UPDATES

സിനിമ

ആർഷഭാരത സദാചാരസങ്കല്പങ്ങളെ ചൊറിയുന്ന കളങ്ക്

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ ആണ് കഥ സംഭവിക്കുന്നത്

ശൈലന്‍

ശൈലന്‍

കാമുകന്റെയും ഭർത്താവിന്റെയും കൈകളിൽ പിടിച്ചുള്ള നായികയുടെ അതിജീവനപ്പാച്ചിൽ. കാമുകിയെയും അവളുടെ ഭർത്താവിനെയും സാഹസികമായി രക്ഷപ്പെടുത്തിക്കൊണ്ടുള്ള കാമുകന്റെ ഓട്ടം. ഭാര്യയുമായി ഓടിയെത്തിയിട്ടും അവളുടെ കാമുകനായുള്ള കാത്തുനില്പിനെയും നിലവിളിയെയും കാരുണ്യത്തോടെ നോക്കി നിൽക്കുന്ന ഭർത്താവ്. ഇതെല്ലാം ഒരു ഇൻഡ്യൻ സിനിമയിൽ കാണുന്നതിന്റെ കൗതുകം. അതാണ് ആലിയാഭട്ട് നായികയായ കളങ്ക് എന്ന സിനിമയുടെ പ്രത്യേകത.

ആലിയാ ഭട്ട് മാത്രമല്ല, വരുണ്‍ ധവാൻ, മാധുരി ദീക്ഷിത്, സോനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, ആദിത്യ കപൂർ, കൈറ അദ്വാനി, കുനാൽ ഖേമു തുടങ്ങി താരസമ്പന്നമായ ഒരു കാസ്റ്റിങ് ആണ് കളങ്കിന്റേത്. പോസ്റ്റർ കണ്ടാൽ തന്നെ തിയേറ്ററിലേക്ക് ആകര്‍ഷിക്കപ്പെടുന്ന താരപ്പൊലിമ. റ്റു സ്റേറ്റ്‌സ് എന്ന ചേതൻഭഗത് നോവലിന്റെ ദൃശ്യവിഷ്കാരമൊരുക്കി പരാജയത്തോടെ സംവിധാനരംഗത്തേക്ക് വന്ന ആദിത്യവർമൻ കളങ്ക് എന്ന രണ്ടാമത്തെ സിനിമ ഒരുക്കിയിരിക്കുന്നത് സഞ്ജയ് ലീലാ ബാൻസാലി ചിത്രങ്ങളുടെ വര്‍ണ്ണ ധാരാളിത്തത്തോടെ ആണ്. ഗാനരംഗങ്ങളിൽ ചിലപ്പോൾ അത് രാജമൗലിയുടെ ബാഹുബലിയോട് പോലും താദാത്മ്യപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ ആണ് കഥ സംഭവിക്കുന്നത്. 1946. അവിഭക്ത ഇന്ത്യയിൽ പെട്ട ലാഹോറിനടുത്ത ഹുസ്നബാദ് എന്ന നഗരം. റോയൽ ഫാമിലി ആയ ചൗധരി കുടുംബത്തിലെ കാരണവർ ബൽരാജിന്റെ (സഞ്ജയ് ദത്ത്) മകൻ ദേവിന്റെ (ആദിത്യ റോയ് കപൂർ) ഭാര്യ സത്യയ്ക്ക് (സോനാക്ഷി) കാൻസർ കാരണം നാളുകൾ എണ്ണപ്പെടുന്നു. അവളുടെ താത്പര്യപ്രകാരം ദേവ് രൂപ് എന്ന കൗമാരക്കാരിയെ (ആലിയഭട്ട്) രണ്ടാം വിവാഹം കഴിക്കുന്നു. ഇതാണ് കഥാ പശ്ചാത്തലം.

ആദ്യഭാര്യയുമായി പോലും കാര്യമായ ബന്ധമില്ലാത്ത, കുട്ടികൾ ഇല്ലാത്ത ദേവ്, രണ്ടാം ഭാര്യയെയും കാര്യമായി പരിഗണിക്കുന്നില്ല. പത്രപ്രവർത്തനം, ബിസിനസ് മാനേജ്‌മെന്റ്, വായന ഒക്കെയായി അയാൾ തിരക്കിൽ ആണ്. കല്യാണദിവസം മുഖംമൂടികൾക്കുള്ളിൽ കണ്ടതല്ലാതെ അവർക്ക് പരസ്പരം മുഖപരിചയം പോലും ഇല്ലെന്ന് മനസ്സിലാവുന്നത് രൂപ് ഒരു ദിവസം ദേവിന്റെ ഓഫീസിൽ തെരഞ്ഞ് ചെല്ലപ്പോഴാണ്. സബോർഡിനേറ്റ് സ്റ്റാഫിന് അത് നല്ല കോമഡി ആവുന്നു.

വിഷാദിയായി ലാഹോറിലെ തെരുവുകളിൽ അലഞ്ഞ് നടക്കുന്ന രൂപ് ബഹാർ ബീഗത്തിന്റെ (മാധുരി ദീക്ഷിത്) സംഗീതാലാപനം കേട്ട് ആകൃഷ്ടയായി സംഗീതം പഠിക്കാൻ അവരുടെ അടുത്ത് പോവുന്നതാണ് അടുത്ത ഘട്ടം. ഹീര മണ്ഡി എന്ന കുപ്രസിദ്ധമായ ഗണികാഗൃഹത്തിന്റെ ഉടമസ്ഥയാണ് ബീഗം എന്നതും രൂപ് സംഗീതാഭ്യാസനത്തിനായി ഹീര മണ്ഡിയിലാണ് പോവുന്നത് എന്നതും കുടുംബത്തിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നു. അവിടെ വച്ച് അവൾ സഫര്‍ (വരുണ് ധവാൻ) എന്ന ഉറച്ച ശരീരമുള്ള ഇരുമ്പുപണിക്കാരനിൽ അനുരാഗബദ്ധയാവുകയാണ്.

സഫര്‍ അവളെ വളച്ചെടുത്തു എന്നതാണ് കറക്റ്റ്. അവന് കൃത്യമായ അജണ്ടകൾ ഉണ്ടായിരുന്നു. അതിനുള്ള കാരണം ചൗധരി കുടുംബത്തിനൊടുള്ള അവന്റെ പക ആയിരുന്നു. ബൽരാജ് ചൗധരിയുടെയും ബഹാർ ബീഗത്തിന്റെയും അവിഹിതബന്ധത്തിലുള്ള സന്താനമായ സഫറിന് സമൂഹം നൽകിയ അധ:കൃതാവസ്ഥയും വർഗീയവാദിയായ അബ്ദുലിന്റെ (കുനാൽ ഖേമു) വാള്‍ നിര്‍മ്മാണശാലയിൽ തൊഴിലാളിയായ അവന്റെ സാമുദായിക താൽപര്യങ്ങളും രൂപിന്റെ ഏകാന്തതയും അതിനു നിമിത്തങ്ങൾ.

പക്ഷെ, പ്രണയമല്ലേ.. അതിനു നിയതമായ മാർഗ്ഗരേഖകൾ ഒന്നുമല്ലല്ലോ. ചതിയും പശ്ചാത്താപവും വർഗീയസംഘര്‍ഷവും കലാപവും കൊള്ളിവെപ്പും രാഷ്ട്രവിഭജനവും ഒക്കെയായി കളങ്ക് മുന്നോട്ട് പോകും. ഒരു പൈങ്കിളി നോവലിലെ പോലെ അതിനാടകീയമാണ് സ്ക്രിപ്റ്റിന്റെ ഓരോ വക്കും മൂലയും. കഥയുടെ പോക്ക് തന്നെ അങ്ങനെയാണ്. അപ്പോൾ പിന്നെ തിരക്കഥയെ മിനിമൈസ് ചെയ്യാൻ സാധ്യവുമല്ലല്ലോ.

നടീനടന്മാരുടെ മികച്ച പ്രകടനമാണ് സിനിമയുടെ മുതൽക്കൂട്ട്. വരുണ്‍ ധവാന്റെയും ആലിയഭട്ടിന്റെയും പ്രകടനം ക്ലാസ് ആണ്. ബോഡി പ്രദര്‍ശനത്തിലൂടെയും ബുൾ ഫൈറ്റിംഗിലൂടെയും ഒക്കെ ധവാൻ മാസാവാനും ശ്രമിക്കുന്നുണ്ട്. മാധുരി ഡാന്‍സിലും പാട്ടിലുമൊക്കെ ഈ പ്രായത്തിലും ചാമിംഗ് ആയി തുടരുന്നു. ഹീര മണ്ഡിയുടെ സെറ്റ്, ദസറാ പശ്‌ചാത്തലത്തിൽ ഉള്ള ഗാന രംഗങ്ങള്‍ ഒക്കെ അസാധ്യം. ആർട്ട് ഡയറക്ഷൻ ഡിപ്പാര്‍ട്ട്മെന്റിനെ നമിച്ചിരിക്കുന്നു.

സ്ക്രിപ്റ്റ് സില്ലി ആണ് എന്നൊക്കെ ഒരു അഭിപ്രായം പൊതുവിൽ വന്നിട്ടുണ്ട്. ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞ മട്ടിൽ ആർഷഭാരത സദാചാരസങ്കല്പങ്ങളെ ചൊറിയുന്നു എന്നത് ഒരു കാരണമാവാം. കൊടുക്കുന്ന കാശിനുള്ള മുതൽ ഉണ്ട് എന്നാണ് പേഴ്‌സണൽ അനുഭവം.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍