് കുട്ടികളാണ്. അതുകൊണ്ട് തന്നെ പെന്നിവൈസ് കുട്ടികളെ കൂടുതലായി ആക്രമിക്കുന്നു. ഓരോ അനുഭവങ്ങളില്‍ നിന്നാണ് നമുക്ക് ഭയമുണ്ടാകുന്നത്. ആ ഭയത്തെ ഓര്‍മിപ്പിച്ചുകൊണ്ട് നമ്മളിലേക്ക് എത്തിചേരുകയാണ് പെന്നിവൈസ് ചെയ്യുന്നത്. നമ്മുടെ ഭയങ്ങള്‍ നിലകൊള്ളുന്ന മനസിന്റെ ഉള്ളറകളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് ചിത്രത്തില്‍ പെന്നിവൈസിന്റെ താവളവും.

മറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കുട്ടികളെ സഹായിക്കാന്‍ രക്ഷിതാക്കള്‍ രംഗത്തെത്തുന്നില്ല. മറിച്ച് അവരില്‍ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണ് കുട്ടികളെ പെന്നിവൈസില്‍ നിന്നും മോചിപ്പിക്കുന്നത്. തങ്ങളുടെ ഭയങ്ങളെ നേരിട്ടാല്‍ മാത്രമേ പെന്നിവൈസിനെ തുരത്താന്‍ കഴിയൂ എന്ന ചിന്തയാണ് സിനിമയുടെ ഗതി നിയന്ത്രിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, എല്ലാ ഹൊറര്‍ ചിത്രങ്ങളേയും പോലെ ഇടയ്ക്കിടെ പ്രേതം വന്ന് പേടിപ്പിക്കുന്നില്ല എന്നുള്ളതാണ്. പെന്നിവൈസ് എപ്പോഴും ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ നിലനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ ഭയപ്പെടുമ്പോള്‍ മാത്രം പെന്നിവൈസിനെ കാണുന്നു. ചിത്രത്തില്‍ ഉടനീളം സാധാരണ ഹൊറര്‍ ചിത്രങ്ങളെപ്പോലെ ഇരുണ്ട രംഗങ്ങളല്ല. മറിച്ച് ഭയത്തോടൊപ്പം തന്നെ ഒരുപാട് ചിരിക്കാനുള്ള സന്ദര്‍ഭങ്ങളും തെളിച്ചമുള്ള ദൃശ്യങ്ങളുമുണ്ട്. പേടിപ്പിക്കാനായി കഥ പറയാതെ കഥയിലൂടെ പേടിയുളവാക്കുകയാണ് സംവിധായകന്‍ ആന്‍ഡി മഷ്യേറ്റിയും സംഘവും.

കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ സര്‍ക്കസിലെ കോമാളി വേഷത്തില്‍ എത്തി അവരെ ഇല്ലായ്മ ചെയ്യുകയാണ് പെന്നിവൈസ്. ഒരു ബലൂണ്‍ നല്‍കി കുട്ടികളെ വശീകരിക്കുന്നു. എന്നാല്‍ ബില്ലും കൂട്ടുകാരും ഈ പ്രലോഭനത്തെ അതിജീവിക്കുകയും തങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ഭയത്തെ അതിജീവിച്ചാല്‍ മാത്രമേ പെന്നിവൈസ് ഇല്ലാതാകുകയുള്ളു എന്ന് മനസിലാക്കുകയും ചെയ്യുന്നു. 1986ല്‍ പ്രസിദ്ധീകരിച്ച, സ്റ്റീഫന്‍ കിംഗിന്‍റെ വിഖ്യാതമായ ‘IT’ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. 1990ല്‍ ടോമി ലീ വാല്ലസ് എന്ന സംവിധായകനാണ് ആദ്യമായി ITയെ ടിവി സീരിയല്‍ രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്നിവൈസ് പ്രേക്ഷകരെ കാണാന്‍ എത്തിയിരിക്കുകയാണ്. യാദൃശ്ചികമെന്നവണ്ണം നോവലിലെ പെന്നിവൈസ് 27 വര്‍ഷത്തിന്റെ ഇടവേളകളിലാണ് ടെറി എന്ന പട്ടണത്തെ വേട്ടയാടുന്നത്.

ചിത്രം ഒരു വ്യക്തമായ അന്ത്യത്തിലേക്ക് എത്തുന്നില്ല. സ്ഥിരം കാണാറുള്ള പ്രേതത്തിന്‍റെ ചരിത്രമോ വിവരണങ്ങളോ ന്യായവാദങ്ങളോ ചിത്രത്തിന്‍റെ അവസാനം കാണുന്നില്ല. പെന്നിവൈസ് ഇല്ലാതായോ, തിരികെ വരുമോ എന്നതിനും ഉത്തരമില്ല. വരാനിരിക്കുന്ന IT ചിത്രങ്ങളുടെ ആദ്യ അദ്ധ്യായം എന്ന രീതിയിലാണ് ഇത് അപൂര്‍ണതയില്‍ അവസാനിക്കുന്നത്. ആ അപൂര്‍ണതയാണ് ചിത്രത്തിന്‍റെ ഭംഗിയും. കാരണം പെന്നിവൈസ് നിലനില്‍ക്കുന്നത് ഭയത്തിലാണ്. ഭയം എന്നന്നേക്കുമായി ഇല്ലാതാകുന്ന ഒന്നല്ല, മറിച്ച് അതിജീവിക്കേണ്ട ഒന്നാണ്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍