UPDATES

സിനിമ

ഇറാഖ് യുദ്ധം രാഷ്ട്രീയത്തിലേയ്ക്ക് അടുപ്പിച്ചു: ഹോളിവുഡ് നടി കെയ്‌റ നൈറ്റ്‌ലി; സത്യം അവഗണിക്കാനാവില്ലെന്ന് യുദ്ധം തടയാന്‍ ശ്രമിച്ച കാതറിന്‍ ഗണ്‍

എന്റെ സുഹൃത്തുക്കള്‍ മുഴുവന്‍ ലണ്ടനിലെ വലിയ യുദ്ധവിരുദ്ധ മാര്‍ച്ചില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ അമേരിക്കയില്‍ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഷൂട്ടിലായിരുന്നു.

ഇറാഖ് യുദ്ധമാണ് തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യം തോന്നിത്തുടങ്ങാന്‍ കാരണമെന്ന് ഹോളിവുഡ് നടി കെയ്‌റ നൈറ്റ്‌ലി. ‘ഓഫീഷ്യല്‍ സീക്രട്ട്‌സ്’ എന്ന
പുതിയ സിനിമയുമായി ബന്ധപ്പെട്ട് ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് കെയ്‌റ നൈറ്റ്‌ലി ഇറാഖ് യുദ്ധത്തെക്കുറിച്ച് പറഞ്ഞത്. ഇറാഖ് യുദ്ധം തടയാന്‍ ശ്രമിച്ച വിസില്‍ ബ്ലോവര്‍ കാതറീന്‍ ഗണ്‍ ആയാണ് കെയ്‌റ നൈറ്റ്‌ലി ഒഫീഷ്യല്‍ സീക്രട്ട്‌സില്‍ അഭിനയിച്ചിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് സിനിമ തീയറ്ററുകളിലെത്തും.

ഇറാഖ് യുദ്ധം നടക്കുമ്പോള്‍ എനിക്ക് 18 വയസാണ്. എന്റെ സുഹൃത്തുക്കള്‍ മുഴുവന്‍ ലണ്ടനിലെ വലിയ യുദ്ധവിരുദ്ധ മാര്‍ച്ചില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ അമേരിക്കയില്‍ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഷൂട്ടിലായിരുന്നു. എന്തുമാത്രം വിഡ്ഢിയായാണ് പെരുമാറുന്നത് എന്ന് എനിക്ക് അന്ന് തോന്നി. അന്ന് നടന്ന ഒരു സംഭാഷണം ഞാന്‍ ഓര്‍ക്കുന്നു. നമ്മള്‍ സെപ്റ്റംബര്‍ 11ന് പ്രതികാരം ചെയ്യാനായി ഇറഖിലേയ്ക്ക് നീങ്ങുകയാണ് എന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു – ഇല്ല, ഞാന്‍ വിചാരിക്കുന്നില്ല, അത് ഇറാഖ് ആയിരുന്നു എന്ന്. എന്റെ തലമുറ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത് ഇറാഖ് യുദ്ധം മുതലാണ്. പക്ഷെ ഒന്നും മാറിയില്ല. രാഷ്ട്രീയക്കാരേയും ലോകത്തേയും കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിരുന്നു – കെയ്റ പറഞ്ഞു.

ഒഫീഷ്യല്‍ സീക്രട്ട്‌സ് ഒരു ഹോളിവുഡ് മൂവി എന്നതിനേക്കാള്‍ ബ്രിട്ടീഷ് ശൈലിയിലുള്ള സിനിമയാണ് എന്ന് കെയ്‌റ നൈറ്റ്‌ലി അഭിപ്രായപ്പെടുന്നു. ഇത് ഹോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസയോഗ്യമായ കഥയുള്ള ഒന്നാണ്. കാതറീന്‍ ഗണ്‍ സത്യം പറഞ്ഞു. പക്ഷെ അത് വലിയ ഫലമുണ്ടാക്കിയില്ല. യുദ്ധം തടയാന്‍ കഴിഞ്ഞില്ല. അതേസമയം സത്യം എല്ലായ്പ്പോളും പ്രസക്തമാണ് എന്ന് കാതറീന്‍ ഗണും ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുകെയിലെ ചെല്‍ട്ടണ്‍ഹാമില്‍ ജിസിഎച്ച്ക്യുവില്‍ (ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്) മാന്‍ഡറിന്‍ ട്രാന്‍സ്ലേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയം 27കാരിയായിരുന്ന കാതറിന്‍ ഗണ്‍. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആഹ്വാനം ചെയ്ത യുദ്ധത്തില്‍ യുഎസിന്റെ സഖ്യകക്ഷിയെന്ന നിലയില്‍, യുകെയെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഭാഗമാക്കി. ഈ സമയം യുഎസിന്റെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ (എന്‍എസ്എ) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഏജന്‍സിയായ ജിസിഎച്ച്ക്യൂവിന് അയച്ച രഹസ്യ മെമ്മോയുടെ പകര്‍പ്പെടുത്ത കാതറിന്‍ ഗണ്‍ ഇത് ദ ഒബ്‌സര്‍വര്‍ പത്രത്തിന് നല്‍കി. വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി യുഎന്‍ പ്രതിനിധികളുടെ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാനായിരുന്നു മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നത്. വ്യക്തിപരമായതടക്കം. ഇത് ഇറാഖ് അധിനിവേശത്തിന് പിന്തുണ ലഭിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ യുഎസിന് അനുകൂലമാക്കുമെന്നും മെമ്മോയില്‍ പറഞ്ഞിരുന്നു.

ഈ വിവരം ചോര്‍ത്തല്‍ ബ്ലാക്ക്‌മെയിലിംഗ് പരിപാടികള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടാല്‍ അത് യുദ്ധം തടയാന്‍ സഹായകമാകുമെന്ന് കാതറിന്‍ ഗണ്‍ വിശ്വസിച്ചിരുന്നു. യുദ്ധത്തിനായുള്ള ഈ ഗൂഢാലോചനകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒബ്‌സര്‍വര്‍ പുറത്തുവിട്ടു. തന്റെ സഹപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നത് തടയാനായി കാതറിന്‍ ഗണ്‍ ചോര്‍ത്തലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കാതറിന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കുറ്റം ചാര്‍ത്തപ്പെട്ടു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി ജോലി ചെയ്യുന്ന നിങ്ങള്‍ എന്തുകൊണ്ട് ഇത് ചെയ്തു എന്ന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കാതറിന്‍ നല്‍കിയ മറുപടി ഞാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടിയല്ല, ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്നായിരുന്നു. 2003 മാര്‍ച്ച് രണ്ടിനാണ് ഒബ്‌സര്‍വര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. “ഇറാഖിനെതിരെ യുദ്ധം നടത്തി വോട്ട് നേടാനുള്ള യുഎസ് ഭരണകൂടത്തിന്റെ വൃത്തികെട്ട കളി പുറത്തുവന്നു” (Revealed: US dirty tricks to win vote on Iraq War) എന്നായിരുന്നു ഒബസര്‍വറിന്റെ ലീഡ് വാര്‍ത്തയുടെ തലക്കെട്ട്‌. പക്ഷെ, യുദ്ധം തടയാന്‍ കാതറിന്റെ ഇടപെടലിന് കഴിഞ്ഞില്ല. 2003 മാര്‍ച്ച് 20ന് യുഎസ് നേതൃത്വത്തിലുള്ള സേനകളുടെ ഇറാഖ് അധിനിവേശം ആരംഭിച്ചു.

വായനയ്ക്ക്: Keira Knightley: ‘Iraq was the first time I’d been politically engaged’

വായനയ്ക്ക്: Iraq war whistleblower Katharine Gun: ‘Truth always matters’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍