UPDATES

സിനിമ

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

ജീവിതത്തില്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും പാ രഞ്ജിത്തിന്റെ ക്യാമറക്ക് മുന്നില്‍ രജനികാന്തിന് ഈ രാഷ്ട്രീയം തന്നെ പറയേണ്ടി വരും എന്നാണ് കാല വ്യക്തമാക്കുന്നത്.

‘It is easy to make political films, but difficult to make films politically’ ഫ്രഞ്ച് നവസിനിമയുടെ ആചാര്യനായ ഗൊദാര്‍ദിന്റെ ഈ വാക്കുകള്‍ രാഷ്ട്രീയ സിനിമയെയും ചലച്ചിത്രകാരനെയും കുറിച്ചുള്ള നമ്മുടെ പതിവു സങ്കല്പങ്ങള്‍ അതിലംഘിക്കാന്‍ ആവശ്യപ്പെടുന്നു. സിനിമയുടെ കേവല സൗന്ദര്യശാസ്ത്ര പ്രശ്നങ്ങള്‍ക്കപ്പുറം നൈരന്തര്യമുള്ള ഒരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായി ചലച്ചിത്രരചനയെ വളര്‍ത്തിയെടുക്കാനാണ് ഗൊദാര്‍ദിന്റെ ആഹ്വാനം. ഈ ആഹ്വാനം നൈസര്‍ഗികമായിത്തന്നെ ഉള്‍ക്കൊണ്ട് രചന നടത്തിയിട്ടുള്ള ഇന്ത്യന്‍ ചലചിത്രകാരന്മാര്‍ വിരളമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഒതുങ്ങാന്‍ ഒരുക്കമല്ലെന്ന് ഉള്ള പാ രഞ്ജിത്ത് എന്ന സംവിധായകന്റെ പ്രഖ്യാപനമാണ് ‘കാലാ’!

കാല പൂര്‍ണമായും സംവിധായകന്റെ കയ്യൊപ്പുള്ള സിനിമയാണ്. ആദ്യ ചിത്രമായ ആട്ടക്കത്തി മുതല്‍ കബാലി വരെ ഉള്ള സിനിമകളില്‍ തന്റെ രാഷ്ട്രീയ നിലപാടിന്റെ സൂചനകള്‍ മാത്രമാണ് പാ രഞ്ജിത്ത് കണ്‍വെ ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ കാല ആ സൂചനകള്‍ ചൂണ്ടിക്കാട്ടിയ രാഷ്ട്രീയ ഇടത്തിലേക്കുള്ള മാസ്സ് ലാന്‍ഡിംഗ് ആയിരുന്നു. പൂര്‍ണാര്‍ത്ഥത്തില്‍ ഒരു പൊളിറ്റിക്കല്‍ ചിത്രം ആണ് കാലാ.

മറാത്ത വാദം ശക്തമായി നിലനിന്നിരുന്ന കാലത്തെയും, ബാല്‍ താക്കറെ എന്ന മുംബൈ പൊളിറ്റിക്കല്‍ ഡോണിനെയും ഓര്‍മ്മപ്പെടുത്തുന്നതാണ് നാന പടേക്കറിന്റെ കഥാപാത്രവും പശ്ചാത്തലവും. ബ്രാഹ്മണിക് പ്യുരിറ്റി സങ്കല്‍പ്പത്തിന്റെ അപര നിര്‍മാണവും, അധീശത്വ ബോധവും എത്ര മേല്‍ ഭീകരം ആണെന്ന് നാന പാടെക്കറിന്റെ ഓരോ ശരീര ചലനത്തിലും കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കേവലം പിന്നിട്ട കാലത്തിന്റെ ബിയോപിക് മാത്രം ആയി കാലയെ വായിക്കാനാവില്ല. സമകാലീക ഇന്ത്യന്‍ അവസ്ഥകളെ കൂടി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. “രാജ്യത്ത് എവിടെ പോയി ജീവിച്ചാലും കഴിക്കുന്ന ഭക്ഷണം മുതല്‍ ഉടുക്കുന്ന വസ്ത്രം വരെ ഭരണകൂടം തീരുമാനിക്കും” എന്ന നായകന്റെ സംഭാഷണ ശകലം വിരല്‍ ചൂണ്ടുന്നത് നാം കണ്ടനുഭവിച്ചു കൊണ്ടിരിക്കുന്ന ചില അപ്രിയ യാഥാര്‍ഥ്യങ്ങളിലേക്കാണ്.

മണ്ണിനും ജലത്തിനും വേണ്ടി, വറുതിയില്ലാത്ത കാലത്തിന് വേണ്ടി, പോരാടണം എന്നാഹ്വാനം ചെയ്യുന്നതോടൊപ്പം കാലായിലെ ഓരോ രംഗത്തിലും എന്തിനു കഥാപാത്രത്തിന്റെ പേരില്‍ വരെ ശക്തമായ രാഷ്ട്രീയം കാത്തു സൂക്ഷിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പിന്നണിയില്‍ പ്രത്യക്ഷപ്പെടുന്നത് അംബേദ്കര്‍ മുതല്‍ ബുദ്ധന്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ ആണെങ്കില്‍ മറ്റൊരിടത്തു ഫ്‌ളക്‌സ് ബോഡുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തെ ഓര്‍മപ്പെടുത്തുന്ന നാനാ പടേക്കറിന്റെ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ ചിത്രങ്ങള്‍. പൊളിറ്റിക്കല്‍ ബ്രില്യന്‍സിന്റെ പാ രഞ്ജിത്ത് വേര്‍ഷന്‍ ആണ് അക്ഷരാര്‍ത്ഥത്തില്‍ കാലാ.

മതം, വംശം, ഭാഷ, സംസ്‌കാരം ഇവയിലേതെങ്കിലും ഒന്നോ പലതിന്റെയും സങ്കലനമോ ഒരു ജനതയെ അധികാരത്തില്‍ പങ്കാളികളാക്കിയതിനും അതുവഴി ദേശീയത എന്ന വികാരം അവിരില്‍ ഉണ്ടായതിനും നാം സാക്ഷ്യം വഹിക്കുന്നുണ്ട്. നാന പടേക്കറിന്റെ വില്ലന്‍ കഥാപാത്രം അധികാരത്തെ കുറിച്ച് മാത്രം സംസാരിക്കുന്നയാളാണ്, അയാളുടെ വഴി തടസപ്പെടുത്തുന്നവര്‍ എല്ലാം രാജ്യദ്രോഹികളാണെന്നു പ്രസംഗിക്കുമ്പോള്‍ ഉയരുന്ന കയ്യടി വലിയ ഒരു അപായ സൂചനയാണ്. തൊഴിലാളികളും, ദളിതരും തങ്ങളുടെ മേലുള്ള അധീശത്വത്തിനു ചെറുത് നില്‍പ്പ് ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അതിനെ സിസ്റ്റം പ്രതിരോധിക്കുന്ന രീതി കേവലം അഭ്രപാളികളില്‍ മാത്രം കാഴ്ചയല്ല. ദണ്ഡകാരുണ്യ മുതല്‍ തൂത്തുക്കുടി വരെയുള്ള ഉദാഹരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അധികാര രൂപങ്ങളിലെ ഏറ്റവും ശക്തമായ തലം സാംസ്‌കാരിക അധീശത്വമാണെന്നുള്ള അന്റോണീയോ ഗ്രാംഷിയുടെ പ്രസ്താവന ഇവിടെ വളരെ പ്രസക്തമാണ്. ഇന്ത്യന്‍ അധികാര ശ്രേണികളില്‍ എത്തിയിട്ടുള്ള ദളിത് ശക്തികള്‍ കേവലം ഉപരിപ്ലവതയിലാണ് പരിലസിക്കുന്നത്. സഹസ്രാബ്ധങ്ങളായി തങ്ങളെ അടിമത്തത്തിന്റെ നുകത്തിന് കീഴില്‍ കെട്ടിയ ബ്രാഹ്മണ സാംസ്‌കാരികാധിനിവേശത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്ത ദളിത് അവസ്ഥകളെയാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

നായകനിലൂടെ സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ പ്രാപ്തയായ ഇരട്ടനായികമാരാണ് ഹുമ ഖുറേഷിയുടെയും, ഈശ്വരി റാവുവിന്റെയും കഥാപാത്രങ്ങള്‍. തൊഴില്‍ സമരങ്ങളിലും, അനീതിക്കെതിരെ ഉള്ള പോരാട്ടത്തിലും ഇരുവരുടെയും പിന്തുണയും പങ്കാളിത്തവുമുണ്ട്. സെല്‍വി എന്ന ഭാര്യ കഥാപാത്രവും, സറീന എന്ന കാമുകി കഥാപാത്രവും നായകനെ ഡോമിനേറ് ചെയ്യുന്ന രംഗങ്ങള്‍ പതിവ് കാഴ്ച ശീലങ്ങളെ തകിടം മറിക്കുന്നുണ്ട്.

i want to make this country clean, pure’ എന്നാണ് നാന പടേക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത്. അതിന് ബദല്‍ എന്നോണം ”കറുപ്പ് തൊഴിലാളിവര്‍ഗത്തിന്റെ നിറമാണ്. എന്റെ കോളനിയില്‍ വന്ന് നോക്ക് – ചളിയും പൊടിയുമെല്ലാം മഴവില്ല് പോലെ കാണാം”. എന്ന് കാലാ മറുപടി പറയുന്നു. ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ ഈ രംഗം സമ്മാനിച്ച സൂചനകളോട് രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. എല്ലാ അധമ ചിന്തകളും പേറി കൊണ്ട് തങ്ങള്‍ സൃഷ്ടിച്ചെടുത്ത അപര സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിലൂടെയാണ് രാജ്യം ശുദ്ധമാകുന്നതെന്ന ബ്രാഹ്മണിക് സങ്കല്‍പ്പത്തെ തൊഴിലാളി വര്‍ഗവും, ജാതിയുടെ പേരില്‍ അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കൂട്ടായ്മയും തകര്‍ത്തെറിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമായ നീല്‍ സലാം ലാല്‍സലാം എന്ന മുദ്രാവാക്യത്തെ സംവിധായകന്‍ അവതരിപ്പിച്ച രീതി ഗംഭീരമാണ് എന്ന് പറയാതെ വയ്യ! അയോധ്യയിലെ രാമനായി സ്വയം അവരോധിച്ചവനെ കരികാലന്‍ എന്ന രാവണന്‍ പരാജയപ്പെടുത്തുമ്പോള്‍ ഫലത്തില്‍ തോല്‍ക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ്.

ജീവിതത്തില്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും പാ രഞ്ജിത്തിന്റെ ക്യാമറക്ക് മുന്നില്‍ രജനികാന്തിന് ഈ രാഷ്ട്രീയം തന്നെ പറയേണ്ടി വരും എന്നാണ് കാല വ്യക്തമാക്കുന്നത്. സ്വച്ച് ഭാരത് എന്നാല്‍ കേവലം പരിസ്ഥിതി ശുദ്ധിയാക്കല്‍ ആണെന്ന് കരുതുന്ന നിഷ്‌കളങ്കര്‍ക്കും, ഒരു ഭാഷ, ശിവാജി ലൈന്‍ ടിപ്പിക്കല്‍ രജനി ചിത്രം പ്രതീക്ഷിച്ചു പോകുന്നവര്‍ക്കും നിരാശ മാത്രം ആയിരിക്കും കാലാ സമ്മാനിക്കുക എന്ന് കൂടി ഓര്‍മിപ്പിക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘കാല’ അഥവാ എന്റെ അച്ഛന്റെ കഥ

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍