UPDATES

സിനിമ

പൊലീസ് കുടുക്കുന്നതോ സ്വയം കുടുങ്ങുന്നതോ; കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് ഭയന്ന്

പൊലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യയുടെ ആരോപണം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജയില്‍വാസം രണ്ട് മാസം പിന്നിട്ടിരിക്കുന്നു. ഇന്ന് അങ്കമാലി കോടതി ഇയാളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌. പോലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയാണ്. പോലീസ് തന്നെ നിരന്തരം ഫോണില്‍ വിളിക്കുന്നുവെന്നും ഇത് തനിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നുമാണ് കാവ്യയുടെ ആരോപണം. അതേസമയം തന്നെ അവര്‍ അറസ്റ്റിനെ ഭയക്കുന്നുണ്ടെന്നും പുതിയ നീക്കങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴികളില്‍ ആദ്യഘട്ടം മുതല്‍ കാവ്യയുടെ പേര് ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിച്ചെന്നായിരുന്നു സുനി ആദ്യം പറഞ്ഞിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനി ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസം ലക്ഷ്യയിലെത്തിയതായി കണ്ടെത്തിയിരുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ തന്നെ പോലീസ് കാവ്യയെയും ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാവ്യ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്നാണ് കാവ്യ ആദ്യം പറഞ്ഞിരുന്നത്. പത്രത്തില്‍ ചിത്രം കണ്ട് മാത്രമാണ് സുനിയെ പരിചയം എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലും ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഒരാളെ പത്രത്തില്‍ ചിത്രം കണ്ട് മാത്രമാണ് അറിയാവുന്നത് എന്ന് പറഞ്ഞതാണ് കാവ്യയെയും സംശയത്തിന്റെ നിഴലിലാക്കിയത്. കൂടാതെ കാവ്യ പലതവണ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി അവകാശപ്പെടുന്നു.

കാവ്യയുടെ ഫോണില്‍ നിന്നും പള്‍സര്‍ സുനി ദിലീപിനെ വിളിച്ചിരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത് ഈ ഘട്ടത്തിലാണ്. ഇതിനിടയിലാണ് ‘മാഡം’ എന്ന സംജ്ഞ ഉയര്‍ന്നുവന്നത്. മാഡത്തിന്റെ പേരില്‍ തന്നെ ഏതാനും ദിവസങ്ങള്‍ ഇവിടെ അഭ്യൂഹങ്ങള്‍ പരന്നു. ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്ന് സുനി മൊഴി നല്‍കിയതോടെയാണ് മാഡത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നത്. കാവ്യ തന്നെയാണ് മാഡമെന്നും അല്ല കാവ്യയുടെ അമ്മ ശ്യാമളയാണെന്നും ഇവരാരുമല്ല മറ്റാരോ ആണെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങള്‍. ജയിലില്‍ കഴിയുന്ന വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നൊക്കെ നാടകീയതകള്‍ സൃഷ്ടിച്ച ശേഷം ഒടുവില്‍ സുനി മാഡം കാവ്യ തന്നെയെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം കാവ്യയ്ക്ക് നടി ആക്രമിക്കപ്പെട്ടതില്‍ പങ്കില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ കേസില്‍ സുനിയ്ക്ക് വേണ്ടി ഹാജരാകാന്‍ അഡ്വ. ഫെനി ബാലകൃഷ്ണനെ സമീപിച്ച ചിലരാണ് കേസില്‍ ഒരു മാഡത്തിന്റെ സാമിപ്യമുണ്ടെന്ന സൂചനകള്‍ നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഗായിക റിമി ടോമി കാവ്യയെയും ദിലീപിനെയും മണിക്കൂറുകളോളം ഫോണില്‍ വിളിച്ച് സംസാരിച്ചതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. കാവ്യ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന വാര്‍ത്തകള്‍ പോലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും കാവ്യയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ കാവ്യയുടെ കൊച്ചിയിലുള്ള വില്ലയിലെ സന്ദര്‍ശക രജിസ്റ്ററിലെ ഏതാനും പേജുകള്‍ അപ്രത്യക്ഷമായതും സംശയങ്ങളുടെ ബലം വര്‍ദ്ധിപ്പിച്ചു. സുനി സന്ദര്‍ശിച്ചുവെന്ന് പറയപ്പെടുന്ന ദിവസത്തിനും അതിന് ശേഷവുമുള്ള പേജുകളാണ് കാണാതായത്. തെളിവ് നശിപ്പിച്ചതിന്റെ ഭാഗമായി ഇതും നശിപ്പിക്കപ്പെട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മഴ നനഞ്ഞ് പേപ്പറുകള്‍ നശിച്ചുപോകുകയായിരുന്നെന്നാണ് സുരക്ഷ ജീവനക്കാരന്‍ പറയുന്നത്.

ദിലീപ് ചെയ്തത് പോലെ ‘അറിയില്ല’ എന്ന പല്ലവി പോലീസിനോട് ആവര്‍ത്തിച്ച് കാവ്യയും എത്തിപ്പെടുന്നത് കുരുക്കിലേക്കോ എന്ന ചോദ്യം ഇവിടെ ശക്തമാകുകയാണ്. നാദിര്‍ഷയ്ക്ക് സംഭവിച്ചതും ഇത് തന്നെയാണ്. ആദ്യ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് നാദിര്‍ഷയെയും പോലീസിന്റെ നിരീക്ഷണത്തിലാക്കി. ഉടനെയൊന്നും അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇനിയും ഇയാളെയും ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷയിലൂടെ നാദിര്‍ഷ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെയാണ് കാവ്യയും ഇതേ മാര്‍ഗ്ഗം തേടുന്നതെന്നത് ശ്രദ്ധേയമാണ്. പള്‍സര്‍ സുനിയെ അറിയാമെന്ന് ആദ്യമേ സമ്മതിച്ചിരുന്നെങ്കില്‍ കാവ്യ സംശയത്തിന്റെ നിഴലില്‍ ആകില്ലായിരുന്നു. അതോടൊപ്പം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കേണ്ട സാഹചര്യവും അവര്‍ക്ക് വരില്ലായിരുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍