UPDATES

അന്‍വര്‍ അബ്ദുള്ള

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

അന്‍വര്‍ അബ്ദുള്ള

സിനിമ

ജയന്മാരെ മാത്രമല്ല വിജയന്മാരെയും കാലം സ്പൂഫാക്കിക്കളയും; അത് ഒ.വി.വിജയനായാലും മറ്റേതെങ്കിലും വിജയനായാലും

ജീവിതവും മരണവും ചേര്‍ന്ന് ഒരു മനുഷ്യനെ കള്‍ട്ടാക്കി മാറ്റുന്നതിന്റെ കറതീരാത്ത ചിത്രമാണ് ജയന്റെ ജീവിതവും മരണവും ചേര്‍ന്നു വരയ്ക്കുന്നത്; ജയജയജയജയഹേ…!

ജയന്‍ മരിച്ചിട്ട് മുപ്പത്തേഴു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. അതിനുമുന്‍പ്, കാര്യമായി മലയാളിതാരങ്ങള്‍ മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജയന്റെ മരണം ആ തരത്തില്‍ മലയാളിയുടെ ആദ്യത്തെ ആര്‍ഭാടമായിരുന്നു. മലയാളത്തിലെ ആദ്യത്തെ താരം പിറക്കുന്നത് 1951ലെ ജീവിതനൗകയോടെയാണല്ലോ. എന്നാല്‍ ആ സൂപ്പര്‍താരം തിക്കുറിശ്ശിക്ക് പിന്നെ കാര്യമായി തകര്‍ക്കാന്‍ പറ്റിയില്ല. തൊട്ടുപിന്നാലെ, 1952ല്‍ പ്രേംനസീറും സത്യനും വരുന്നു. പിന്നാലെ മധുവും. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സത്യന്‍ നായകനായി വിലസുമ്പോള്‍ അച്ഛന്‍വേഷങ്ങളിലേക്കൊതുങ്ങീ തിക്കുറിശ്ശി. അന്‍പതുകളുടെ തുടക്കത്തിലാരംഭിച്ച, മലയാളസിനിമാവ്യവസായത്തിലെ ഒന്നാം താരവ്യവസ്ഥ എഴുപതുകളുടെ അവസാനം എണ്‍പതുകളുടെ ആദ്യം വരെ നീണ്ടുനിന്നു. ആ വ്യവസ്ഥയ്ക്ക് ഇളക്കം തട്ടുന്നത് എഴുപതുകളുടെ അവസാനം ജയന്‍ രംഗത്തുവരുന്നതോടെയാണ്.

കൃഷ്ണന്‍ നായരെന്ന ജയന്‍. മലയാളത്തിലെ ആദ്യത്തെ ജനപ്രിയ മെഗാതാരം. ഇരുമ്പഴികളുടെ കൂറ്റന്‍ കട്ടൗട്ട് പാലക്കാട്ടുയര്‍ന്നപ്പോള്‍, അതുകണ്ട് ജനം ഇടിച്ചുകയറി പാലക്കാട് പ്രിയദര്‍ശിനി തിയറ്ററിന്റെ ചില്ലുകള്‍ തകര്‍ന്നപ്പോള്‍, ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഒരു പ്രേക്ഷകന്‍ മരിച്ചപ്പോള്‍ സ്വപ്നവ്യാപാരത്തിന്റെ അധോലോകവിശാലതയില്‍ ചരിത്രം വെടിപൊട്ടിവിടരുകയായിരുന്നു (മലയാളത്തിലെ ഫാന്‍സ് ചരിത്രത്തിന്റെ ആദ്യത്തെ രക്തസാക്ഷി – ഒരുപക്ഷേ അവസാനത്തെയും; കാരണം, ഇപ്പോഴുള്ളതെല്ലാം രക്തമില്ലാത്ത, ക്ഷീരസാക്ഷികളാണല്ലോ!).

പറഞ്ഞുവന്നതിലേക്കു മടങ്ങാം. ജയന്റെ അകാലികമായ അപമൃത്യുവിനുമുന്‍പ് മലയാളികള്‍ അങ്ങനൊരു താരവിയോഗം അനുഭവിച്ചിട്ടില്ല. സത്യന്‍ മാത്രമാണ് നാം പരിചയിച്ച ചലച്ചിത്രതാരമൃത്യു. ജയനുശേഷം അനേകരുടെ മരണമുണ്ടായി. സൂപ്പര്‍താരം, ജനപ്രിയതയുടെ പട്ടുകുപ്പായമണിഞ്ഞ സ്വപ്നഹീറോ നിത്യഹരിതനായകന്‍ പ്രേംനസീര്‍ പോയി. നായകതലത്തില്‍ ശോഭിച്ചിരുന്ന സുകുമാരനും സോമനും ആയുസ്സു ബാക്കിവച്ചു കടന്നുപോയി. സുധീര്‍ മരിച്ചു. വിന്‍സന്റ് മരിച്ചു. ബാലന്‍ കെ നായരും ജോസ് പ്രകാശും ഗോവിന്ദന്‍കുട്ടിയും മരിച്ചു. കെ.പി. ഉമ്മറും അടൂര്‍ ഭാസിയും ബഹദൂറും ഫിലോമിനയും ശങ്കരാടിയും മീനയും സുകുമാരിയും മരിച്ചു. കുതിരവട്ടം പപ്പുവും മാളയും ആലുമ്മൂടനും മരിച്ചു… അങ്ങനെ എത്രയെത്രയോ മരണങ്ങള്‍.

പക്ഷേ, ഈ മരണങ്ങളെക്കാളൊക്കെ മീതെ ഇന്നും ജയന്റെ മരണം നിലകൊള്ളുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റായ സിനിമയായി. അദ്ദേഹം നടിച്ച എല്ലാ സിനിമകളെക്കാളും സിനിമാറ്റിക്കായി. കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടെ ഹെലികോപ്ടറപകടത്തില്‍ ജയന്‍ മരിച്ചപ്പോള്‍ ഉയര്‍ന്ന അഭ്യൂഹങ്ങളെത്ര. പുതിയ താരോദയത്തില്‍ ഈര്‍ഷ്യ പൂണ്ട സുകുമാരന്‍ ജന്മനാ വില്ലനായ ബാലന്‍ കെ നായരുടെ സഹായത്തോടെ അദ്ദേഹത്തെ കോപ്ടറില്‍നിന്നു ചവിട്ടിത്താഴെയിട്ടതാണെന്നുവരെ കഥകള്‍ പരന്നു. ഒന്നാമതു ഷൂട്ടു ചെയ്തു ഭംഗിയായ രംഗം ജയന്‍ രണ്ടാമതെടുക്കാന്‍ നിര്‍ബന്ധിച്ച് അപമൃത്യു ക്ഷണിച്ചുവരുത്തുകയായിരുന്നത്രേ.

വെറും മൂന്നു വര്‍ഷമാണ് ജയന്‍ മലയാളസിനിമയിലുണ്ടായിരുന്നത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ കുറേയധികം സിനിമകള്‍ പുറത്തുവന്നത് മരണത്തിനു ശേഷമായിരിക്കണം. പുതിയ വെളിച്ചവും കോളിളക്കവും മറ്റും. ജീവിതവും മരണവും ചേര്‍ന്ന് ഒരു മനുഷ്യനെ കള്‍ട്ടാക്കി മാറ്റുന്നതിന്റെ കറതീരാത്ത ചിത്രമാണ് ജയന്റെ ജീവിതവും മരണവും ചേര്‍ന്നു വരയ്ക്കുന്നത്. കൃഷ്ണന്‍ നായര്‍ എന്ന ജയന്‍, ഒന്നിച്ചഭിനയിച്ചവരുടെ പ്രിയമിത്രം (നസീറിന്റെയും മധുവിന്റെയും കമല്‍ഹാസന്റെയും കൂടെ അദ്ദേഹം യഥാക്രമം ഇരുമ്പഴികള്‍, മീന്‍, മദനോത്സവം എന്നീ സിനിമകളില്‍ നടിച്ചു. മൂന്നാളുടെയും പ്രിയകൂട്ടുകാരനുമായി). അത് ജയന്റെ ഉദയാസ്തമയകാലത്ത് (അതൊരു വിചിത്രകല്പനതന്നെ!) ഉദിക്കാന്‍ ശ്രമിക്കുന്ന പുതുവില്ലന്‍താരമായ മോഹന്‍ലാല്‍ വരെ നീണ്ടുനില്‍ക്കുന്നു.

ജയനെ സംബന്ധിച്ച ഏതാനും ഓര്‍മകളാണ് വ്യക്തിപരമായി എനിക്കു പങ്കുവയ്ക്കാനുള്ളത്. ഒന്ന്, കുടുംബത്തിലെല്ലാവരും ചേര്‍ന്ന് ഒരു കുടക്കീഴില്‍ എന്ന സിനിമ കാണാന്‍ കുടയംപടി മേനകയില്‍ പോയതാണ്. ടിക്കറ്റെടുത്ത് അകത്തു കയറിയപ്പോള്‍ സിനിമ മാറിയിരിക്കുന്നു. ഒരു കുടക്കീഴിലിനു പകരം, ദീപമാണ്. ജയന്റെ സിനിമ. എന്റെ വല്യകൊച്ചാപ്പയ്ക്കാണെങ്കില്‍ (മൂപ്പര് നാടകപ്രവര്‍ത്തനമുള്ളയാളാണ്) ജയനെ കണ്ണെടുത്താല്‍ കണ്ടൂട. പക്ഷേ, ഞങ്ങള്‍ കുട്ടികള്‍ രസംപിടിച്ചിരുന്ന് ദീപം കണ്ടു. കുതിരയുടെ പിന്നില്‍ ആളെ കെട്ടിയിഴച്ചുവലിക്കുന്ന സൂപ്പര്‍ ത്രില്ലിംഗ് രംഗങ്ങളുള്ള അതിഭയങ്കരപുണ്യപുരാണകളര്‍പടം (പുതിയ കോപ്പി) ആണ് ദീപം. അങ്ങനെ ജയനോട് ആരാധന തോന്നി പിന്നീട് കുടയംപടി മേനകയില്‍ വന്ന ബെന്‍സ് വാസു, കരിമ്പന പോലെയുള്ള സിനിമകള്‍ കണ്ടുനടന്ന അക്കാലം.

ജയന്‍: ഇന്ത്യന്‍ സിനിമയിലെ സിക്‌സ് പാക്ക് വിപ്ലവത്തിന് മുന്‍പ്

മറ്റൊന്ന്, തിരുവാറ്റയിലുള്ള കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ പലചരക്കുകടയാണ്. അവിടെ ഓരോ മൂലയിലും ജയന്റെ പടങ്ങള്‍ വെട്ടിയൊട്ടിച്ചുവച്ചിരുന്നു. സാധാരണക്കാരെ ജയന്‍ എങ്ങനെ ആഹ്ലാദിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്തിരുന്നുവെന്നതിന്റെ വലിയ ഉദാഹരണമാണത്. അന്ന് പത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നതിനാല്‍ എല്ലാം കറുപ്പും വെളുപ്പും പടങ്ങള്‍. മിക്കവാറും എല്ലാ ജയന്‍പടങ്ങളുടെയും സമുചിതസ്മാരകം തന്നെയായിരുന്നു കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ കട. പില്‍ക്കാലത്ത് കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ കടയിലെ ജയന്‍ ചിത്രങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ചിത്രങ്ങള്‍ വന്നുതുടങ്ങി. ഒടുവില്‍ ജയന്‍ ചിത്രങ്ങളെല്ലാം പോകുകയും മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിറയുകയും ചെയ്തു. ജയന്റെ ശൂന്യതയിലാണ് മോഹന്‍ലാല്‍ തന്റെ പീഠമുറപ്പിച്ചതെന്ന് ഈ ചരിത്രസംഭവം നിസ്സംശയം തെളിയിക്കുന്നു.

മറ്റൊരു രസകരമായ സ്മരണ വിജയ് മേനോന്‍ എന്ന നടനുമായുള്ള പരിചയകാലവുമായി ബന്ധപ്പെട്ടാണ്. വിജയ് മേനോന്‍ സ്വാനുഭവങ്ങള്‍ പറയുമ്പോള്‍ ആദ്യസിനിമയായ നിദ്രയെപ്പറ്റിയും പറയുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ വിജയ് മേനോന്‍ സംവിധാനസഹായി ആകാനുള്ള മോഹവുമായാണ് ഭരതനെക്കാണുന്നത്. പുതിയ സിനിമയില്‍ നായകനായിക്കൊള്ളാനാണ് ഭരതന്‍ പറഞ്ഞത്. ഷൂട്ടിംഗിന്റെ ആദ്യദിവസം ആരവം നിറഞ്ഞ മനസ്സുമായെത്തുന്ന വിജയ്മേനോനെ നേരിടുന്നത് ഷൂട്ടിംഗ് സെറ്റിലെ സമ്പൂര്‍ണനിശ്ശബ്ദതയും നിഷ്‌ക്രിയതയുമാണ്. കാര്യം അന്വേഷിച്ച വിജയ് മേനോന്‍ അറിയുന്നു, ജയന്‍ മരിച്ചു. സിനിമ മരിച്ചു എന്നു പറയുന്നതുപോലെയായിരുന്നു അത്. ജയന്‍ മരിച്ചതുകൊണ്ട് നിദ്ര എന്ന സിനിമ നടക്കുമോ എന്ന ഭയന്നിരുന്നു വിജയ് മേനോന്‍. ഭാഗ്യം അതു നടന്നു. സിനിമ നടക്കും. ആരു മരിച്ചാലും. കാരണം, സിനിമയ്ക്ക് ആരെയും വേണ്ട; എല്ലാവര്‍ക്കും സിനിമയെയാണു വേണ്ടത്.

ജയന്‍ പില്‍ക്കാലത്ത് സ്പൂഫായിത്തീര്‍ന്നു. ഒരുപക്ഷേ, ആണത്തത്തിന്റെയും ഗൗരവത്തിന്റെയും മഹാകാരവും മഹാഭാവവുമായിരുന്ന ജയന്റെ വിപരിണാമം. സത്യനും നസീറും മധുവും വരെ ലൈറ്റ് കോമഡി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളപ്പോള്‍ ജയന് അതു സാധ്യമായിരുന്നില്ല. ലൈറ്റ് പ്രേമവും ഡാന്‍സും ചെയ്യാനുള്ള ശ്രമത്തിന്റെ വൈകല്യം ലൗ ഇന്‍ സിംഗപ്പൂര്‍ കണ്ടിട്ടുള്ളവര്‍ മറക്കുകയില്ല. അടിമുടി ആണും ഗൗരവശാലിയുമായിരുന്ന ജയന്‍ താനൊരിക്കലും വിചാരിക്കാത്ത മട്ടില്‍ ആ ആണത്തത്തിന്റെ കോമാളിരൂപമായിത്തീരുകയായിരുന്നു പില്‍ക്കാലത്ത്. കരുത്തിന്റെ കുരുത്തംകെട്ട ശീര്‍ഷാസനം.

അതെന്താണു സംഭവിപ്പിച്ചത്?

തൊണ്ണൂറുകളുടെ അന്ത്യത്തില്‍, രണ്ടായിരങ്ങളുടെ ആരംഭത്തില്‍ ഇരച്ചുപുറപ്പെട്ടു പുറത്തുചാടിയ ചാനല്‍പ്പക്ഷിക്കലപിലയില്‍, ജയറാമിനു പിന്നാലെ, ദിലീപിന്റെയും താരസിംഹാസനപ്പൊലിമയോടെ പിറന്ന മിമിക്രിയുഗത്തില്‍, ചാനലുകള്‍ക്ക് മിമിക്രി വേണം, മിമിക്രിക്കാര്‍ക്കു ചാനലുകള്‍ വേണം. രണ്ടുകൂട്ടര്‍ക്കും സിനിമ വേണം.

ആ മിതശീതോഷ്ണാവസ്ഥയില്‍, സമാനമായ മറ്റൊരു ചരിത്രസന്ദര്‍ഭത്തില്‍ മലയാളസിനിമയ്ക്കു ഷക്കീലയെന്ന പോലെ മിമിക്രിമാക്രികള്‍ക്കു കിട്ടിയ തറവാട്ടുസ്വത്തായിരുന്നു ജയന്‍ (തങ്ങളെ ന്യായീകരിച്ച് മിമാക്രികള്‍ പറഞ്ഞു: ഞങ്ങളാണു യഥാര്‍ത്ഥത്തില്‍ ജയനെ നിലനിര്‍ത്തിയത്. യഥാര്‍ത്ഥ്യം തിരിച്ചായിരുന്നൂ സുഹൃത്തുക്കളേ, ജയനാണു നിങ്ങളെ നിലനിര്‍ത്തിയത്)

മരണശേഷം ജയന്റെ ഏതാനും സിനിമകള്‍ റിലീസ് ചെയ്യുകയുണ്ടായി. സുപ്രധാനമായും കോളിളക്കം. ജയന്റെ മരണവിലാപയാത്രയുടെ ക്ലിപ്പിംഗുകളൊക്കെ കാട്ടി കൊട്ടക കൊള്ളയടിക്കാനൊരുങ്ങിയ കോളിളക്കത്തിന് ജയനുവേണ്ടി ഒരു ശബ്ദം വേണമായിരുന്നു. അങ്ങനെ ആലപ്പി അഷ്റഫിന്റെ മിമിക്രിയില്‍ അതെത്തിനിന്നു. ആലപ്പി അഷ്റഫാകട്ടെ, ജയന്റെ കൃത്യം ശബ്ദം പിടിക്കാതെ, ഒരു കാരിക്കേച്ചറിസ്റ്റ് തന്റെ ഇരകളുടെ പര്‍വതീകരിക്കുകയോ വക്രീകരിക്കുകയോ ചെയ്യേണ്ട മര്‍മത്തില്‍ മാസ്റ്റര്‍ സ്ട്രോക്ക് പായിക്കുന്നതുപോലെ, ജയന്റെ ശബ്ദത്തിലെ അല്പദീര്‍ഘതയെ കയറിപ്പിടിക്കുന്നു. ജഗ്ഗൂൂൂ എന്ന ജയന്‍ വിളിയെ ആലപ്പി അഷ്റഫ് ജഗ്ഗ്ഗ്ഗൂൂൂൂൂൂ… എന്നാക്കുന്നു. മിമിക്രിക്കാര്‍ അതിനെ ജഗ്ഗ്ഗ്ഗ്ഗ്ഗൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ എന്ന് മുക്രയിടലാക്കിമാറ്റുന്നു.

ഒരു പെരുമ്പാമ്പിനെക്കിട്ടിയിരുന്നെങ്കില്‍ ചക്കയിടാമായിരുന്നു… ഒരു മൈതാനവും നാലു കിണറുമുണ്ടായിരുന്നെങ്കില്‍ കാരംസ് കളിക്കാമായിരുന്നു. ഒരു മുതലയെക്കിട്ടിയിരുന്നെങ്കില്‍ വെറുതെ വാ പൊളിച്ച് പല്ലെണ്ണിനോക്കാമായിരുന്നു… എന്തെല്ലാം ഉദീരണങ്ങള്‍.
ജയനു പിന്നാലെ വന്ന ജയന്മാരെത്ര? ജയന്റെ സഹോദരന്‍ സോമന്‍ തന്നെ അജയന്‍ എന്ന പേരില്‍ ഉദയം എന്ന സിനിമയുമായി വന്നു. കോട്ടയം രാജ്മഹാളില്‍ യശശ്ശരീരനായ ജയന്റെ സഹോദരന്‍ അജയന്‍ അഭിനയിക്കുന്ന ഉദയം ഇന്നുമുതല്‍…. അനൗണ്‍മെന്റുമായി ഓടിയ, നിറുകയില്‍ പരസ്യച്ചതുര നെറ്റിപ്പട്ടം കെട്ടിയ മഞ്ഞയും കറുപ്പും ടാക്സി ഇന്നും നല്ല ഓര്‍മ!

നടന്‍ ജയന്‍റെ മരണത്തിന് ഞാന്‍ സാക്ഷി; മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിക്കുന്നു

ഭീമന്‍ രഘു ശരിക്കും കുറേ മുതലകളുമായി മല്ലിട്ടു. അവരും സ്പൂഫുകളായിരുന്നു. ജയന്‍ ഒരര്‍ത്ഥത്തില്‍ അതെല്ലാം അര്‍ഹിക്കുന്നുണ്ട്. ജയന്‍ മാത്രമല്ല, സിനിമയിലോ സാഹിത്യത്തിലോ സ്പോര്‍ട്സിലോ മാസ് കള്‍ട്ടായി മാറുന്നവര്‍ അവരുടെ പില്‍ക്കാല സ്പൂഫിംഗ് അര്‍ഹിക്കുന്നുണ്ട്. ഹംഫ്രി ബൊഗാര്‍ടിന്റെ സ്പൂഫ് സൃഷ്ടിച്ച് അതിനെ ഴാങ് ലുക് ബെല്‍മാന്‍ടോയെക്കൊണ്ട് നടിപ്പിച്ചില്ലേ ഗൊദാര്‍ദ്.

മലയാളിയുടെ ശാരീരികബോധത്തെ, വേഷപരിഷ്‌കാരബോധത്തെ, കേശപരിഷ്‌കാരനിഷ്‌കര്‍ഷയെ (വിഗ്ഗുകൊണ്ടായാലും) സ്ത്രീപുരുഷബന്ധകാമനാസങ്കല്പങ്ങളെ ഒക്കെ അടിയിളക്കി, പുതുക്കിയതില്‍ ജയനും നിസ്സാരമല്ലാത്ത പങ്കുണ്ട്. ആ അര്‍ത്ഥത്തില്‍ ജയനുനേരേ മലയാളി നീട്ടിയ ഓരോ കോക്രിയും മലയാളിക്കു നേരേ തന്നെയുള്ള കോക്രികളാണ്; ഒരു തരം കണ്ണാടിയില്‍ നോക്കി കൊഞ്ഞനംകുത്തല്‍. പിന്നെ, അദ്ദേഹം മരിച്ച രീതിയെ പാരഡി ചെയ്തുകൊണ്ട് മലയാളി സൃഷ്ടിച്ച പാപപങ്കിലമായ ചിരി മലയാളിയുടെ ചിരിപാരമ്പര്യത്തിലെ കുറ്റവാസനകള്‍ക്കു മേല്‍ ഒരു കിരീടവും കൂടി വച്ചുവെന്നേയുള്ളൂ.

സത്യം പറയാമല്ലോ… ജയന്മാരെ മാത്രമല്ല വിജയന്മാരെയും കാലം സ്പൂഫാക്കിക്കളയും. അത് ഒ.വി.വിജയനായാലും മറ്റേതെങ്കിലും വിജയനായാലും.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

അന്‍വര്‍ അബ്ദുള്ള

അന്‍വര്‍ അബ്ദുള്ള

എഴുത്തുകാരന്‍, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അദ്ധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍