UPDATES

സിനിമ

കലിപ്പ്; പുറത്ത് കൊടിയ വെയിലും ഉള്ളിൽ മികച്ച എസിയും ആണ് എന്നതാണ് ഏക ആശ്വാസം

സംവിധായകന്‍ ജെസ്സെൻ ജോസഫ് ഇരുപത് കൊല്ലത്തിനിപ്പുറം തിയേറ്ററിൽ പോയി സിനിമായൊന്നും കണ്ടിട്ടില്ല എന്നുവേണം അനുമാനിക്കാൻ

ശൈലന്‍

ശൈലന്‍

അയോഗ്യ എന്ന വിശാൽ സിനിമ കാണാൻ ചെന്നപ്പോൾ ആ പടത്തിന്റെ ലൈസൻസ് എത്തിയിരുന്നില്ല. അത്യാവശ്യം എട്ടുപത്തുപേരൊക്കെ അയോഗ്യ ലക്ഷ്യമാക്കി വന്ന് കൗണ്ടറിനടുത്ത് ചുറ്റിപ്പതുങ്ങി നിൽപ്പുണ്ട്. അപ്പോഴാണ് പ്രൊജക്ടർ ഓപ്പറേറ്റ് ചെയ്യുന്ന ചങ്ങായി ഒരു ഓഫർ വച്ചത്. മ്മക്ക് കലിപ്പ് ഓട്ടിയാലോ…??

വിശാൽ സിനിമ പ്രതീക്ഷിച്ചു വന്ന ആളുകൾ ആയതോണ്ട് ആവാം കലിപ്പ് എന്ന പേരിൽ പെട്ടെന്ന് ആകൃഷ്ടരാവുകയും അതെങ്കിൽ അത് എന്ന് അപ്രൂവൽ കൊടുക്കുകയും ചെയ്തു. മലയാളസിനിമകൾ റിലീസാകുന്ന ഓരോരോ രീതികളേയ്. (തിയേറ്റർ ചുമരിന്റെ മൂലയ്ക്ക് ഒട്ടിച്ചിരുന്ന പൂരപറമ്പുകളിലെ ബാലെ നോട്ടീസ് ഡിസൈനുകൾക്ക് സമാനമായ വർണപ്പൊലിമയുള്ള കലിപ്പ് പോസ്റ്റർ ആരും ശ്രദ്ധിച്ചുമില്ല)

പടം തുടങ്ങി പ്രതീക്ഷിച്ചപോലെ തന്നെ. കലിപ്പ് എന്ന വാക്ക് ഇതുവരെ കേൾക്കുമ്പോൾ തോന്നിയിരുന്ന വികാരങ്ങളെ മൊത്തം അട്ടിമറിക്കുന്ന ഐറ്റം. ദയനീയം എന്ന വിശേഷണത്തിലെങ്കിലും എത്താൻ രണ്ട് കോപ്പ പഴങ്കഞ്ഞി വാങ്ങിക്കൊടുക്കേണ്ട അവസ്ഥ. പുറത്ത് കൊടിയ വെയിലും ഉള്ളിൽ മികച്ച എസിയും ആണ് എന്നതാണ് ഏക ആശ്വാസം.

ജെസ്സെൻ ജോസഫ് എന്ന ആൾ ആണ് കലിപ്പ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പുള്ളി ഇരുപത് കൊല്ലത്തിനിപ്പുറം തിയേറ്ററിൽ പോയി സിനിമായൊന്നും കണ്ടിട്ടില്ല എന്നുവേണം അനുമാനിക്കാൻ.. ടിയാൻ കൈകാര്യം ചെയ്തിരിക്കുന്ന എല്ലാ മേഖലയുടെയും കിടപ്പുവശം അങ്ങനെ ആണ്.

ചൂള കോളനി എന്ന പ്രദേശമാണ് കഥയുടെ ലൊക്കേഷൻ. എവിടുന്നോ ഒരു സ്ത്രീ വന്ന് ബീരാൻക്കാ എന്ന ആളുടെ കാർമികത്വത്തിൽ അവിടെ ഒരു വീടെടുത്ത് ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കുറെ കാലം കഴിയുമ്പോൾ അവനെ ഹൈസ്‌കൂൾ പയ്യൻ പരുവത്തിൽ ബീരാൻക്കയുടെ വണ്ടി പൊളി ഗ്യാരേജിൽ കലിപ്പൻസ് എന്ന ഗ്യാംഗിൽ ഒരാളായി കാണപ്പെടുന്നു. ഗ്യാംഗ് ലീഡർ എന്ന് സംവിധായകൻ ആരോപിക്കുന്ന പയ്യന്റെ ബോഡി ഹൈസ്‌കൂൾ പരുവവും മുഖം പ്രൈമറിസ്‌കൂൾ വാത്സല്യവും ആണെങ്കിലും കലിപ്പൻസിലെ ബാക്കി നാലുപേരും തികഞ്ഞ മധ്യവയസ്കരും പയ്യനും അവരും എടാപോടാ ബന്ധമാണെന്നതും പടത്തിന്റെ വറൈറ്റി ആണ്.

സ്വാഭാവികമായും കലിപ്പന്മാർക്ക് ഒരു എതിർ ഗ്യാംഗ് ഉണ്ട്. അവർക്ക് സകലമാന ഉടായിപ്പുകളും മോഷണവും പിടിച്ചുപറിയും ഡ്രഗ് ബിസിനസും എല്ലാം ഉണ്ടായിരുന്നതും ലവന്മാർ അതിനെ എതിർക്കുന്നതുമൊക്കെ നാട്ടുനടപ്പ്. അതിനിടയിൽ ശാലീന നിഷ്കളങ്കയായ പ്ലസ് റ്റു വിദ്യാർഥിനിക്ക് അച്ഛൻ ലോണെടുത്ത് ലാപ്പ് ടോപ്പ് വാങ്ങി കൊടുക്കുന്നതും അവൾ പോണ്‍ ഫിലിമുകളിലും ഫോണ് സെക്സിലും ഒക്കെ ആകൃഷ്ടയായ പീഡനത്തിലേക്ക് സ്വയം നടന്നടുക്കുന്നതും ഒക്കെയായി സദാചാരസന്ദേശ സമ്പന്നമായ ഒരു സോദ്ദേശ കുടുംബ കഥ പാരലലായി പോവുന്നുണ്ട്.. അവസാനം അതും വന്നു വീഴുക നായകപക്ഷത്താവുമല്ലോ.

പെണ്‍കുട്ടികളെ കോളേജുകളിലും ഒക്കെ പഠിക്കാൻ വിടുന്നതുകൊണ്ടും അവർക്ക് മൊബൈൽ ഫോണ്, ലാപ്പ്ടോപ്പ് എന്നിവയൊക്കെ വാങ്ങിക്കൊടുക്കുന്നത് കൊണ്ടുമൊക്കെയുള്ള അതിഗുരുതര പ്രത്യാഘാതങ്ങൾ സംവിധായകൻ മലയാളി മനസാക്ഷിക്ക് മുന്നിൽ തുറന്ന് കാട്ടുന്നു. ആണ്‍കുട്ടികൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷാകർത്താക്കളെയും ഭാര്യയ്ക്ക് ആൻഡ്രോയിഡ് ഫോണ് കൊടുത്ത് ഗൾഫിൽ പോവുന്ന ഭർത്താക്കന്മാരെയും എല്ലാം സംവിധായകൻ ചൂണ്ടാണിവിരലിൽ കോർത്ത് ജനമധ്യത്തിലേക്കെറിഞ്ഞു കൊടുക്കുകയാണ്. എന്തിനു പറയുന്നു, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഫെയിം ജിബു ജേക്കബ്‌ വരെ ഇങ്ങെരെ കണ്ടാൽ നമസ്കരിച്ചു അനുഗ്രഹം വാങ്ങിയേക്കും എന്നതാണ് അവസ്ഥ.

മലയാളികളുടെ സുകൃതം അല്ലാതെന്ത് പറയാൻ..

Read More: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍