UPDATES

സിനിമ

ആരാണ് മോഹൻലാലിൻറെ ‘ബറോസ്സി’നായി തിരക്കഥ ഒരുക്കുന്ന ജിജോ പുന്നൂസ്?

നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചയപെടുത്തിയ ഫിലിം മേക്കർ എന്ന പേരിലാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

മോഹൻലാൽ സംവിധായകൻ ആകുന്നു എന്ന വാർത്ത പുറത്ത് വന്നത് മുതൽ ചർച്ചയാകുന്ന മറ്റൊരു പേരാണ് ജിജോ പുന്നൂസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് ആണ്.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നീ രണ്ടു സിനിമകൾ മലയാള സിനിമ ആസ്വാദകർ ഒരിക്കലും മറക്കാനിടയില്ല. ഇന്ത്യൻ സിനിമയുടെ ലാൻഡ് മാർക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പുന്നൂസ് ആണ്. മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനാണ് അദ്ദേഹം.

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രിഡി ചലച്ചിത്രമാണ് 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നവോദയ അപ്പച്ചനായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

1984 ൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് ഡിടിഎസ് സാങ്കേതിക മികവോടെ 1997 ൽ വീണ്ടും റീ റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയ്ക്ക് ഡിടിഎസ് സംവിധാനം പരിചയപ്പെടുത്തിയതും ജിജോ എന്ന സംവിധായകനാണ്. ഹിന്ദി, തമിഴ് ഭാഷകളിലും റിലീസ് ചെയ്തിരുന്ന. പിന്നീട് 2011 ൽ ഡിജിറ്റൽ ഫോർമാറ്റിലും ചിത്രം റിലീസിനെത്തിച്ചിരുന്ന.

മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമാണ് പടയോട്ടം. ജിജോയുടെ ‘പടയോട്ട’ത്തിൽ മോഹൻലാൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നവോദയായുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ‘പടയോട്ടം’ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു.

നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചയപെടുത്തിയ ഫിലിം മേക്കർ എന്ന പേരിലാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും മോഹൻലാൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍