UPDATES

സിനിമ

ജൂഡ് മുതലാളി ദുര്‍ബലനായ ആണ്, അയാള്‍ക്ക് പാര്‍വതിമാരെ പേടിയാണ്

തൊമ്മി സിന്‍ഡ്രോം ബാധിച്ചിരിക്കുന്ന ജൂഡിനെപ്പോലുള്ളവര്‍ക്ക് എഴുതാന്‍ കഴിയുന്നതും പറയാന്‍ കഴിയുന്നതുമായ കഥകള്‍ ഇനിയുമെഴുതുക…സത്യം പറയാന്‍ ധൈര്യമുള്ളവര്‍ അത് പറഞ്ഞുകൊണ്ടേയിരിക്കും

“എന്റെ ഒരു വനിത സുഹൃത്ത് എന്നെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും ‘പുരുഷാഹങ്കാരം’ എന്നുപയോഗിക്കുന്നു. എന്നെ കുറിച്ച് അത് ശരിയല്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, തുടക്കം മുതല്‍ക്കേ ഞാന്‍ തുറന്ന മനസ്സോടെയാണ് സ്ത്രീത്വത്തെ സമീപിക്കുന്നത്. കൂടാതെ ഈ പദം അവള്‍ ഉപയോഗിക്കുമ്പോള്‍ അവള്‍ക്ക് പുരുഷന്മാരോട് ഒരുതരം വെറുപ്പുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പുരുഷാഹങ്കാരം എന്താണെന്നും ഒരു സ്ത്രീ പുരുഷനു നേരെ ആ പദം ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥമാക്കുന്നതെന്താണെന്നും വിശദീകരിക്കാമോ?”

ഓഷോയോട് ഒരാള്‍ ചോദിച്ചതാണ്. വളരെ വിശദമായി ഈ ചോദ്യത്തിനുള്ള മറുപടി ഓഷോ നല്‍കുന്നുണ്ട്. നൂറ്റാണ്ടുകളായി പുരുഷന്‍ വളരെ മനുഷ്യത്വരഹിതമായാണ് സ്ത്രീകളോട് പെരുമാറുന്നത്. കാരണം, സ്ത്രീയേയും പുരുഷനേയും താരതമ്യം ചെയ്യുമ്പോള്‍ അവന് അനുഭവപ്പെടുന്ന അഗാധമായ അപകര്‍ഷതാബോധമാണ്. പ്രധാനമായും ഓഷോ ചൂണ്ടിക്കാണിക്കുന്ന ഒരു സത്യമുണ്ട്; പുരുഷന്‍ സ്ത്രീയെക്കാള്‍ ദുര്‍ബലനാണ്.

എന്നാല്‍ ഈ സത്യം അവന്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ തിരിച്ചറിയുകയും തന്റെ ദൗര്‍ബല്യം മറയ്ക്കാന്‍ സ്ത്രീയെ അവന്‍ അബലയാക്കി പ്രചാരണം നടത്തുകയും ചെയ്തു. എവിടെല്ലാം അവള്‍ വെല്ലുവിളിയാകുന്നുവോ അവിടെയെല്ലാം അവന്‍ തന്ത്രങ്ങള്‍ പയറ്റി അവളെ സ്വയം തെറ്റിദ്ധാരണയ്ക്ക് വിധേയയാക്കി. അവളുടെ ആവശ്യങ്ങള്‍ അവന്‍ നിരാകരിക്കും. അതു തന്നെയാണ് മുഖ്യതന്ത്രം. ഏറ്റവും ലളിതമായൊരു ഉദ്ദാഹരണം പറയുകയാണെങ്കില്‍, സെക്‌സ്. സെക്‌സില്‍ എത്രയോ പരാജയമാണ് ഓരോ പുരുഷനും. എന്നാല്‍ അവനത് സമ്മതിക്കുമോ? ഒരു സ്ത്രീയുടെ രതിമൂര്‍ച്ഛ മനസിലാക്കാനോ അത് തൃപ്തിപ്പെടുത്താനോ പുരുഷന് കഴിയില്ല. എന്നാല്‍ തന്റെ പരാജയം അവന് അറിയാം. അതുകൊണ്ട് അവന്‍ അവളെ രതിമൂര്‍ച്ഛ എന്താണെന്ന് അറിയിക്കില്ല. മറിച്ച്, താന്‍ തൃപ്തിയടയുന്നതോടെ എല്ലാം കഴിഞ്ഞെന്ന് പ്രഖ്യാപിക്കും. വാസ്തവത്തില്‍ പുരുഷന് അവന്റെ രതിമൂര്‍ച്ഛ എന്താണെന്നോ അതെങ്ങനെയാണ് തൃപ്തിപ്പെടുന്നതെന്നോ അറിയില്ല. സ്ഖലനമാണ് പുരുഷന്‍ തന്റെ രതിമൂര്‍ച്ഛയായി സങ്കല്‍പ്പിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ഓരോ കാര്യത്തിലും അവന്‍ പുലര്‍ത്തുന്ന രീതി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍, എവറസ്റ്റ് കീഴടക്കുമ്പോള്‍, അണുബോംബ് ഇടുമ്പോള്‍; പുരുഷന്‍ പറയുന്നത് അവനാണ് ശക്തനെന്നാണ്. പക്ഷേ പുരുഷന്‍ ഒരിക്കല്‍പോലും പ്രസവിച്ചിട്ടില്ലാത്തതിനാലാണ് അവന്‍ ചന്ദ്രനില്‍ കാലുകുത്തിയതും എവറസ്റ്റ് കീഴടക്കിയതുമൊക്കെ വലിയ കാര്യങ്ങളാണെന്ന് പറഞ്ഞു നടക്കുന്നതെന്ന് ഓഷോ പറയുന്നു.

ഭയം, അപകര്‍ഷതാബോധം, അഹങ്കാരം ഇവയോടെയാണ് പുരുഷന്‍ സ്ത്രീയെ സമീപിക്കുന്നത്. കാരണം, അവന്റെ നിയന്ത്രണത്തില്‍ അവള്‍ നില്‍ക്കണം.

ജൂഡ് ആന്റണി ജോസഫിന്റെ ‘കുരങ്ങുകളും സര്‍ക്കസ് മുതലാളിമാരും’ എന്ന കഥ വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഓഷോയെ വായിക്കാന്‍ തോന്നിപ്പോയതാണ്…

താന്‍ സ്ത്രീകേന്ദ്രീകൃത സിനിമകളാണ് എടുത്തിരിക്കുന്നതെന്നും സ്ത്രീകള്‍ ആരും ചൂഷണത്തിന് വിധേയരാകരുതെന്നാണാഗ്രഹമെന്നും ചൂഷണം ചെയ്യാന്‍ വരുന്നവനോട് എതിര്‍ത്തു പുറത്തേക്കു(സിനിമയ്ക്ക്) പോകാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ഉപദേശിക്കുകയും ചെയ്യുന്നവനാണ്, അതിനാല്‍ താനൊരു സ്ത്രീവിരുദ്ധനല്ല, മറിച്ച് സ്ത്രീപക്ഷക്കാരനാണെന്നു വിളംബരം നടത്തുന്ന ജൂഡ് ആന്റണി ജോസഫ് എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് പഠിച്ച സിനിമ സംവിധായകന്‍ മേല്‍പ്പറഞ്ഞ ഭയം, അപകര്‍ഷതാബോധം, അഹങ്കാരം-എന്നീ മൂന്നു പുരുഷലക്ഷണങ്ങളും പേറുന്നവനാണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ?

ജൂഡ് ആന്റണിയിലെ നൂറു രൂപ ടിക്കറ്റുകാരനും ഹിപ്പോക്രാറ്റായ സിനിമാക്കാരനും

നിങ്ങള്‍ക്ക് വീട്ടില്‍ സമാധാനം വേണമെന്നുണ്ടെങ്കില്‍, പെണ്ണിനെ ഇടയ്‌ക്കൊക്കെ നന്നായി പ്രഹരിക്കുക എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. പല സംവത്സരങ്ങള്‍ക്കപ്പുറം എഴുതപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളാണ് ഇന്നും പുരുഷന്‍ പിന്തുടരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്താന്‍ കുറച്ച് താമസിച്ചാല്‍, കൂട്ടുകാര്‍ക്കൊപ്പം കൂടിയാല്‍ ഭാര്യ കലപില കൂട്ടി മനസമാധാനം കളയും, പിന്നെയൊന്ന് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അവളാണ് അവിടെ കുറ്റക്കാരി. മനസമാധാനം കളയുന്നത് അവളാണ്. എന്നാല്‍ ഓഫിസില്‍ നിന്നും പോന്നശേഷം വീട്ടിലെത്തുന്നതിനിടയില്‍ അവന്‍ എവിടെ പോയി? കൂട്ടുകാര്‍ക്കൊപ്പം കൂടി എന്തൊക്കെ ചെയ്തു? വീട്ടില്‍ അവന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം പാലിച്ചോ? എന്നൊക്കെ തിരക്കിയാല്‍ തെറ്റ് അവന്റെ ഭാഗത്താണ്. അതവനറിയാം. അതുകൊണ്ടാണ് തന്നെ ചോദ്യം ചെയ്തപ്പോള്‍ ഭയം കൊണ്ട് അവന്‍ അവളെ മര്‍ദ്ദിച്ച് നിശബ്ദയാക്കിയത്. സ്ത്രീ തന്നെ ചോദ്യം ചെയ്യുമ്പോള്‍ പുരുഷന്‍ ഭയക്കും. അവനറിയാം താന്‍ തോറ്റുപോകുമെന്ന്. അപ്പോഴവന്‍ അവളെ ഭര്‍ത്സിക്കും, മര്‍ദ്ദിക്കും…പുരുഷോര്‍ജ്ജത്താല്‍ സജ്ജമാക്കിയിരിക്കുന്ന സമൂഹത്തില്‍ സ്ത്രീകളെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമാക്കാന്‍ പലതും ഒരുക്കിയിട്ടുണ്ട്. ചോറുണ്ടില്ലെങ്കില്‍ ഇരുട്ടത്ത് കിടത്തുമെന്നാണ് കുട്ടികളെ ഭയപ്പെടുത്തുന്നത്. ഇരുട്ട് ഭയപ്പെടേണ്ടതാണെന്ന് അതിനു മുന്നേ കുട്ടിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇതുപോലെയാണ് സ്ത്രീയെ സദാചാരം പറഞ്ഞ് ഭയപ്പെടുത്തിയിരിക്കുന്നത് (സ്ത്രീയെ മാത്രമേയുള്ളൂ, സദാചാരത്തിന്റെ ഭയം പുരുഷനുമേല്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല).

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

ജൂഡ് പറഞ്ഞ കഥ ഒന്നാവര്‍ത്തിച്ചു കൊള്ളട്ടെ (ക്ഷമിക്കുക); ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ…

ജൂഡ് സിനിമയെയാണ് സര്‍ക്കസ് കൂടാരമാക്കി ഉപമിച്ചത്. അയാള്‍ക്ക് ആ ഉപമ എക്സ്റ്റന്‍ഡ് ചെയ്യാവുന്നതാണ്. സമൂഹത്തെ തന്നെ ഒരു സര്‍ക്കസ് കൂടാരമാക്കി മാറ്റാം…

സമൂഹം; പുരുഷന്‍ നിര്‍മിച്ച സര്‍ക്കസ് കൂടാരം. അവനാണ് മുതലാളി. സ്ത്രീകള്‍ കുരങ്ങുകള്‍. ഒരു സര്‍ക്കസ് കൂടാരം ഉണ്ടാക്കപ്പെടുന്നതിനും മുന്നേ കുരങ്ങുകള്‍ ഉണ്ടായിരുന്നിരുക്കുമല്ലോ… തീര്‍ച്ചയായും. അന്നീ കുരങ്ങുകള്‍ എത്ര സ്വാതന്ത്ര്യത്തോടെയും അവകാശങ്ങളോടെയുമായിരിക്കും വിഹരിച്ചിരിക്കുക! പിന്നീടാണവരെ ചുറ്റി സര്‍ക്കസ് കൂടാരം ഉയര്‍ന്നിട്ടുള്ളത്. അതിനുശേഷമാണ് കുരങ്ങുകളോട് പറയുന്നത് ഞങ്ങളാണ് നിങ്ങളെ സംരക്ഷിക്കുന്നത്, ഈ കൂടാരത്തില്‍ നിങ്ങള്‍ക്ക് കഴിയാനുള്ള അഭ്യാസങ്ങള്‍ പഠിപ്പിച്ചു തരുന്നത്. അതിനാല്‍ നിങ്ങള്‍ ഞങ്ങളുടെ വാക്കുകളാലും ആവശ്യങ്ങളാലും ബന്ധനസ്ഥരാണ്. പൊട്ടിക്കാന്‍ നോക്കരുത്…അങ്ങനെ ചെയ്താലോ? തെറ്റ്, കൊടിയ തെറ്റ്… അധികാരം ഞങ്ങള്‍ക്കാണ്, ശിക്ഷിക്കാന്‍ കഴിയുന്നതും ഞങ്ങള്‍ക്കാണ്…നിങ്ങളെ വെറുതെ വിടില്ല…ഈ ഭയപ്പെടുത്തലില്‍ വീണുപോകുന്നവരുണ്ട്…അല്ലാത്തവരും. പാര്‍വതിയെ പോലെ, ഗീതുവിനെ പോലെ, റിമയേയും സജിതയേയും പോലുള്ളവര്‍… ജൂഡിന്റെ മുതലാളിമാരെ ഭയക്കാത്ത ‘കുരങ്ങുകള്‍’…

ഈ ജൂഡ് ആന്റണി വേറെ ലെവലാണ് ബ്രോ !

ആലുവപ്പുഴയുടെ തീരത്തല്ല എയ്‌വാന്‍ നദിയുടെ തീരത്തിരുന്നാലും ജൂഡിനെ പോലുള്ളവരുടെ മനസില്‍ ഊറി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അത്ര നിറം ഉണ്ടാകില്ല. നിങ്ങളെഴുതിയ കച്ചവടക്കഥകളിലെ സ്ത്രീയല്ല, യഥാര്‍ത്ഥ സ്ത്രീ; ഒരു മകനും ഭര്‍ത്താവും ആയിട്ടും അത് മനസിലാക്കിയിട്ടില്ല താങ്കള്‍. ജൂഡ് പറയുന്ന സ്ത്രീപക്ഷം ഒരുതരം സഹതാപം പറച്ചിലാണ്. ഒരു പ്രിവിലേജും സ്ത്രീക്ക് നല്‍കാതെ, അതെല്ലാം ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു പുരുഷന്റെ കാപട്യം നിറഞ്ഞ സഹതാപം. പുരുഷന്റെ സഹായമില്ലാതെ ഒന്നുമാകാന്‍, ഒന്നും ചെയ്യാന്‍ കഴിയില്ല, സ്ത്രീക്കെന്ന് പറഞ്ഞു വയ്ക്കുന്നവന്റെ സത്രീപക്ഷ പറച്ചിലുകളെ പിന്നെന്താണ് പറയേണ്ടത്?

രണ്ട് തെറ്റുകളാണ് ജൂഡ് പാര്‍വതിക്കും കൂട്ടര്‍ക്കുമെതിരേ ഉന്നയിക്കുന്നത്; ഒന്ന്, സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാന്‍ വേണ്ടി മറ്റുള്ളവര്‍ പറയുന്നതെന്നും അനുസരിക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി ചൂഷണത്തിന് അറിഞ്ഞുകൊണ്ട് വിധേയരാകുന്നു. രണ്ട്, സിനിമയില്‍ നിന്നും പേരും പ്രശസ്തിയും കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ വളര്‍ത്തിയവരെ കുറ്റം പറയുന്നു, അവര്‍ക്കു നേരിടേണ്ടി വന്ന അനുഭവങ്ങളെ അന്നെതിര്‍ക്കാതെ പിന്നീട് അതേ കുറിച്ച് പറയുന്നത് ശരിയല്ല…

എല്ലാ തെറ്റിനും കാരണം സ്ത്രീ ആണെന്ന് ജൂഡ് എന്ന ആണ് ഒരിക്കല്‍ കൂടി പറഞ്ഞു വയ്ക്കുകയാണ്…

ജൂഡ് ആന്റണി ജോസഫ് എന്ന കഥാകാരനോട് മറ്റൊരു കഥ പറഞ്ഞു നിര്‍ത്തട്ടെ, സോക്രട്ടീസിനെ കുറിച്ചുള്ളതാണ്…

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

സോക്രട്ടീസ് അപകടകാരിയാണെന്നും അയാളെ വധിക്കണമെന്നും പറഞ്ഞവര്‍ അദ്ദേഹത്തിനെതിരേ ഉയര്‍ത്തിയ കുറ്റം യുവാക്കളെ സന്ദേഹികളാക്കുന്നുവെന്നതായിരുന്നു. മുതിര്‍ന്നവര്‍ക്കെതിരേ തിരിക്കുന്നു. എന്തു പറഞ്ഞാലും എതിര്‍ക്കുന്നു, വാദിക്കുന്നു…

സോക്രട്ടീസിനെ വിഷം കുടിപ്പിച്ച് കൊല്ലണമെന്നതു തന്നെയായിരുന്നു ആവശ്യം. പക്ഷേ സോക്രട്ടീസിനെ മനസിലാക്കാന്‍ കുറച്ചൊക്കെ സാധിച്ച ന്യായാധിപന്മാര്‍ മൂന്നു മാര്‍ഗങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ വച്ചു; തിരിച്ചുവരില്ലെന്ന ഉറപ്പില്‍ ഏതന്‍സ് വിട്ടു പോവുക, അതല്ലെങ്കില്‍ പൂര്‍ണ നിശബ്ദനായി ഏതന്‍സില്‍ തന്നെ തുടരുക., ഇതിലേതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാത്ത പക്ഷം വിഷം കുടിച്ച് മരിക്കാന്‍ തയ്യാറാവുക…

സത്യം പറയുന്നത് നിര്‍ത്താന്‍ എനിക്കാവില്ല, അവസാനശ്വാസം വരെ ഞാനത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നാണ് സോക്രട്ടീസ് മറുപടി നല്‍കിയത്. ഹെംലക് കൈനീട്ട് വാങ്ങി കുടിക്കുമ്പോള്‍ സോക്രട്ടീസിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു…മരണത്തെ അറിയാന്‍ പോകുന്നതിന്റെ, സംതൃപ്തിയോടെ ജീവിച്ചതിന്റെ…

തൊമ്മി സിന്‍ഡ്രോം ബാധിച്ചിരിക്കുന്ന ജൂഡിനെപ്പോലുള്ളവര്‍ക്ക് എഴുതാന്‍ കഴിയുന്നതും പറയാന്‍ കഴിയുന്നതുമായ കഥകള്‍ ഇനിയുമെഴുതുക…

സത്യം പറയാന്‍ ധൈര്യമുള്ളവര്‍ അത് പറഞ്ഞുകൊണ്ടേയിരിക്കും…അവരെ കൊല്ലാന്‍ പുതുക്കിയ ഹെംലക്കുകള്‍ തയ്യാറാക്കപ്പെട്ടുകൊള്ളട്ടെ…ഭയമില്ല.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍