UPDATES

സിനിമ

കാര്‍ത്തിക്ക് സുബ്ബരാജ്; ഒരു കിടിലന്‍ ‘പയ്യന്‍’

വിന്റേജ് രജനിയെ തിരികെ തന്നിരിക്കുകയാണ് പേട്ട എന്നാണ് ആരാധകര്‍ പറയുന്നത്

2012-ല്‍ പുറത്തിറങ്ങിയ ‘പിസ’ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിസയ്ക്കു ശേഷം കാര്‍ത്തിക് സംവിധാനം ചെയ്ത ജിഗര്‍തണ്ട, ഇരൈവി, മെര്‍ക്കുറി എന്നീ ചിത്രങ്ങള്‍ ഈ യുവസംവിധായകനെ മുന്‍നിരയിലെത്തിച്ചു. ഇപ്പോഴിതാ പേട്ട എന്ന രജനി ചിത്രത്തിലൂടെ കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ കൂടുതൽ ശ്രദ്ധേയനായിരിക്കുകയാണ്.

‘പേട്ട’യെന്ന സിനിമ വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ രജനികാന്തിന് ഉള്ളതാണ്. ഈ സിനിമ അദ്ദേഹത്തിനുള്ള എന്റെ സമർപ്പണം കൂടിയാണെന്ന് സുബ്ബരാജ്  പറഞ്ഞിരുന്നു.

“കാട്ചിപിഴൈ” എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ ആദ്യമായി ഒരു പുരസ്ക്കാരം നേടുന്നത്. പിന്നീട് 2012-ല്‍ ‘പിസ്സ’ എന്ന തമിഴ് ലോ ബഡ്‌ജറ്റ് പടത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സൈമ അവാർഡ്‌സ് നേടുകയും ചെയ്തു. ലോ ബഡ്‌ജറ്റിൽ വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം വളരെ ഏറെ നിരൂപക പ്രശംസയും നേടുകയും, ചിത്രം ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. സിദ്ധാർഥ് , ലക്ഷ്മി മേനോൻ , ബോബി സിംഹ എന്നിവർ പ്രധാന വേഷത്തിലെത്തിയ ജിഗർത്തണ്ട എന്ന ചിത്രമാണ് കാർത്തിക്കിന്റെ രണ്ടാം ചിത്രം. മധുരൈ അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടുകയും ബോബി സിംഹയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു. വിജയ്, മണിരത്‌നം ഉൾപ്പെടെ തമിഴ് സിനിമ ലോകത്തെ നിരവധി പ്രമുഖർ ജിഗർത്തണ്ടയെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.

2016-ൽ പുറത്തിറങ്ങിയ ‘ഇരവി’യാണ് കാർത്തിക്ക് സുബ്ബരാജിന്റെ മൂന്നാംചിത്രം. സമൂഹത്തിന്റെയും പുരുഷൻമാരുടെയും സ്ത്രികളോടുള്ള മനോഭാവങ്ങൾ ചർച്ച ചെയ്ത ചിത്രം മികച്ച വിജയമായിരുന്നു. പിന്നീട് 2018-ൽ ആദ്യ സൈലന്റ് ത്രില്ലർ ചിത്രവുമായാണ് അദ്ദേഹം എത്തിയത്. പ്രഭുദേവ മുഖ്യവേഷത്തിൽ എത്തിയ ചിത്രത്തിൽ സംഭാഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബധിരരും മുകരുമായ കഥാപാത്രങ്ങളിലൂടെ ഹൊറർ ത്രില്ലർ ചിത്രമൊരുക്കിയ കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്റെ ഒരു ബ്രില്യൻറ് വർക്കായി തന്നെ ‘മെർക്കുറി’യെ വിശേഷിപ്പിക്കാവുന്നതാണ്.

സംവിധായകനായി മാത്രമല്ല നിർമ്മാതാവായും കാർത്തിക്ക് സുബ്ബരാജ് തിളങ്ങി. 2016 ൽ ആറ് സംവിധായകർ ഒരുമിച്ച ആന്തോളജി ചിത്രം ‘അവിയൽ’, 2017ൽ ‘മേയാഥാ മാൻ’ എന്നീ ചിത്രങ്ങളും നിർമ്മിച്ചു.

സംവിധായകനായും നിർമ്മാതാവായും തിളങ്ങിയ അദ്ദേഹം വിവാദങ്ങളിലും പെട്ടിരുന്നു. ‘ജിഗർത്തണ്ട’, ‘ഇരവി’ എന്നീ ചിത്രങ്ങങ്ങളുടെ ബജറ്റുകൾ നിർമ്മാതാക്കൾ ഉദ്ദേശിച്ചതിൽ കൂടുതൽ കാർത്തിക്ക് സുബ്ബരാജ് ഉയർത്തിയെന്നും, ജിഗർത്തണ്ടയിലെ വയലൻസ്‌ നിറഞ്ഞ രംഗങ്ങൾ കട്ട് ചെയ്യണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടത് അനുസരിക്കാതെ ചെലവു വർധിപ്പിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിനെതിരെ നടപടികൾ അവശ്യപെട്ട് പ്രൊഡ്യൂസഴ്സ് കൗൺസിലില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

Also Read: പേട്ട: ഒരു കൊടും രജനി ഫാനിനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ…

ഇപ്പോൾ കാർത്തിക്ക് സുബ്ബരാജിന്റെ പേട്ടയാണ് സിനിമ ലോകം ചർച്ച ചെയ്യുന്നത്. വിന്റേജ്  രജനിയെ തിരികെ ലഭിച്ചെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം തന്നെ തലൈവരുടെ ആരാധകരാണെന്നും പേട്ട തലൈവര്‍ക്കുള്ള ട്രിബ്യൂട്ടായിരിക്കുമെന്നും കാര്‍ത്തിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതുപോലെ തന്നെയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ രാഷ്ട്രീയ നിലപാടുകളും. ഇതുപോലൊരു മാസ് പടത്തില്‍ പോലും കൃത്യവും വ്യക്തവുമായി രാഷ്ട്രീയം പറയാനും കാര്‍ത്തിക് മറക്കുന്നില്ല. അത് സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശം അടുത്തിരിക്കുന്ന സമയമായിട്ടു പോലും, ലഭിക്കുന്ന സൂചനകള്‍ വച്ച് ആ രാഷ്രീയത്തിന് എതിരെയുള്ള രാഷ്ട്രീയം അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കാനും സംവിധായകന് സാധിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

രജനി നായകനും വിജയ് സേതുപതി വില്ലനായും എത്തുന്ന പേട്ടയില്‍ സിമ്രാനാണ് നായിക. തൃഷ, എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ദ് രവിചന്ദറിന്റേതാണ് സംഗീതം. തിരു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാനിധിമാരനാണ് സണ്‍ പിക്‌ചേഴ്‌സിന് വേണ്ടി പേട്ട നിർമ്മിച്ചിരിക്കുന്നത്.

‘കാര്‍ത്തിക്, സൂപ്പര്‍സ്റ്റാറിനെ തിരികെ തന്നതിന് നന്ദി’; പേട്ട കണ്ട വിനീത് ശ്രീനിവാസന്റെ പ്രതികരണം

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍