UPDATES

സിനിമാ വാര്‍ത്തകള്‍

ചരിത്രം വഴിമാറുന്നു; ബോണ്ട് എണ്ണം കൂടും, 007 ആയി ലഷന ലിഞ്ച്, കറുത്ത വംശജ

ബോണ്ട്‌ ബോണ്ടായി തുടരുമെങ്കിലും ബോണ്ട് ഗേളായല്ലാതെ ‘007’ ആയാണ് ലഷനയെത്തുന്നത്.

ഏജന്റ് 007 എന്ന മാന്ത്രിക കോഡുമായി ലോക സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച സീരീസാണ് ജെയിംസ് ബോണ്ട്. ബോണ്ട് സീരീസിൽ ജെയിംസ് ബോണ്ടിനോളം പ്രാധാന്യമുള്ളതാണ് ‘ബോണ്ട് ഗേൾസ്’ എന്നറിയപ്പെടുന്ന നായികമാരും. പുതിയ ദൗത്യവുമായി ഡാനിയല്‍ ക്രേയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായെത്തുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബോണ്ടിനോളം പ്രാധാന്യത്തോടെ ലഷന ലിഞ്ച് സിനിമയിലെത്തുമെന്നാണ് വിവരം. എന്നാൽ ബോണ്ടിന്റെ ഐക്കോണിക് കോഡ് നമ്പറായ 007 കൈകാര്യം ചെയ്യുന്ന ഏജന്റായെത്തുക ഇത്തവണ ലഷന ലിഞ്ചായിരിക്കും എന്നാണ് പ്രത്യേകത. ഇത്തവണ ഒന്നിലധികം ബോണ്ടുകൾ ഉണ്ടെന്ന സൂചനയാണ് ഇതിലുടെ പുറത്ത് വരുന്നത്. എന്നാൽ ഒരു സ്ത്രീയെ ഇതിനായി തിരഞ്ഞെടുക്കുമ്പോൾ അത് കുറുത്ത വര്‍ഗ്ഗക്കാരിയാണെന്നതാണ് മറ്റൊരു പ്രത്യേകത.

എന്നാൽ, ബോണ്ടിനോളം അല്ലെങ്കിൽ അതിനേക്കാൾ‌ പ്രാധാന്യം ലഷന ലിഞ്ചിന്റെ കഥാപാത്രത്തിനു നല്കുന്നുവെന്നാണ് റിപ്പോർട്ട്. ബോണ്ട്‌ ബോണ്ടായി തുടരുമെങ്കിലും ബോണ്ട് ഗേളായല്ലാതെ ‘007’ ആയാണ് ലഷനയെത്തുന്നത്. ക്യാപ്റ്റൻ മാർവലില്‍ എയഫോഴ്സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് ബോണ്ട് സീരീസിലേക്ക് ലഷന ലിഞ്ച് കടന്നുവരുന്നത്. MI6-നില്‍ നിന്നും ബോണ്ട്‌ വിരമിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പുതിയ വില്ലനെതിരെ പോരാടുന്നതിനായി ബോണ്ടിനെ തിരിച്ചു വിളിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നതെന്ന് അജ്ഞാതമായ ഉറവിടത്തെ ഉദ്ധരിച്ചുകൊണ്ട് ‘ദി ഗാർഡിയന്‍’ റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ലണ്ടനിൽ നിന്നുള്ള 31 കാരിയായ ലഷന 2011-ലെ ഫാസ്റ്റ് ഗേൾസിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ഈ വർഷം പുറത്തിറങ്ങിയ ക്യാപ്റ്റൻ മാർവലിലെ മരിയ റാംബ്യൂ എന്ന കഥാപാത്രമാണ് ശ്രദ്ധേയയാക്കിയത്. ബോണ്ടിന്റെ പ്രശസ്തമായ കോഡ് ഇനി മുതല്‍ ലഷന കൈകാര്യം ചെയ്യുക എന്ന വാർത്ത ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. യു.‌എസ് ഗായികയായ ഹാലെ ബെയ്‌ലിയെ ഡിസ്നിയുടെ ലിറ്റിൽ മെർമെയ്ഡ് എന്ന ആക്ഷന്‍ ചിത്രത്തില്‍ കാസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ച വലിയ വാർത്തയായിരുന്നു.

കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ നീല്‍ പര്‍വീസും, റോബര്‍ട്ട് വേഡും ചേര്‍ന്നാണ് പുതിയ ബോണ്ട് ചിത്രവും അണിയിച്ചൊരുക്കുന്നത്. ഇറ്റലിയിലും യുകെയിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. തുടക്കം മുതല്‍ ഈ ബോണ്ട് ചിത്രം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇനി ബോണ്ടാകാനില്ലെന്ന് ക്രെയ്ഗ് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ 2017-ൽ അദ്ദേഹം അഭിനയിക്കാന്‍ സന്നദ്ധത അറിയിച്ചു. എന്നാൽ അതേ വർഷം തന്നെ തിരക്കഥയെച്ചൊല്ലിയുള്ള തർക്കം ചൂണ്ടിക്കാട്ടി സംവിധായകൻ ഡാനി ബോയൽ ചിത്രത്തില്‍ നിന്നും പിന്മാറി. തുടർന്ന് അമേരിക്കന്‍ സംവിധായകനായ കാരി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനിടെ ചില ഇംഗ്ലീഷ് സൈറ്റുകളില്‍ ചിത്രത്തിന്റെ കഥാതന്തു ചോർന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

Read More: ‘ഇത് വെള്ള ദേശീയവാദികളുടെ അജണ്ട, അവര്‍ വൈറ്റ് ഹൌസിലെ പൂന്തോട്ടത്തിലും എത്തിയിരിക്കുന്നു’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍